Trending

സായാഹ്ന വാർത്തകൾ

 01-10-2024



◾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ സായാഹ്ന വാർത്തകൾ നല്‍കിയ പരാതി പുറത്തുവിട്ട് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. സ്വര്‍ണക്കടത്തിന്റെ പങ്ക് പി ശശി പറ്റുന്നുവെന്നും ചില കേസുകളില്‍ ഒത്തുതീര്‍പ്പുണ്ടാക്കി കമ്മീഷന്‍ കൈപ്പറ്റിയിട്ടുണ്ടെന്നും, മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്ന പരാതിക്കാരികളുടെ ഫോണ്‍ നമ്പറുകള്‍ ശശി വാങ്ങി പിന്നീട് സ്ത്രീകളെ വിളിച്ച് ശൃംഗാരഭാവത്തില്‍ ഇടപെടുന്നുവെന്നും ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് ശശിക്കെതിരെയുള്ള പരാതിയിലുള്ളത്. എല്ലാം ഉന്നയിക്കുന്നത് ഉത്തമബോധ്യത്തിലെന്നും അന്‍വര്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി സെക്രട്ടറിക്കുള്ള പരാതിയില്‍ ശശിക്കെതിരെ ആരോപണം ഉന്നയിച്ചില്ലെന്ന പ്രസ്താവന ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയില്‍ ഉണ്ടായ സാഹചര്യത്തിലാണ് പരാതി പുറത്തുവിടുന്നതെന്നാണ് അന്‍വറിന്റെ വിശദീകരണം.

◾ പാര്‍ട്ടിയുമായി ആലോചിച്ച് അന്‍വറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. അന്‍വറിന്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് എല്ലാം മുഖ്യമന്ത്രിയും പാര്‍ട്ടിയും പറയുമെന്നും പാര്‍ട്ടിയും മുഖ്യമന്ത്രിയും പറയുന്നതിന് അപ്പുറം വ്യക്തിപരമായി ഒന്നും പറയാനില്ലെന്നും ശശി വിശദീകരിച്ചു. അന്‍വര്‍ എന്തും പുറത്ത് വിട്ടോട്ടെ, അന്‍വര്‍ അറ്റാക്ക് ചെയ്താലും കുഴപ്പമില്ല എന്നാല്‍ മാധ്യമങ്ങള്‍ എന്തിനാണ് തന്നെ അറ്റാക്ക് ചെയ്യുന്നതെന്നായിരുന്നു ശശിയുടെ ചോദ്യം. എത്ര ഗുരുതര ആരോപണമാണെങ്കിലും കൂടുതല്‍ ഒന്നും പറയാനില്ലെന്നും ശശി കൂട്ടിച്ചേര്‍ത്തു.

◾ എം എല്‍ എ പി.വി അന്‍വറിന്റെ മലപ്പുറത്തെ പൊതുയോഗത്തിലെ ആള്‍ക്കൂട്ടത്തിന് പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമെന്നും ഒപ്പം മുസ്ലിം ലീഗും കോണ്‍ഗ്രസുമുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സിപിഎമ്മിനും സര്‍ക്കാരിനും എതിരെ വലിയ കടന്നാക്രമണം നടക്കുന്നുവെന്നും അന്‍വര്‍ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും കയ്യിലെ കോടാലിയായി മാറിയെന്നും എം.വി.ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

◾ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി സംഘടനകള്‍ക്ക് ഇത്രമാത്രം ശക്തിയുണ്ടെന്ന് സിപിഎം സമ്മതിച്ചോ എന്ന്  എംഎല്‍എ പിവി അന്‍വര്‍. പൊതുയോഗത്തില്‍ പങ്കെടുത്തത് വര്‍ഗീയ വാദികളെന്ന ആരോപണം സിപിഎമ്മിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുകയെന്നും മുതിര്‍ന്ന സിപിഎം നേതാവ് പാലോളി മുഹമ്മദുകുട്ടിയെ നേരില്‍ കണ്ട് സാഹചര്യം ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാലോളി മുഹമ്മദ് കുട്ടി സംശുദ്ധ ജീവിതം നയിക്കുന്ന വ്യകതിയാണെന്നും അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. അതേസമയം താന്‍ നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് നേരത്തെ തന്നെ പുറത്താക്കിയില്ലെന്ന് എം സ്വരാജ് പറയണമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

