Trending

സായാഹ്ന വാർത്തകൾ

23-09-2024

◾ അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശ ഹൈക്കോടതിയില്‍. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാന്‍ ലോറന്‍സ് പറഞ്ഞിരുന്നില്ലെന്നുമാണ് ഹര്‍ജിയിലുള്ളത്. എന്നാല്‍ പിതാവിന്റെ ആഗ്രഹപ്രകാരമാണ് മെഡിക്കല്‍ കോളേജിന് മൃതദേഹം കൈമാറാന്‍ തീരുമാനിച്ചതെന്ന് മകന്‍ സജീവ് വ്യക്തമാക്കി. ബിജെപി ആര്‍.എസ്.എസിലെ ചിലര്‍ ആശയെക്കൊണ്ട് പറയിപ്പിക്കുന്നതാണ് ഈ വിവാദങ്ങളെല്ലാമെന്നും പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും ബഹുജന മധ്യത്തില്‍ അവഹേളിക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്നും സജീവ് പറയുന്നു. ഹര്‍ജി ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. ലോറന്‍സിന്റെ മൃതദേഹം ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

◾ തൃശ്ശൂര്‍ ലോക്സഭയിലെ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയായിരുന്ന കെ. മുരളീധരന്റെ തോല്‍വിക്ക് കാരണം വിവാദമായ പൂരം കലക്കല്‍ അല്ലെന്ന് കെ.പി.സി.സി. ഉപസമിതി റിപ്പോര്‍ട്ട്. പൂരം വിവാദത്തിന് പിന്നില്‍ സി.പി.എം-ബി.ജെ.പി. അന്തര്‍ധാരയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്്. കെ.സി. ജോസഫ്, ടി. സിദ്ദിഖ്, ആര്‍. ചന്ദ്രശേഖരന്‍ എന്നിവരടങ്ങിയ സമിതിയുടേതാണ് റിപ്പോര്‍ട്ട്

◾ ലോക്സഭ തെരഞ്ഞടുപ്പ് തോല്‍വി സംബന്ധിച്ച  കെപിസിസി ഉപസമിതി റിപോര്‍ട്ട് സ്വാഗതം ചെയ്ത് ബിജെപി. പൂരം കലക്കിയതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന് പറഞ്ഞ വി ഡി സതീശന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും സുരേഷ് ഗോപിയുടെ വിജയം റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ ഇടപെടല്‍ കൊണ്ടാണെന്നും വീഡി സതീശന്‍ പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ബിജെപി വ്യക്തമാക്കി.

◾ എഡിജിപി എം ആര്‍ അജിത് കുമാര്‍ നല്‍കിയത് തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനം. കലങ്ങാതെ കലങ്ങുന്ന നീര്‍ച്ചുഴി പോലെയാണ് പൂരം എന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തം എന്നും ലേഖനത്തില്‍ പരിഹസിക്കുന്നു. പൂരം കലക്കല്‍ വേളയില്‍ ഭക്തജനങ്ങളെ അജിത്കുമാര്‍ അഭിസംബോധന ചെയ്യുന്ന ഒരു ചിത്രം പുറത്തുവന്നിട്ടുണ്ടെന്നും, പൂരം പരിപാടികള്‍ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാണെന്നും ലേഖനത്തിലുണ്ട്. നാണംകെട്ട റിപ്പോര്‍ട്ട് തയ്യാറാക്കി അജിത് കുമാര്‍ സ്വയം കുറ്റവിമുക്തനായിയെന്നും ജനയുഗം ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

◾ പൂരം കലക്കി സുരേഷ് ഗോപിയെ ദില്ലിക്ക് അയച്ച പോലെ പൊങ്കാല കലക്കി തിരുവനന്തപുരം നഗരസഭ ബിജെപിക്ക് കൊടുക്കുമോ എന്നാണ് ഇനി അറിയേണ്ടതെന്ന് കെ. മുരളീധരന്‍. പിണറായിക്ക് ഇനിയൊന്നും നോക്കാനില്ലെന്നും. യോഗി ആദിത്യനാഥിനേക്കാള്‍ ഇപ്പോള്‍ ആര്‍എസിഎസിന് വിശ്വാസം പിണറായിയെ ആണെന്നും പൂരം കലക്കിയ ആളെയാണ് റിപ്പോര്‍ട്ട് ഉണ്ടാക്കാന്‍ ഏല്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

