18-10-2024
◾ വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്രത്തില്‍ നിന്ന് പ്രത്യേക സഹായം വേണമെന്നും, പ്രത്യേക ഫണ്ട് അനുവദിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എന്നാല്‍ ഇക്കാര്യം പരിഗണനയില്‍ ഉണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് 782 കോടി രൂപ അനുവദിച്ചെന്നും കേന്ദ്രം വിശദീകരിച്ചു. സ്വമേധയാ എടുത്ത കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
◾ ഡോക്ടര്‍ പി സരിന്‍ പാലക്കാട് എല്‍ഡിഎഫ് സ്തന്ത്ര സ്ഥാനാര്‍ത്ഥിയാകും. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിന്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. സരിന്‍ മികച്ച സ്ഥാനാര്‍ത്ഥി ആണെന്നാണ് സെക്രട്ടറിയേറ്റില്‍ അംഗങ്ങള്‍ വിലയിരുത്തിയത്. സെക്രട്ടറിയേറ്റിന്റെ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി വിട്ടു. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോട് കൂടി വൈകീട്ട് പേര് പ്രഖ്യാപിക്കും.
◾ കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടന്‍ മുഹമ്മദിനെ ഞങ്ങള്‍ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ടെന്ന് എ.കെ ബാലന്‍. ആ രക്തത്തിന്റെ മണം മാറും മുന്നേയാണ് ആര്യാടന്‍ മുഹമ്മദ് എല്‍ഡിഎഫിലേക്ക് വന്നത്. അന്ന് മുല്ലപ്പളളി രാമചന്ദ്രനെതിരെ ആര്യാടനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കി. അതാത് സമയത്തെ രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുകയെന്നും കോണ്‍ഗ്രസ് വിട്ട ഡോ. സരിന്‍ ഉയര്‍ത്തിയത് ഗുരുതര ആരോപണങ്ങളാണെന്നും അത് പാലക്കാട്ടെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും എ കെ ബാലന്‍ അറിയിച്ചു.
◾ പി സരിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ അങ്ങോട്ട് സമീപിച്ചിട്ടില്ലെന്ന് ബിജെപി പാലക്കാട് ജില്ലാ നേതൃത്വം. സരിന്റെ കാര്യത്തില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ട് എങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട് എന്ന് പിന്നീട് പറയാമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് പറഞ്ഞു. സരിനെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന്റെ ഏറ്റവും വലിയ അപചയമാണെന്നും കോണ്‍ഗ്രസില്‍ നടക്കുന്നത് എന്താണെന്ന് സരിന്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നും അദ്ദേഹം വിശദീകരിച്ചു.
◾ വയനാട്ടില്‍ സിപിഐക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് കോണ്‍ഗ്രസിന്റെ പക്വതയില്ലായ്മയെന്ന് ബിനോയ് വിശ്വം. വയനാട്ടിലെ തീരുമാനം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിവേകത്തിന്റെ പ്രശ്നമാണെന്നും. ഇന്ത്യ സഖ്യത്തിലുള്ള ഒരു മുന്നണി മത്സരിക്കുമ്പോള്‍ അവിടെ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കണമെന്നുള്ള തീരുമാനം എന്തുകൊണ്ടാണ് കോണ്‍ഗ്രസ് എടുക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ അടുത്ത തവണ താന്‍ പാലക്കാട് മത്സരിക്കില്ലെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാട് തിരിച്ച് വരാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിര്‍ത്തുന്നു എന്ന ആരോപണം തെറ്റാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സരിന്റെ ആരോപണങ്ങള്‍ യുക്തിയില്ലാത്തതാണെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു. സരിന്റെ പിന്നാലെ പോകാതെ ഞങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്കിറങ്ങുമെന്നും ഇ ശ്രീധരന്‍ ഇറങ്ങിയിട്ട് നടക്കാത്തത് ഇനി ബിജെപിക്ക് കഴിയില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
◾ പി സരിനെതിരെ ആരോപണങ്ങളുമായി കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അംഗമായിരുന്ന വീണ എസ് നായര്‍. ഡിഎംസി കണ്‍വീനര്‍ എന്ന നിലയിലുള്ള സരിന്റെ പ്രവര്‍ത്തനങ്ങളിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജനുവരിയില്‍ താനും സഹപ്രവര്‍ത്തകരും കെപിസിസിക്ക് പരാതി നല്‍കിയിരുന്നുവെന്നും കെപിസിസിക്കു കൊടുത്ത പരാതി ചാനലിന് ചോര്‍ന്നുവെന്നും മനസാ വാചാ അറിയാത്ത ഈ സംഭവത്തിന്റെ പേരില്‍ തന്നെ ടാര്‍ഗറ്റ് ചെയ്തു സൈബര്‍ ആക്രമണം നടത്തിയെന്നാണ് വീണ പറയുന്നത്.