◾ മുഖ്യമന്ത്രിയുടെ സ്വര്‍ണക്കടത്തിലെ മലപ്പുറം പരാമര്‍ശം എന്ത് വിവരത്തിന്റ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി നടത്തുന്നത് ആര്‍എസ്എസ് ബാന്ധവം പുറത്തായതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണെന്നും സ്വര്‍ണ്ണക്കള്ളക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ദില്ലിയിലെ സംഘ്പരിവാര്‍ ഏമാന്‍മാരെ സന്തോഷിപ്പിക്കാനുള്ളതാണെന്നും വിഡി സതീശന്‍ വാര്‍ത്താകുറിപ്പിലൂടെ പറഞ്ഞു.

◾ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം വളച്ചൊടിച്ചെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രിയുടെ വാക്കുകളെ ദുരുദ്ദേശത്തോടെ വര്‍ഗീയമായി വളച്ചൊടിച്ചിരിക്കുന്നു എന്നാണ് മന്ത്രി എംബി രാജേഷിന്റെ വിശദീകരണം. മുഖ്യമന്ത്രി പറഞ്ഞത് മലപ്പുറത്തെക്കുറിച്ച് അല്ലെന്നും കള്ളക്കടത്ത് സ്വര്‍ണ്ണം എന്തിന് ഉപയോഗിക്കുന്നു എന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നുമാണ് മന്ത്രി പറയുന്നത്.

◾ വിമാനത്താവളം മലപ്പുറത്ത് ആയതിനാലാണ് മലപ്പുറത്ത് കൂടുതല്‍ സ്വര്‍ണക്കടത്ത് കേസ്  വരുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സ്വര്‍ണം കടത്തുന്നതില്‍ മറ്റുജില്ലക്കാരും പുറത്ത് നിന്നുള്ളവരും ഉണ്ടെന്നും മലപ്പുറത്തെ മോശമാക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചിട്ടില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഹിന്ദു പത്രത്തിലെ അഭിമുഖത്തിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണം പൊളിറ്റിക്കല്‍ അജണ്ടയാണ്. മുഖ്യമന്ത്രിയെ ബിജെപി അനുകൂലിയാക്കി മാറ്റാനുള്ള ശ്രമം നടത്തുകയാണെന്നും ബിജെപി വിരുദ്ധ മനസുകളില്‍ പിണറായി വിജയനെ ന്യൂനപക്ഷ വിരുദ്ധനാക്കി മാറ്റാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ വിമര്‍ശനം കനത്തതോടെ  അഭിമുഖത്തിലെ വിവാദ പരാമര്‍ശത്തില്‍ ഹിന്ദു പത്രത്തിന് വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്‍കി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി. പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചെന്നും തെറ്റായ വ്യാഖ്യാനം വിവാദങ്ങള്‍ക്ക് ഇടയാക്കിയെന്നും കത്തില്‍ പറയുന്നു. ഒരു സ്ഥലമോ പ്രദേശമോ പരാമര്‍ശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കാന്‍ വിശദീകരണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

◾ എഡിജിപിയെ എന്തുകൊണ്ട് മാറ്റുന്നില്ലെന്ന് മാറ്റാത്തവരോട് ചോദിക്കണമെന്ന് മന്ത്രി കെ.രാജന്‍. കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറത്തേക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വ്യക്തതവരുത്തേണ്ടത് അദ്ദേഹം തന്നെയാണെന്നും കെ.രാജന്‍ പറഞ്ഞു.

