Trending

പ്രഭാത വാർത്തകൾ

2024  സെപ്റ്റംബർ 29  ഞായർ 
1200  കന്നി 13  മകം 
1446  റ:അവ്വൽ 25
   
◾ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. ലെബനോന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ്  നസ്‌റല്ല ലോകത്തെ ഭീതിപ്പെടുത്താന്‍ നസ്രല്ല ഇനിയില്ലെന്ന ആമുഖത്തോടെ ഇസ്രയേല്‍ സൈന്യമാണ് ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റല്ലയുടെ മരണവാര്‍ത്ത ആദ്യം അറിയിച്ചത്.   മണിക്കൂറുകള്‍ക്ക് ശേഷം ഹിസ്ബുല്ലയും ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം പലസ്തീനെ പിന്തുണച്ചുകൊണ്ട് ശത്രുവിനെതിരേ വിശുദ്ധയുദ്ധം തുടരുമെന്നും ഹിസ്ബുള്ള പ്രസ്താവനയിലറിയിച്ചു.

◾ ഹസന്‍ നസ്റല്ലയുടെ കൊലപാതകം മധ്യപൂര്‍വദേശത്തെ ശക്തിസന്തുലനം മാറ്റിമറിക്കാന്‍ സാധ്യതയുള്ള ചരിത്ര മുഹൂര്‍ത്തമാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. നസ്റല്ല ഒരു തീവ്രവാദിയായിരുന്നില്ല, അയാള്‍ ആയിരുന്നു തീവ്രവാദിയെന്നും എന്നാല്‍ വരാനിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ ദിവസങ്ങള്‍ ആയിരിക്കുമെന്നും ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.

◾ ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റല്ലയെ ഇസ്രയേല്‍ വധിച്ചതിനു പിന്നാലെ, സുരക്ഷ പരിഗണിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. ഇസ്രയേല്‍ വിരുദ്ധ പക്ഷത്തുള്ള ഗാസയിലെ ഹമാസ്, ലബനനിലെ ഹിസ്ബുല്ല, യെമനിലെ ഹൂതികള്‍ എന്നീ 3 സായുധസംഘടനകള്‍ക്കും ഇറാന്‍ പിന്തുണ നല്‍കുന്ന സാഹചര്യത്തിലാണിത്. ടെഹ്റാന്‍ സന്ദര്‍ശനത്തിനിടെ ജൂലൈ 31ന് ആണ് ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടത്. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പോരാടുന്ന ഹിസ്ബുല്ലയ്ക്കും പിന്തുണയ്ക്കുന്ന ഇറാനും കനത്ത ആഘാതമാണ് നസ്റല്ലയുടെ കൊലപാതകം.

◾ കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ പുഷ്പന്‍ (54) അന്തരിച്ചു. സി.പി.എം. അണികള്‍ക്കിടയില്‍ ജീവിക്കുന്ന രക്തസാക്ഷിയെന്ന് അറിയപ്പെട്ടിരുന്ന പുഷ്പന്‍, കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കഴിഞ്ഞ 30 വര്‍ഷമായി കിടപ്പിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ന് രാവിലെ എട്ടുമണിക്ക് മൃതദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കണ്ണൂരിലേക്ക് കൊണ്ടു പോകും.

◾ 1994 -ല്‍ സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്പന് വെടിയേല്‍ക്കുന്നത്. 1994 നവംബര്‍ 25-ന് കൂത്തുപറമ്പിലെ അര്‍ബന്‍ സഹകരണബാങ്കിന്റെ സായാഹ്നശാഖയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി എംവി രാഘവനെ തടയാനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തുകയായിരുന്നു. വെടിവെപ്പില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ കെ.കെ. രാജീവന്‍, മധു, ഷിബുലാല്‍, ബാബു, റോഷന്‍ എന്നിവര്‍ കൊല്ലപ്പെട്ടു. പുഷ്പന്‍ അടക്കം ആറോളം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെടിയേറ്റുവീണ പുഷ്പന്‍ പിന്നീടൊരിക്കലും എഴുന്നേറ്റില്ല.

