Trending

പ്രഭാത വാർത്തകൾ

2024  ഒക്ടോബർ 6  ഞായർ  
1200  കന്നി 20  വിശാഖം 
1446  റ:ആഖിർ 02
      
◾ ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും ജമ്മുകശ്മീരില്‍ ബി.ജെ.പിയ്ക്കും കോണ്‍ഗ്രസിനും തുല്യവിജയസാധ്യതയും മുന്നോട്ടുവെച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ ഇന്നലെ പുറത്ത് വന്ന എക്സിറ്റ് പോളുകളെല്ലാം ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ മികച്ച മാര്‍ജിനില്‍ തിരിച്ചെത്തുമെന്നാണ് പ്രവചിക്കുന്നത്. എന്നാല്‍ ജമ്മുകാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യത്തിന് ചില സര്‍വേകള്‍ മുന്‍തൂക്കം പ്രവചിക്കുമ്പോള്‍ മറ്റുചില സര്‍വേകള്‍ ബിജെപി സഖ്യത്തിനും തൂക്കു സഭയിലേക്കുമുള്ള സാധ്യതകളിലേക്കും വിരല്‍ ചൂണ്ടുന്നു.

◾ നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി ചര്‍ച്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്ത്. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന മുന്നണിയെന്ന നിലയിലാണ് ഡിഎംകെയെ കണ്ടതെന്നും പാര്‍ട്ടി രൂപീകരിച്ച് മുന്നണിയുമായി സഹകരിക്കാന്‍ ചര്‍ച്ച നടത്തിയെന്നുമാണ് വിവരം. എന്നാല്‍ മുന്നണിയില്‍ ചേരുന്നതിനെ കുറിച്ച് അന്‍വര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇതിനിടയില്‍ പി.വി. അന്‍വര്‍  ഡി.എം.കെയിലേക്കെന്ന സൂചനകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

◾ മഞ്ചേരിയില്‍ വച്ച് ഇന്ന് നടത്താന്‍ തീരുമാനിച്ച നയവിശദീകരണ യോഗം തീരുമാനിച്ച പ്രകാരം തന്നെ നടക്കുമെന്ന് പി.വി.അന്‍വര്‍.എം.എല്‍.എ. മറിച്ചുള്ള പ്രചരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും നിലവിലെ രാഷ്ട്രീയസംവിധാനങ്ങളില്‍ കാതലായ മാറ്റം വരണമെന്നും ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാവണം ഭരണവും നിയമങ്ങളുമെന്നും അത്തരം ഒരു രാഷ്ട്രീയമാണ് ലക്ഷ്യം വെക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. യോഗത്തില്‍ വെച്ച് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടായേക്കുമെന്നും ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്നായിരിക്കും പാര്‍ട്ടിയുടെ പേരെന്നുമാണ് സൂചന.

◾ പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് അമിത പ്രധാന്യം നല്‍കരുതെന്നാണ് അന്‍വര്‍ നല്‍കിയ പാഠമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ ബാലന്‍. പിന്തുണയുണ്ടെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ അവകാശപ്പെടുന്ന കണ്ണൂരിലെ സി.പി.എം. നേതാവിന്റെ പേര് അന്‍വര്‍ വെളിപ്പെടുത്തണമെന്നും എ.കെ ബാലന്‍ ആവശ്യപ്പെട്ടു.

◾ സി.പി.എമ്മിലെ പ്രായപരിധി നിബന്ധനയ്‌ക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്‍. പിണറായി വിജയന് 75 വയസ് കഴിഞ്ഞുവെന്നും ചട്ടം കൊണ്ടുവന്നവര്‍ക്ക് അത് മാറ്റിക്കൂടെയെന്നും ഈ ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. 75 വയസ് കഴിഞ്ഞുള്ള വിരമിക്കല്‍, പ്രസ്ഥാനത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കണമെന്നും ജി സുധാകരന്‍ ആവശ്യപ്പെട്ടു. 75 വയസ് കഴിഞ്ഞവരെ മത്സരിപ്പിക്കണമെന്ന് ആരും പറഞ്ഞില്ല. പക്ഷേ വയസായത് കൊണ്ട് സ്ഥാനത്തിരിക്കാന്‍ പാടില്ല എന്ന് പറയുന്നത് ശരിയാണോ എന്നും ജി സുധാകരന്‍ ചോദിച്ചു.

