20-09-2024
◾ തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍ സംബന്ധിച്ച അന്വേഷണത്തെ പറ്റി അറിവില്ലെന്ന് വിവരാവകാശരേഖ. തൃശ്ശൂര്‍ പൂരംകലക്കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ച് നാല് മാസത്തിന് ശേഷം എന്തായി എന്ന് വിവരാവകാശ നിയമം വഴി അന്വേഷിച്ച ചില മാധ്യമങ്ങള്‍ക്കാണ് ഇത്തരം ഒരു അന്വേഷണത്തെപ്പറ്റി ഒരു അറിവും ഇല്ലെന്ന മറുപടി പൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ചത്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയായെന്നാണ് എഡിജിപി അറിയിക്കുന്നത്. മുന്‍ കമ്മീഷണര്‍ അങ്കിത് അശോകിന്റെ മൊഴി കഴിഞ്ഞ ദിവസം വീണ്ടും രേഖപ്പെടുത്തിയെന്നും ചെന്നൈയില്‍ നിന്നും മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് എഡിജിപി അജിത് കുമാര്‍ പ്രതികരിച്ചത്.
◾ തൃശ്ശൂര്‍ പൂരംകലക്കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ച് നാല് മാസത്തിന് ശേഷവും അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. പൂരം കലക്കിയത് യാദൃശ്ചികമെന്ന് പറയാനാവില്ലെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പൂരം കലക്കിയതിനു പിന്നില്‍ ആരൊക്കെയെന്നറിയാന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വിവരാവകാശ അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തെക്കുറിച്ച് യാതൊരു തരത്തിലുള്ള മറുപടിയുമില്ലാതെ നീട്ടി കൊണ്ടുപോകാന്‍ ആണെങ്കില്‍ തനിക്കറിയുന്ന കാര്യങ്ങള്‍ ജനങ്ങളോട് തുറന്നു പറയുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ എന്താണ് ഇങ്ങനെ റിപ്പോര്‍ട്ട് വന്നതെന്നതില്‍ വ്യക്തതയില്ലെന്ന് റവന്യൂ മന്ത്രിയും സിപിഐ നേതാവുമായ കെ രാജന്‍ പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിച്ചതിന് ശേഷം മറുപടി നല്‍കാമെന്നും അദ്ദേഹം വിശദീകരിച്ചു.
◾ പൂരം കലക്കിയത് മുഖ്യമന്ത്രിയെന്ന് വിവരാവകാശരേഖ തെളിയിക്കുന്നുവെന്ന് കെ. മുരളീധരന്‍. സുരേഷ് ഗോപിയെ ജയിപ്പിക്കാനാണ് പൂരം കലക്കിയത്. പൂരം കലക്കിയ ആളെത്തന്നെ അന്വേഷണം ഏല്‍പ്പിച്ചെന്നും, എഡിജിപിയെ തൊട്ടാല്‍ മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുണ്ടെന്നും കെ. മുരളീധരന്‍ പറഞ്ഞു
◾ അന്തര്‍ദേശീയ ഗൂഡാലോചനയാണ് പൂരം കലക്കലിന് പിന്നിലെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചു. തൃശൂര്‍ പൂരം കലക്കല്‍ സിബിഐ അന്വേഷിക്കണം. ആനയുമായി ബന്ധപ്പെട്ട കര്‍ശന നിയമങ്ങള്‍ക്ക് പിന്നില്‍ ഗൂഢസംഘമുണ്ട്. പൂരം വെടിക്കെട്ടും എഴുന്നള്ളിപ്പും മുടക്കാന്‍ രാജ്യാന്തര ഗൂഢാലോചന നടന്നുവെന്നും വനം വകുപ്പിന്റെ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നും രാത്രി എഴുന്നള്ളിപ്പുകളില്‍ പൊലീസ് തടസമുണ്ടാക്കിയെന്നും ദേവസ്വം സെക്രട്ടറി വ്യക്തമാക്കി.
