Trending

കൊല്ലത്ത് അനാഥനായി മരിച്ച സലിമിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യവുമായി ബന്ധുക്കൾ.

കൊല്ലം:18 വർഷം അനാഥനായി ജീവിച്ച് 5 മാസം മുമ്പ് മരിച്ച് ബന്ധുക്കളെ കാത്തുകിടന്ന സലീമിനെ തേടി ഒടുവില്‍ ബന്ധുക്കൾ എത്തി.കൊല്ലം ജില്ലാ ആശുപത്രിയിൽ സീനിയർ നഴ്സിംഗ് ഓഫീസറായ സുരഭി മോഹൻ മതാചാരങ്ങൾ നടത്തി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിന് കൈമാറിയ മൃതദേഹം അന്വേഷിച്ചാണ് ബന്ധുക്കൾ എത്തിയത്.

കൊല്ലം ജില്ലാ ആശുപത്രിയിൽവച്ച് മരണപ്പെട്ട 54കാരൻ സലീം കോഴിക്കോട് കാന്തപുരം മൂണോചാലിൽ അയമ്മദ് കുട്ടി - മറിയം ദമ്പതികളുടെ 9-ാമത്തെ മകനായ അബ്ദുൾ സലിം ആണന്ന് സഹോദരൻ സമദ് പറഞ്ഞു.മതപണ്ഡിതനായിരുന്ന സഹോദരൻ മദ്രസ അധ്യാപകനായിരുന്നു.സലിമിന് മാനസിക വിഭ്രാന്തി ഉണ്ടായതിനെ തുടർന്ന് നാട് വിടുകയായിരുന്നു.

പോലീസിൽ പരാതി നൽകി അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായില്ല. കൊല്ലത്തുള്ള സാമൂഹ്യ പ്രവർത്തകർ വഴി വിവരം അറിഞ്ഞാണ് ഭാര്യയും മക്കളും സഹോദരനും കൊല്ലത്ത് എത്തിയത്.ഈസ്റ്റ് പോലീസിൽ എത്തി വിവരങ്ങൾ ധരിപ്പിച്ചിച്ചു.മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തി മൃതദേഹം കണ്ടു.ഇത് തങ്ങൾ അന്വേഷിച്ച് കൊണ്ടിരുന്ന സലീമിൻ്റെതാണന്ന് തിരിച്ചറിഞ്ഞു.ഡി എൻ എ ടെസ്റ്റ് നടത്തി മൃതദേഹം വിട്ടുനൽകണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സലിം മരിച്ചത്.അഞ്ച് മാസമായിട്ടും ഏറ്റെടുക്കാനാരുമെത്താതെ കിടന്ന മൃതദേഹം സര്‍ക്കാര്‍ ഉത്തരവനുസരിച്ച് പഠനാവശ്യത്തിന് വിട്ടുനല്‍കുന്നതിന് മുമ്പ് കുറേ നാള്‍ അന്നമൂട്ടുകയും ആശ്വാസവചനങ്ങള്‍ പറയുകയും ചെയ്ത ബന്ധത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ സലിമീന്‍റെ മതാചാരപ്രകാരം സുരഭി നടത്തുകയായിരുന്നു.കൊല്ലം ജില്ലാ ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസര്‍ പടിഞ്ഞാറേകല്ലട സ്വദേശിനി സുരഭിയാണ് അധികമാരും ചെയ്യാന്‍ താല്‍പര്യപ്പെടാത്ത ആ കര്‍മ്മം നടത്തിയത്.

കഴിഞ്ഞ ഡിസംബറിൽ സുരഭിയുടെ അച്ഛന് പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈസമയത്ത് ആണ് വഴിയോരത്ത് വീണുകിടന്ന സലിമിനെ പൊലീസ് എത്തിക്കുന്നത്.സുരഭിയുടെ പിതാവിന്‍റെ തൊട്ടടുത്തുള്ള കിടക്കയിലാണ് സലീമിനെ കിടത്തിയിരുന്നത്. എല്ലാദിവസവും അച്ഛനെ കാണുവാനും ഭക്ഷണം കൊടുക്കുവാനും പോകുന്ന അവസരത്തിൽ സലീമിനും സുരഭി ഭക്ഷണം കരുതി.കുറേ ദിവസങ്ങൾക്ക് ശേഷം സലിം മരിച്ചു.മൃതദേഹം ഏറ്റുവാങ്ങുവാൻ ആരും എത്താത്തതിനെ തുടർന്ന് മോർച്ചറിയിലേക്ക്‌ മാറ്റി.അന്ന് പൊലീസ്‌ സർജനോട് അവകാശികൾ ആരും തന്നെ എത്തിയില്ലെങ്കിൽ സലീമിന് മതാചാരപ്രകാരമുള്ള മരണാനന്തര കർമ്മങ്ങൾ ചെയ്യുവാൻ തനിക്ക് അവസരം തരണമെന്ന്സുരഭി അഭ്യര്‍ത്ഥിച്ചിരുന്നു.

അഞ്ചുമാസമായി ആരും എത്തിയില്ല.മെയ് 8 ന് സലീമിന്റെ മൃതദേഹം കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിലെ കുട്ടികളുടെ പഠനാവശ്യത്തിനായി നൽകാൻ സർക്കാർ ഉത്തരവായ വിവരം പൊലീസ് അറിയിച്ചു.വിവരമറിഞ്ഞ് സുരഭി കൊല്ലം ജുമാ മസ്ജിദിൽ നിന്നും മതപണ്ഡിതരെ ക്ഷണിച്ചു വരുത്തി മരണാനന്തര കർമ്മങ്ങളും പ്രാർഥനകളും നടത്തിച്ചു.ഇതിന് ശേഷമാണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറിയത്. ഇതിനായി വേണ്ടിവന്ന ചിലവുകള്‍ മുഴുവന്‍‍ സുരഭി നേരിട്ടു വഹിക്കുകയും ചെയ്തു.യാത്രയാക്കുമ്പോള്‍ അനാഥത്വത്തില്‍ മരവിച്ച സലിമിന്‍റെ ഹൃദയത്തിന് സാന്ത്വനമായി മൃതദേഹത്തില്‍ ഒരു കുറിപ്പുണ്ടായിരുന്നു.

ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് കൊല്ലം ബിഷപ്പ് ഹൗസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള ട്രാക്കിന്റെയും ഈ വർഷത്തെ മികച്ച സേവനം കാഴ്ചവച്ച നഴ്സിനുള്ള അവാർഡ്‌ സുരഭി മോഹൻ കരസ്ഥമാക്കിയിട്ടുണ്ട്.പടിഞ്ഞാറേകല്ലട കോതപുരം ആവണി നിലയത്തിൽ റിട്ട. ഹെൽത്ത് ഇൻ സ്പെക്ടർ മോഹനാണ് ഭർത്താവ്.മക്കൾ: ആവണി മോഹൻ നൃത്തഅദ്ധ്യാപികയാണ്.അൽക്ക മോഹൻ കൊല്ലം ജില്ലാ ആശുപത്രിയിലെ രണ്ടാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനിയും.

സുരഭി ചെയ്ത സേവനങ്ങൾ പ്രശംസനീയമെന്നാണ് ബന്ധുക്കൾ പറഞ്ഞത്. എന്നാൽ ജില്ലാ ആശുപത്രിയിലെ സൂപ്രണ്ട് ഉൾപ്പെടെ മൃതദ്ദേഹം വിട്ടുകിട്ടുന്നതിന് വേണ്ടി കുടുംബത്തെ സഹായിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
Previous Post Next Post
3/TECH/col-right