◾ പുഷ്പന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ആ പേരു കേട്ടാല്‍ ആവേശം തുടിച്ചിരുന്ന ഓരോ കമ്മ്യൂണിസ്റ്റുകാരന്റെ ഹൃദയവും ഈ നിമിഷം ദുഃഖഭരിതമാണെന്ന് പിണറായി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എന്തെന്ന ചോദ്യത്തിന് ഈ നാട്ടിലെ ഓരോ സഖാവിനും ചൂണ്ടിക്കാണിക്കാനുള്ള ഉത്തരമാണ് സഖാവ് പുഷ്പനെന്നും പിണറായി വിവരിച്ചു.

◾ വെടിയുണ്ടകള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയാതിരുന്ന ധീരനായ പോരാളിയെയാണ് പുഷ്പന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സഹനസൂര്യനായി ജ്വലിച്ച പുഷ്പന്റെ വിയോഗത്തില്‍ അന്ത്യാഭിവാദ്യമര്‍പ്പിക്കുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വേദനയില്‍ ഒപ്പം ചേരുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

◾ പുഷ്പന്റെ വിയോഗത്തില്‍ അനുശോചിച്ച് സി പി എം. പുഷ്പന് മരണമില്ലെന്നും തളരാത്ത മനോവീര്യത്തോടെ പ്രസ്ഥാനത്തിനോടുള്ള അടങ്ങാത്ത കൂറും പ്രതീക്ഷയും അവസാനം വരെ നെഞ്ചില്‍ സൂക്ഷിച്ച പുഷ്പന്റെ അമരസ്മരണ ലക്ഷക്കണക്കിന് സഖാക്കളിലും അനുഭാവികളിലും ജനാധിപത്യ വിശ്വാസികളിലും ഇനി അണയാത്ത ജ്വാലയായിരിക്കുമെന്നാണ് സി പി എം വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞത്.

◾ സിപിഎം പ്രവര്‍ത്തകന്‍ പുഷ്പന്റെ നിര്യാണത്തില്‍ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍ . വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും.

◾ യുക്രൈനിലെ ഡോണെസ്‌കില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശി സന്ദീപ് ചന്ദ്രന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. പുലര്‍ച്ചെ മൂന്നുമണിക്ക് എമിറേറ്റ്‌സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന ഭൗതിക ശരീരം നോര്‍ക്ക പ്രതിനിധി ഏറ്റുവാങ്ങും. നോര്‍ക്ക സിഇഒ അജിത് കോളശേരിയാണ് ഇക്കാര്യം അറിയിച്ചത്.

◾ നിലമ്പൂര്‍ എം.എല്‍.എ പി വി അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്. നിലമ്പൂര്‍ ചന്തക്കുന്നില്‍ വൈകുന്നേരം 6.30നാണ് അന്‍വര്‍ യോഗം വിളിച്ചിരിക്കുന്നത്. നിലമ്പൂരില്‍ പൊതുസമ്മേളനം വിളിക്കുമെന്നും അന്ന് അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരിലും കോടതിയിലുമാണ് ഇനി വിശ്വാസമുള്ളതെന്നും പാര്‍ട്ടിയിലെ സാധാരണക്കാരായ സഖാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

◾ ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയില്‍ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോന്‍ പരാതി നല്‍കിയിരിക്കുന്നത്.

◾ ബാലചന്ദ്ര മേനോന്‍ നല്‍കിയ പരാതിയില്‍ പ്രതികരിക്കാനില്ലെന്ന് നടി. താന്‍ നല്‍കിയ പരാതികളില്‍ വ്യക്തമായ തെളിവുകളുണ്ടെന്നും നടി വ്യക്തമാക്കി.

◾ രാജ്യമൊട്ടാകെ ആഘോഷിക്കുന്ന പൂരമാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് ക്രിമിനല്‍ ഗൂഢാലോചന കാരണം തകരാറിലായതെന്ന്  വിഡി സതീശന്‍. പൂരത്തിന് 3 ദിവസം മുന്‍പ് പൊലീസ് യോഗം ചേര്‍ന്നപ്പോള്‍ ആരോപണ വിധേയനായ കമ്മിഷണര്‍ പൂരം നടത്തിക്കാന്‍ ഒരു പ്ലാന്‍ കൊണ്ട് വന്നിരുന്നു. എന്നാല്‍ പൂരം നടത്താനുള്ള പ്ലാനല്ല, പൂരം കലാക്കാനുള്ള പ്ലാന്‍ ആണ് എഡിജിപി കൊണ്ട് വന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

◾ എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍  കപ്പടിച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ ചുണ്ടന്‍. തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും പൊന്‍ കിരീടം സ്വന്തമാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ചരിത്രമെഴുതിയിരിക്കുകയാണ്. ഫോട്ടോ ഫിനിഷിലാണ് കാരിച്ചാല്‍, വിയപുരം ചുണ്ടനെ മറികടന്നത്. അതേസമയം ചാമ്പ്യന്‍സ് ബോട്ട് ലീഗ്  നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.  