◾ പിവി അന്‍വര്‍ പാര്‍ട്ടിയെ തളര്‍ത്താന്‍ ശ്രമിച്ചെന്ന വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പികെ ശ്രീമതി. പാര്‍ട്ടിയെ കൊത്തി വലിക്കാന്‍ ശത്രുക്കള്‍ക്ക് ഇട്ടുകൊടുക്കരുതെന്നും അനുഭാവി ആയാലും ആരായാലും ഇത് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പാര്‍ട്ടിയാണെന്നും പാര്‍ട്ടിയെ തളര്‍ത്തുന്ന ഇത്തരം നടപടികള്‍ ആരുടെയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും പികെ ശ്രീമതി പറഞ്ഞു.

◾ മുഖ്യമന്ത്രിക്കൊപ്പമുള്ള ഫേസ്ബുക്കിലെ കവര്‍ചിത്രം മാറ്റി എംഎല്‍എ പി വി അന്‍വര്‍. പകരം പ്രവര്‍ത്തകര്‍ക്കൊപ്പം ഉള്ള ഫോട്ടോയാണ് ഇപ്പോള്‍ കവര്‍ ചിത്രമാക്കിയിട്ടുള്ളത്. സമൂഹ മാധ്യമങ്ങളില്‍ അന്‍വറിന് സൈബര്‍ സഖാക്കള്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. മുഖ്യമന്ത്രിക്ക് പിന്നാലെ പാര്‍ട്ടിയും പരസ്യമായി തള്ളിപ്പറഞ്ഞതോടെ പരസ്യ പ്രസ്താവനകള്‍ താത്കാലികമായി നിര്‍ത്തുന്നുവെന്നും, പാര്‍ട്ടിയാണ് എല്ലാറ്റിനും മുകളിലെന്നും അന്‍വര്‍ ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

◾ ഗൂഢാലോചന കേസുകള്‍ സി.പി.എമ്മിന് പുത്തരിയല്ലെന്ന് സി.പി.എം. നേതാവ് പി. ജയരാജന്‍. ഇത് കാണിച്ച് ഭയപ്പെടുത്താമെന്ന ധാരണ വേണ്ടെന്നും ഇത്തരം പ്രവണതകളെ ജനങ്ങളെ  അണിനിരത്തി ചെറുത്തുതോല്‍പ്പിക്കുമെന്നും ജയരാജന്‍ പറഞ്ഞു. മാധ്യമങ്ങളെ ഉപയോഗിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ച് പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

◾ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിനിടെ ലോറിയുടെ ബമ്പര്‍ കിട്ടിയതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് അര്‍ജുന്റെ ലോറിയുടെ ബമ്പര്‍ തന്നെയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. നേരത്തെ, പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തിയിരുന്നു. നാവിക സേന സംഘം മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് കയര്‍ കിട്ടിയത്.

◾ മലപ്പുറത്ത് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളെ, പൊലീസിനെതിരെ മൊഴി നല്‍കാനായി സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സൂചന. പൊലീസ് സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടികൂടിയ കാരിയര്‍മാരായ പ്രതികളെയാണ് സ്വര്‍ണ്ണക്കടത്ത് സംഘം പൊലീസിനെതിരെ മൊഴി നല്‍കാന്‍ സമീപിക്കുന്നത്. സ്വര്‍ണ്ണ ക്യാരിയര്‍മാര്‍ക്ക് പണവും വാഗ്ദാനം  നടത്തിയെന്നും രണ്ട് ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തെന്നുമാണ് വിവരം. ഡിജിപി നടത്തുന്ന അന്വേഷണത്തില്‍ പൊലീസുകാര്‍ക്കെതിരെ മൊഴി നല്‍കാനാണ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്.