◾ തൃശൂര്‍ പൂരം വിവാദത്തെ പറ്റി അഭിപ്രായം പറയേണ്ടത് തൃശൂര്‍ ജില്ലാ കമ്മിറ്റിയാണെന്ന് സിപിഐ നിര്‍വാഹക സമിതി അംഗം പ്രകാശ് ബാബു. പൂരം അലങ്കോലമായതിനെപ്പറ്റി സിപിഐ സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്യുകയോ തീരുമാനം അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൂരം അലങ്കോലമായത് തിരഞ്ഞെടുപ്പിനെ ബാധിച്ചു എന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ സിപിഐ യുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. എഡിജിപി എംആര്‍ അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ന്യായീകരണം എന്തു കൊണ്ട് സിപിഐ ക്കു ബോധ്യപ്പെടുന്നില്ലെന്ന് സിപിഐയോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വന്നാലെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിഷയത്തില്‍ വ്യക്തത വരൂ എന്നും, തൃശൂര്‍പൂരവുമായി ബന്ധപ്പെട്ടും ഉചിതമായ തീരുമാനം ഗവണ്‍മെന്റ് എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചത് കര്‍ശന ഉപാധികളോടെ. അനുവാദമില്ലാതെ എറണാകുളം സെഷന്‍സ് കോടതി പരിധി വിട്ട് പോകരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ഒരു സിം മാത്രമേ ഉപയോഗിക്കാവൂവെന്നും ആ നമ്പര്‍ കോടതിയെ അറിയിക്കണമെന്നും സാക്ഷികളുമായോ മറ്റു പ്രതികളുമായോ സംസാരിക്കരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. ഏഴരവര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനി പുറത്തിറങ്ങുന്നത്. പ്രതിയുടെ സുരക്ഷ റൂറല്‍ പോലീസ് ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കൊച്ചിയിലെ വിചാരണക്കോടതിയാണ് പള്‍സര്‍ സുനിയുടെ ജാമ്യവ്യവസ്ഥകള്‍ നിശ്ചയിച്ചത്.
◾ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളിന്മേല്‍ എസ്ഐടി നടത്തുന്ന അന്വേഷണത്തിന് സമാന്തരമായി നിയമപരമല്ലാത്ത അന്വേഷണം നടക്കുന്നുവെന്ന ഗുരുതര ആരോപണവുമായി പി വി. അന്‍വര്‍ എം.എല്‍.എ. തനിക്ക് ലഭിച്ച തെളിവുകള്‍ എവിടെനിന്ന് കിട്ടിയെന്ന് കണ്ടെത്താനാണ് സമാന്തര അന്വേഷണം നടത്തുന്നതെന്നും പോലീസിന്റെ എല്ലാ ചട്ടങ്ങളും ലംഘിച്ച് അജിത് കുമാറാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും അന്‍വര്‍ ആരോപിച്ചു. സര്‍ക്കാരും മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും പോലീസ് ചട്ടങ്ങളും ഒന്നുംതന്നെ തനിക്ക് ബാധകമല്ലെന്ന് അജിത് കുമാര്‍ തെളിയിക്കുകയാണെന്നും ഈ ചട്ടലംഘനം മാത്രം മതി ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യാനെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയാണ് അജിത്തിനെതിരായ അന്വേഷണം വൈകിപ്പിക്കുന്നതിന് കാരണക്കാരന്‍ എന്ന ചര്‍ച്ച ഉണ്ടാക്കിയെടുക്കാന്‍ പി.ശശി കൂട്ടുനിന്നുവെന്നും പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും അന്‍വര്‍ ആരോപണമുന്നയിച്ചു.
◾ പ്രതിമാസ വൈദ്യുതി ബില്‍ ഉടന്‍ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇക്കാര്യം റെഗുലേറ്ററി കമ്മിഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ രീതി നടപ്പാക്കുന്നതെന്നും, ആദ്യഘട്ടത്തില്‍ വന്‍കിട ഉപഭോക്താക്കളിലായിരിക്കും പുതിയ രീതി നടപ്പാക്കുകയെന്നും വിജയിച്ചാല്‍ സമ്പൂര്‍ണമായും പ്രതിമാസ ബില്ലിങ്ങിലേക്ക് മാറുമെന്നും മന്ത്രി അറിയിച്ചു.