◾ നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേ ഇഡിക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. ഹര്‍ജിയില്‍ വാദത്തിന് താല്‍പര്യമില്ലേയെന്നും, വാദം മാറ്റണമെന്ന് ഇഡി ഇന്നും ആവശ്യപ്പെട്ടതോടെ കേസില്‍ താല്‍പര്യമില്ലെന്ന് മനസിലായെന്നും ഇഡിയോട് കോടതി സൂചിപ്പിച്ചു. നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ വിചാരണ കഴിഞ്ഞ തവണയും ഇഡിയുടെ ആവശ്യപ്രകാരം മാറ്റിയിരുന്നു.

◾ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണസംഘം നിവിന്‍ പോളിയെ ചോദ്യംചെയ്തു. നിവിന്‍ നല്‍കിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍വച്ച് കൂട്ടബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. നിവിന്‍ ഉള്‍പ്പെടെ കേസില്‍ ആറ് പ്രതികളുണ്ട്. അതേസമയം കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളില്‍ ഗൂഡാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളിയും പരാതി നല്‍കിയിട്ടുണ്ട്.

◾ യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് ശേഷവും നടന്‍ സിദ്ദിഖ് ഒളിവില്‍ തന്നെയെന്ന് റിപ്പോര്‍ട്ട്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവില്‍ പോയത്. സിദ്ദിഖ് എവിടെ എന്ന് അറിയില്ല എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

◾ പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 വെള്ളിയാഴ്ച കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ നാഷണല്‍ ടീച്ചേഴ്സ് യൂണിയന്‍ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി അനുവദിച്ചു കൊണ്ട് തീരുമാനമെടുത്തത്.

◾ പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു.  നിലവിളക്കില്‍ നിന്നാണ് തീ പടര്‍ന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനെയെത്തി തീയണച്ചതിനാല്‍ അപകടം ഒഴിവായി. ഗവര്‍ണര്‍ക്ക് മറ്റ് പരിക്കുകളൊന്നുമില്ല. പാലക്കാട് അകത്തേത്തറയിലുള്ള ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിലേക്ക് ഗവര്‍ണര്‍ എത്തിയപ്പോഴായിരുന്നു സംഭവം.

◾ ആധുനിക കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്ന് ചുണ്ടിക്കാട്ടി ഗതാഗത വകുപ്പ് സംസ്ഥാനത്ത് പ്രിന്റഡ് ലൈസന്‍സ് നിര്‍ത്തുന്നു. ആദ്യ ഘട്ടമായി ലൈസന്‍സ് പ്രിന്റിംഗും രണ്ടാം ഘട്ടത്തില്‍ ആര്‍ സി ബുക്ക് പ്രിന്റിംഗും  നിര്‍ത്തുമെന്ന് ഗതാഗത കമ്മീഷണര്‍ അറിയിച്ചു. പുതിയ തീരുമാനത്തോടെ ലൈസന്‍സ് പ്രിന്റിംഗ് നിര്‍ത്തുന്ന നാലാമത്തെ സംസ്ഥാനമായി മാറുകയാണ് കേരളം. ആധാര്‍ കാര്‍ഡുകള്‍ ഡൗണ്‍ ലോഡ് ചെയ്യുന്നത് പോലെ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഡിജി ലോക്കറില്‍ സൂക്ഷിക്കുന്ന രേഖകള്‍ പരിശോധന സമയത്ത് ഹാജരാക്കിയാല്‍ മതി.

◾ കെ.എം ഷാജിയുടെ നിലമ്പൂരിലെ പൊതുയോഗം നേതൃത്വം മുടക്കിയെന്ന് ആരോപണം. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പരിപാടി ഇന്ന് തീരുമാനിച്ചിരുന്നത്. നിലമ്പൂര്‍ മണ്ഡലം ലീഗ് കമ്മിറ്റിയാണ് സമ്മേളനം തീരുമാനിച്ചത്. എന്നാല്‍ നേതൃത്വം ഇടപെട്ട് അനുമതി നിഷേധിച്ചതോടെ മണ്ഡലം കമ്മിറ്റി പിന്‍വാങ്ങി. പരിപാടി റദ്ദാക്കിയത് ഇടതുപക്ഷമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമെന്നാണ് വിമര്‍ശനമുയരുന്നത്. എന്നാല്‍ നേതൃത്വം ആരോപണം നിഷേധിച്ചു.