◾ നിപ നിയന്ത്രണ വിധേയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇതുവരെയുള്ള പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്. നിപ്പ വൈറസ് വ്യാപനം മെയ് മുതല്‍ സെപ്റ്റംബര്‍ വരെയാണെന്നും. ഈ സമയത്ത് ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം എംപോക്സ് സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും രണ്ടാമത് ഒരാള്‍ക്ക് ഇല്ല എന്നത് ഉറപ്പുവരുത്തിയാണ് പോകുന്നതെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

https://dailynewslive.in/

◾ ഉരുള്‍ പൊട്ടല്‍ ദുരന്തമുണ്ടായ കോഴിക്കോട് വിലങ്ങാട് മലയങ്ങാട് മലയിലെ കമ്പിളിപ്പാറ കരിങ്കല്‍ ക്വാറിയില്‍ വീണ്ടും ഖനനം തുടങ്ങാന്‍ നീക്കമെന്ന് പരാതി. ഉരുള്‍ പൊട്ടി ക്വാറിയിലടിഞ്ഞ കല്ലും മണ്ണും, മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് നീക്കം ചെയ്തു തുടങ്ങി. ക്വാറിയിലെ റോഡുകള്‍ പുനര്‍നിര്‍മിച്ച് വാഹനങ്ങളുള്‍പ്പെടെ എത്തിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

◾ പുതുപ്പള്ളി പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളിന് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പേര് നല്‍കാനുള്ള എല്‍ഡിഎഫ് ഭരണസമിതി തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്. നടപടിയില്‍ ഇന്ന് രാവിലെ മുതല്‍ പുതുപ്പള്ളി കവലയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി ഹാളിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിടണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

◾ വിദ്യാര്‍ഥി ജീവനൊടുക്കിയത് അധ്യാപകരുടെ പീഡനം മൂലമാണെന്നാരോപിച്ച് കോട്ടയം എസ്.എം.ഇ കോളേജില്‍ പ്രതിഷേധം. വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് പ്രതിഷേധിക്കുന്നത്. ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരേ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. രണ്ടാഴ്ച മുമ്പാണ് ഒന്നാം വര്‍ഷ എം.എല്‍.ടി വിദ്യാര്‍ഥി അജാസ് ഖാന്‍ പുഴയില്‍ ചാടി ജീവനൊടുക്കിയത്.

◾ വേണാട് എക്സ്പ്രസില്‍ ദുരിതയാത്ര. കാലുകുത്താന്‍ പോലും ഇടമില്ലാതെ തിങ്ങി നിറഞ്ഞ ട്രെയിനില്‍ യാത്രക്കാര്‍ കുഴഞ്ഞുവീണു. കോച്ചിലെ  ദൃശ്യങ്ങളും പുറത്തുവന്നു. സമയക്രമം മാറ്റിയത് വലിയ തിരിച്ചടിയായെന്ന് യാത്രക്കാര്‍ ആരോപിച്ചു. വേണാട് എക്സ്പ്രസിലെ ദുരിതയാത്രയില്‍ യാത്രക്കാര്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി.

◾ പട്ടിമറ്റം ബിവറേജ് ഔട്ട്ലെറ്റില്‍ മദ്യലഹരിയില്‍ പൊലീസുകാരന്റെ അതിക്രമം. പണം നല്‍കാതെ മദ്യക്കുപ്പിയുമായി കടന്ന് കളയാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു അതിക്രമം. പൊലീസ് ഡ്രൈവര്‍ ഗോപിയെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. മാനേജരായ യുവതിയെ കയറി പിടിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തതിനാണ് പൊലീസുകാരനെതിരെ കേസെടുത്തിരിക്കുന്നത്.

