Trending

ഭക്ഷണം കേടുവന്നതാണോ അതോ മായം കലർത്തിയോ?..എല്ലാം ഇനി പാക്കിങ് കവർ ‘വിളിച്ചുപറയും’; ൂതന കണ്ടുപിടുത്തവുമായി മലയാളി ഗവേഷകൻ.

ഭക്ഷണം കേടുവന്നോ അതോ മായം കലര്‍ന്നോയെന്ന കാര്യങ്ങൾ ഇനി പാക്കിങ് കവര്‍ കണ്ടാൽ മനസ്സിലാക്കാൻ സാധിക്കും. അത്തരമൊരു നൂതന കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് മലയാളി ഗവേഷകൻ. കോഴിക്കോട് എന്‍ഐടിയിലെ ഗവേഷകനും കോഴിക്കോട് മടവൂര്‍ മുക്ക് സ്വദേശിയുമായ ഡോ. പി കെ മുഹമ്മദ് അദ്നാനാണ് നേട്ടത്തിന്റെ ഉടമ. എന്‍ഐടി കെമിസ്ട്രി വിഭാഗം അധ്യാപിക പ്രൊഫ. ലിസ ശ്രീജിത്തായിരുന്നു റിസര്‍ച്ച് ഗൈഡ്



പേറ്റന്റ് ലഭിച്ച പരിസ്ഥിതി സൗഹൃദ പാക്കേജിങ് ഫിലിമിന്റെ വിവരങ്ങള്‍ ആഗസ്റ്റ് മാസത്തെ പാക്കേജിങ് ടെക്നോളജി ആന്‍ഡ് റിസര്‍ച്ച് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രകൃതിജന്യ പോളിമെര്‍ ആയ ജലാറ്റിനും സിന്തറ്റിക് പോളിമെര്‍ ആയ പോളി വില്‍ പയററോലിഡോണും ചേര്‍ത്താണ് ഫിലിം നിര്‍മിക്കുന്നത്. ഇത്തരം കവറുകളിലേക്ക് മാറ്റിയ ഭക്ഷണം കേടുവന്നാല്‍ ഉപയോഗിച്ച കവറിന് എളുപ്പം നിറം മാറ്റം സംഭവിക്കും. പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ നോണ്‍ വെജ് ഇനങ്ങളില്‍ ഇത് വളരെ പെട്ടെന്ന് പ്രകടമാകുകയും ചെയ്യും.

കൂടാതെ ഭക്ഷണത്തിലോ പച്ചക്കറികളിലോ മല്‍സ്യ മാംസാദികളിലോ മായം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന കോപ്പര്‍ സള്‍ഫേറ്റിന്റെ സാന്നിധ്യവും വ്യക്തമായ കളര്‍ മാറ്റത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ഭക്ഷണത്തിന് ആന്റി ബാക്ടീരിയല്‍, ആന്റിഓക്‌സിഡന്റ്, ഈര്‍പ്പം ആഗിരണം ചെയ്യല്‍, യുവി റേഡിയേഷന്‍ തടയല്‍, ഭക്ഷണ സുരക്ഷ കാലാവധിയിലെ മെച്ചം തുടങ്ങിയ ഗുണങ്ങളും പുതിയ ഫിലിം വാഗ്ദാനം ചെയ്യുന്നു.

പേരാമ്പ്ര സി കെ ജി ഗവ. കോളജിലെ അസി. പ്രൊഫസറായ മുഹമ്മദ് അദ്നാന്‍ മടവൂര്‍ മുക്ക് പുള്ളക്കോട്ട് കണ്ടി പി കെ അബ്ദുൾ റഹ്‌മാന്‍ ഹാജിയുടേയും പരേതയായ സക്കീനയുടേയും മകനാണ്. ഭാര്യ: ഡോ. ഫസ്ന ഫെബിന്‍. മക്കള്‍: ഇസ്സ അദ്നാന്‍, ആയിഷ അദ്നാന്‍.
Previous Post Next Post
3/TECH/col-right