കോഴിക്കോട് :ഭക്ഷ്യ ഉത്പന്നങ്ങൾക്ക് റേറ്റിങ് നൽകിയാൽ പണം നൽകാമെന്നു വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ടുപേർ പിടിയിൽ. കോഴിക്കോട് നരിക്കുനി പാറന്നൂർ ആരീക്കൽ ഹൗസിൽ അസർ മുഹമ്മദ് (29), കൊയിലാണ്ടി കോതമംഗലം വരണ്ട സ്വദേശിയും ഇപ്പോൾ കണ്ണൂർ തലശ്ശേരി മൂഴിക്കരയിൽ താമസിക്കുന്ന അക്ഷയ (28) എന്നിവർ ആണ് പിടിയിലായത്. കുളത്തൂർ സ്വദേശിയായ ഷൈനിന്റെ പരാതിയിൽ ആണ് പൊഴിയൂർ പോലീസ് ഇവരെ പിടികൂടിയത്.
ചൈനീസ് ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഓൺലൈനിൽ ഫൈവ്സ്റ്റാർ റേറ്റിങ് നൽകുന്ന ജോലിയുടെ പരസ്യം ഇൻസ്റ്റഗ്രാമിൽ കണ്ടാണ് ഷൈൻ സംഘങ്ങളുമായി ബന്ധപ്പെടുന്നത്. ഓരോഘട്ടം കഴിയുമ്പോഴും പണം അക്കൗണ്ടിൽ വരുമെന്നു പറഞ്ഞ് ഷൈനിനെ സംഘം വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്.
ആദ്യഘട്ടത്തിൽ പതിനായിരം രൂപ അവർ പറഞ്ഞ അക്കൗണ്ടിൽ നിക്ഷേപിച്ചതിനു പിന്നാലെ തട്ടിപ്പുസംഘം 999 രൂപ ഷൈനിന്റെ അക്കൗണ്ടിലേക്കു നൽകി. ഇത്തരത്തിൽ ഷൈനിന്റെ വിശ്വാസം പിടിച്ചുപറ്റിയ സംഘം പല തവണയായി 26 ലക്ഷത്തോളം രൂപ ഇയാളിൽനിന്നു തട്ടിയെടുത്തു. ഓരോ തവണയും ലഭിക്കേണ്ട പണം ആവശ്യപ്പെടുമ്പോൾ സാങ്കേതികത്തകരാറാണെന്നും നിങ്ങളുടെ പണം അക്കൗണ്ടിൽ സുരക്ഷിതമാണെന്നും ഇവർ ഷൈനിനെ വിശ്വസിപ്പിച്ചു.
സംഘാംഗങ്ങളെ ബന്ധപ്പെടാൻ സാധിക്കാതെ വന്നപ്പോഴാണു തട്ടിപ്പിന് ഇരയായതായി ഷൈനിനു മനസ്സിലായത്. തുടർന്ന് ഇയാൾ പൊഴിയൂർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തട്ടിപ്പിനായി ഇവർ ഉപയോഗിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടും ഫോൺനമ്പരും പണം കൈമാറിയ അക്കൗണ്ടുകളുടെ വിവരങ്ങളും മാത്രമാണ് ഷൈൻ പോലീസിനു കൈമാറിയത്. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളായ ഇരുവരും പിടിയിലായത്. ഇത്തരത്തിൽ ഇവർ നിരവധിപ്പേരെ തട്ടിപ്പിന് ഇരയാക്കിയതായി സംശയിക്കുന്നതായി പൊഴിയൂർ പോലീസ് അറിയിച്ചു.
പൊഴിയൂർ എസ്.എച്ച്.ഒ. അബ്ദുൾ കലാം ആസാദിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. ജയലക്ഷ്മി, സാജൻ, സി.പി.ഒ. അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:
KOZHIKODE