◾ ഇടുക്കിയിലെ സത്രം എയര്‍ സ്ട്രിപ്പില്‍ വിമാനം ഇറക്കി രണ്ടു വര്‍ഷമായിട്ടും പ്രവര്‍ത്തനം തുടങ്ങിയില്ല. പ്രതിവര്‍ഷം 1000 എന്‍സിസി കേഡറ്റുകള്‍ക്ക് വിമാനം പറത്താന്‍ പഠിക്കാനുള്ള അവസരമാണ് ഇതോടെ നിഷേധിക്കപ്പെട്ടിരിക്കുന്നത്. പണികള്‍ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് വനംവകുപ്പ് തടസവുമായി രംഗത്തെത്തിയത്. 2022 ഡിസംബറില്‍ പരീക്ഷണ ലാന്‍ഡിംഗും നടത്തിയിരുന്നു.

◾ തൊടുപുഴ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച ജീവനക്കാരനും കൂട്ടാളിയും അറസ്റ്റില്‍. ബാങ്കിലെ പ്യൂണ്‍ ദേവജിത്ത്, കൂട്ടാളി സേവി എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം മോഷ്ടിച്ച ചെക്ക് ഉപയോഗിച്ച് രണ്ടുലക്ഷം രൂപ പിന്‍വലിക്കാന്‍ പ്രതികള്‍  ശ്രമം നടത്തിയിരുന്നു. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട ബാങ്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാങ്കിന് പണം നഷ്ടമായിട്ടില്ലെന്നും ദേവജിത്തിനെ സസ്പെന്‍ഡ് ചെയ്തെന്നും ബാങ്ക് ഭരണസമിതി പ്രസിഡണ്ട് അറിയിച്ചു.

◾ ജനവാസമേഖലയില്‍ വീണ്ടും ഭീതി പരത്തി ചക്കക്കൊമ്പന്‍. ഇടുക്കി പന്നിയാര്‍ കോരമ്പാറ എസ്റ്റേറ്റ് ലയത്തിനു സമീപത്താണ് പുലര്‍ച്ചെ കാട്ടാനയിറങ്ങിയത്. ലയത്തിന് സമീപത്തെ പ്ലാവില്‍ നിന്ന് ആന ചക്ക പറിച്ചു തിന്നു. ആര്‍.ആര്‍.ടി. സംഘമെത്തി ആനയെ തുരത്തി പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.

◾ കൊല്ലം കടയ്ക്കലില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് അപകടം. നിര്‍മ്മാണ തൊഴിലാളിയായ കോട്ടപ്പുറം സ്വദേശി രാജന്‍ ആണ് സ്ലാബിന് അടിയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് എത്തി തൊഴിലാളിയെ പുറത്തെടുത്തതിനാല്‍ വലിയ അപകടമൊഴിവായി.

◾ ഇടക്കൊച്ചി പഷ്ണിത്തോട് പാലത്തിന് മുകളില്‍ സ്വകാര്യ ബസിനടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികനായ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. ആലപ്പുഴ കോടംതുരുത്ത് കോയിമ്മപ്പറമ്പില്‍ നീരജ് കെ എസ് ആണ് മരിച്ചത്. ഇടക്കൊച്ചി അക്വിനാസ് കോളേജ് ബി എ എക്കണോമിക്സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു നീരജ്.

◾ കോഴിക്കോട് ഉള്ളിയേരിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. ഉള്ള്യേരി 19 ലെ അയ്യപ്പന്‍ കണ്ടി ആദര്‍ശാണ് മരിച്ചത്. 25 വയസ്സായിരുന്നു.  വീട്ടിലേക്ക് പോകുന്നതിനിടെ ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

◾ ചെന്നൈയില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല. കുപ്രസിദ്ധ ഗുണ്ടാനേതാവ് സീസിംഗ് രാജയെ പൊലീസ് വെടിവച്ച് കൊന്നു. ആന്ധ്രയില്‍ നിന്ന് അറസ്റ്റുചെയ്ത് കൊണ്ടുവരും വഴിയാണ് കൊലപാതകം. 33 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രാജയെ ഇന്നലെ ആന്ധ്രയില്‍ വച്ച് അറസ്റ്റുചെയ്തെങ്കിലും പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. രാജയുടെ ജീവന്‍ അപടകത്തിലെന്ന ഭാര്യയുടെ വീഡിയോ തമിഴ് ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നതിനിടെയാണ് പൊലീസ് തന്നെ ശിക്ഷ നടപ്പാക്കിയ വിവരം പുറത്തുവരുന്നത്.