◾ കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിനെ അപമാനിക്കാനുള്ള അവസരം ഒരുക്കിയത് കണ്ണൂര്‍ ജില്ലാ കളക്ടറാണെന്ന് ആരോപണം. വേണ്ടെന്നു പറഞ്ഞിട്ടും നിര്‍ബന്ധിച്ച് യാത്രയയപ്പ് യോഗം സംഘടിപ്പിച്ചുവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് വിളിച്ചു വരുത്തിയത് കണ്ണൂര്‍ കളക്ടറാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്‍ ആരോപിച്ചു. കണ്ണൂര്‍ കളക്ടര്‍ക്കെതിരായ ആരോപണം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും വ്യക്തമാക്കി.
◾ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ കളക്ടര്‍ക്കെതിരെ ആരോപണവുമായി ബിജെപിയും. കളക്ടറാണ് ഒന്നാം പ്രതിയെന്ന് ബിജെപി ജില്ലാ നേതാവ് എന്‍ ഹരിദാസ് ആരോപിച്ചു. കള്ളന് കഞ്ഞിവെച്ചയാളാണ് കളക്ടറെന്നും വീഡിയോ ദൃശ്യങ്ങളിലെ മുഖഭാവം തന്നെ ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നും ഹരിദാസ് പറഞ്ഞു. കളക്ടറാണ് നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒന്നാം പ്രതിയെന്നും പി പി ദിവ്യ രണ്ടാം പ്രതിയാണെന്നും കളക്ടറുടെ ഫോണ്‍ കോള്‍ പരിശോധിക്കണമെന്നും അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
◾ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കപ്പെടാതെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എത്തിയതില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അഭിപ്രായപ്പെട്ടു. ക്ഷണിക്കപ്പെടാത്ത യോഗത്തിനെത്തിയ ദിവ്യയെ തടയേണ്ടിയിരുന്നത് കളക്ടറായിരുന്നുവെന്നും അദ്ദേഹം അത് ചെയ്തില്ലെന്നും സതീശന്‍ ആരോപിച്ചു.
◾ എഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച സംഭവത്തില്‍ ഗുരുതര ആരോപണം നേരിടുന്ന കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ സ്ഥലംമാറ്റത്തിനായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു. എന്നാല്‍ തത്കാലം കണ്ണൂരില്‍ തുടരാന്‍ ആവശ്യപ്പെട്ട് അപേക്ഷ മടക്കി. എഡിഎമ്മിന്റെ മരണത്തില്‍ രോഷാകുലരായ കണ്ണൂര്‍ കളക്ട്രേറ്റിലെ ജീവനക്കാര്‍ തനിക്കെതിരെ തിരിയുമെന്ന് മുന്‍കൂട്ടി കണ്ടാണ് കളക്ടര്‍ അരുണ്‍ കെ വിജയന്റെ നീക്കമെന്നും റിപ്പോര്‍ട്ടുകള്‍.
◾ എഡിഎം നവീന്‍ ബാബുവിന്റെ മരണം ദൗര്‍ഭാഗ്യകരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ പൊലീസ് അന്വേഷണം നടക്കട്ടെയെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തെ കാണുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടക്കണമെന്നും ആവശ്യമെങ്കില്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു.