◾ ഉപഭോക്താക്കള്‍ക്ക്  മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യം പ്രഖ്യാപിച്ച്  കെ.എസ്.ഇ.ബി. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് ഉപഭോക്തൃ സേവന ദിനമായും തുടര്‍ന്നുള്ള ഒരാഴ്ചക്കാലം ഉപഭോക്തൃ സേവന വാരമായും ആചരിക്കാന്‍ തീരുമാനിച്ചതായി കെഎസ്ഇബി അറിയിച്ചു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 2 രാവിലെ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും.

◾ വഖഫ് ബോര്‍ഡ് ബില്ലിന്മേല്‍  രണ്ട് പ്രമുഖ ക്രിസ്ത്യന്‍ സംഘടനകള്‍  പാര്‍ലമെന്ററി കമ്മിറ്റിക്ക് സമര്‍പ്പിച്ച നിവേദനങ്ങളെ താന്‍ സ്വാഗതം ചെയ്യുന്നുവെന്ന്  ബിജെപി നേതാവ്  രാജീവ് ചന്ദ്രശേഖര്‍. ക്രൈസ്തവ സമുദായത്തില്‍പ്പെട്ട നിരവധി പേര്‍ നിയമപരമായി വാങ്ങി പരിപോഷിപ്പിച്ച ഭൂമിക്കു മേല്‍  വഖഫ് ബോര്‍ഡുകള്‍  അന്യായമായി  അവകാശവാദമുന്നയിക്കുന്നുവെന്ന് അവരുടെ നിവേദനങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നുവെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.

◾ നടന്‍ സിദ്ദിഖ് നാല് ദിവസം മുമ്പ് വരെ കൊച്ചിയില്‍ ഉണ്ടായിരുന്നതായി രേഖകള്‍ പുറത്ത്. സുപ്രീം കോടതിയില്‍ നല്‍കാനുള്ള രേഖകള്‍ അറ്റെസ്റ്റ് ചെയ്തത് ഹൈക്കോടതിക്ക് തൊട്ടടുത്തുള്ള നോട്ടറിയില്‍ എത്തിയാണെന്ന് റിപ്പോര്‍ട്ടുകള്‍. എന്നിട്ടും പൊലീസ് പ്രതിയെ പിടികൂടിയില്ലെന്നാണും ആരോപണമുണ്ട്.

◾ ദേശീയ ഡാം സുരക്ഷ അതോറിറ്റിയെ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസില്‍  സുപ്രീം കോടതിയില്‍ അപേക്ഷ. മുല്ലപെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ഹര്‍ജി നല്‍കിയിരുന്ന കോതമംഗലം സ്വദേശി ഡോ. ജോസഫ് ആണ് സുപ്രീം കോടതിയില്‍ പുതിയ അപേക്ഷ ഫയല്‍ ചെയ്തത്.അണക്കെട്ടിന്റെ സുരക്ഷ ഓരോ ദിവസവും വിലയിരുത്താന്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റിയോട് നിര്‍ദേശിക്കണം എന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

◾ സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി. അന്‍വര്‍ എം.എല്‍.എ. ഇ.എന്‍. മോഹന്‍ദാസ് മുസ്ലിം വിരോധിയാണെന്നും മുസ്ലീം മാനേജുമെന്റിന് കീഴിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എം.എല്‍.എ. ഫണ്ടില്‍നിന്ന് പണം അനുവദിച്ചപ്പോള്‍ മോഹന്‍ദാസ് തന്നെ താക്കീതുചെയ്തുവെന്നും അന്‍വര്‍ ആരോപിച്ചു.