◾ രാജ്യത്ത് ഈ വര്‍ഷം 60 പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളുടെ എണ്ണം 2024-25ല്‍ 766 ആയി ഉയര്‍ന്നു. 2023-24 വര്‍ഷത്തില്‍ 706 മെഡിക്കല്‍ കോളജുകള്‍ ആണ് ഉണ്ടായിരുന്നത്.

◾ കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്ന് സുപ്രീം കോടതി.  ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാനമായ ഈ വിധി പ്രസ്താവം. കുട്ടികളുടെ അശ്ലീല വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമ പ്രകാരവും ഐടി ആക്ട് പ്രകാരവും കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. അതോടൊപ്പം ചൈല്‍ഡ് പോണോഗ്രഫി എന്ന പദത്തിന് പകരം ചൈല്‍ഡ് സെക്ഷ്വല്‍ ആന്‍ഡ് എക്‌സ്പ്‌ളോയ്റ്റേറ്റീവ് ആന്‍ഡ് അബ്യൂസ് മെറ്റീരിയല്‍ എന്ന പ്രയോഗം കൊണ്ട് വരാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

◾ ദില്ലി എട്ടാം മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ചുമതലയേറ്റു. ചുമതലയേറ്റ അതിഷി മുഖ്യമന്ത്രിയുടെ കസേര ഒഴിച്ചിട്ട് തൊട്ടടുത്തുള്ള മറ്റൊരു കസേരയിലാണ് ഇരുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കെജ്രിവാള്‍ തിരിച്ചെത്താനായി കസേര ഒഴിച്ചിടുന്നുവെന്ന് ആതിഷി പ്രതികരിച്ചു.

◾ ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി ബന്ധം നിഷേധിച്ച് ജമാഅത്തെ ഇസ്ലാമി. പിഡിപിയുടെയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും പ്രചാരണം മാത്രമെന്ന് മുന്‍ നേതാവ് ഡോ. തലത് മജീദ്  പറഞ്ഞു. വ്യക്തിയോ പ്രസ്ഥാനമോ ശക്തമായാല്‍ അവരെ ബിജെപി ഏജന്റായി ചിത്രീകരിക്കുകയാണെന്നും ജമ്മു കശ്മീരില്‍ ബിജെപി അധികാരത്തില്‍ വരില്ലെന്നും അദ്ദേഹം പറഞ്ഞു.

◾ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.  ശ്രീലങ്ക ഇന്ത്യയുടെ വിദേശ നയത്തില്‍ സുപ്രധാന സ്ഥാനമുള്ള രാജ്യമാണെന്നും സഹകരണം ശക്തമായി കൊണ്ടു പോകാന്‍ ദിസനായകയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മോദി വ്യക്തമാക്കി.

◾ ഇന്ന് സൗദി അറേബ്യയുടെ 94-ാം ദേശീയദിനം. ഛിന്നഭിന്നമായി കിടന്ന വിവിധ നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ച് രാഷ്ട്ര സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവ് ആധുനിക സൗദി അറേബ്യയെ കെട്ടിപ്പടുത്തിയതിന്റെ വാര്‍ഷികദിനമാണ് ഇന്ന്  ആഘോഷിക്കുന്നത്. ഈ മാസം 18ന് ആരംഭിച്ച ആഘോഷം ഒക്ടോബര്‍ രണ്ട് വരെ തുടരും.