◾ എന്‍സിപി നേതാവ് എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റുമോ എന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി മുംബൈയില്‍ ചര്‍ച്ച തുടങ്ങി. മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാല്‍ പാര്‍ട്ടി പ്രസിഡന്റാക്കണമെന്നാണ് എകെ ശശീന്ദ്രന്റെ ആവശ്യം. എന്നാല്‍ മന്ത്രി മാറുന്നത് ഇടതുമുന്നണിയില്‍ ചര്‍ച്ചയ്ക്ക് വന്നിട്ടില്ലെന്ന് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പ്രതികരിച്ചു.
◾ തൃശൂര്‍ - ഇരിങ്ങാലക്കുട - കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകാര്യ ബസുകള്‍ ഇന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഉടമസ്ഥ-തൊഴിലാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടില്‍ റോഡ് കോണ്‍ക്രീറ്റ് പണി നടത്തുന്നതിന് ഏകപക്ഷീയമായി റോഡുകള്‍ അടച്ചുകെട്ടിയതു മൂലം സര്‍വീസ് നടത്താന്‍ പറ്റാത്ത സാഹചര്യമാണെന്നാണ് പരാതി.
◾ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടി ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ അധികൃതരുടെ നിര്‍ദേശം കിട്ടിയാലുടന്‍ തുടങ്ങും. ദിവസവും രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെയാകും ഡ്രെഡ്ജിംഗ്. മൂന്ന് ദിവസത്തെ കരാറാണ് ഇപ്പോഴുള്ളതെന്ന് ഡ്രെഡ്ജര്‍ കമ്പനിയുടെ എംഡി വ്യക്തമാക്കി.
◾ തൊഴില്‍ സമ്മര്‍ദ്ദം കാരണം ജോലി ഉപേക്ഷിക്കാനോ നാട്ടിലേക്ക് സ്ഥലംമാറ്റം വാങ്ങാനോ അന്നാ സെബാസ്റ്റ്യന്‍ ആലോചിച്ചിരുന്നതായി സുഹൃത്ത് ആന്‍മേരി. മരിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് വിളിച്ച് സംസാരിച്ചപ്പോഴും ജോലിയിലെ ബുദ്ധിമുട്ടുകളെ കുറിച്ചാണ് തന്നോട് പറഞ്ഞിരുന്നതെന്നും ആന്‍മേരി കൂട്ടിച്ചേര്‍ത്തു.
◾ തൊഴില്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മരിച്ച സംഭവത്തില്‍ ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ ഇമെയില്‍. കമ്പനിയിലെ ജീവനക്കാരി നസീറ കാസി കമ്പനി ചെയര്‍മാന് അയച്ച ഇമെയിലാണ് പുറത്തായത്. തൊഴില്‍ സമ്മര്‍ദ്ദം ഇവൈയില്‍ നിരന്തര സംഭവമാണെന്ന് ജീവനക്കാരിയുടെ ഇമെയിലിലുണ്ട്.
◾ കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയായ വീട്ടമ്മയെ കാര്‍കയറ്റി കൊന്ന സംഭവത്തില്‍, ഒന്നാംപ്രതി കരുനാഗപ്പള്ളി സ്വദേശി അജ്മല്‍, രണ്ടാംപ്രതി നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടി എന്നിവരെ പോലീസ് കസ്റ്റഡിയില്‍വിട്ടു. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഞായറാഴ്ച വരെ കസ്റ്റഡിയില്‍ തുടരുന്ന പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. ചോദ്യം ചെയ്തസമയത്ത് പ്രതികള്‍ ലഹരിക്ക് അടിമകളായിരുന്നു എന്നും ഇരുവരും എം.ഡി.എം.എയാണ് ഉപയോഗിച്ചതെന്നുമാണ് പോലീസ് വാദം.
