03-09-2024
◾ എന്റെ ഉത്തരവാദിത്വം അവസാനിച്ചുവെന്നും പിന്നിലുള്ളത് ദൈവം മാത്രമെന്നും ഇനി എല്ലാം മുഖ്യമന്ത്രിയും പാര്‍ട്ടിയും തീരുമാനിക്കുമെന്നും നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍. എഡിജിപി എംആര്‍ അജിത്കുമാറിനെതിരെയുള്ള വെളിപ്പെടുത്തലുകള്‍ക്ക് ശേഷം മുഖ്യമന്ത്രിയെ കണ്ടിറങ്ങിയ അന്‍വര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ കണ്ടു വിശദമായി കാര്യങ്ങള്‍ സംസാരിച്ചുവെന്നും ഉന്നയിച്ച വിഷയങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും അതിന്റെ പകര്‍പ്പ് നല്‍കുമെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു സഖാവ് എന്ന നിലയിലാണ് ഉത്തരവാദിത്തം ഏറ്റെടുത്തതെന്നും കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും എന്റെ ഉത്തരവാദിത്തം അവസാനിക്കുന്നുവെന്നും അന്വേഷണ ഏജന്‍സികളുമായി സഹകരിക്കുക എന്നതാണ് ഇനിയുള്ള കാര്യമെന്നും അദ്ദേഹം പറഞ്ഞു.
◾ പി.വി.അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച പ്രശ്‌നങ്ങളെല്ലാം അതീവഗൗരവം ഉള്ളതാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. അന്‍വര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവങ്ങളും പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളുമാണെന്ന് പറഞ്ഞ ടി.പി, അവ പറയുന്നതില്‍ തെറ്റില്ലെന്നും വ്യക്തമാക്കി. പി.വി. അന്‍വറിന്റെ ഇടപെടല്‍ മുന്നണിയെ ബാധിക്കില്ലെന്നും തെറ്റ് ചെയ്‌തോ ഇല്ലയോ എന്നതില്‍ അന്വേഷണം നടക്കുമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ വ്യക്തമാക്കി.
◾ സംസ്ഥാന സര്‍ക്കാര്‍ കൊള്ളസംഘമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഴിമതിക്കാരുടെ കൂടാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരളത്തിലെ പൊലീസ് ഇതുപോലെ ചരിത്രത്തില്‍ നാണംകെട്ടിട്ടില്ല. ആരോപണ വിധേയരായ എഡിജിപിയെയും പൊളിറ്റിക്കല്‍ സെക്രട്ടറിയെയും നിലനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണം കേട്ടുകേള്‍വിയില്ലാത്തതാണ്. കൂടാതെ എഡിജിപിക്കെതിരെ അന്വേഷിക്കുന്ന മറ്റുള്ളവരെല്ലാം ജൂനിയര്‍ ഉദ്യോഗസ്ഥരാണ്. മുഖ്യമന്ത്രിക്ക് ഇവരെ ഭയമാണെന്നും അവര്‍ എന്തെങ്കിലും ഭയപ്പെടുത്തുമെന്ന ഭീതിയാണ് മുഖ്യമന്ത്രിക്കെന്നും അദ്ദേഹം വിമര്‍ശിച്ചു.
◾ എസ് പി പദവിയിലിരിക്കെ സുജിത്ത് ദാസ് വ്യാപക അഴിമതിയും സ്വജനപക്ഷപാതവും നടത്തിയെന്ന് നിലമ്പൂര്‍ നഗരസഭ ഇടത് കൗണ്‍സിലര്‍ ഇസ്മായില്‍ എരഞ്ഞിക്കല്‍ ആരോപിച്ചു. അദ്ദേഹത്തിന്റെ അഴിമതികള്‍ക്കെതിരെ നേരത്തെ വിജിലന്‍സിന് പരാതി നല്‍കിയിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം ഈ പരാതികള്‍ കൂടി അന്വേഷിക്കണമെന്നും ഇസ്മായില്‍ എരഞ്ഞിക്കല്‍ ആവശ്യപെട്ടു.