◾ പിവി അന്‍വറിന്റെ ആരോപണം പുച്ഛത്തോടെ തള്ളുന്നുവെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ ദാസ്. മുസ്ലീം പ്രീണനമാണ് അന്‍വര്‍ നേരത്തെ ആരോപിച്ചിരുന്നതെന്ന് ഇഎന്‍ മോഹന്‍ദാസ് പറഞ്ഞു. മുസ്ലീം വിഭാഗത്തെ സിപിഎമ്മിന് എതിരാക്കാനാണ് ശ്രമമെന്നും ഇഎന്‍ മോഹന്‍ ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

◾ പി വി അന്‍വര്‍ എം എല്‍ എയ്ക്കെതിരായ സി പി എം പ്രതിഷേധം മലപ്പുറം ജില്ല കടന്നു മറ്റു ജില്ലകളിലേക്കും. ഇന്നലെ എറണാംകുളം ജില്ലയിലെ കവളങ്ങാട്, പറവൂര്‍ ഏരിയ കമ്മറ്റികളാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കൊച്ചിയിലും പ്രതിഷേധം അരങ്ങേറിയത്.

◾ നിലമ്പൂരില്‍ പി വി അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യവും പ്രകടനവും നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. നിലമ്പൂരില്‍ നൂറോളം സി പി എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഗോവിന്ദന്‍ മാഷ് ഒന്ന് ഞൊടിച്ചാല്‍ കൈയും കാലും വെട്ടിയെടുത്തു പുഴയില്‍ തള്ളും' എന്നതടക്കമുള്ള മുദ്രാവാക്യങ്ങളാണ് പ്രതിഷേധനത്തിനിടെ ഉയര്‍ന്നത്.

◾ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സഞ്ചരിച്ച കാര്‍ റോഡിലെ വലിയ കുഴിയില്‍ വീണ് കാറിന്റെ മുന്‍വശത്തെ ഇടതു ഭാഗത്തെ ടയര്‍ പൊട്ടി. തൃശൂര്‍- കുന്നംകുളം റോഡില്‍ മുണ്ടൂരില്‍വെച്ചാണ് സംഭവം. ഔദ്യോഗിക വാഹനത്തില്‍ കോഴിക്കോട് ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് തിരികെ വരുമ്പോഴായിരുന്നു അപകടം. തൃശൂര്‍-കുന്നംകുളം റോഡിന്റെ ശോചനീയാവസ്ഥയില്‍ നിരവധി പ്രതിഷേധങ്ങള്‍ ഇവിടെ ഉയര്‍ന്നിരുന്നു.

◾ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്.

◾ തിരുവനന്തപുരം വെള്ളറടയില്‍ 137 കിലോ കഞ്ചാവ് എക്സൈസ് സ്പെഷ്യല്‍  സ്‌ക്വാഡ് പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിക്കുമ്പോഴാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് പേരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

◾ തിരുവനന്തപുരത്ത് 13.444 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ്  പിടിയിലായി. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന കൊല്ലം ചിതറ സ്വദേശി മുഹമ്മദ് അല്‍ത്താഫ് ആണ് ബൈക്കില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ അമരവിളയില്‍ പിടിയിലായത്.

◾ തൃശ്ശൂരില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. വിയ്യൂര്‍ സ്വദേശി രതീഷ് (42) ആണ് ആത്മഹത്യ ചെയ്തത്.

◾ ഹക്കീം ഫൈസി ആദൃശ്ശേരിയെ കോഓഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസിന്റെ (സിഐസി) ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സിഐസി സെനറ്റ് യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. പാണക്കാട് സാദിഖലി തങ്ങളെ പ്രസിഡന്റായും തെരഞ്ഞെടുത്തിട്ടുണ്ട്.

◾ തമിഴ്നാട്ടിലെ കായിക മന്ത്രിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം നേടിയ മുന്‍ ഗതാഗതമന്ത്രി സെന്തില്‍ ബാലാജിയെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതായും ഇന്ന് 3.30 ന് സത്യപ്രതിജ്ഞാചടങ്ങ് നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

◾ എയര്‍ ഇന്ത്യ വിമാനത്തില്‍ രണ്ട് വയസുള്ള കുട്ടിക്ക് നല്‍കിയ ഓംലറ്റില്‍ നിന്ന് പാറ്റയെ കിട്ടിയെന്ന ആക്ഷേപവുമായി യാത്രക്കാരി.തങ്ങളുടെ ഉപഭോക്താവിന് ഉണ്ടായ അനുഭവം ശ്രദ്ധയില്‍പെട്ടെന്നും ഇക്കാര്യത്തില്‍ തുടരന്വേഷണം നടത്താന്‍ ബന്ധപ്പെട്ട കാറ്ററിങ് സേവന ദാതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് എയര്‍ ഇന്ത്യ വക്താവ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.