◾ കോഴിക്കോട് കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയില്‍ അഞ്ച് വര്‍ഷമായി ആര്‍എംഒ ആയി ചികിത്സ നടത്തിയ അബു അബ്രഹാം ലൂക്ക എംബിബിഎസ് രണ്ടാം വര്‍ഷ പരീക്ഷ പാസായിട്ടില്ലെന്ന് രോഗിയുടെ ബന്ധുക്കള്‍. ആശുപത്രിയില്‍ നെഞ്ച് വേദനയെത്തുടര്‍ന്ന് ചികിത്സ തേടിയ കടലുണ്ടി പൂച്ചേരിക്കുന്ന് സ്വദേശി പാച്ചാട്ട് വിനോദ് കുമാറാണ് വ്യാജഡോക്ട്ടറുടെ ചികില്‍സയെ തുടര്‍ന്ന് മരിച്ചത്.

◾ കേരള തമിഴ്നാട് അതിര്‍ത്തിയില്‍ പാറശ്ശാലയ്ക്കും കളിയക്കാവിളക്കും ഇടയില്‍ ട്രെയിനിനു മുന്നില്‍ പെട്ട ആളിനെ ലോക്കോ പൈലറ്റ് അത്ഭുതകരമായി രക്ഷിച്ചു. തിരുവനന്തപുരം നെടുവാന്‍വിള സ്വദേശിയാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെ റെയില്‍വെ ട്രാക്കിലൂടെ നടന്നുവന്നത്. തുടര്‍ന്ന് ഉടന്‍ തന്നെ ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് സംവിധാനം ഉപയോഗിച്ച് ട്രെയിന്‍ നിറുത്തുകയായിരുന്നു.

◾ തിരുവനന്തപുരത്ത് പോക്സോ പ്രതി ബ്ലേഡ് വിഴുങ്ങി. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകവേയാണ് പോക്സോ കേസിലെ പ്രതിയായ സുമേഷ് ബ്ലെയ്ഡ് വിഴുങ്ങിയത്. കൊല്ലത്തെ കോടതിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് സംഭവമുണ്ടായത്. പ്രതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

◾ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകള്‍ക്ക് വില വര്‍ദ്ധനവ് പ്രഖ്യാപിച്ച് എണ്ണ കമ്പനികള്‍. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന് 48.50 രൂപയാണ് വര്‍ദ്ധിക്കുന്നത്. ഇന്നു മുതല്‍ വില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വന്നതായി കമ്പനികള്‍ പുറത്തിറക്കിയ അറിയിപ്പ് പറയുന്നു.

◾ കാസര്‍കോട് ഉദുമയില്‍ പനി ബാധിച്ച് 9 വയസുകാരി മരിച്ചു. ഉദുമ കൊക്കാലിലെ റിജേഷിന്റെയും സിത്താരയുടെയും മകള്‍ കെ സാത്വികയാണ് മരിച്ചത്. ഉദുമ ഗവ എല്‍പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മൂന്ന് ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും  ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

◾ തിരുവനന്തപുരം സ്വദേശി അനീഷ ജോര്‍ജിനെ കലൂരിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച്ച സുഹൃത്തുമായുണ്ടായ പ്രശ്നത്തില്‍ ഇടപെടണമെന്നും സംസാരിക്കണമെന്നും ആവശ്യപ്പെട്ട് അനീഷ പോലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

◾ ചെന്നൈയില്‍ ഭക്ഷണം കഴിക്കാന്‍ കാശില്ലാതെ പട്ടിണി കിടക്കേണ്ടി വന്ന അതിഥി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. ബംഗാള്‍ സ്വദേശി സമര്‍ഖാന്‍ (35) ആണ് മരിച്ചത്. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം, സംഘത്തിലെ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. 12 പേര്‍ അടങ്ങുന്ന സംഘമാണ് ചെന്നൈയില്‍ ജോലി അന്വേഷിച്ച് എത്തിയത്. തിരുവള്ളൂര്‍ ജില്ലയില്‍ ജോലി കിട്ടുമെന്ന് കേട്ടാണ് വന്നതെന്നും 10 ദിവസത്തിലധികം അന്വേഷിച്ചിട്ടും ജോലി കിട്ടിയില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു.