◾ പിണറായി വിജയന്റെ കാലത്തോടെ സിപിഎം അവസാനിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉയര്‍ന്നത് ഗുരുതര ആരോപണമാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അവര്‍ക്കെതിരെ നടപടിയെടുത്താല്‍ കസേര തെറിക്കുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. അതിനാല്‍ എഡിജിപിക്കെതിരെ ഒരന്വേഷണവും നടക്കില്ല. കണ്ണില്‍ പൊടിയിടാനുള്ള ശ്രമം
മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ എം ശിവശങ്കറിനെ പോലെ എഡിജിപി അജിത് കുമാറിനെ വളര്‍ത്തുകയാണ് മുഖ്യമന്ത്രിയെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. എഡിജിപിക്കെതിരായ കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് വിടാന്‍ അമിത് ഷായെ കണ്ട് സംസാരിക്കുമെന്ന് അവര്‍ വ്യക്തമാക്കി. കേസന്വേഷണം സിബിഐക്ക് വിടാന്‍ തയ്യാറല്ലെങ്കില്‍ ഭരണം ആരുടെ കയ്യിലാണെന്ന് കേരള മുഖ്യമന്ത്രി ജനങ്ങളോട് പറയണമെന്നും, അഞ്ചംഗ കള്ളക്കടത്ത് സംഘത്തിലെ ഒരാളാണ് അജിത് കുമാര്‍. ആ സംഘത്തിന്റെ തലവന്‍ മുഖ്യമന്ത്രിയാണ്. കേരള മുഖ്യമന്ത്രിയുടെ നയങ്ങള്‍ മാറ്റിയില്ലെങ്കില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അന്ത്യം പിണറായിയിലൂടെ നടക്കുമെന്നും ശോഭ പറഞ്ഞു.
◾ സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്രസര്‍ക്കാരിനോട് ചോദ്യവുമായി സുപ്രീംകോടതി. നയതന്ത്ര ബാഗേജ് പരിശോധിക്കാന്‍ അധികാരമുണ്ടോയെന്ന ചോദ്യത്തിന് സംശയകരമായ സാഹചര്യത്തില്‍ പരിശോധിക്കാമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു മറുപടി നല്‍കി. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് വ്യക്തമായ മറുപടി നല്‍കാമെന്നും എസ് വി രാജു അറിയിച്ചു.
◾ തൃശ്ശൂര്‍ പൂരം കലക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ എഡിജിപി അജിത്ത് കുമാറാണെന്ന് തൃശ്ശൂരിലെ മുന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയെ ജയിപ്പിക്കാനുളള നാടകത്തിന്റെ ഭാഗമായിരുന്നു ഇതെന്നും മുരളീധരന്‍ ആരോപിച്ചു. എഡിജിപി അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് ബിജെപിയെ സഹായിച്ചതെന്നും പൂരം കലക്കിയ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. അതേസമയം മുകേഷിന് കാര്യമായി ചികിത്സിക്കേണ്ട ഞരമ്പുരോഗമാണെന്നും ചികിത്സ നല്‍കേണ്ടതിന് പകരം മുകേഷിനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു.
◾ തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ പൊലീസിന് പങ്കുണ്ടെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍ ആരോപിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പൂരം അലങ്കോലമാക്കാക്കിയത്. പകല്‍ സമയത്ത് പ്രശ്‌നമില്ലായിരുന്നുവെന്നും രാത്രിപൂരമാണ് നിര്‍ത്തിയതെന്നും സുനില്‍ കുമാര്‍ പറഞ്ഞു. പൂരം കലക്കിയതിന്റെ ഗുണഭോക്താക്കളാണ് പൂരം കലക്കിയതിന് പിന്നിലെന്നും, എഡിജിപി അജിത് കുമാറിന് പങ്കുണ്ടോ എന്ന് നേരിട്ടറിയില്ലെന്നും അന്‍വര്‍ പറഞ്ഞ വിവരമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പൂരം കലങ്ങിയതിന് ഇരയാക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് താനെന്നും സുനില്‍ കുമാര്‍ പറഞ്ഞു
◾ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങള്‍ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് ഐസര്‍ മൊഹാലിയിലെ ഗവേഷകര്‍. തുലാമഴ അതിശക്തമായി പെയ്താല്‍ ഇളകി നില്‍ക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. പുഞ്ചിരിമട്ടത്തിനോട് ചേര്‍ന്നുണ്ടായ പാറയിടുക്കില്‍ തങ്ങി, ഡാമിങ് ഇഫ്ക് ഉണ്ടാകാനുള്ള സാധ്യതയാണ് ഐസര്‍ മൊഹാലിയുടെ പഠനത്തിലുള്ളത്. മഴ കനത്താല്‍ മറ്റൊരു ഉരുള്‍പൊട്ടലുണ്ടായേക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്.