◾ കൊല്ലത്തുനിന്നെത്തിയ വിനോദ സഞ്ചാരികളെ മൂന്നാര്‍ എക്കോ പോയിന്റില്‍ ഹൈഡല്‍ ടൂറിസം കരാര്‍ ജീവനക്കാര്‍ മര്‍ദിച്ചെന്ന് പരാതി. ബോട്ടിങ്ങിന് ടിക്കറ്റ് എടുത്തിട്ടും കൂടുതല്‍ പണം ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. ബോട്ടിങിനായി എക്കോ പോയന്റിലെത്തിയ കൊല്ലത്തു നിന്നുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന 17 അംഗ സംഘത്തെ കരാര്‍ ജീവനക്കാരനും ഗൈഡുകളും ചേര്‍ന്ന് അസഭ്യവര്‍ഷവുമായി പാഞ്ഞെടുത്തെന്നാണ് പരാതി.
◾ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ രണ്ടാം കവാടത്തിന് സമീപം മൃതദേഹം കണ്ടെത്തി. ഏകദേശം 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം പാര്‍ക്കിങ് ജീവനക്കാരാണ് ആദ്യം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.
◾ ആലപ്പുഴ തലവടിയില്‍ വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. തലവടി സ്വദേശി ശ്രീകണ്ഠന്‍ (75) ആണ് തൂങ്ങി മരിച്ചത്. വീട്ടിലുണ്ടായിരുന്ന ഭാര്യയ്ക്കും മകനും പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60 ശതമാനത്തോളം പൊള്ളലേറ്റ ഭാര്യ ഓമന ഗുരുതരാവസ്ഥയിലാണ്.
◾ ഒഡീഷയിലെ പ്രശസ്ത ഗായിക രുക്‌സാന ബാനു (27) മരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. രുക്‌സാനയ്ക്ക് ഭീഷണികളുണ്ടായിരുന്നുവെന്നും വിഷബാധയേറ്റാണ് മരണമെന്നുമുള്ള ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി.
◾ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ഒരാഴ്ച ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ചെന്നൈ നൂമ്പാല്‍ സ്വദേശിയായ 22കാരിയായ സ്വകാര്യ സ്‌കൂളിലെ അധ്യാപിക ശ്വേതയാണ് മരിച്ചത്. പ്രദേശത്തെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റില്‍ നിന്ന് ഷവര്‍മ കഴിച്ചതിന് പിന്നാലെയാണ് ശ്വേതയ്ക്ക് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
◾ സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു. സുപ്രീം കോടതി നടപടികള്‍ തത്സമയം സ്ട്രീം ചെയ്തിരുന്ന യൂട്യൂബ് ചാനലാണിത്. അക്കൗണ്ടിന്റെ പേര് മാറ്റി അമേരിക്കന്‍ കമ്പനിയായ റിപ്പിളിന്റെ പേരാണ് ഹാക്കര്‍മാര്‍ നല്‍കിയിരിക്കുന്നത്. സുപ്രീം കോടതി നടപടികള്‍ സംബന്ധിച്ച് മുമ്പ് അപ്ലോഡ് ചെയ്ത വീഡിയോകളൊന്നും യൂട്യൂബ് അക്കൗണ്ടില്‍ ഇപ്പോള്‍ കാണാനില്ല. പകരം യുഎസ് ആസ്ഥാനമായുള്ള റിപ്പിളിന്റെ ക്രിപ്റ്റോ കറന്‍സി പ്രൊമോഷന്‍ വീഡിയോകളാണ് സുപ്രീം കോടതിയുടെ യൂട്യൂബ് അക്കൗണ്ടില്‍ ഹാക്കര്‍മാര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
◾ ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ വോട്ടുകള്‍ പൂര്‍ണ്ണമായി കിട്ടിയിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും സ്ഥാനാര്‍ത്ഥിയുമായ ഗുലാം അഹമ്മദ് മിര്‍ പ്രതികരിച്ചു. ഒരു വിഭാഗം നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തിപരമായി ബോധ്യപ്പെട്ടുവെന്ന് ഗുലാം അഹമ്മദ് മിര്‍ പറയുന്നു.