◾ ഇന്‍ജക്ഷന്‍ ഡോസ് കൂടിപ്പോയതിനാല്‍ ഏഴ് വയസ്സുകാരന്‍ മരിച്ചതായി പരാതി. കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലയിലാണ് സംഭവം. സോനേഷ് എന്ന ഏഴ് വയസ്സുകാരനാണ് മരിച്ചത്. പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ കേസെടുത്തു.

◾ കേരളത്തിലെ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി റൗസ് അവന്യു കോടതിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദിവ്യ മല്‍ഹോത്ര. ആഭ്യന്തര സെക്രട്ടറിക്ക് ഈഗോയാണെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് ആരോപിച്ചു.ഡോ. വി. ശിവദാസന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.

◾ പണം മോഷ്ടിച്ചെന്ന് സംശയിച്ച് പത്തുവയസുകാരനെ പിതാവ് അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. വീട്ടില്‍ സൂക്ഷിച്ച അഞ്ഞൂറ് രൂപ കാണാതായതിന് പിന്നാലെ ലോഹംകൊണ്ട് നിര്‍മിച്ച പൈപ്പുപയോഗിച്ച് കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പിതാവ് നൗഷാദിനേയും രണ്ടാനമ്മയായ റസിയയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

◾ പാകിസ്താന്റെ ഭീകരവാദം ഒരിക്കലും വിജയിക്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎന്‍ പൊതുസഭയില്‍ പറഞ്ഞു. പ്രവര്‍ത്തന ക്ഷമമല്ലാത്ത രാജ്യമാണ് പാക്കിസ്ഥാനെന്നും ഭീകരവാദവും മൗലികവാദവുമാണ് പ്രധാന ഉത്പന്നങ്ങളെന്നും മന്ത്രി ആരോപിച്ചു. സമൂഹത്തില്‍ സുസ്ഥിര വികസനം മാതൃകാപരമായി നടപ്പാക്കിയ രാജ്യമാണ് ഇന്ത്യയെന്നും പല മേഖലകളിലും ഇന്ത്യക്ക് മികച്ചപുരോഗതിയുണ്ടായിയെന്നും ഇത് ലോകത്തിന് വിനിയോഗിക്കാവുന്ന മാതൃകയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

◾ ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ മത്സരം മഴ മൂലം ഉപേക്ഷിച്ചു. ആദ്യ ദിവസം മഴ കാരണം വെറും 35 ഓവര്‍ മാത്രമാണ് മത്സരം നടന്നത്.

◾ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണും. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ മായങ്ക് യാദവ്, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ പുതുമുഖങ്ങളാണ്. ഒക്ടോബര്‍ 6,9,12 എന്നീ ദിവസങ്ങളിലാണ് മത്സരങ്ങള്‍.

◾ ഐപിഎല്‍ 2025 സീസണില്‍ കളിക്കുന്ന ഓരോ താരങ്ങള്‍ക്കും ഒരു മത്സരത്തിന് 7.5 ലക്ഷം രൂപ വീതം ബിസിസിഐ വക മാച്ച് ഫീയായി നല്‍കുമെന്ന് സ്ഥാനമൊഴിയുന്ന ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഇതോടെ അടുത്ത ഐപിഎല്ലില്‍ ലീഗ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും കളിക്കുന്ന ഒരു താരത്തിന് ഈയിനത്തില്‍ മാത്രം 1.05 കോടി രൂപ ലഭിക്കും. ഫ്രാഞ്ചൈസികള്‍ നല്‍കുന്ന കരാര്‍ തുക കൂടാതെയാണിത്. ഓരോ ഫ്രാഞ്ചൈസിക്കും മാച്ച് ഫീ ഇനത്തില്‍ ബിസിസിഐ 12.60 കോടി രൂപ അനുവദിക്കുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