◾ കോഴിക്കോട് മുക്കം നഗരസഭ കൗണ്‍സില്‍ യോഗം ചേരുന്നതിനിടെ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം. നഗരസഭ ചെയര്‍പേഴ്‌സിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനായി യോഗം ചേരുന്നതിനിടയിലാണ് സംഘര്‍ഷം ഉണ്ടായത്. യുഡിഎഫ് വിമതനായി ജയിച്ച കൗണ്‍സിലറെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതിനെ ചൊല്ലിയാണ് സംഘര്‍ഷം ഉണ്ടായത്.
◾ കോഴിക്കോട്ടെ കോംട്രസ്റ്റ് ഭൂമി തര്‍ക്കം കോടതിയില്‍ നില്‍ക്കെ തര്‍ക്കഭൂമിയില്‍ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയ കോര്‍പറേഷന്‍ നടപടി വിവാദത്തില്‍. നിലവില്‍ ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ കൈയിലുളള ഭൂമിയിലാണ് കെട്ടിട നിര്‍മാണത്തിന് കോര്‍പറേഷന്‍ അനുമതി നല്‍കിയത്. വിഷയത്തില്‍ സമരം ശക്തമാക്കാനാണ് തൊഴിലാളികളുടെയും കോണ്‍ഗ്രസിന്റെയും തീരുമാനം.
◾ ബംഗാളി നടിയുടെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. സിനിമയില്‍ അവസരം നല്‍കാത്തതിലെ നിരാശയിലാണ് ബംഗാളി നടിയുടെ പരാതിയെന്ന് രഞ്ജിത്ത് ഹര്‍ജിയില്‍ പറയുന്നു. നടിയുമായി സംസാരിച്ചപ്പോള്‍ സിനിമയിലെ മറ്റ് അണിയറ പ്രവര്‍ത്തകരുമുണ്ടായിരുന്നു. താന്‍ അസുഖബാധിതനായി ചികിത്സയിലാണ്. പൊലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും രഞ്ജിത്ത് ഹര്‍ജിയില്‍ പറയുന്നു.
◾ താരസംഘടന അമ്മയിലെ കൂട്ടരാജി ഭീരുത്വമെന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. നീതിപൂര്‍വമായ തീരുമാനം കോടതി സ്വീകരിക്കുമെന്ന് പറഞ്ഞ ശ്രീകുമാരന്‍ തമ്പി ആരോപണ വിധേയരെ കുറ്റവാളികളാക്കരുതെന്നും അഭിപ്രായപ്പെട്ടു. തെന്നിന്ത്യന്‍ സിനിമകളില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ ഏറ്റവും കുറവ് മലയാള സിനിമയിലാണ്. സിനിമയിലെ താരമേധാവിത്വം അവസാനിക്കണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
◾ താരസംഘടനയായ അമ്മയ്ക്ക് തലയും നട്ടെല്ലുമില്ലെന്ന് നടി പത്മപ്രിയ. നിരുത്തരവാദപരമായ നടപടിയാണ് അമ്മയിലെ ഭരണ സമിതിയുടെ രാജി. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം പുറത്ത് വിടാതിരുന്നതിന് സര്‍ക്കാര്‍ മറുപടി പറയണമെന്നും അവര്‍ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാല്‍ മാത്രം പോര. കമ്മിറ്റി ശുപാര്‍ശകളില്‍ എന്ത് നടപടികള്‍ സ്വീകരിക്കുന്നുവെന്നതില്‍ ഇപ്പോഴും വ്യക്തതയില്ലെന്നും പത്മപ്രിയ പറഞ്ഞു.
