താമരശ്ശേരി:താമരശ്ശേരിയില്‍ വാഴക്കുല മോഷണം പതിവാകുന്നു.സിസിടിവി ക്യാമറയില്‍ കള്ളൻ കുടുങ്ങിയെങ്കിലും ഇതുവരെ ആളാരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.കർഷകർ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നട്ടുനനച്ച വാഴ കുലച്ച് മൂപ്പെത്തിയാല്‍, കർഷകന് തിന്നാൻ യോഗമില്ലാത്ത അവസ്ഥയാണ് താമരശ്ശേരിയില്‍ ഇപ്പോള്‍.
രാത്രിക്ക് രാത്രി കള്ളനെത്തി വാഴക്കുല കൊണ്ടുപോകും. ആരാണ് ഈ കൊലചതി ചെയ്യുന്നതെന്നു നോക്കിയിരിക്കവെയാണ് ഒരു സിസിടിവി തുണച്ചത്. കഴിഞ്ഞ ദിവസം താമരശ്ശേരി താലൂക്ക് ആശുപത്രി പരിസത്തെ വാഴക്കുല മോഷണം പരിസരത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പക്ഷേ ആളിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.നാട്ടുകാരനായ ചന്ദ്രന്റെ തോട്ടത്തില്‍ നിന്നാണ് മോഷണം.
പരിസര പ്രദേശമായ കോരങ്ങാടും സമാന സ്ഥിതിയാണ്.പാടത്തെ കൃഷിയിടത്തില്‍ വരെ കള്ളനെത്തി വാഴക്കുല കൊണ്ടു പോകും. ഇപ്പോള്‍ വാഴയ്ക്ക് കാവലിരിക്കേണ്ട ഗതികേടിലാണ് ഈ പ്രദേശങ്ങളിലെ കർഷകർ.നേന്ത്രവാഴ തന്നെ വേണമെന്നില്ല ഈ കള്ളന്.ഞാലിപ്പൂവൻ, മൈസൂർ പഴം, റോബസ്റ്റ എന്നിങ്ങനെ എല്ലാം വെട്ടിക്കൊണ്ടുപോകും ഈ കള്ളന്മാർ.
വാഴപ്പഴത്തിന് നല്ല വിലയുള്ള കാലമാണ്. ഇവിടെ നിന്ന് മോഷ്ടിക്കുന്ന കുലകളെല്ലാം മറ്റൊരു നാട്ടില്‍ കൊണ്ടുപോയി വില്‍ക്കുന്നതാകം രീതിയെന്നാണ് നിഗമനം.
Tags:
THAMARASSERY