◾ തമിഴ് നടന്‍ രജനികാന്ത് ആശുപത്രിയില്‍. വയറു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെ അദ്ദേഹത്തെ  ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ കാത്ത് ലാബില്‍ നടന്ന ശസ്ത്രക്രിയയില്‍ അടിവയറ്റിന് താഴെ സ്റ്റെന്‍ഡ് സ്ഥാപിച്ചു. അടുത്ത മൂന്നുദിവസം വരെ അദ്ദേഹം ആശുപത്രിയില്‍ തുടര്‍ന്നേക്കും.

◾ ഡിജിറ്റല്‍ അറസ്റ്റടക്കമുള്ള സൈബര്‍ തട്ടിപ്പില്‍ രാജ്യവ്യാപകമായി 26 പേരെ അറസ്റ്റ് ചെയ്ത് സിബിഐ. 32 ഇടങ്ങളില്‍ നടന്ന പരിശോധനക്ക് പിന്നാലെയാണ് സിബിഐ നടപടി എടുത്തിരിക്കുന്നത്.

◾ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ ചൈനീസ് നിര്‍മിത നിരീക്ഷണ ഉപകരണങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. ലെബനോനില്‍ നടന്ന പേജര്‍ സ്ഫോടനങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സിസിടിവി മേഖലയിലെ ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടി പ്രയോജനപ്രദമാകുന്ന തരത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിച്ച് നടപ്പാക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

◾ മഞ്ഞുമലയില്‍ നിന്ന് 56 വര്‍ഷത്തിന് ശേഷം കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നതില്‍ ബന്ധുക്കള്‍ക്ക് ഇന്ന് അന്തിമ അറിയിപ്പ് ലഭിക്കും.1968 ല്‍ ഹിമാചല്‍ പ്രദേശിലെ റോത്തങ്ങ് പാസില്‍ ഉണ്ടായ വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഒടാലില്‍  തോമസ് ചെറിയാന്‍ ഉള്‍പ്പെടെ നാലു സൈനികരുടെ മൃതദേഹമാണ് രാജ്യ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘമേറിയ തിരച്ചിലിന് ഒടുവില്‍ കണ്ടെത്തിയത്. വിമാന അപകടത്തില്‍ 102 പേര്‍ മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്.

◾ ലെബനോനില്‍ ഇസ്രയേല്‍ കരയുദ്ധം തുടങ്ങി. തെക്കന്‍ ലെബനോനില്‍ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. വടക്കന്‍ അതിര്‍ത്തി ഇസ്രായേല്‍ യുദ്ധമേഖലയായി പ്രഖ്യാപിച്ചതോടെ അതിര്‍ത്തി ഒഴിപ്പിച്ചു. ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ഇന്നലെ രാത്രിയുണ്ടായ ആക്രമണങ്ങളില്‍ 95 പേരാണ് ലെബനോനില്‍ കൊല്ലപ്പെട്ടത്. 172 പേര്‍ക്ക് പരിക്കേറ്റു. കരയുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുല്ലയും പ്രതികരിച്ചു. അതിനിടെ ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റല്ലയെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി പ്രഖ്യാപിച്ചിട്ടുണ്ട്.  