◾ മലയാള സിനിമാ സെറ്റുകളിലെ കാരവാനുകളില്‍ രഹസ്യ ക്യാമറ വച്ച് നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന ചലച്ചിത്രതാരം രാധിക ശരത്കുമാര്‍ നടത്തിയതിനെ പിന്നാലെ മോഹന്‍ലാല്‍ തന്നെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നുവെന്ന് രാധിക വ്യക്തമാക്കി. തന്റെ സിനിമ സെറ്റിലാണോ ഇത്തരത്തിലൊരു സംഭവമുണ്ടായതെന്നാണ് മോഹന്‍ലാല്‍ ചോദിച്ചത്. ആ സംഭവം നടക്കുമ്പോള്‍ പ്രധാന താരങ്ങളാരും ലൊക്കേഷനില്‍ ഉണ്ടായിരുന്നില്ലെന്നും ഒളിക്യാമറ ദൃശ്യങ്ങളാണ് സെറ്റിലുണ്ടായിരുന്നവര്‍ കണ്ടതെന്ന് ബോധ്യപ്പെത്തോടെ താന്‍ ബഹളം വെച്ചുവെന്നും നിര്‍മാണക്കമ്പനിയുടെ അധികൃതരെ വിളിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടുപ്പെട്ടുവെന്നും രാധിക പറഞ്ഞു.
◾ തമിഴ് ഗായിക സുചിത്രയ്‌ക്കെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കല്‍. റിമയുടെ വസതിയില്‍ ലഹരി പാര്‍ട്ടി നടത്തിയെന്ന ആരോപണത്തിലാണ് നടപടി. സുചിത്രക്കെതിരെ സിനിമാ മേഖലയിലെ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് റിമ കല്ലിങ്കല്‍ പരാതി നല്‍കി. ഒപ്പം മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. നടി റിമ കല്ലിങ്കലിന്റെ കൊച്ചിയിലെ വീട്ടില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം.
◾ കൊല്ലം മുഖത്തലയില്‍ സിപിഐ ഓഫീസ് ആക്രമിച്ച കേസില്‍ 3 പ്രതികള്‍ പിടിയില്‍. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കളായ അന്‍സാര്‍, അഭിജിത്ത്, ശബരിനാഥ് എന്നിവരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 27നാണ് സംഭവം. മുഖത്തലയിലെ സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസുനേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
◾ പി വി അന്‍വര്‍ എം എല്‍ എ ഇന്നലെ നടത്തിയ ആരോപണത്തിന് പിന്നാലെ എടവണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാര്‍ രംഗത്തെത്തി. പൊലീസ് അറസ്റ്റ് ചെയ്ത പ്രതി തന്നെയാണ് കൊലപാതകം നടത്തിയതെങ്കിലും പിന്നിലുള്ളവരെ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്നാണ് വീട്ടുകാരുടെ ആവശ്യം. യഥാര്‍ത്ഥ പ്രതിയല്ല പിടിയിലായതെന്നായിരുന്നു പി വി അന്‍വര്‍ എം എല്‍ എ ആരോപിച്ചിരുന്നത്.
◾ കണ്ണൂര്‍ കൂത്തുപറമ്പില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. കണ്ടംകുന്ന് പെട്രോള്‍ പമ്പിന് മുന്നിലാണ് അപകടം ഉണ്ടായത്. ആയിത്തറ സ്വദേശി മനോഹരന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടേ കാലോടെയാണ് അപകടമുണ്ടായത്.
◾ മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയില്‍ വാഹനം ഇടിച്ച് കാല്‍നട യാത്രക്കാരി മരിച്ചു. അരീക്കുഴിക്കല്‍ സ്വദേശി ലീലാമ്മയാണ് മരിച്ചത്. മണ്ണുത്തി ഡോണ്‍ ബോസ്‌കോ സ്‌കൂളിന് മുന്‍പിന്‍ ഹൈവേ മുറിച്ച് കടക്കുന്നതിനിടയില്‍ മിനി പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു.