◾ പശ്ചിമേഷ്യ യുദ്ധഭീതിയില്‍ തുടരുന്ന സാഹചര്യത്തില്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാസയിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രി തന്റെ ഉത്കണ്ഠ രേഖപ്പെടുത്തി. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പലസ്തീനിയന്‍ ജനതയുമായുള്ള ദീര്‍ഘകാല സൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ പങ്കുവെച്ചുവെന്നും മോദി എക്സില്‍ കുറിച്ചു.

◾ സംസ്ഥാനത്ത് ഇന്നും പുതിയ റെക്കോഡ് തൊട്ട് സ്വര്‍ണം. കഴിഞ്ഞ ദിവസം പുതിയ ഉയരം കുറിച്ച സ്വര്‍ണവില ഇന്നും ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച് 55,840 രൂപയായാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 6980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. പടിപടി ഉയര്‍ന്ന സ്വര്‍ണവില സെപ്റ്റംബര്‍ 16നാണ് വീണ്ടും 55,000 കടന്നത്. എന്നാല്‍ പിന്നീടുള്ള മൂന്ന് ദിവസം ഇടിഞ്ഞതോടെ സ്വര്‍ണവില വീണ്ടും 55,000ല്‍ താഴെയെത്തി. എന്നാല്‍ കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 55,000ന് മുകളില്‍ എത്തിയതോടെയാണ് റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന സൂചന നല്‍കിയത്.

◾ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള മടക്കാവുന്ന റേസര്‍ 50 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. സ്പ്രിറ്റ്‌സ് ഓറഞ്ച്, സാന്‍ഡ് ബീച്ച് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ വരുന്നത്. ലോഞ്ച് ഓഫറുകളോടെ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തും. 'മോട്ടോ എഐ' എന്നറിയപ്പെടുന്ന മോട്ടോറോളയുടെ എഐ അധിഷ്ഠിത ഫീച്ചറുകള്‍ ഇതില്‍ ലഭ്യമാകും. മോട്ടോറോള റേസര്‍ 50 ന്റെ വില 64,999 രൂപയാണ്. പ്രമുഖ ബാങ്കുകളില്‍ നിന്ന് 10,000 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ, പരിമിതമായ കാലയളവില്‍ ഉത്സവകാല ഡിസ്‌കൗണ്ട് ആയി റേസര്‍ 50നും റേസര്‍ 50 അള്‍ട്രായ്ക്കും 5,000 രൂപയുടെ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇഎംഐ ഓഫറാണ് മറ്റൊരു പ്രത്യേകത. എല്ലാ ഓഫറുകളും പ്രയോജനപ്പെടുത്തിയാല്‍ 49,999 രൂപയ്ക്ക് ഫോണ്‍ ലഭ്യമാകും.

◾ നടന്‍ ആമിര്‍ഖാന്‍ നിര്‍മ്മിച്ച് ആമിര്‍ ഖാന്റെ മുന്‍ഭാര്യ കൂടിയായ കിരണ്‍ റാവു സംവിധാനം ചെയ്ത 'ലാപതാ ലേഡീസ്' ഓസ്‌കറില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയാവും. അസമീസ് സംവിധായകന്‍ ജാനു ബറുവയുടെ നേതൃത്വത്തിലുള്ള 13 അംഗ സെലക്ട് കമ്മിറ്റി ചിത്രം തെരഞ്ഞെടുക്കാന്‍ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നുവെന്ന് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. ബോളിവുഡ് ഹിറ്റ് ചിത്രമായ 'അനിമല്‍', ദേശീയ അവാര്‍ഡ് നേടിയ മലയാള ചിത്രം 'ആട്ടം', ഉള്ളൊഴുക്ക്, കാനില്‍ അവാര്‍ഡ് കിട്ടിയ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്നിവയുള്‍പ്പെടെ 29 ചിത്രങ്ങളുടെ പട്ടികയില്‍ നിന്നാണ് ഇത് തെരഞ്ഞെടുത്തത്. പുരുഷാധിപത്യത്തെക്കുറിച്ചുള്ള ലഘുവായ ആക്ഷേപഹാസ്യമാണ് ലാപതാ ലേഡീസ്. അക്കാദമി അവാര്‍ഡിലെ മികച്ച അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തില്‍ മത്സരിക്കാനാണ് ചിത്രം തെരഞ്ഞെടുത്തത്. തമിഴ് ചിത്രം മഹാരാജ, കല്‍ക്കി 2898 എഡി, ഹനു-മാന്‍ എന്നി തെലുങ്ക് ചിത്രങ്ങളും സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍, ആര്‍ട്ടിക്കിള്‍ 370 എന്നി ഹിന്ദി ചിത്രങ്ങളും പട്ടികയിലുണ്ടായിരുന്നു.