◾ മഴ മുടക്കിയ കളി തിരികെപ്പിടിച്ച് ഇന്ത്യ. ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഏഴു വിക്കറ്റ് വിജയം, ഒപ്പം പരമ്പര നേട്ടവും. മഴമൂലം മൂന്ന് ദിവസത്തെ കളി ഏതാണ്ട് പൂര്‍ണമായും നഷ്ടമായിട്ടും വെറും രണ്ട് ദിവസം കൊണ്ടാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യ ദിനം 35 ഓവര്‍ മാത്രം മത്സരം നടന്ന ടെസ്റ്റില്‍ രണ്ടും മൂന്നും ദിനങ്ങളില്‍ ഒറ്റ പന്തുപോലും എറിയാനാകാതെ പൂര്‍ണമായും നഷ്ടമായിരുന്നു. പിന്നീട് നാലും അഞ്ചും ദിവസങ്ങളില്‍ ബംഗ്ലാദേശിനെ രണ്ട് വട്ടം പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ വിജയലക്ഷ്യമായ 95 റണ്‍സ് അഞ്ചാം ദിനം ലഞ്ചിന് ശേഷം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. അവസാന ദിനം സമനില പ്രതീക്ഷയില്‍ ക്രീസിലിറങ്ങിയ ബംഗ്ലാദേശിനെ 146 റണ്‍സിനാണ് ഇന്ത്യ പുറത്താക്കിയത്. രണ്ടിന്നിംഗ്സിലും അര്‍ദ്ധസെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളിനെ കളിയിലെ താരമായി തിരഞ്ഞെടുത്തപ്പോള്‍ രവിചന്ദ്ര അശ്വിനെയാണ് സീരീസിന്റെ താരമായി തിരഞ്ഞെടുത്തത്.

◾ യു.എസിലേക്കുള്ള ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ചരിത്രത്തിലാദ്യമായി ഡയമണ്ട്‌സ് കയറ്റുമതിയെ മറികടന്നു. 2024 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദം മുതലാണ് ട്രെന്‍ഡ് മാറ്റം. ജൂണില്‍ അവസാനിച്ച പാദത്തില്‍ രണ്ട് ബില്യണ്‍ ഡോളറായിരുന്നു ഇന്ത്യയുടെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി. ഈ പാദത്തില്‍ ഡയമണ്ട് കയറ്റുമതി 1.44 ബില്യണ്‍ ഡോളറുമായിരുന്നു. ഡിസംബര്‍ പാദത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 1.42 ബില്യണ്‍ ഡോളറായിരുന്നു. ഈ ഘട്ടത്തില്‍ 1.3 ബില്യണ്‍ ഡോളറിന്റെ ഡയമണ്ട്‌സ് ആണ് ഇന്ത്യ യു.എസിലേക്ക് കയറ്റുമതി ചെയ്തത്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 43 ശതമാനം ഉയര്‍ന്നപ്പോള്‍ ഡയമണ്ട്‌സില്‍ 4.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയില്‍ നിന്ന് യു.എസിലേക്കുള്ള കയറ്റുമതിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ നാലാം സ്ഥാനത്തെത്തി. ഇന്ത്യയില്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്‌സ് സ്‌കീം ആണ് സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ വഴിത്തിരിവായത്.

◾ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരുപയോഗം തടയാന്‍ ലക്ഷ്യമിട്ട് യൂറോപ്യന്‍ യൂണിയന്‍. ഐ.ടി രംഗത്തെ പ്രമുഖ ഇന്ത്യന്‍ കമ്പനികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയവയും ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ ആഗോള ഐ.ടി ഭീമന്മാരും ഉള്‍പ്പെടെ നൂറിലധികം ടെക് കമ്പനികള്‍ യൂറോപ്യന്‍ യൂണിയന്റെ എ.ഐ നിയമങ്ങള്‍ പാലിക്കുന്നതിനുളള ചട്ടക്കൂടില്‍ ഒപ്പുവെക്കുന്നതിന് തയാറെടുക്കുകയാണ്. 2027 ഓഗസ്റ്റില്‍ മേഖലയില്‍ എ.ഐ നിയമങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കുന്നതിനുളള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഐ.ടി മേഖലയിലെ പ്രധാന കമ്പനികളെല്ലാം ഈ ചട്ടക്കൂടില്‍ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. എ.ഐ പാക്ടില്‍ ഒപ്പുവെച്ച കമ്പനികളുടെ പട്ടികയില്‍ ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയും ആപ്പിളും ഇല്ല. അതേസമയം, ഉടമ്പടിയില്‍ ചാറ്റ് ജി.പി.ടി നിര്‍മ്മാതാക്കളായ ഓപ്പണ്‍എ.ഐ ഒപ്പുവെച്ചിട്ടുണ്ട്.