◾ കണ്ണൂര്‍ എഡിഎംആയിരുന്ന നവീന്‍ ബാബു പെട്രോള്‍ പമ്പ് അനുവദിച്ച ഫയല്‍ നീക്കത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്കി . സെപ്റ്റംബര്‍ 30 നാണ് ടൗണ്‍ പ്ലാനര്‍ റിപ്പോര്‍ട്ട് നല്‍കിയത്. 9 ദിവസത്തിന് ശേഷം ഒക്ടോബര്‍ 9 ന് എഡിഎം എന്‍ഒസി നല്‍കിയെന്ന് കണ്ണൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചെങ്ങളായി പഞ്ചായത്തും ഫയര്‍ ഓഫീസറും തളിപ്പറമ്പ് തഹസില്‍ദാരും ജില്ലാ സപ്ലൈ ഓഫീസറും അനുകൂല റിപ്പോര്‍ട്ട് നല്‍കിയെങ്കിലും റോഡിലെ വളവ് കാരണം ജില്ലാ പൊലീസ് മേധാവി എന്‍ഒസി എതിര്‍ത്തിരുന്നു. ഇതോടെ എഡിഎം ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ട് തേടി. ഭൂമി നിരത്തി, കാട് വെട്ടിയും അനുമതി നല്‍കാമെന്നായിരുന്നു ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ട്. തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച എഡിഎം അനുമതി നല്‍കുകയായിരുന്നു. ഇതോടെ ഫയല്‍ നീക്കത്തില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായില്ലെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
◾ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന് അനുശോചനം അറിയിച്ച് കത്ത് നല്‍കി കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍. 8 മാസമായി തന്റെ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചയാളായിരുന്നു നവീന്‍ ബാബുവെന്നും സംഭവിക്കാന്‍ പാടില്ലാത്ത, നികത്താന്‍ കഴിയാത്ത നഷ്ടമാണ് ഉണ്ടായതെന്നും അരുണ്‍ കത്തില്‍ വ്യക്തമാക്കി. നിങ്ങളെ കാണുമ്പോള്‍ എന്ത് പറയണമെന്നോ എങ്ങനെ ആശ്വസിപ്പിക്കണമെന്നോ അറിയില്ലെന്നും എന്റെ ചുറ്റും ഇപ്പോള്‍ ഇരുട്ട് മാത്രമാണെന്നും വിഷമഘട്ടത്തെ അതിജീവിക്കാന്‍ എല്ലാവര്‍ക്കും കരുത്തുണ്ടാകട്ടേയെന്നും പത്തനംതിട്ട സബ് കളക്ടര്‍ വഴി നവീന്‍ ബാബുവിന്റെ കുടുംബത്തിന് കൈമാറിയ കളക്ടറുടെ കത്തില്‍ സൂചിപ്പിക്കുന്നു.
◾ യാത്രക്കാരിയില്‍ നിന്ന് അമിതമായി 145 രൂപ പിഴ ഈടാക്കിയതിന് 10,000 രൂപ നഷ്ടപരിഹാരം റെയില്‍വേ നല്‍കണമെന്ന് മലപ്പുറം ജില്ല ഉപഭോക്തൃ കമ്മീഷന്റെ വിധി. നിലമ്പൂരില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള രാജ്യറാണി എക്സ്പ്രസില്‍ വാണിയമ്പലത്തുനിന്ന് കയറിയ മുള്ളമ്പാറ സ്വദേശി കാടന്‍തൊടി ഹിതയുടെ പക്കല്‍ അങ്ങാടിപ്പുറത്തുനിന്ന് കൊച്ചുവേളിയിലേക്കുള്ള തത്കാല്‍ ടിക്കറ്റാണുണ്ടായിരുന്നത്. വാണിയമ്പലത്തുനിന്ന് പരിശോധന നടത്തിയപ്പോള്‍ മതിയായ ടിക്കറ്റില്ലാത്തതിനാല്‍ പിഴ ഈടാക്കുകയായിരുന്നു. ഇത് ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് യാത്രക്കാരിക്ക് അനുകൂലമായ കമ്മീഷന്‍ ഉത്തരവ്.
◾ കണിയാപുരം ഉപജില്ലാ സ്‌കൂള്‍ കായിക മേളക്കിടെ സ്പൈക്ക് ഷൂവില്ലാതെ സിന്തറ്റിക് ട്രാക്കില്‍ ഓട്ട മത്സരത്തിനിറങ്ങിയ വിദ്യാര്‍ത്ഥികളുടെ കാലിലെ തൊലി അടര്‍ന്നുമാറി. ചൂടായി കിടന്ന സിന്തറ്റിക് ട്രാക്കില്‍ ഓടിയ വിദ്യാര്‍ത്ഥികളുടെ കാല്‍പാദം പൊള്ളിയാണ് തൊലി അടര്‍ന്ന് നീങ്ങിയത്. കാലിലെ തൊലി അടര്‍ന്നുമാറിയ മൂന്നു കുട്ടികള്‍ക്ക് ആറ്റിങ്ങല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി. ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിലായിരുന്നു ഉപജില്ലാ മത്സരങ്ങള്‍ നടന്നത്.
◾ പെരിന്തല്‍മണ്ണയില്‍ സ്റ്റോപ്പില്‍ ഇറക്കിയില്ലെന്ന വയോധികന്റെ പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ പൂപ്പലം ടാറ്റ നഗര്‍ സ്വദേശി രാമചന്ദ്രന്റെ പരാതിയിലാണ് നടപടി. മൂന്ന് മാസത്തേക്കാണ് സല്‍മാനുള്‍ എന്ന ബസ് ഡ്രൈവറുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്.