◾ ജൂനിയര്‍ എന്‍ടിആര്‍ ചിത്രം 'ദേവര'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സെപ്റ്റംബര്‍ 27-നാണ് തിയറ്ററിലെത്തുന്നത്. വലിയ ബജറ്റില്‍ രണ്ടു ഭാഗങ്ങളിലായാണ് ചിത്രം എത്തുന്നത്. ദേവരയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖറിന്റെ വിതരണ കമ്പനിയായ വേഫറര്‍ ഫിലിംസ് ആണ്. കൊരട്ടല ശിവയും എന്‍ടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. സംഗീത സംവിധാനം: അനിരുദ്ധ്.

◾ മാരുതി സുസുക്കി ഇന്ത്യ ഈ മാസം ആദ്യമായി അതിന്റെ ഏറ്റവും വിലകൂടിയതും ആഡംബരവുമായ 7 സീറ്റര്‍ എംപിവി ഇന്‍വിക്ടോയ്ക്ക് കിഴിവ് നല്‍കുന്നു. 30,000 രൂപ വരെ ക്യാഷ് കിഴിവും കൂടാതെ 25,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും കമ്പനി നല്‍കുന്നുണ്ട്. എന്നാല്‍ പഴയ എര്‍ട്ടിഗ, എക്സ്എല്‍6 അല്ലെങ്കില്‍ ടൂര്‍ എം എന്നിവയില്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് എക്‌സ്‌ചേഞ്ച് ആനുകൂല്യം ലഭിക്കൂ. ഒക്ടോബര്‍ 12 വരെ അതായത് ദസറ വരെ ഈ കിഴിവിന്റെ പ്രയോജനം ലഭിക്കും. 25.21 ലക്ഷം മുതല്‍ 28.92 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില. മാരുതി ഇന്‍വിക്ടോയ്ക്ക് ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് സിസ്റ്റമുള്ള 2.0 ലിറ്റര്‍ ടിഎന്‍ജിഎ എഞ്ചിന്‍ ലഭിക്കും. ഇസിവിടി ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. 183 എച്ച്പി പവറും 1250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. കാറിന് 9.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. ഒരു ലിറ്റര്‍ പെട്രോളില്‍ അതിന്റെ മൈലേജ് 23.24 കിലോമീറ്റര്‍ വരെയാണ്.

◾ ഗോപിയുടെ ജീവിതത്തിലേക്ക് വരുന്ന സുന്ദരിയായ നോവ എന്ന നായയും അവര്‍ തമ്മിലുള്ള സ്നേഹവും അവരിലൂടെ ഒരു പുതിയ കുടുംബം ഉണ്ടാവുന്നതിനെക്കുറിച്ചുമാണ് ഗോപി ഡയറീസ് : വളരാന്‍ തുടങ്ങുന്നു എന്ന ഈ കഥയില്‍ പറയുന്നത്. സമര്‍ത്ഥനായ ഒരു നായയായി ഗോപി മാറുന്നതും അവന്‍ തന്റെ കുഞ്ഞുങ്ങളെ ഒരച്ഛന്റെ കരുതലോടെ പരിപാലിക്കുന്നതും അറിവ് പകര്‍ന്നുകൊടുക്കുന്നതുമെല്ലാം ഈ കഥയിലൂടെ കാണാം. 'ഗോപി ഡയറീസ് - വളരാന്‍ തുടങ്ങുന്നു'. സുധാമൂര്‍ത്തി. ഡിസി ബുക്സ്. വില 237 രൂപ.