◾ മലയാളി താരം സ്വാസിക പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് ചിത്രം 'ലബ്ബര്‍ പന്ത്' (റബ്ബര്‍ പന്ത്) കോളിവുഡില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുന്നു. തമിഴരസന്‍ പച്ചമുത്തു രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രം സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ പെടുന്നു. സെപ്റ്റംബര്‍ 20 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്റെ കണക്ക് പ്രകാരം റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 75 ലക്ഷം (നെറ്റ് കളക്ഷന്‍) മാത്രമായിരുന്നു. എന്നാല്‍ ആദ്യ ദിനത്തിലെ പോസിറ്റീവ് അഭിപ്രായം രണ്ടാം ദിനത്തെ കളക്ഷന്‍ 1.5 കോടിയിലെത്തിച്ചു. മൂന്നാം ദിനം അത് 2 കോടിയായും വര്‍ധിച്ചു. 11 ദിവസം പിന്നിട്ട ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്ന നെറ്റ് കളക്ഷന്‍ 16.10 കോടിയാണ്. റിലീസിന് ശേഷമുള്ള രണ്ടാമത്തെ തിങ്കളാഴ്ചയായ ഇന്നലെയും ചിത്രം 1.15 കോടി നേടി. 5 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ ഹരീഷ് കല്യാണ്‍, ആട്ടക്കത്തി ദിനേശ്, സഞ്ജന കൃഷ്ണമൂര്‍ത്തി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

◾ തമിഴ് സൂപ്പര്‍താരം ദളപതി വിജയ്യുടെ 'ദി ഗ്രേറ്റസ്റ്റ് ഓഫ് ദി ഓള്‍ ടൈം' ഒടിടിയിലേക്ക്. നെറ്റ്ഫ്‌ളിക്‌സിലൂടെ ഒക്ടോബര്‍ മൂന്നു മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. തിയറ്ററില്‍ ഒരു മാസം തികയ്ക്കുന്നതിനു മുന്‍പാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. വിജയ് ഡബിള്‍ റോളില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് വെങ്കട് പ്രഭു ആയിരുന്നു. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രമായി എത്തിയ ചിത്രം സെപ്റ്റംബര്‍ അഞ്ചിനാണ് തിയറ്ററില്‍ റിലീസ് ചെയ്തത്. വന്‍ പ്രതീക്ഷയോടെ തിയറ്ററില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 449ല്‍ അധികം രൂപയാണ് ചിത്രം ആഗോള തലത്തില്‍ നിന്ന് കളക്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് പുതിയൊരു ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടി എത്തി. സെലിയോ അതിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ 'മിസ്റ്ററി' ലോഞ്ച് പ്രഖ്യാപിച്ചു. സിറ്റി റൈഡിംഗിന് മികച്ച ഓപ്ഷന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് സെലിയോ മിസ്റ്ററി എന്ന ഇലക്ട്രിക് ഇരുചക്ര വാഹനം. റെഡ്, ഗ്രേ, ബ്ലാക്ക്, സീ ഗ്രീന്‍ എന്നീ നാല് കളര്‍ ഓപ്ഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഈ സ്‌കൂട്ടറില്‍ 72വി/29എഎച്ച് ലിഥിയം-അയണ്‍ ബാറ്ററി പാക്കും ശക്തമായ 72വി മോട്ടോറും സജ്ജീകരിച്ചിരിക്കുന്നു, ഇത് ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ മികച്ച റേഞ്ചും മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയും നല്‍കുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ബില്‍ഡ് ക്വാളിറ്റി ശക്തമാണ്, അതുവഴി ആളുകളെയും ഭാരമുള്ള ചരക്കുകളും എളുപ്പത്തില്‍ കൊണ്ടുപോകാന്‍ കഴിയും.