◾ കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച ചന്ദനം വനം വകുപ്പ് പിടികൂടി. വനം വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച 14 കിലോയോളം വരുന്ന ചന്ദനത്തിന്റെ ചെറു തടിക്ഷണങ്ങള്‍ പിടികൂടിയത്. പനങ്ങാട് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ പൂട്ടിക്കിടന്ന വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്.
◾ ടൂറിസം വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളുടെ വാടക വര്‍ധിപ്പിച്ചു. എസി മുറികളുടെ വാടക നിലവിലുള്ളതിന്റെ ഇരട്ടിയാക്കിയാണ് വര്‍ധിപ്പിച്ചത്. നവീകരണത്തിനുശേഷമാണ് വാടക വര്‍ധിപ്പിച്ചതെന്നാണ് ടൂറിസം വകുപ്പിന്റെ വിശദീകരണം.
◾ കൊച്ചിയിലെ അലന്‍ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകള്‍ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേര്‍ ദില്ലിയില്‍ പിടിയില്‍. 20 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആന്‍ഡ്രോയിഡും ഉള്‍പ്പടെ 39 ഫോണുകളാണ് കൊച്ചി ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടിലെ അലന്‍ വാക്കര്‍ ഷോയ്ക്കിടെ നഷ്ടപ്പെട്ടത്.
◾ ആലുവയില്‍ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയിലായി. ആലുവ ചുണങ്ങംവേലില്‍ ഫിറ്റ്നെസ് സെന്റര്‍ നടത്തുന്ന കൃഷ്ണ പ്രതാപാണ് എടത്തല പൊലീസിന്റെ പിടിയിലായത്. ജിമ്മിലെ ട്രെയിനറായ കണ്ണൂര്‍ സ്വദേശി സാബിത്ത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന കൃഷ്ണ പ്രതാപിനെ പൊലീസ് പിടികൂടുകയായിരുന്നു. സാമ്പത്തിക ഇടപാടുകളെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു.
◾ ചാലക്കുടി മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കല്ലൂര്‍ കരുവാന്‍കുന്ന് സ്വദേശി പാലാട്ടി വീട്ടില്‍ തോമസിന്റെ മകന്‍ ആല്‍ബിന്‍ ആണ് മരിച്ചത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ ജീവനക്കാരനാണ് മരിച്ച ആല്‍ബിന്‍.
◾ കോടതികളിലെ നീതി ദേവതക്ക് രൂപമാറ്റം. നീതി ദേവതയായി ഇന്ത്യന്‍ കോടതികളില്‍ ഇതുവരെ ഉണ്ടായിരുന്നത് ഒരു കൈയില്‍ ത്രാസും മറുകൈയില്‍ വാളും പിടിച്ച്, കറുത്ത തുണി കൊണ്ട് കണ്ണ് കെട്ടി നില്‍ക്കുന്ന ഒരു സ്ത്രീ പ്രതിമയായിരുന്നു. എന്നാല്‍, ആ കോളോണിയല്‍ പ്രതിമയെ ഇപ്പോള്‍ മാറ്റി സ്ഥാപിച്ചിരിക്കുകയാണ്. പുതിയ നീതിദേവതയുടെ കണ്ണ് കറുത്ത തുണിയാല്‍ കെട്ടിമറയ്ക്കപ്പെട്ടിട്ടില്ല. വലം കൈയിലെ വാളിന് പകരം ഇന്ത്യന്‍ ഭരണഘടനയുമാണ്. സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ ലൈബ്രറിയിലാണ് പുതുതായി പ്രതിഷ്ഠിച്ച നീതിദേവതയുടെ പ്രതിമയുള്ളത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് പ്രതിമയുടെ ആശയത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ബ്രീട്ടീഷ് ഭരണക്കാലത്തെ രൂപങ്ങളില്‍ നിന്നുള്ള മാറ്റമാണ് പുതിയ പ്രതിമയിലൂടെ സൂചിപ്പിക്കുന്നത്.
◾ പി വി അന്‍വര്‍ എംഎല്‍എയെ പൂര്‍ണമായി തള്ളി ഡിഎംകെ. അന്‍വറുമായി യാതൊരു ബന്ധവും ഇല്ലെന്നും പാര്‍ട്ടിയുടെ പേരോ പതാകയോ ഉപയോഗിച്ചാല്‍ പരാതി നല്‍കുമെന്നും ഡിഎംകെ സംഘടനാ സെക്രട്ടറി ആര്‍ എസ് ഭാരതി വ്യക്തമാക്കി. സ്റ്റാലിനുമായി അടുപ്പം ഉണ്ടെന്നത് അന്‍വറിന്റെ അവകാശവാദം മാത്രമാണ്. സ്റ്റാലിനെ എല്ലാവര്‍ക്കും അറിയാം, എന്നാല്‍ സ്റ്റാലിന്‍ എല്ലാവരെയും അറിയണം എന്നില്ലെന്നും ഭാരതി പരിഹസിച്ചു.