◾ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പുതിയ പരസ്യത്തിന് രൂക്ഷവിമര്‍ശനം. സ്ത്രീശക്തി എന്താണ് എന്നതിനെ കുറിച്ചുള്ള വാക്യങ്ങളാണ് ഇന്‍ഡിഗോയ്ക്കെതിരെ വിമര്‍ശനം ഉയരാന്‍ കാരണം. വിമാനത്തിലെ വനിതാ ക്യാബിന്‍ ക്രൂ എങ്ങനെയാണ് പുരുഷാധിപത്യത്തില്‍ നിന്ന് രക്ഷപ്പെടുന്നത് എന്ന് കാണിക്കാനായിരുന്നു എയര്‍ലൈനിന്റെ പരസ്യം ലക്ഷ്യമിട്ടത്. എന്നാല്‍, ആ സന്ദേശവും എയര്‍ലൈനിന്റെ പ്രവര്‍ത്തനങ്ങളും തമ്മില്‍ കടുത്ത വൈരുദ്ധ്യമുണ്ട് എന്നാണ് വിമര്‍ശനം.
◾ ബെംഗളൂരുവില്‍ മുസ്ലീങ്ങള്‍ കൂടുതലായി താമസിക്കുന്ന ഗോരി പാല്യ എന്ന പ്രദേശത്തെ പാകിസ്താന്‍ എന്ന് വിശേഷിപ്പിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ നടപടിയില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് റിപ്പോര്‍ട്ട് തേടി. കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദ ആണ് വിവാദ പരാമര്‍ശം നടത്തിയത്. ജസ്റ്റിസ് നടത്തിയ പരാമര്‍ശങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്ത് റിപ്പോര്‍ട്ട് തേടിയത്.
◾ സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷം പ്രമാണിച്ച് രാജ്യത്തെ 17 നഗരങ്ങളില്‍ വ്യോമ സേനയുടെ എയര്‍ഷോ അരങ്ങേറും. 94-ാം ദേശീയ ദിനം ഈ മാസം 23 ന് ആഘോഷിക്കാന്‍ വിപുലവും വര്‍ണശബളവുമായ ഒരുക്കമാണ് ഇത്തവണയും സൗദി പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ വിവിധ പരിപാടികളും പ്രവര്‍ത്തനങ്ങളുമായി വ്യോമസേന രംഗത്തുണ്ടാവും.
◾ വായനക്കാരെ ഏറ്റവും സ്വാധീനിക്കുന്ന സാഹിത്യകൃതികള്‍ക്കുള്ള ഗോള്‍ഡന്‍ പെന്‍ അവാര്‍ഡിനായി അറബി ഭാഷ സംസാരിക്കുന്ന എഴുത്തുകാരില്‍നിന്ന് സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അപേക്ഷകള്‍ ക്ഷണിച്ചു. പുരസ്‌കാരം നേടുന്ന കൃതികള്‍ ജി.ഇ.എ സിനിമകളാക്കുമെന്ന് ചെയര്‍മാന്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ മുഹ്സിന്‍ അല്‍ ശൈഖ് അറിയിച്ചു.
◾ ലബനനിലെ പേജര്‍ സ്ഫോടനത്തില്‍ അന്വേഷണം നോര്‍വേ പൗരത്വമുള്ള മലയാളി റിന്‍സണ്‍ ജോണിന്റെ കമ്പനിയിലേക്ക്. സ്ഫോടനവുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുള്ളതായി തെളിവില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും പേജറുകള്‍ വാങ്ങാനുള്ള സാമ്പത്തിക ഇടപാടില്‍ ഇയാളുടെ കമ്പനി ഉള്‍പ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ തെക്കന്‍ ലെബനനില്‍ നൂറുകണക്കിന് റോക്കറ്റ് ലോഞ്ചര്‍ ബാരലുകള്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ആക്രമണം യുദ്ധപ്രഖ്യാപനമെന്ന് ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ല മുന്നറിയിപ്പു നല്‍കിയിരുന്നു. പ്രശ്നത്തിന് നയതന്ത്രപരമായ പരിഹാരം വേണമെന്ന് യു.എസ് വ്യക്തമാക്കി. ഇസ്രായേലും ഹിസ്ബുല്ലയും അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു.