◾ വീണ് പരുക്കേറ്റ് കാല് ഉളുക്കി നീരുവന്നതെന്ന് കരുതി ചികിത്സയിലിരുന്ന ആറാം ക്ലാസുകാരന്‍ മരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോഴാണ് മരണകാരണം പാമ്പു കടിയേറ്റാണെന്ന് തിരിച്ചറിഞ്ഞത്. വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയായ പശുമല എസ്റ്റേറ്റില്‍ സൂര്യയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
◾ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രൂണെ സന്ദര്‍ശിക്കുന്നു. ബ്രൂണെയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരിക്കും നരേന്ദ്രമോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ഇന്ത്യ-ബ്രൂണൈ ബന്ധം ശക്തിപ്പെടുത്തുകയും ഇരുരാജ്യങ്ങളും തമ്മില്‍ 40 വര്‍ഷമായുള്ള നയതന്ത്രബന്ധം പുതുക്കുകയുമാണ് ലക്ഷ്യമിടുന്നത്. ബ്രൂെണയുടെ ഭരണാധികാരിയായ ഹസനുല്‍ ബോല്‍കിയയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം.
◾ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടില്‍ ആന്ധ്ര പ്രദേശ് സര്‍ക്കാരിനും പൊലീസ് മേധാവിക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. കൃഷ്ണ ജില്ലയിലെ എന്‍ജിനിയറിംഗ് കോളജിലെ വനിതാ ഹോസ്റ്റലില്‍ ഒളിക്യാമറ കണ്ടെത്തിയെന്നാണ് പരാതി. രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദേശം.
◾ രക്ഷാപ്രവര്‍ത്തനത്തിന് പോയ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്ടര്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെ മൂന്ന് പേരെ കാണാതായി. പോര്‍ബന്ദര്‍ തീരത്തോട് ചേര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തനത്തിന് പോയ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. അറബികടലിലാണ് ഹെലികോപ്ടര്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്.
◾ കൊല്‍ക്കത്ത കൊലപാതകത്തില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്. സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ കശാപ്പുകാരെന്ന് തൃണമൂല്‍ എംഎല്‍എ ലവ്‌ലി മയ്ത്ര വിമര്‍ശിച്ചു. സമരത്തിന്റെ പേരില്‍ ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിക്കുന്നുവെന്നും ദിവസവും അവര്‍ കശാപ്പുകാരായി മാറുന്നുവെന്നും എംഎല്‍എ കുറ്റപ്പെടുത്തി.
◾ ബലാത്സംഗക്കൊലയ്ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പശ്ചിമബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാര്‍. അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024 എന്നാണ് ബില്ലിന്റെ പേര്. ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീ മരിക്കുകയോ കോമയിലാവുകയോ ചെയ്യുന്നപക്ഷം പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണ് ബില്‍.
◾ ഹൈക്കോടതി വിധി എന്തായാലും കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവയ്‌ക്കേണ്ടതില്ലെന്ന് മുതിര്‍ന്ന നേതാവും സംസ്ഥാന ഊര്‍ജ്ജ മന്ത്രിയുമായ കെ ജെ ജോര്‍ജ്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഗവര്‍ണര്‍ അന്വേഷണത്തിന് അനുമതി നല്കിയതെന്നും സിദ്ധരാമയ്യക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും കെ ജെ ജോര്‍ജ് ദില്ലിയില്‍ പറഞ്ഞു.
◾ ഭീമന്‍ ഛിന്നഗ്രഹം ഭൂമിയോട് അടുക്കുന്നുവെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. 2024 ഒഎന്‍ എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഈ മാസം 15നാണ് ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ കടന്നുപോവുക എന്നാണ് നാസയുടെ അനുമാനമെന്നാണ് സൂചന. രണ്ട് ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പമുണ്ട് എന്നതാണ് 2024 ഒഎന്‍ ഛിന്നഗ്രഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നാസയെ പ്രേരിപ്പിക്കുന്നത്.