◾ കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തത്തെ തുടര്‍ന്ന് ഐസിയുവിലായിരുന്ന രോഗി മരിച്ചു. 80 പേരെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇഎസ്ഐ ആശുപത്രിയിലുണ്ടായ തീ അണച്ചത് 10 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണെന്നാണ് റിപ്പോര്‍ട്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
◾ സൗദിയില്‍ ഗതാഗത നിയമലംഘന പിഴകള്‍ക്ക് പ്രഖ്യാപിച്ച ഇളവ് ലഭിക്കുന്നതിനുള്ള കാലയളവ് ആറുമാസത്തേക്ക് കൂടി നീട്ടി. ഈ വര്‍ഷം ഏപ്രില്‍ 18-ന് മുമ്പ് ചുമത്തിയ പിഴകള്‍ 50 ശതമാനം ഇളവോടെ അടയ്ക്കാന്‍ അനുവദിച്ച കാലാവധി ഈ മാസം 17 ന് അവസാനിക്കാനിരിക്കെയാണ് 2025 ഏപ്രില്‍ 18 വരെ ദീര്‍ഘിപ്പിച്ചതായി ആഭ്യന്തരമന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചത്.
◾ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി. ആശ്രമത്തിലെ രണ്ട് വനിതാ അന്തേവാസികളുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് സുപ്രീം കോടതി തീര്‍പ്പാക്കിയത്. വനിത അന്തേവാസികള്‍ അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് താമസിക്കുന്നതെന്ന് ബോധ്യമായെന്ന് കോടതി പറഞ്ഞു. ഈ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ മദ്രാസ് ഹൈക്കോടതി ഫൗണ്ടേഷനെതിരെ നടത്താന്‍ നിര്‍ദ്ദേശിച്ച അന്വേഷണവും സുപ്രീംകോടതി റദ്ദാക്കി.
◾ സല്‍മാന്‍ ഖാന് വീണ്ടും വധ ഭീഷണി. അഞ്ച് കോടി രൂപ നല്‍കിയില്ലെങ്കില്‍ നടന് ബാബാ സിദ്ധിഖിയേക്കാളും മോശം അവസ്ഥ വരുമെന്നാണ് ഭീഷണി സന്ദേശം. ലോറന്‍സ് ബിഷ്ണോയ് സംഘവുമായുള്ള ശത്രുത തീര്‍ക്കാന്‍ പണം നല്‍കണമെന്നാണ് സന്ദേശം. മുംബൈ ട്രാഫിക് പൊലീസിന്റെ വാട്സാപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.
◾ ഖാലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ വധിക്കാന്‍ ശ്രമിച്ച മുന്‍ റോ ഉദ്യോഗസ്ഥനെതിരെ അമേരിക്ക കുറ്റം ചുമത്തി. വികാസ് യാദവ് എന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഉദ്യോഗസ്ഥനെ കൈമാറണമെന്ന് ഇന്ത്യയോട് അമേരിക്ക ആവശ്യപ്പെട്ടു.
◾ യുദ്ധമുഖത്ത് നിന്ന് അഭയം തേടിയെത്തിയ ആറ് റഷ്യന്‍ സൈനികര്‍ക്ക് താല്‍ക്കാലിക വിസ നല്‍കി ഫ്രാന്‍സ്. യുക്രൈനുമായുള്ള യുദ്ധമുഖത്ത് നിന്നാണ് ഈ സൈനികര്‍ പലായനം ചെയ്തത്. ഇത്തരത്തില്‍ യൂറോപ്പിലെ ആദ്യ സംഭവമാണ് ഇത്. രാഷ്ട്രീയ അഭയം തേടി പലപ്പോഴായാണ് ആറ് സൈനികര്‍ ഫ്രാന്‍സിലെത്തിയത്. ഗോ ബൈ ദി ഫോറസ്റ്റ് എന്ന സംഘടനയുടെ സഹായത്തോടെയായിരുന്നു യുദ്ധമുഖത്ത് നിന്നുള്ള ഈ രക്ഷപ്പെടല്‍ എന്നാണ് വിവരം.