◾ കടക്കെണിയിലായ പാകിസ്ഥാനെ രക്ഷിക്കാന്‍ സഹായവുമായി അന്താരാഷ്ട്ര നാണയ നിധി. പാകിസ്ഥാന് ഏഴ് ബില്യണ്‍ ഡോളറിന്റെ പുതിയ വായ്പാ പാക്കേജിന് അന്താരാഷ്ട്ര നാണയ നിധി അംഗീകാരം നല്‍കി. പാകിസ്ഥാന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ നേരിടാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് സഹായമെന്ന്  ഐഎംഎഫ് അറിയിച്ചു. 1.1 ബില്യണ്‍ ഡോളറിന്റെ ആദ്യ ഗഡു ഈ മാസം 30നകം കൈമാറും. രണ്ടാം ഗഡുവും ഇതേ സാമ്പത്തിക വര്‍ഷം തന്നെ ലഭിക്കും. 37 മാസത്തെ എക്സ്റ്റെന്‍ഡഡ് ഫണ്ട് സൗകര്യത്തിന് ഐഎംഎഫിന്റെ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗീകാരം നല്‍കിയതായി പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. 1958 ന് ശേഷം പാക്കിസ്ഥാന് ലഭിക്കുന്ന 25-ാമത്തെ ഐഎംഎഫ് സഹായമാണിത്. ഐഎംഎഫ് വായ്പയ്ക്ക് പാകിസ്ഥാന്‍ അഞ്ച് ശതമാനം പലിശ നല്‍കണം. 2000 മുതല്‍ 2021 വരെ 67.2 ബില്യണ്‍ ഡോളറാണ് ചൈന  പാക്കിസ്ഥാന് നല്‍കിയ കടം.

◾ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിന് ശേഷം സ്ത്രീ 2 ഇപ്പോള്‍ ഒ.ടി.ടിയില്‍ പുറത്തിറക്കി. 349 രൂപയ്ക്ക് ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം കാണാവുന്നതാണ്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 41 ദിവസം കൊണ്ട് സ്ത്രീ 2 എന്ന ഹിന്ദി ചിത്രം 608.37 കോടി രൂപയാണ് നേടിയത്. ഷാരൂഖ് ഖാന്‍ നായകനായ ജവാന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോഡാണ് ഈ ചിത്രം തകര്‍ത്തത്. ജവാന്റെ ഹിന്ദി പതിപ്പ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത് 583.21 കോടി രൂപയായിരുന്നു. സ്ത്രീ 2 റിലീസ് ചെയ്ത് ആദ്യ വാരം 307.80 കോടിയും രണ്ടാം ആഴ്ച 145.80 കോടിയും മൂന്നാം ആഴ്ച 72.83 കോടിയും നാലാമത്തെ ആഴ്ച 37.75 കോടിയും അഞ്ചാം ആഴ്ച 25.72 കോടിയുമാണ് ബോക്സ് ഓഫീസില്‍ നിന്ന് വാരിയത്. 2018 ല്‍ പുറത്തിറങ്ങിയ സ്ത്രീ ഒന്നാം ഭാഗം ഡിസ്നി+ഹോട്ട്സ്റ്റാറില്‍ ലഭ്യമാണ്. രാജ്കുമാര്‍ റാവു, ശ്രദ്ധ കപൂര്‍, പങ്കജ് ത്രിപാഠി, അഭിഷേക് ബാനര്‍ജി, അപര്‍ശക്തി ഖുറാന എന്നിവരാണ് സ്ത്രീ 2 ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

◾ ഒമര്‍ ലുലു സംവിധാനം ചെയ്ത 'ബാഡ് ബോയ്സി'ലെ മെലഡി വീഡിയോ ഗാനം റിലീസ് ചെയ്തു. അകമേ തനിയെ.. എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയത് വില്യം ഫ്രാന്‍സിസ് ആണ്. അദ്ദേഹം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.  ചിത്രത്തില്‍ സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിന്‍ ജോര്‍ജ്, അജു വര്‍ഗീസ്, ബാല, ആന്‍സണ്‍ പോള്‍, സെന്തില്‍ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകന്‍, രമേഷ് പിഷാരടി, ഡ്രാക്കുള സുധീര്‍, സോഹന്‍ സീനുലാല്‍, മൊട്ട രാജേന്ദ്രന്‍, സജിന്‍ ചെറുകയില്‍, അജയ് വാസുദേവ്, ആരാധ്യ ആന്‍, മല്ലിക സുകുമാരന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഒമറിന്റേതായിരുന്നു കഥ.