◾ ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം. ഒരു ദിവസം പരമാവധി 80,000 പേര്‍ക്കാണ് ദര്‍ശന സൗകര്യം ലഭിക്കുക.

◾ തൃശൂര്‍ പൂരം കലക്കലില്‍ തൃതല അന്വേഷണത്തിനുള്ള ഉത്തരവ് ഇറങ്ങി. എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഡിജിപിയാണ് അന്വേഷിക്കുക. പുരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന ക്രൈം ബ്രാഞ്ച് മേധാവി അന്വേഷിക്കും. മറ്റ് വകുപ്പുകളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നത് ഇന്റലിജന്‍സ് എഡിജിപിയും അന്വേഷിക്കും. പ്രത്യേക അന്വേഷണ സംഘങ്ങളിലെ അംഗങ്ങള്‍ ആരൊക്കെയെന്ന കാര്യം തീരുമാനിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി.

◾ പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നുവെന്നും യുവതികളെ കയറ്റിയതിന് പിന്നില്‍ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

◾ എം.ആര്‍.അജിത്കുമാര്‍ എഡിജിപി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം; എന്നാല്‍ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആ വാക്കുകളെ മാനിക്കാന്‍  സിപിഐക്ക് രാഷ്ട്രീയ കടമയുണ്ടെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൃത്യമായി നിലപാടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരായ മഞ്ചേശ്വരം കോഴക്കേസിലെ വിടുതല്‍ ഹര്‍ജി സിപിഎം - ബിജെപി ബാന്ധവത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരിഹാസം. കേസില്‍ സര്‍ക്കാര്‍ ആവശ്യമായ വാദമുഖങ്ങള്‍ ഉന്നയിച്ചില്ലെന്ന് പറഞ്ഞ അദ്ദേഹം പ്രോസിക്യൂഷന്റെ നിലപാട് എന്തായിരുന്നുവെന്നും ചോദിച്ചു.

◾ മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ സി.പി.എം തന്നെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടാന്‍ ശ്രമിച്ചുവെന്നും പക്ഷേ സത്യം ജയിച്ചുവെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. തനിക്കെതിരേ നടപടി സ്വീകരിക്കുന്ന സര്‍ക്കാര്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പുനര്‍ജനി തട്ടിപ്പ് അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

◾ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സിദ്ദിഖിന് നോട്ടീസ് നല്‍കി. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിനെത്തണമെന്നാണ് നിര്‍ദ്ദേശം. തിരുവനന്തപുരം നാര്‍ക്കോട്ടിക് സെല്‍ എസിയാണ് നോട്ടീസ് നല്‍കിയത്.

◾ വിവാദങ്ങള്‍ക്ക് വിരാമമിട്ട് കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ന്നു. കുടുംബത്തെ ബുദ്ധിമുട്ടിക്കുന്ന ഒന്നും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് മനാഫ് ഉറപ്പ് നല്‍കി. ഇരു കുടുംബാംഗങ്ങളേയും ഒന്നിച്ചിരുത്തി നടത്തിയ മധ്യസ്ഥ ചര്‍ച്ചയെതുടര്‍ന്നാണ് പ്രശ്‌നം രമ്യമായി പരിഹരിച്ചത്.

◾ റേഡിയോ വാര്‍ത്താ അവതരണത്തില്‍ പുത്തന്‍ മാതൃക സൃഷ്ടിച്ച, കൗതുക വാര്‍ത്തകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ എത്തുന്നത്.