◾ ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കാനലിന്റെ നേതൃത്വത്തില്‍ രാജ്യ തലസ്ഥാനമായ ഹവാനയില്‍ പലസ്തീന്‍ അനുകൂല റാലി. പ്രസിഡന്റാണ് റാലിയെ മുന്നില്‍ നിന്ന് നയിച്ചത്. ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികമായ ഒക്ടോബര്‍ 7 ന് മാര്‍ച്ച് നടത്താനാണ് തീരുമാനിച്ചതെങ്കിലും മില്‍ട്ടണ്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മാറ്റി വെയ്ക്കുകയായിരുന്നു.
◾ ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 356 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡുമായി ന്യൂസിലാണ്ട് 402 റണ്‍സിന് പുറത്തായി. 180 ന് 3 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാണ്ട് രചിന്‍ രവീന്ദ്രയുടെ 134 റണ്‍സിന്റെ പിന്‍ബലത്തിലാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. രണ്ടാമിന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 72 റണ്‍സെടുത്തിട്ടുണ്ട്.
◾ സംസ്ഥാനത്ത് ഒറ്റയടിക്ക് സ്വര്‍ണവില പവന് 640 രൂപ രൂപ ഉയര്‍ന്ന് സര്‍വകാല റെക്കോഡായ 57,920 രൂപയിലെത്തി. ഗ്രാം വില 80 രൂപ വര്‍ധിച്ച് 7,240 രൂപയുമായി. മൂന്ന് ദിവസം കൊണ്ട് പവന്‍ വില 1,160 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ദിവസം പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57,000 കടന്നത്. ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5,985 രൂപയുമായി. വെള്ളി വില നാല് ദിവസത്തെ വിശ്രമത്തിനുശേഷം സെഞ്ച്വറിയിലെത്തി. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 100 രൂപയായി. അന്താരാഷ്ട്ര വില 2,692.55 രൂപയില്‍ നിന്ന് 2,712.02 രൂപയിലേക്ക് കുതിച്ചു കയറി സര്‍വകാല റെക്കോഡ് തൊട്ടതാണ് കേരളത്തിലും വില ഉയര്‍ത്തിയത്. തുടര്‍ച്ചയായ നാല് ദിവസമായി രാജ്യാന്തര വില മുന്നേറ്റത്തിലാണ്.
◾ 4ജി വിപുലീകരണം നടപ്പിലാക്കുന്നത് ശക്തമാക്കാനൊരുങ്ങി വോഡഫോണ്‍ ഐഡിയ. മാര്‍ച്ചില്‍ വാണിജ്യാടിസ്ഥാനത്തില്‍ 5ജി പുറത്തിറക്കാനും കമ്പനി ലക്ഷ്യമിടുന്നു. നോക്കിയ, എറിക്സണ്‍, സാംസഗ് എന്നിവയുമായുള്ള പുതിയ കരാറുകള്‍ പ്രകാരം 4ജി വിപുലീകരണം നവംബറില്‍ ആരംഭിക്കും. കമ്പനി മുന്‍ഗണന നല്‍കുന്ന 17 സര്‍ക്കിളുകളിലും 5ജി വാണിജ്യ സേവനങ്ങള്‍ 2025 മാര്‍ച്ചില്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 4 ജി സേവനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന ടെല്‍കോയ്ക്ക് 2025 ജൂണോടെ ഇന്ത്യയില്‍ 90 ശതമാനവും 4ജി എത്തിക്കാനാകും. കമ്പനിയുടെ ശൃംഖല മെച്ചപ്പെടുത്തുന്നതിനും ബിസിനസ് വിപുലീകരിക്കുന്നതിനും പല പദ്ധതികളും നിക്ഷേപങ്ങളും പരിഗണനയിലാണ്. നോക്കിയ, എറിക്‌സണ്‍, സാംസങ് എന്നിവയില്‍ നിന്ന് നെറ്റ്വര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് 30,000 കോടി രൂപയാണ് കമ്പനി ചെലവഴിക്കുന്നത്.
