താമരശ്ശേരി:മംഗളൂരുവിൽ നീങ്ങിത്തുടങ്ങിയ തീവണ്ടിയിലേക്ക് ഓടിക്കയറാൻ ശ്രമിക്കവേ വണ്ടിക്കടിയിലേക്ക് വീണ വിദ്യാർഥിനിയെ ജീവിതത്തിലേക്ക് വലിച്ചുകയറ്റി താമരശ്ശേരി പരപ്പന്‍പോയില്‍ വാടിക്കല്‍ സ്വദേശിനി ആർ.പി.എഫ്. വനിതാ കോൺസ്റ്റബിൾ. ഉഡുപ്പി റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
ഓടിക്കയറാൻ ശ്രമിക്കവേ വണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീണ നിഹാരികയെയാണ് പരപ്പന്‍പോയില്‍ വാടിക്കല്‍ സോമന്‍റെ മകള്‍ ആർ.പി.എഫ്. കോൺ സ്റ്റബിൾ കെ.ടി. അപർണ രക്ഷിച്ചത്.
കൈയിൽ നിറയെ സാധനങ്ങളുമായി തീവണ്ടിയിൽ കയറാൻ ശ്രമിക്കവേയാണ് നിഹാരിക വണ്ടിക്ക് അടിയിലേക്ക് വീണത്. പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അപർണ
ഞൊടിയിടയിൽ നിഹാരികയെ പിടിച്ച് കയറ്റുകയായിരുന്നു.
"എനിക്ക് പ്ലാറ്റ്ഫോം ഡ്യൂട്ടി യായിരുന്നു. രാവിലെ മംഗളൂരു സെൻട്രൽ-മഡ്ഗാവ് സ്പെഷ്യൽ തീവണ്ടി സ്റ്റേഷനിൽ എത്തിയപ്പോൾ ഭക്ഷണം വാങ്ങാനായി പെൺകുട്ടി വണ്ടിയിൽനിന്ന് പുറത്തിറങ്ങിയത് ശ്രദ്ധയിൽപെട്ടു. തീവണ്ടി പുറപ്പെടാറായിട്ടും പെൺകുട്ടി കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയിരുന്നില്ല. ഞാൻ പെട്ടെന്നു തന്നെ അവരോട് തീവണ്ടിയിലേക്ക് കയറാൻ പറഞ്ഞു.
അടുത്ത നിമിഷം തീവണ്ടി നീങ്ങി. കൈയിൽ ഭക്ഷണസാധനങ്ങളും ഫോണുമായി തീവണ്ടിയിലേക്ക് കയറാൻ ഓടുന്നത് കണ്ടപ്പോൾ പന്തികേട് തോന്നിയ ഞാൻ പെൺകുട്ടിക്ക് പിറകെ ഓടി. തീവണ്ടിയിൽ കയറാൻ ശ്രമിക്കവേ പിടിവിട്ട് വീണപ്പോൾ വലിച്ച് പ്ലാറ്റ്ഫോമിലേക്കിട്ടു. ഒരു യാത്രക്കാരനും സഹായത്തിനെത്തി. അപ്പോൾ തന്നെ തീവണ്ടി നിർത്തി."
അൽപനേരം വിശ്രമിച്ച ശേഷം അതേ തീവണ്ടിയിൽ നിഹാരിക യാത്ര തുടർന്നു. അപർണയുടെ ഈ കൃത്യനിർവഹണത്തിന് ഉടൻ തന്നെ അഭിനന്ദന പ്രവാഹവും പാരിതോഷികവും എത്തി. കാർവാർ റീജണൽ റെയിൽവേ മാനേജർ ആശാ ഷെട്ടി ഉഡുപ്പി സ്റ്റേഷനിലെത്തി അപർണയ്ക്ക് 5000 രൂപയുടെ ചെക്ക് കൈമാറി.