◾ കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നു. ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.  അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

◾ വിധിയില്‍ പിഴവില്ലെന്നു വ്യക്തമാക്കി ഇലക്ടറല്‍ ബോണ്ട് വിധിയിലെ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതോടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ട്രല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയ സുപ്രീംകോടതി വിധി നിലനില്‍ക്കും. ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നേരത്തെ വിധി പറഞ്ഞത്. അഭിഭാഷകനായ മാത്യു നെടുമ്പാറ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

◾ സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി ഒക്ടോബര്‍ 23 ന് നേരിട്ട് ഹാജരാകണമെന്ന് പുണെ പ്രത്യേക കോടതി ഉത്തരവിട്ടു.  2023 മാര്‍ച്ച് 5ന് രാഹുല്‍ ലണ്ടനില്‍ വച്ച് നടത്തിയ പരാമര്‍ശത്തിന് എതിരെ സവര്‍ക്കറിന്റെ കൊച്ചുമകന്‍ സത്യകി സവര്‍ക്കറാണ് കോടതിയെ സമീപിച്ചത്.

◾ പശ്ചിമ ബംഗാളില്‍ നാലാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ട്യൂഷന്‍ ക്ലാസില്‍ നിന്ന് മടങ്ങിവരികയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഗംഗാനദിയുടെ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സൗത്ത് 24 പര്‍ഗാനാസിലാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധവുമായെത്തിയ ആള്‍ക്കൂട്ടം അക്രമാസക്തരായി ഒരു പൊലീസ് ക്യാമ്പ് ആക്രമിക്കുകയും തീയിടുകയും ചെയ്തതായാണ് വിവരം. സത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പരാജയപ്പെട്ടെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും ബിജെപി ആരോപിച്ചു.

◾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ക്ഷേത്രം പണിത മഹാരാഷ്ട്രയിലെ ബി.ജെ.പി. പ്രവര്‍ത്തകന്‍ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി പാര്‍ട്ടി വിട്ടു. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണനയും അപമാനവും നേരിടുന്നതായി ചൂണ്ടികാട്ടിയാണ് പുണെ അന്ധ് മേഖലയിലെ മയൂര്‍ മുണ്ഡെ പാര്‍ട്ടി വിട്ടത്.

◾ സൈന്യത്തെ സഹായിച്ചുവെന്നാരോപിച്ച് ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയിലെ ബര്‍സലോഗോ പട്ടണത്തില്‍ അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരവാദികള്‍ 600 ഓളം പേരെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കിടങ്ങുകളില്‍ നിരത്തി നിര്‍ത്തിയായിരുന്നു വെടിവെപ്പെന്നും കഴിഞ്ഞ ഓഗസ്റ്റ് 24 ന് ബര്‍സലോഗോ നിവാസികള്‍ സംരക്ഷണ കിടങ്ങുകള്‍ കുഴിക്കുന്നതിനിടെയായിരുന്നു ആക്രമണമെന്നും കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

◾ ഇസ്രായേല്‍ ആദ്യം തകര്‍ക്കേണ്ടത് ഇറാന്റെ ആണവ കേന്ദ്രങ്ങളെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവ കേന്ദ്രം ആക്രമിക്കുന്നതിനെതിരെ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന വന്നതിന് പിന്നാലെ ആയിരുന്നു ട്രംപിന്റെ പരാമര്‍ശം

◾ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രല്ലയുടെ പിന്‍ഗാമിയായി തിരഞ്ഞെടുത്ത ഹാഷിം സഫൈദീനെയും ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ബയ്‌റൂത്തില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250 ഹിസ്ബുള്ളക്കാര്‍ കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചിരുന്നു. അതില്‍ സഫൈദ്ദീനും ഉള്‍പ്പെട്ടതായാണ് വിവരം.