◾ രാംഗോപാല്‍ വര്‍മ അവതരിപ്പിക്കുന്ന 'സാരി' എന്ന ചിത്രത്തിലൂടെ അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിച്ചത് രണ്ട് സര്‍പ്രൈസുകളാണ്. ഒന്ന് മലയാളി നായികയായ ആരാധ്യ ദേവിയും (ശ്രീലക്ഷ്മി സതീഷ്) രണ്ടാമത്തേത്ത് എഐ വഴി സൃഷ്ടിച്ച പാട്ടുകളും. ചിത്രത്തിലെ അത്തരത്തിലൊരു ഗാനത്തിന്റെ വീഡിയോ പുറത്തെത്തി. ചിത്രത്തില്‍ സിറാ ശ്രീ എഴുതി ഡി.എസ്.ആര്‍. ബാലാജി എഴുതി കീര്‍ത്തന ശേഷ് ആലപിച്ച 'ഐ വാണ്ട് ലവ്' എന്നൊരു ഗാനമുണ്ട്. ഈ ഗാനത്തിന്റെ എഐ വേര്‍ഷന്‍ ആണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. അതീവ ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെടുന്ന ആരാധ്യ ദേവി തന്നെയാണ് പാട്ടിന്റെ മുഖ്യ ആകര്‍ഷണവും. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. നടന്‍ സത്യാ യാദു അവതരിപ്പിക്കുന്ന കഥാപാത്രം സാരി ചുറ്റിയ ഒരു യുവതിയെ കാണുന്നു. ആരാധ്യ ദേവി അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തെ അയാള്‍ പിന്‍തുടരുകയും അയാളുടെ അവളോടുള്ള വികാരം അപകടകരമായി മാറുന്നതുമാണ് ചിത്രം പറയുന്നത്.
◾ രാംചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'ഗെയിം ചെയ്ഞ്ചര്‍'. ഇപ്പോഴിതാ ചിത്രത്തെകുറിച്ച് ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിലെ ഒരു ഗാന രംഗം ഷൂട്ട് ചെയ്യുന്നത് 20 കോടിയിലേറെ രൂപ മുതല്‍ മുടക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാം ചരണും കിയാര അദ്വാനിയും ഒന്നിച്ചുള്ള മെലഡി ഗാനരംഗമാണ് വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്നത്. ഇതിന്റെ ലിറിക്കല്‍ വീഡിയോ നവംബറില്‍ പുറത്തിറക്കും. സംക്രാന്തി റിലീസ് ആയി ചിത്രം 2026 ജനുവരിയില്‍ തിയേറ്ററിലെത്തും. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അഞ്ജലി, എസ് ജെ സൂര്യ, ജയറാം, സുനില്‍, ശ്രീകാന്ത്, സമുദ്രക്കനി, നാസര്‍ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറില്‍ അഭിനയിക്കുന്നുണ്ട്. മദന്‍ എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് രാം ചരണ്‍ ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രമാണ് 'ഗെയിം ചെയ്ഞ്ചര്‍'. ഇന്ത്യന്‍ 2 എന്ന ചിത്രത്തിന് ശേഷം ഷങ്കര്‍ ഒരുക്കുന്ന ചിത്രമാണിത്. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
◾ ഐക്കണിക്ക് അമേരിക്കന്‍ കാര്‍ കമ്പനിയായ ജീപ്പ് ഇന്ത്യയില്‍ നിന്നുള്ള അടുത്ത ലോഞ്ച് പുതുക്കിയ മെറിഡിയന്‍ ആയിരിക്കും. 50,000 രൂപ അടച്ച് എസ്യുവിയുടെ ബുക്കിംഗ് ഇതിനകം തന്നെ കമ്പനി രാജ്യവ്യാപകമായി തുറന്നിട്ടുണ്ട്. 2024 ജീപ്പ് മെറിഡിയന്‍ ഫെയ്സ്ലിഫ്റ്റ് രണ്ട് പുതിയ എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ അവതരിപ്പിക്കും. ലോഞ്ചിറ്റിയൂഡ്, ലോഞ്ചിറ്റിയൂഡ് (ഒ) എന്നിവയാണ് ഈ വേരിയന്റുകള്‍. ഇവ യഥാക്രമം 5-ഉം 7-ഉം സീറ്റ് കോണ്‍ഫിഗറേഷനുകളോടെ ആയിരിക്കും എത്തുക. കോമ്പസ് ലോഞ്ചിറ്റിയൂഡിന് സമാനമായി, മെറിഡിയന്റെ പുതിയ അടിസ്ഥാന വേരിയന്റില്‍ 10 ഇഞ്ച് ടച്ച്‌സ്‌ക്രീനും 7 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സഹിതം ഡ്യുവല്‍-ടോണ്‍ ബ്ലാക്ക് ആന്‍ഡ് ഗ്രേ ഇന്റീരിയര്‍ തീം അവതരിപ്പിക്കും. വാഹനത്തിന് നേരിയ വില വര്‍ധനവും പ്രതീക്ഷിക്കുന്നു. നിലവില്‍, മെറിഡിയന്‍ എസ്യുവിയുടെ എക്‌സ്‌ഷോറൂം വില 29.99 ലക്ഷം മുതല്‍ 37.14 ലക്ഷം രൂപ വരെയാണ്.