◾ ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര തീരുമാനമായി. സ്റ്റാര്‍ലൈനര്‍ പേടകം യാത്രക്കാര്‍ ആരുമില്ലാതെ ഈ വരുന്ന സെപ്റ്റംബര്‍ ആറാം തിയതി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്യും എന്ന് നാസ അറിയിച്ചു.
◾ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഊര്‍ജ്ജം പകരാന്‍ വായ്പാപദ്ധതിയുമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍. ഈ വര്‍ഷം 100 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെ.എഫ്.സി മുഖേന വായ്പ ലഭ്യമാക്കും. നിലവിലുള്ള വായ്പാ പരിധി രണ്ട് കോടി രൂപയില്‍ നിന്ന് മൂന്ന് കോടി രൂപയാക്കിയും പത്തു കോടി രൂപയുടെ വായ്പാ പരിധി 15 കോടിയാക്കി ഉയര്‍ത്തുന്നതും പരിഗണനയിലുണ്ട്. നടപടി ക്രമങ്ങള്‍ പരമാവധി ലഘൂകരിച്ച് 5.5 ശതമാനം പലിശ നിരക്കിലാണ് വായ്പകള്‍ അനുവദിക്കുന്നത്. ഈടില്ലാതെ 10 കോടി രൂപ വരെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വായ്പ അനുവദിക്കുന്നുണ്ട്. സബ്സിഡി വഴി മൂന്നു ശതമാനം പലിശഭാരം സര്‍ക്കാര്‍ ഏറ്റെടുക്കുന്നുമുണ്ട്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ മൂല്യവര്‍ധന ഉയര്‍ന്നതാണെന്നാണ് സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഗോള തലത്തില്‍ ഇത് 46 ശതമാനമാണെന്നിരിക്കെ കേരളത്തില്‍ 254 ശതമാനമാണ്. അഫോഡബിള്‍ ടാലന്റ് ഇന്‍ഡക്സില്‍ കേരളം ഏഷ്യയില്‍ ഒന്നാമതാണ്. വേള്‍ഡ് ബെഞ്ച്മാര്‍ക്ക് സ്റ്റഡി പ്രകാരം ലോകത്തെ മികച്ച പബ്ലിക് ബിസിനസ് ഇന്‍ക്യുബേറ്ററായി തെരഞ്ഞെടുക്കപ്പെട്ടത് കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ്.
◾ ഈ വര്‍ഷത്തോടെ യുപിഐ സര്‍ക്കിള്‍, യുപിഐ വൗച്ചര്‍, ക്ലിക്ക് പേ ക്യൂആര്‍ പോലെയുള്ള ഫീച്ചറുകള്‍ ഗൂഗിള്‍ പേയിലെത്തും. നിങ്ങളുടെ യുപിഐ അക്കൗണ്ടിന് മറ്റ് ഉപഭോക്താക്കളെ (സെക്കണ്ടറി യൂസര്‍) അനുവദിക്കുന്ന സംവിധാനമാണ് യുപിഐ സര്‍ക്കിള്‍. പരമാവധി വിശ്വസ്തരായ അഞ്ച് പേരെ അക്കൗണ്ട് ഉടമയ്ക്ക് സെക്കണ്ടറി യൂസറാക്കി മാറ്റാനാവും. അക്കൗണ്ട് ഉടമയുടെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ പാര്‍ഷ്യല്‍ ഡെലിഗേഷനിലൂടെ സെക്കന്‍ഡറി ഉടമയ്ക്ക് ഓരോ ഇടപാടുകളും നടത്താനാകൂ. ഫുള്‍ ഡെലിഗേഷനില്‍ ഒരു മാസം ഉപയോഗിക്കാവുന്ന പരമാവധി തുക അക്കൗണ്ട് ഉടമയ്ക്ക് നിശ്ചയിക്കാം. ആ തുകയ്ക്ക് മുകളില്‍ പണമെടുക്കാന്‍ സെക്കന്‍ഡറി യൂസറിന് സാധിക്കില്ല. ഒരുതവണ പരമാവധി 5000 രൂപ വരെ മാത്രമേ സെക്കണ്ടറി യൂസറിന് ഇടപാട് നടത്താനാവൂ.