◾ ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഗ്വാളിയോറിലെ മാധവ് റാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴിനാണ് ആദ്യ ടി20 മത്സരം. നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, മായങ്ക് യാദവ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. പരിചയസമ്പന്നരായ ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അര്‍ഷ്ദീപ് സിംഗ് എന്നിവരും ടീമിനൊപ്പമുണ്ട്. മത്സരത്തില്‍ അഭിഷേക് ശര്‍മയ്ക്കൊപ്പം മലയാളി താരം സഞ്ജു സാംസണ്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

◾ വയനാടിനു പുതുജീവന്‍ പകരാന്‍ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാമത് എഡിഷന്‍ ഈ വരുന്ന 2024 ഡിസംബര്‍ 27, 28, 29 തീയതികളില്‍ മാനന്തവാടി ദ്വാരകയില്‍ നടക്കും. ബിനാലെ സങ്കല്‍പത്തില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഡിസംബറിലെ അവസാന ആഴ്ചയില്‍ വയനാട്ടില്‍ സംഘടിപ്പിക്കുന്ന ഈ സാഹിത്യോത്സവത്തിലും അനുബന്ധപരിപാടികളിലും ഈ വര്‍ഷം ഇന്ത്യയിലും വിദേശത്തുമുള്ള 250 ഓളം എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും കലാകാരന്മാരും പങ്കെടുക്കും. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സാഹിത്യോത്സവം ഒരു സമാശ്വോത്സവമായിട്ടാവും നടത്തുക. കാരവന്‍ മാഗസിന്റെ മുന്‍ എഡിറ്ററും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ഡോ. വിനോദ് കെ. ജോസാണ് വയനാട് സാഹിത്യോല്‍സവത്തിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍. എഴുത്തുകാരനും വിവര്‍ത്തകനുമായ ഡോ. ജോസഫ് കെ. ജോബ്, പ്രമുഖ പത്രപ്രവര്‍ത്തക ലീന ഗീതാ രഘുനാഥ്, എഴുത്തുകാരന്‍ വി.എച്ച്. നിഷാദ് എന്നിവര്‍ ക്യുറേറ്റര്‍മാരാണ്.

  ◾ പൈനാപ്പിള്‍ വില കഴിഞ്ഞ പത്തുവര്‍ഷത്തെ റെക്കോഡ് വിലയില്‍. ഉത്തരേന്ത്യയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതും ഉത്പാദനം കുറഞ്ഞതുമാണ് വില കുതിച്ചുയരാന്‍ കാരണം. പൈനാപ്പിളിന്റെ കേന്ദ്രമായ മൂവാറ്റുപുഴ വാഴക്കുളത്ത് പഴത്തിന്റെ വില കിലോയ്ക്ക് 57 രൂപയാണ്. പച്ചയ്ക്ക് 51 രൂപയ്ക്ക് മുകളിലാണ് കച്ചവടം നടക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയ്ക്ക് ആദ്യമായിട്ടാണ് വില ഇത്രയും ഉയരുന്നത്. കടുത്ത വേനലിന്റെ ബാക്കിപത്രമെന്ന പോലെ ഉത്പാദനം കുറഞ്ഞതാണ് വില ഉയരുന്നതിലേക്ക് നയിച്ച ഘടകങ്ങളിലൊന്ന്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് സ്‌പെഷ്യല്‍ ഗ്രേഡിന് 37 രൂപയും പഴത്തിന് 47 രൂപയുമായിരുന്നു വില. സാധാരണ ഗതിയില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പൈനാപ്പിള്‍ വില ഉയരാറുണ്ട്. ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ ആവശ്യകത വര്‍ധിച്ചത് വിലയിലും പ്രതിഫലിക്കുന്നുണ്ട്. ഉത്സവകാലത്തിന് മുന്നോടിയായി കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നത് വരുംദിവസങ്ങളില്‍ വില വര്‍ധനയ്ക്ക് ഇടയാക്കും.