◾ ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ബംഗ്ലാദേശിന് തകര്‍ച്ച. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബംഗ്ലാദേശ് 130 ന് 8 എന്ന നിലയിലാണ്. നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് 376 ന് അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 339-എന്ന നിലയില്‍ രണ്ടാം ദിനം കളി ആരംഭിച്ച ഇന്ത്യയ്ക്ക് 37 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ.
◾ ഓണക്കാലത്ത് പൊതുവിപണിയില്‍ സപ്ലൈകോയ്ക്ക് 123.46 കോടി രൂപയുടെ നേട്ടം. 14 ജില്ലകളിലെ മേളകളില്‍ 4.6 കോടി രൂപയാണ് വിറ്റുവരവ്. തിരുവനന്തപുരത്താണ് ഓണക്കാലത്ത് കൂടുതല്‍ വില്‍പ്പന നടന്നത്. 68.01 ലക്ഷം രൂപയാണ് ജില്ലയില്‍ നിന്നുള്ള വരുമാനം. ഇതില്‍ 39.12 ലക്ഷം രൂപ സബ്‌സിഡി ഇനങ്ങളുടെ വില്‍പ്പനയില്‍ നിന്നാണ്. 42,29 ലക്ഷം രൂപയുടെ വില്‍പ്പന നടന്ന തൃശൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കൊല്ലം ജില്ല (40.95 ലക്ഷം) മൂന്നാമതും കണ്ണൂര്‍ ജില്ല(39.17 ലക്ഷം) നാലാമതുമാണ്. സപ്ലൈകോയുടെ മൊത്തം വിറ്റുവരവില്‍ പകുതിയോളം സബ്‌സിഡി ഇനങ്ങളുടെ വില്‍പ്പനയില്‍ നിന്നാണ്. 66.83 കോടി രൂപയാണ് ഇതുവഴി ലഭിച്ചത്. സബ്‌സിഡി ഇല്ലാത്ത ഇനങ്ങളുടെ വില്‍പ്പനയിലൂടെ 56.73 കോടി രൂപയാണ് വരുമാനം. മദ്യവില്‍പ്പനയിലൂടെ 916.54 കോടി രൂപയാണ് ഓണക്കാലത്ത് സപ്ലൈകോയ്ക്ക് ലഭിച്ചത്.
◾ ഐഫോണ്‍ 16 വാങ്ങാനായി ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ വന്‍ ക്യൂ. ഇന്ത്യയില്‍ ഡല്‍ഹിയിലും മുംബൈയിലുമാണ് ആപ്പിളിന് സ്റ്റോറുകളുള്ളത്. രണ്ടിടത്തും ഫോണ്‍ വാങ്ങാനായി ആളുകളുടെ നീണ്ടനിരയാണ് ഉള്ളത്. ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണുകളായ ഐഫോണ്‍ 16 സീരിസ് ഇന്നാണ് വിപണിയിലേക്ക് എത്തുന്നത്. മുംബൈയിലെ ബി.കെ.സി സ്റ്റോറിലും ഡല്‍ഹിയില്‍ സാകേതിലുള്ള സ്റ്റോറിലുമാണ് ആളുകളുടെ വന്‍നിര രാവിലെ മുതല്‍ പ്രത്യക്ഷപ്പെട്ടത്. വില്‍പനക്ക് മുമ്പ് തന്നെ 37 മില്യണ്‍ ഐഫോണ്‍ മോഡലുകളാണ് പ്രീ-ഓര്‍ഡര്‍ ചെയ്തത്. 60ഓളം രാജ്യങ്ങളില്‍ ആപ്പിള്‍ അവരുടെ ഐഫോണുകള്‍ ഇന്ന് പുറത്തിറക്കി. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് തുടങ്ങിയ മോഡലുകളാണ് കമ്പനി പുറത്തിറക്കിയത്. 79,999 രൂപയിലാണ് ഐഫോണ്‍ 16 സീരിസിന്റെ വില തുടങ്ങുന്നത്. ഉയര്‍ന്ന മോഡലായ ഐഫോണ്‍ 16 പ്രോ മാക്സിന്റെ വില 1,44,900 രൂപയിലാണ് ആരംഭിക്കുന്നത്.