◾ ആനന്ദക്കുട്ടന്‍ എന്ന നാമധേയവും പേറി ഹതഭാഗ്യവാനായി ജീവിക്കേണ്ടിവന്ന ഒരാളുടെ കഥ പറയുന്നു അകലുന്ന തീരം. അലങ്കാരവും കാല്പനികതയും പ്രതീകങ്ങളും ചേര്‍ത്ത് രൂപപ്പെടുത്തിയ സന്ദര്‍ഭങ്ങളിലൂടെയാണ് ഈ നോവല്‍ വികസിക്കുന്നതും പരിണമിക്കുന്നതും. വിശ്വാസവും കമ്മ്യൂണിസവും ലൗകിക ജീവിതത്തിന്റെ നാള്‍വഴികളും ഇടകലരുന്ന കഥാമുഹൂര്‍ത്തങ്ങളിലൂടെ ശ്രീധരന്‍നായര്‍ സാറും സദാശിവന്‍നായരും ഗോപികാവസന്തും ഝാന്‍സിയും ഫാ. ജിബ്രാളും അടക്കം കഥാപാത്രങ്ങള്‍ പിന്നെയും കടന്നുവരുന്നു. പ്രണയവും വിരഹവും ഏകാന്തതയും സാഹചര്യങ്ങളും അയാളുടെ ജീവിതത്തിന്റെ ഗതിവിഗതികളില്‍ അനിഷേധ്യമായ സംഭവപരമ്പരകളാണ് ഒരുക്കിവെച്ചത്. 'അകലുന്ന തീരം'. പി.എം രഘുകുമാര്‍. ഗ്രീന്‍ ബുക്സ്. വില 142 രൂപ.
◾ തലവേദനയുള്ളപ്പോള്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലവേദന കൂട്ടാം. അത്തരം ഭക്ഷണങ്ങള്‍ തലവേദന (മൈഗ്രേന്‍) ഉള്ളപ്പോള്‍ ഒഴിവാക്കാം. അവ ഏതെന്ന് നോക്കാം. ചിലരില്‍ കോഫി കുടിക്കുന്നത് തലവദേനയെ കൂട്ടാം. കോഫിയില്‍ അടങ്ങിയിരിക്കുന്ന 'കഫീന്‍' ആണ് ഇത്തരത്തില്‍ തലവേദന വര്‍ധിപ്പിക്കുന്നത്. അതുപോലെ ചുവന്ന വൈന്‍, പുളി അധികമുള്ള ഭക്ഷണങ്ങള്‍, തൈര്, ക്രീം എന്നിവയും തലവേദനയുള്ളപ്പോള്‍ കഴിക്കുന്നത് ചിലര്‍ക്ക് നല്ലതല്ല. ചോക്ലേറ്റും തലവേദനയെ കൂട്ടാം. കാരണം ചോക്ലേറ്റില്‍ കഫൈന്‍, ബീറ്റാ-ഫെനൈലെഥൈലാമൈന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചിലരില്‍ തലവേദന ഉണ്ടാക്കാം. ചീസ് ചിലരില്‍ തലവേദന വര്‍ധിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ചീസും തലവേദനയുള്ളപ്പോള്‍ അമിതമായി കഴിക്കേണ്ട. മൈഗ്രേന്‍ തലവദേനയുടെ കാരണങ്ങളില്‍ ഒന്നാണ് അമിത മദ്യപാനം. മദ്യപാനം മൈഗ്രേന്‍ കൂട്ടുമെന്ന് ചില പഠനങ്ങളും പറയുന്നു. അച്ചാര്‍ പോലുള്ളവയുടെ ഉപയോഗവും പരിമിതപ്പെടുത്തണം. അധികം എരുവും ഉപ്പും അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ചിലരില്‍ മൈഗ്രേന്‍ സാധ്യത കൂട്ടാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 84.07, പൗണ്ട് - 109.72. യൂറോ - 91.17, സ്വിസ് ഫ്രാങ്ക് - 97.02, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.47, ബഹറിന്‍ ദിനാര്‍ - 223.05, കുവൈത്ത് ദിനാര്‍ -274.30, ഒമാനി റിയാല്‍ - 218.38, സൗദി റിയാല്‍ - 22.38, യു.എ.ഇ ദിര്‍ഹം - 22.89, ഖത്തര്‍ റിയാല്‍ - 22.98, കനേഡിയന്‍ ഡോളര്‍ - 60.96.
➖➖➖➖➖➖➖➖
Tags:
KERALA