◾ 'തനു വെഡ്സ്' മനുവിന് മൂന്നാം ഭാഗമൊരുങ്ങുന്നു. ചിത്രത്തില്‍ ട്രിപ്പിള്‍ റോളിലാണ് കങ്കണയെത്തുക. കങ്കണയുടെ കരിയറിലെ ആദ്യത്തെ ട്രിപ്പിള്‍ റോളായിരിക്കുമിത്. ആനന്ദ് എല്‍ റായി തന്നെയായിരിക്കും മൂന്നാം ഭാഗവും സംവിധാനം ചെയ്യുക. 2025 അവസാനത്തോടെ സിനിമയുടെ ഷൂട്ടിങ് തുടങ്ങും. ആനന്ദ് എല്‍ റായിയും കഥാകൃത്ത് ഹിമാന്‍ഷു ശര്‍മ്മയും ചേര്‍ന്ന് മൂന്നാം ഭാഗത്തിന്റെ കഥ പൂര്‍ത്തിയാക്കിയത്. 2011 ലായിരുന്നു ആര്‍ മാധവന്‍, കങ്കണ റണാവത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് എല്‍ റായി തനു വെഡ്‌സ് മനു ഒരുക്കിയത്. റൊമാന്റിക് കോമഡി വിഭാഗത്തിലുള്ള സിനിമ തിയറ്ററുകളില്‍ വലിയ വിജയമായി മാറുകയും ചെയ്തു. ചിത്രം പിന്നീട് തെലുങ്കിലേക്ക് റീമേക്കും ചെയ്തിരുന്നു. ചിത്രം സൂപ്പര്‍ ഹിറ്റായതോടെ 2015 ല്‍ തനു വെഡ്‌സ് മനു റിട്ടേണ്‍സ് എന്ന പേരില്‍ സിനിമയുടെ സീക്വലും പുറത്തിറങ്ങി. ചിത്രത്തില്‍ കങ്കണ ഇരട്ടവേഷങ്ങളിലായിരുന്നു എത്തിയത്. തിയറ്ററുകളില്‍ നിന്ന് 255 കോടിയിലധികം രൂപ നേടിയ ഈ സിനിമയിലൂടെ കങ്കണയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

◾ മലയാള സിനിമയിലെ ചിരിയുടെ സുല്‍ത്താനായിരുന്ന സംവിധായകന്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ 'പൊറാട്ട് നാടക'ത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. സമൂഹത്തിലെ സമീപകാല സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ആക്ഷേപഹാസ്യ ഫോര്‍മാറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഒക്ടോബര്‍ 18ന് തിയേറ്ററുകളിലെത്തും. സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖിന്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണ്‍ സംവിധാനം ചെയ്ത 'പൊറാട്ട് നാടകം ' ഒരുങ്ങിയത് സിദ്ദിഖിന്റെ മേല്‍നോട്ടത്തോടെയാണ്. സിനിമയിലേതായി ഇറങ്ങിയ പാട്ടുകളും യൂട്യൂബില്‍ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. രാഹുല്‍ രാജ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സൈജു കുറുപ്പ് നായകനായ ചിത്രത്തില്‍ മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

◾ ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പ് 2017ല്‍ പുറത്തിറക്കിയ ജീപ്പ് കോംപസ് എസ്യുവി രാജ്യത്ത് വിജയകരമായ എട്ട് വര്‍ഷം പൂര്‍ത്തിയാക്കി. ഈ അവസരത്തിന്റെ സ്മരണയ്ക്കായി, കമ്പനി ചില കോസ്മെറ്റിക് മെച്ചപ്പെടുത്തലുകളും അനുബന്ധ ഫീച്ചറുകളുമായി ഒരു പ്രത്യേക ജീപ്പ് കോമ്പസ് വാര്‍ഷിക പതിപ്പ് അവതരിപ്പിച്ചു. 25.26 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള ആനിവേഴ്‌സറി എഡിഷന്‍ ലോഞ്ചിറ്റിയൂഡ് (ഒ), ലിമിറ്റഡ് (ഒ) വകഭേദങ്ങളോടെയാണ് വരുന്നത്. ജീപ്പ് കോമ്പസ് വാര്‍ഷിക പതിപ്പിന് കരുത്തേകുന്നത് 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ്. ഈ എഞ്ചിന്‍ 168 ബിഎച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഉപഭോക്താക്കള്‍ക്ക് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ തിരഞ്ഞെടുക്കാം. രണ്ടും ഫ്രണ്ട് വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനുമായാണ് വരുന്നത്. സാധാരണ ജീപ്പ് കോംപസിന്റെ എക്സ്-ഷോറൂം വില 18.99 ലക്ഷം രൂപയില്‍ തുടങ്ങി 32.41 ലക്ഷം രൂപ വരെയാണ്.