◾ സിരുത്തെ ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന സൂര്യയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'കങ്കുവ'യുടെ റിലീസ് തീയതി പുറത്ത്. നവംബര്‍ 14ന് ചിത്രം തിയേറ്ററുകളിലെത്തും. ടൈം ട്രാവലിലൂടെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ സിനിമാണ് കങ്കുവ. ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സിനിമയുടെ ബജറ്റ് 350 കോടിയാണ്. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹാരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
◾ വിഷ്ണു ഉണ്ണികൃഷ്ണന്‍, ദീപക് പറമ്പോല്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന 'പതിമൂന്നാം രാത്രി' എന്ന ചിത്രത്തിലെ പാട്ട് പുറത്തിറങ്ങി. രാജു ജോര്‍ജ് സംഗീതം ചെയ്ത് ഹരിചരണ്‍ പാടിയ 'പൊന്‍ വാനിലെ..'എന്ന് തുടങ്ങുന്ന പാട്ടാണ് പുറത്തിറങ്ങിയത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, മീനാക്ഷി, ദീപക് പറമ്പോല്‍, മാളവിക മേനോന്‍ എന്നീ പ്രണയ ജോഡികളാണ് പാട്ടിലെത്തുന്നത്. ഷൈന്‍ ടോം ചാക്കോ ആദ്യമായി പാടി ശ്രദ്ധേയമായ ഒരു പാട്ടും ചിത്രത്തിലുണ്ട്. നവാഗതനായ മനേഷ് ബാബു സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് 'പതിമൂന്നാം രാത്രി. വിജയ് ബാബു, സോഹന്‍ സീനു ലാല്‍, ഡെയ്ന്‍ ഡേവിസ്, രജിത് കുമാര്‍, അസിം ജമാല്‍, കോട്ടയം രമേശ്, സാജന്‍ പള്ളുരുത്തി, ഹരി പ്രശാന്ത്, ഡിസ്നി ജെയിംസ്, അര്‍ച്ചന കവി, മീനാക്ഷി രവീന്ദ്രന്‍,സ്മിനു സിജോ, സോനാ നായര്‍, ആര്യ ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
◾ ആദ്യത്തെ ഇലക്ട്രിക് കാര്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി മാരുതി സുസൂക്കി രാജ്യത്തുടനീളം 25,000 ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ആദ്യ ഇലക്ട്രിക് വാഹനത്തിന് ഇവിഎക്‌സ് എന്ന പേരാണ് കമ്പനി നല്‍കിയിരിക്കുന്നത്. 20 മുതല്‍ 25 ലക്ഷം വരെയാണ് മാരുതിയുടെ ഇലക്ട്രിക് വാഹനത്തിന് പ്രതീക്ഷിക്കുന്നത്. ആദ്യ മൂന്ന് മാസത്തില്‍ 3000 യൂണീറ്റ് നിരത്തുകളില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്ത 7 വര്‍ഷത്തിനുള്ളില്‍ 6 ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്. ബംഗളൂരില്‍ ഇതിനോടകം സര്‍വീസ് മെക്കാനിക്കുകളുടെ പരിശീലനം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. വാഹനം പുറത്തിറങ്ങുന്നതിന്റെ ഭാഗമായി 2,300 നഗരങ്ങളിലായി 5100 സര്‍വീസ് സെന്ററുകളും കമ്പനി ആരംഭിക്കും.