◾ സൂര്യ നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് 'കങ്കുവ'. ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് ആമസോണ്‍ പ്രൈം വീഡിയോയാണ് നേടിയിരിക്കുന്നത്. ഒടിടി റൈറ്റ്‌സ് ഏകദേശം 100 കോടി രൂപയ്ക്കാണ് വിറ്റിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പുരാതനമായ തമിഴ് വാക്കാണ് കങ്കുവ. തീ എന്നാണ് അര്‍ഥം. അതായത് ദഹിപ്പിക്കാന്‍ പോന്ന ശക്തിയുള്ളവനെന്നാണ് കങ്കുവയുടെ അര്‍ഥം. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയതും ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കങ്കുവ 2 2026ല്‍ തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
◾ അജിത്ത് സുകുമാരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ് സിരീസ് ആണ് 'ശാര്‍ദ്ദൂല വിക്രീഡിതം'. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കി. രുദ്ര, ആതിര, പോളി വടക്കന്‍, അന്‍സില്‍ ഫിറോസ്, വര്‍ണ രാജന്‍, രാധേ ശ്യാം, മാര്‍ഗ്ഗരീത്ത ജോസ്സി, ലിന്‍സണ്‍ ജോണ്‍സ് മഞ്ഞളി, രേവതി സുദേവ്, ബാലാജി പുഷ്പ, കെ എം ഇസ്മയില്‍, ആര്‍ എസ് പ്രഭ എന്നിവരാണ് സിരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായികയും ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവുമായ ശ്രേയ എസ് അജിത്ത് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. യുഫോറിയ എ എസ് ബാന്‍ഡിലെ അംഗങ്ങളായ ശ്രേയ എസ് അജിത്, സെറ റോബിന്‍, റോബിന്‍ തോമസ്, ആരന്‍ ഷെല്ലി എന്നിവരാണ് ടൈറ്റില്‍ ഗാനം ആലപിച്ചിരിക്കുന്നത്.
◾ ഹോണ്ട സിബി ഷൈന്‍ വീണ്ടും 125 സിസി സെഗ്മെന്റില്‍ ഒന്നാം സ്ഥാനം നേടി. ഹോണ്ട സിബി ഷൈന്‍ കഴിഞ്ഞ മാസം മൊത്തം 1,40,590 യൂണിറ്റ് മോട്ടോര്‍സൈക്കിളുകള്‍ വിറ്റു. ഇക്കാലയളവില്‍ ഹോണ്ട സിബി ഷൈനിന്റെ വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 66.88 ശതമാനം വര്‍ധനവുണ്ടായി. 2023 ജൂലൈയില്‍, ഹോണ്ട സിബി ഷൈന്‍ മൊത്തം 84,246 യൂണിറ്റ് മോട്ടോര്‍സൈക്കിളുകള്‍ വിറ്റു. വില്‍പ്പന പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബജാജ് പള്‍സര്‍. ഹീറോ എക്സ്ട്രീം 125ആര്‍ മൂന്നാം സ്ഥാനത്താണ്. ടിവിഎസ് റൈഡര്‍ നാലാം സ്ഥാനത്തും. ഹീറോ സ്പ്ലെന്‍ഡര്‍ അഞ്ചാം സ്ഥാനത്തും ഹീറോ ഗ്ലാമര്‍ ആറാം സ്ഥാനത്തുമായിരുന്നു. ബജാജ് ഫ്രീഡം സിഎന്‍ജി ഏഴാം സ്ഥാനത്തും കെടിഎം എട്ടാം സ്ഥാനത്തുമാണ്.