◾ തികച്ചും പുതുമയുള്ള കഥാ പരിസരവുമായാണ് നസിം മുഹമ്മദിന്റെ നോവല്‍ ത്രയം ബാസ്തേത് ദി കാറ്റ് ഗോഡസ് വായനക്കാരിലേക്കെത്തുന്നത്. പുരാതന ഈജിപ്തിലെ ഗോത്രവര്‍ഗ്ഗക്കാര്‍ ആരാധിച്ചിരുന്ന പൂച്ച ദൈവം ആയിരുന്ന, ഒരേപോലെ സ്നേഹത്തിന്റെയും പ്രതികാരത്തിന്റെയും മുഖമുള്ള ബാസ്തേത്. തന്റെ വിധിയെ മറികടക്കാന്‍ അഥീനയെയും കുഞ്ഞിനേയും മമ്മികളുടെ നാട്ടില്‍ (ഈജിപ്തില്‍) നിന്നും കേരളത്തിലേക്ക് പറഞ്ഞയക്കുന്ന സാം എന്ന ചെറുപ്പക്കാരന്‍. അതുപിന്നീട് ഒരു ഗ്രാമത്തിന്റെ തന്നെ സര്‍വ്വ നാശത്തിലേക്ക് നീങ്ങുന്നതും അതൊഴിവാക്കാന്‍ വിധിയുടെ അത്ഭുതകരമായ കുട്ടിയിണക്കലില്‍ ബാസ്തേതുമായി എന്നേ ഇഴചേര്‍ക്കപ്പെട്ട മനു എന്ന പോലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന ഇടപെടലുകളുടെയും സംഭ്രമജനകമായ കഥയാണ് ആദ്യ ഭാഗമായ ബാസ്തേത് ദി ബിഗിനിങ്ങില്‍ പറയുന്നത്. മലയാള നോവലിന്റെ ചരിത്രവഴിയിലേക്ക് ഒരു നോവലിസ്റ്റ് നിഗൂഢമായൊരു കഥയുമായി വരവറിയിക്കുന്നു. 'ബാസ്തേത്'. നസീം മുഹമ്മദ്. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 250 രൂപ.