◾ വിഖ്യാത ഗായകനായ ജെ എം രാജുവിന്റെ സംഗീതയാത്രകള്‍. ഗായകസംഘത്തെയും കൊണ്ട് ലോകം ചുറ്റുമ്പോള്‍ ആ രാജ്യത്തിന്റെ സംസ്‌കാരത്തെയും ചരിത്രത്തെയും തൊട്ടറിയുകയാണ് രാജു. അമേരിക്ക, കാനഡ, ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്റ്, ബെല്‍ജിയം, ബ്രിട്ടണ്‍, സ്‌കോട്ട്‌ലാന്റ്, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലൂടെ ജെ എം രാജു നടത്തിയ സംഗീതയാത്രകളാണീ പുസ്തകത്തില്‍. ദേശാനുഭവങ്ങളും സംഗീതാനുഭവങ്ങളും ഇടകലരുന്ന അപൂര്‍വ്വ രചന. 'യാത്രയുടെ സംഗീതം പാശ്ചാത്യ രാജ്യങ്ങള്‍'. ചിന്ത പബ്ളിക്കേഷന്‍സ്. വില 351 രൂപ.
◾ ഭക്ഷണപ്പൊതികളില്‍ നിന്നോ അവ തയ്യാറാക്കുമ്പോള്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ നിന്നോ 3,600-ലധികം രാസവസ്തുക്കള്‍ മനുഷ്യശരീരത്തില്‍ എത്തുന്നതായി കണ്ടെത്തല്‍. അവയില്‍ ചിലത് ആരോഗ്യത്തിന് അപകടകരമാണ്. ഇവയില്‍ 100 ഓളം രാസവസ്തുക്കള്‍ മനുഷ്യന്റെ ആരോഗ്യത്തിന് വലിയ അപകടമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൂറിച്ച് ആസ്ഥാനമായുള്ള എന്‍ജിഒയായ ഫുഡ് പാക്കേജിംഗ് ഫോറം ഫൗണ്ടേഷനില്‍ നിന്നുള്ളതാണ് റിപ്പോര്‍ട്ട്. പാക്കേജിംഗില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ഭക്ഷണത്തോടൊപ്പം എങ്ങനെ ഉള്ളില്‍ കടക്കുന്നു എന്നത് സംബന്ധിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണ്. പ്ലാസ്റ്റിക്, പേപ്പര്‍, ഗ്ലാസ്, ലോഹം അല്ലെങ്കില്‍ മറ്റ് വസ്തുക്കള്‍ എന്നിവകൊണ്ട് നിര്‍മ്മിച്ച പാക്കേജിംഗില്‍ നിന്ന് ഭക്ഷണത്തിലേക്ക് മൈഗ്രേറ്റ് ചെയ്യാന്‍ കഴിവുള്ള ഏകദേശം 14,000 ഫുഡ് കോണ്‍ടാക്റ്റ് കെമിക്കല്‍സ് ഗവേഷകര്‍ മുമ്പ് പട്ടികപ്പെടുത്തിയിരുന്നു. കണ്‍വെയര്‍ ബെല്‍റ്റുകളില്‍ നിന്നോ അടുക്കള പാത്രങ്ങളില്‍ നിന്നോ ഭക്ഷത്തിലേയ്ക്ക് ഇത്തരം കെമിക്കലുകള്‍ വരാം. ആളുകള്‍ പാക്കേജിംഗുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന സമയം കുറയ്ക്കണമെന്നും വന്ന പാക്കേജിംഗില്‍ ഭക്ഷണം ചൂടാക്കുന്നത് ഒഴിവാക്കണമെന്നും ശുപാര്‍ശ ചെയ്യുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 83.53, പൗണ്ട് - 111.08, യൂറോ - 93.22, സ്വിസ് ഫ്രാങ്ക് - 98.56, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.89, ബഹറിന്‍ ദിനാര്‍ - 221.70, കുവൈത്ത് ദിനാര്‍ -273.84, ഒമാനി റിയാല്‍ - 217.00, സൗദി റിയാല്‍ - 22.26, യു.എ.ഇ ദിര്‍ഹം - 22.74, ഖത്തര്‍ റിയാല്‍ - 22.89, കനേഡിയന്‍ ഡോളര്‍ - 61.57.
➖➖➖➖➖➖➖➖
Tags:
KERALA