◾ ശരീരത്തിന്റെ താളമായ സര്‍ക്കാഡിയന്‍ റിഥം ക്രമത്തിലാകാന്‍ സഹായിക്കുന്നത് ഉറക്കമാണ്. ശരീരത്തിന്റെ റീചാര്‍ജിങ് സമയം എന്നു വേണമെങ്കിലും ഉറക്കത്തെ വിശേഷിപ്പിക്കാം. തലച്ചോര്‍ വിശ്രമത്തിലും ശരീര കോശങ്ങളുടെ തകരാറുകള്‍ പരിഹരിക്കുന്നതും ഈ സമയത്താണ്. മതിയായ ഉറക്കം ശാരീരികമായും മാനസികമായും മെച്ചപ്പെടുത്തും. ഇത് നമ്മളെ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലരാക്കാനും പ്രോഡക്ടിവിറ്റി കൂട്ടാനും സഹായിക്കും. ജോലിയെ തുടര്‍ന്ന് ടൈം സോണ്‍ മാറുന്നത് നമ്മുടെ ഉറക്കത്തെ ബാധിക്കും അതിലൂടെ സര്‍ക്കാഡിയന്‍ റിഥം താളം തെറ്റും. ഇത് വിട്ടുമാറാത്ത പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളെ മണിയടിച്ചു വിളിച്ചു വരുത്തുന്ന പോലെയാണ്. ഉറക്കത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രകൃതിദത്ത ഹോര്‍മോണ്‍ ആണ് മെലറ്റോണിന്‍. യുവതലമുറയുടെ സമീപകാലത്തെ ജീവിത ശൈലി മെലറ്റോണിന്‍ ഉല്‍പ്പാദനം വളരെ അധികം കുറയ്ക്കാന്‍ കാരണമായിട്ടുണ്ട്. ഇന്നത്തെ കുട്ടികള്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് സ്മാര്‍ട്ട് ഫോണ്‍, ലാപ് തുടങ്ങിയ ഡിജിറ്റില്‍ ഉപകരണങ്ങളിലാണ്. ഈ സ്‌ക്രീനില്‍ നിന്ന് വരുന്ന ബ്ലൂ ലൈറ്റ് ശരീരത്തില്‍ മെലറ്റോണ്‍ ഉല്‍പാദനത്തെ കുറയ്ക്കും. കൂടാതെ പല സമയം ഉറങ്ങാന്‍ കിടക്കുന്നതും ഉറങ്ങുന്നതിന് തൊട്ടു മുന്‍പ് ഭക്ഷണം കഴിക്കുന്ന ശീലവും മെലറ്റോണ്‍ ഉല്‍പ്പാദനം തടസപ്പെടുത്തും. ശരീരത്തില്‍ മഗ്നീഷ്യം കുറവുണ്ടെങ്കിലും മെലറ്റോണിന്‍ ഉല്‍പാദനത്തെ ബാധിക്കുകയും ഉറക്കചക്രം തടസ്സപ്പെടുത്തുകയും ചെയ്യും. മെലറ്റോണിന്‍ ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു ഹോര്‍മോണ്‍ മാത്രമല്ല, ശരീരത്തിന് നിരവധി ഗുണം ചെയ്യുന്ന ഒരു ആന്റിഓക്‌സിഡന്റ് കൂടിയാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 83.55, പൗണ്ട് - 110.71, യൂറോ - 92.60, സ്വിസ് ഫ്രാങ്ക് - 98.16, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.84, ബഹറിന്‍ ദിനാര്‍ - 221.73, കുവൈത്ത് ദിനാര്‍ -273.84, ഒമാനി റിയാല്‍ - 217.02, സൗദി റിയാല്‍ - 22.26, യു.എ.ഇ ദിര്‍ഹം - 22.75, ഖത്തര്‍ റിയാല്‍ - 22.91, കനേഡിയന്‍ ഡോളര്‍ - 61.53.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right