◾ കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള ഒരഭയാര്‍ത്ഥി കുടുംബത്തിലെ അംഗമാണ് തപോമയിയുടെ അച്ഛന്‍ ഗോപാല്‍ ബറുവ. തപോമയിയെ കഥപറയുന്ന ആള്‍ / ആഖ്യാതാവ് പരിചയപ്പെടുന്നതോടുകൂടിയാണ് അവരുടെ ജീവിതകഥയിലേക്ക് ആഖ്യാതാവ് കടന്നുപോകുന്നത്. തങ്ങള്‍ക്കുകൂടി വേരുറപ്പിക്കാനുള്ള ഒരു വാഗ്ദത്തഭൂമി സ്വപ്നംകാണുന്ന കുറേ മനുഷ്യരിലേക്കും വിചിത്രമായ അവരുടെ അനുഭവങ്ങളിലേക്കും അതുവഴി ഒരു നിഗൂഢലിപിയിലേക്കും വായനക്കാരെ കൊണ്ടുചെന്നെത്തിക്കുകയാണ് എഴുത്തുകാരന്‍. 'തപോമയിയുടെ അച്ഛന്‍'. ഇ സന്തോഷ് കുമാര്‍. ഡിസി ബുക്സ്. വില 360 രൂപ.

◾ ക്രൂസിഫറസ് വിഭാഗത്തില്‍ പെട്ട  ബ്രോക്കോളിയുടെയും കോളിഫ്ളവറിന്റെയും പോഷകമൂല്യങ്ങളില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇവ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കോളിഫ്ളവറിലും ബ്രോക്കോളിയിലും ഏതാണ്ട് സമാനമായ അളവിലാണ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നത്. ഉയര്‍ന്ന അളവില്‍ നാരുകള്‍ ഉള്ളതിനാല്‍ ഇവ രണ്ടും ഡയറ്റില്‍ ചേര്‍ക്കുന്നത് ദഹനത്തെ സഹായിക്കും. ഇവ രണ്ടും അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കാന്‍സറിനെ ചെറുക്കാനും കൊളസ്ട്രോള്‍ അളവു കുറയ്ക്കുന്നതിനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇവ നല്ലതാണ്. എന്നാല്‍ 100 ഗ്രാം ബ്രോക്കോളിയില്‍ ഏകദേശം മൂന്ന് ഗ്രാം ഫൈബറും രണ്ട് ഗ്രാം പ്രോട്ടീനും ഉണ്ട്. കൂടാതെ, ബ്രോക്കോളി ആന്റിഓക്‌സിഡന്റുകളാലും വൈറ്റമിന്‍ എ, സി, ഇരുമ്പ് തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകളാലും സമ്പുഷ്ടമാണ്. ബ്രോക്കോളിയെക്കാള്‍ കോളിഫ്ളവറില്‍ കലോറി കുറവാണ്. 100 ഗ്രാമില്‍ ഏകദേശം 27 കലോറി മാത്രമേയുള്ളൂ. ഇതില്‍ ഉയര്‍ന്ന ജലാംശം അടങ്ങിയിട്ടുണ്ട്. ഫൈബറിന്റെയും പ്രോട്ടീനിന്റെയും കാര്യത്തില്‍ ബ്രോക്കോളിയാണ് മുന്നില്‍. കൂടാതെ കോളിഫ്ളവറില്‍ ഉള്ളതിനെക്കാള്‍ ബ്രോക്കോളിയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി, കെ, എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാകെ കോളിഫ്ളവറില്‍ കാണാത്ത വിറ്റാമിന്‍ എ ബ്രോക്കോളിയില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ബ്രോക്കോളിയില്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും കൂടുതലാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 83.81, പൗണ്ട് - 111.76. യൂറോ - 93.13, സ്വിസ് ഫ്രാങ്ക് - 98.92, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.89, ബഹറിന്‍ ദിനാര്‍ - 222.39, കുവൈത്ത് ദിനാര്‍ -274.37, ഒമാനി റിയാല്‍ - 217.77, സൗദി റിയാല്‍ - 22.34, യു.എ.ഇ ദിര്‍ഹം - 22.82, ഖത്തര്‍ റിയാല്‍ - 22.88, കനേഡിയന്‍ ഡോളര്‍ - 61.93.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right