◾ യൂറിക് ആസിഡ് തോത് ശരീരത്തില്‍ ഉയരുമ്പോള്‍ ലക്ഷണങ്ങള്‍ അത് സന്ധിവേദനയ്ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങാ നീര് ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ചെറി പഴങ്ങളില്‍ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ യൂറിക് ആസിഡിനെ കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങളെ പുറംന്തള്ളാനും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവിനെ കുറയ്ക്കാനും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.  പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതും യൂറിക് ആസിഡിന്റെ അളവിനെ കുറയ്ക്കാനും സന്ധികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതും യൂറിക് ആസിഡിന്റെ അളവിനെ കുറയ്ക്കാന്‍ ഗുണം ചെയ്യും. വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തന്‍ ജ്യൂസും യൂറിക് ആസിഡിന്റെ അളവിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. ആപ്പിള്‍ സിഡര്‍ വിനഗറില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് യൂറിക് ആസിഡിനെ വിഘടിപ്പിച്ച് ഇവയെ ശരീരത്തില്‍ നിന്ന് പുറംന്തള്ളാന്‍ സഹായിക്കും. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ഗ്രീന്‍ ടീ കുടിക്കുന്നതും യൂറിക് ആസിഡിന്റെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
1959ല്‍ മുംബൈയിലെ ഗിര്‍ഗാം ഗ്രാമത്തിലെ ഒരു ചെറിയ കെട്ടിടത്തിന്റെ മുകളില്‍ ഏഴ് സ്ത്രീകള്‍ ചേര്‍ന്ന് ഒരു സംരംഭം തുടങ്ങാന്‍ തീരുമാനിച്ചു.  പപ്പടനിര്‍മ്മാണമാണ് അവര്‍ തുടങ്ങാന്‍ ആഗ്രഹിച്ചത്.  അതിനുളള ചേരുവകള്‍ വാങ്ങാനായി അവര്‍ അവിടത്തെ സാമൂഹ്യപ്രവര്‍ത്തകനില്‍ നിന്നും 80 രൂപ കടവാങ്ങി പപ്പടം നിര്‍മ്മിക്കാന്‍ തുടങ്ങി.  രണ്ട് കെട്ട് പപ്പടമാണ് ആദ്യം ഉണ്ടാക്കിയത്. തുടക്കത്തില്‍ ബിസിനസ്സ് വളരെ മോശമായിരുന്നു.  ആദ്യവര്‍ഷം 6000 രൂപയുടെ വില്‍പനയാണ് നടന്നത്.  എങ്കിലും അവര്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. ചെറിയ തുകകള്‍ മുടക്കി കൂടുതല്‍ സ്ത്രീകള്‍ ഈ സംഘത്തിലേക്കെത്തി.  1962 ആയപ്പോഴേക്കും ലിജ്ജത്ത് എന്നപേര് ഈ പപ്പടത്തിന് നല്‍കി അവര്‍ തങ്ങളുടെ ബ്രാന്റ് ഉയര്‍ത്തി. മഹിള ഗൃഹ ഉദ്യോഗ് ലിജ്ജത് പപ്പട് എന്ന പേരില്‍ ഒരു സ്വയം സഹായ സംഘമായി അവര്‍മാറി.  ഉയര്‍ന്ന ഗുണമേന്മയുളള ഈ പപ്പടം ഉത്തരേന്ത്യന്‍ തീന്‍മേശകളില്‍ ഒഴിവാക്കാനാകാത്ത ഒന്നായി മാറി.   ഇന്ന് ഇന്ത്യയിലുടനീളം 85 ശാഖകളാണ് ഈ സംരംഭത്തിനുളളത്. 4500 ലധികം സ്ത്രീകള്‍ ഇവിടെ ജോലി ചെയ്യുന്നു.  യു എസ്, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ഉണ്ട്.  2019ല്‍ 1600 കോടി രൂപയായിരുന്നു കമ്പനിയുടെ വിറ്റുവരവ്. ഒട്ടേറെ അവാര്‍ഡുകള്‍ ലിജ്ജത്ത് പപ്പടത്തെ തേടിയെത്തിയിട്ടുണ്ട്.  വീട്ടമ്മമാര്‍ക്ക് സുസ്ഥിരമായ ഉപജീവനമാര്‍ഗ്ഗം സൃഷ്ടിക്കുക, അതുവഴി സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്തുക ഇതായിരുന്നു അവരുടെ ലക്ഷ്യം.. തോറ്റുകൊടുക്കില്ലെന്ന് തീരുമാനിക്കപ്പെടുന്നിടത്താണ് മുന്നോട്ടുളള ചുവടിന്റെ ആദ്യപടി തുടങ്ങുന്നത്.. തുടര്‍ന്നങ്ങോട്ട് വരുന്ന ഓരോ പ്രതിസന്ധികളേയും നേരിടാന്‍ ഈ തീരുമാനമാണ് നമുക്ക് മൂലധനമാകുന്നതും - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right