◾ ചെസ്സ് ഒളിമ്പ്യാഡില്‍ രണ്ടു സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കിയ ഗുകേഷ് ദൊമ്മരാജുവിന് സമ്മാനമായി ബെന്‍സ്. മെഴ്‌സിഡീസ് ബെന്‍സിന്റെ ആഡംബര വാഹനമായ ഇ ക്ലാസ് ആണ് ചെസ്സ് ഗ്രാന്‍ഡ് മാസ്റ്റര്‍ക്ക് സമ്മാനമായി ലഭിച്ചത്. ഏകദേശം 90 ലക്ഷം രൂപ വിലമതിക്കുന്ന ഈ വാഹനം ഗുകേഷിനു നല്‍കിയത് താരം പഠിച്ച വേലമ്മാള്‍ വിദ്യാലയമാണ്. ഒരു പെട്രോള്‍ എന്‍ജിന്‍ മോഡലും രണ്ട് ഡീസല്‍ എന്‍ജിന്‍ മോഡലുമുണ്ട് ഇ ക്ലാസിന്. രണ്ടു ലീറ്റര്‍ നാലു സിലിണ്ടര്‍ ഇന്‍ലൈന്‍ പെട്രോള്‍ എന്‍ജിന് 197 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമുണ്ട്. 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 7.6 സെക്കന്‍ഡ് മാത്രം മതി ഈ കരുത്തന്, ഉയര്‍ന്ന വേഗം 240 കിലോമീറ്റര്‍. രണ്ടു ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലിന്റെ കരുത്ത് 194 എച്ച്പി, ടോര്‍ക്ക് 400 എന്‍എം എന്നിങ്ങനെയാണ്. 7.6 സെക്കന്‍ഡില്‍ 100 കടക്കുന്ന വാഹനത്തിന്റെ ഉയര്‍ന്ന വേഗം 240 കിലോമീറ്റര്‍. മൂന്നു ലീറ്റര്‍ ഡീസല്‍ എന്‍ജിന് 286 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കുമുണ്ട്. 100 കിലോമീറ്റര്‍ കടക്കാന്‍ 6.1 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ കൂടിയ വേഗം 250 കിലോമീറ്റര്‍.

◾ പരിണാമത്തിന്റെ ശ്രേണിയില്‍ എങ്ങനെ മനുഷ്യവംശം ഉത്ഭവിച്ചുവെന്നും മറ്റു ജീവജാതികളില്‍നിന്നു വേറിട്ട ഒരസ്തിത്വം അവര്‍ എങ്ങനെ നേടിയെടുത്തുവെന്നും ബുദ്ധി, ഭാഷ തുടങ്ങീ സവിശേഷശേഷികളിലൂടെ മറ്റു ജീവജാലങ്ങള്‍ക്കുമേല്‍ എങ്ങനെ ആധിപത്യംനേടി എന്നും ശാസ്ത്രീയമായി അന്വേഷിക്കുകയാണ് ഹരാരി ഈ പുസ്തകത്തിലൂടെ. 'സാപിയന്‍സ്'. യുവാല്‍ നോവ പരാരി. ഡിസി ബുക്സ്. വില 540 രൂപ.

◾ കൃത്രിമ കണ്ണുകള്‍ വികസിപ്പിച്ച് ഗവേഷകര്‍. ഓസ്ട്രേലിയയിലെ മോനാഷ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ മുന്നേറ്റത്തിന് പിന്നില്‍. പതിറ്റാണ്ടുകള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ ലോകത്ത് ആദ്യമായി 'ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം' എന്ന അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണിത്. കണ്ണുകളില്‍ നിന്ന് തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങള്‍ കൈമാറുന്ന തകരാറിലായ ഒപ്റ്റിക് നാഡികളെ മറികടന്ന് ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം തലച്ചോറിന്റെ കാഴ്ച കേന്ദ്രത്തിലേക്ക് നേരിട്ട് സിഗ്നലുകള്‍ അയയ്ക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ കാഴ്ചയില്ലാത്തവര്‍ക്ക് വസ്തുക്കള്‍ കാണാന്‍ സാധിക്കും. ബയോണിക് ഐ മൃഗങ്ങളില്‍ വിജയകരമായി പരീക്ഷിച്ച ശേഷം മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനായി മെല്‍ബണില്‍ തയ്യാറെടുക്കുകയാണ്. കാഴ്ചയില്ലാത്ത നിരവധി ആളുകള്‍ക്ക് കാഴ്ച വീണ്ടെടുക്കുന്നതിന് ഈ മുന്നേറ്റം പ്രതീക്ഷ നല്‍കുന്നതാണ്. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ശിരോവസ്ത്രത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മിനിയേച്ചര്‍ കാമറയും വിഷന്‍ പ്രൊസസറും അടങ്ങിയതാണ് ജെന്നാരിസ് സിസ്റ്റം. കൂടാതെ ഉപയോക്താവിന് ലഭിക്കുന്ന വിഷ്വല്‍ ഡാറ്റ സ്വീകരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും തലച്ചോറില്‍ ടൈലുകള്‍, വയര്‍ലെസ് റിസീവറുകള്‍, മൈക്രോ ഇലക്ട്രോഡുകള്‍ എന്നിവ സ്ഥാപിക്കും. ഭേദമാകാത്ത അന്ധതയുള്ളവരിലാണ് ബയോണിക് വിഷന്‍ സിസ്റ്റം പ്രവര്‍ത്തിക്കുക. കണ്ണിന്റെ സ്വാഭാവിക ഘടനയെ അനുകരിക്കുന്ന രീതിയിലാണ് ജെന്നാരിസ് സിസ്റ്റം നിര്‍മിച്ചിരിക്കുന്നത്.