◾ സമാന്തര സാമ്പത്തികവ്യവസ്ഥ സൃഷ്ടിച്ച് ശതകോടികളുടെ അധിപരായി, പുറമേ മാന്യതയുടെ മുഖംമൂടിയണിഞ്ഞ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന സ്വര്‍ണ്ണക്കള്ളക്കടത്തുകാരുടെയും അവരുടെ വഴികളില്‍ ഹോമിക്കപ്പെടുന്ന നിരപരാധികളായ സാധാരണക്കാരുടെയും ജീവിതങ്ങളെ തുറന്നുകാട്ടുന്ന, മെഴുവേലി ബാബുജിയുടെ ഏറ്റവും പുതിയ നോവല്‍. 'കില്ലര്‍ മെറ്റല്‍'. മാതൃഭൂമി. വില 238 രൂപ.
◾ സ്‌കിന്‍ കെയര്‍ തെറാപ്പി മാനസിക സന്തോഷം നല്‍കുന്നതിനൊപ്പം നമ്മുടെ ആത്മവിശ്വസം വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ചര്‍മത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ചിട്ടയായും തുടര്‍ച്ചയായും ചെയ്യുന്ന ചികിത്സകളാണ് സ്‌കിന്‍ കെയര്‍ തെറാപ്പി എന്ന് പറയുന്നത്. ശാരീരികമായി ലഭിക്കുന്ന ഗുണങ്ങള്‍ക്കുപരി സ്‌കിന്‍ കെയര്‍ തെറാപ്പി മാനസിക സന്തോഷം ഉണ്ടാക്കുന്നുവെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ചര്‍മത്തില്‍ ദൃശ്യമാകുന്ന നല്ല മാറ്റങ്ങള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും പോസിറ്റീവാകാന്‍ സഹായിക്കുകയും ചെയ്യുന്നു. ഒരു പഠനത്തില്‍ സ്‌കിന്‍ കെയര്‍ തെറാപ്പി ആളുകളില്‍ 42 ശതമാനം മാനസിക സന്തോഷം നല്‍കുന്നതായി കണ്ടെത്തി. ചര്‍മത്തെ പരിപാലിക്കുമ്പോള്‍ ഫീന്‍-ഗുഡ് ഹോര്‍മോണ്‍ ആയ എന്‍ഡോര്‍ഫിന്‍ പുറപ്പെടുവിക്കുന്നു. ഇത് സമ്മര്‍ദം ഒഴിവാക്കി, സന്തോഷം ഉണ്ടാക്കാന്‍ സഹായിക്കുന്നുവെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ അധികമായാല്‍ അമൃതവും വിഷം എന്ന ചൊല്ല് ഇവിടെയും പ്രയോഗിക്കാം. കാരണം അമിതമായുള്ള സ്‌കിന്‍ കെയര്‍ ബോധം പെര്‍ഫെക്ഷനിസത്തിലേക്ക് നയിക്കും. ഇത് ഉത്കണ്ഠയും സമ്മര്‍ദവും വര്‍ധിപ്പിക്കാം. കൂടാതെ പല ഉത്പ്പന്നങ്ങള്‍ മാറിമാറി ഉപയോഗിക്കുന്നതും അമിതമായി ഉപയോഗിക്കുന്നതും ചര്‍മം നന്നാക്കുന്നതിനെക്കാള്‍ കൂടുതല്‍ മോശമാക്കും. ഇത് മറ്റ് പല ആരോഗ്യാവസ്ഥയിലേക്കും നയിച്ചേക്കാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 83.96, പൗണ്ട് - 110.17, യൂറോ - 92.78, സ്വിസ് ഫ്രാങ്ക് - 98.43, ഓസ്ട്രേലിയന്‍ ഡോളര്‍ - 56.65, ബഹറിന്‍ ദിനാര്‍ - 222.81, കുവൈത്ത് ദിനാര്‍ -274.83, ഒമാനി റിയാല്‍ - 217.09, സൗദി റിയാല്‍ - 22.37, യു.എ.ഇ ദിര്‍ഹം - 22.86, ഖത്തര്‍ റിയാല്‍ - 23.02, കനേഡിയന്‍ ഡോളര്‍ - 62.12
➖➖➖➖➖➖➖➖
Tags:
KERALA