*ശുഭദിനം*
*കവിത കണ്ണന്‍*
അന്ന് അയാള്‍ക്ക് ധാരാളം സാധനങ്ങള്‍ വാങ്ങുവാനുണ്ടായിരുന്നു.  അതുകൊണ്ട് തന്നെ റെയില്‍വേ സ്റ്റേഷനിലെത്താന്‍ അയാള്‍ വൈകി.  ഓടിക്കിതച്ച് ട്രെയിനില്‍ കയറിയതും ടെയിന്‍ നീങ്ങിത്തുടങ്ങി.  ക്ഷീണം കൊണ്ട് അയാള്‍ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി.  കണ്ണ് തുറന്നപ്പോള്‍ എന്തോ ഒരു പന്തികേട്. ആള്‍ക്കാരോട് ചോദിച്ചപ്പോള്‍ ട്രെയിന്‍ മാറിപ്പോയി എന്ന് മനസ്സിലായി.  അടുത്തസ്റ്റേഷന്‍ അന്വേഷിച്ചപ്പോല്‍ തൊട്ടടുത്തിരുന്നയാള്‍ പറഞ്ഞു: ഇത് നോണ്‍സ്‌റോപ്പ് ട്രെയിനാണ്.  യാത്ര അവസാനിക്കുന്നത് നൂറ്റമ്പത് കിലോമീറ്റര്‍ അകലെയാണ്.  താങ്കള്‍  പരിഭ്രമിക്കേണ്ടയാവശ്യമില്ല.  ഇനിയുള്ള ഏകമാര്‍ഗ്ഗം ഈ യാത്ര ആസ്വദിക്കുക എന്നതാണ്. വണ്ടിമാറിക്കയറിയതുകൊണ്ട്  ആഗ്രഹിച്ച കാഴ്ചകള്‍ നഷ്ടമായ ഒട്ടേറെപ്പേരുണ്ട്. ഓരോ ദിക്കിനും അതിന്റെതായ ലക്ഷണങ്ങളും പ്രത്യേകതകളുമുണ്ട്.  അവ കാണണമെങ്കില്‍ അങ്ങോട്ട് തന്നെ യാത്ര ചെയ്യണം.  ഓരോ നാല്‍ക്കവലയിലെത്തുമ്പോഴും നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ഇനിയെങ്ങോട്ട് പോകും എന്നിള്ളത്.  എവിടെ എത്തിച്ചേരാനാണ് ആഗ്രഹം, ഏതൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ അവിടെയെത്താം, എന്തൊക്കെ പ്രതിസന്ധികള്‍ അവിടെ നമ്മെ കാത്തിരിക്കുന്നുണ്ട്, തിരിച്ചുവരവിനു സാധ്യതയുണ്ടോ എന്നുള്ള ചോദ്യങ്ങളെല്ലാം ശരിയായ തീരുമാനങ്ങളിലേക്കെത്താന്‍ നമ്മെ സഹായിക്കും.  ഏതവസ്ഥയിലും പക്വമായ തീരുമാനങ്ങള്‍ എടുക്കാന്‍ നമുക്ക് സാധിച്ചാല്‍ യാത്രകള്‍ ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും. - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right