Trending

മണാശ്ശേരിയിൽ വന്‍ മയക്കുമരുന്ന് വേട്ട.

മുക്കം :മണാശ്ശേരിയിൽ 616 ഗ്രാം MDMA യുമായി അഞ്ചുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന താമരശ്ശേരി, പുതുപ്പാടി,എളേറ്റിൽ,ചേളന്നൂർ  സ്വദേശികളാണ് എക്‌സൈസിന്റെ പിടിയിലായത്. 

കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡ് നടത്തിയ നീക്കത്തിലാണ് മയക്കു മരുന്ന് പിടികൂടിയത്. മണാശ്ശേരി ഭാഗത്ത് നടത്തിയ പരിശോധനയിൽ 616.5 ഗ്രാം എംഡിഎംഎ യുമായി താമരശ്ശേരി തച്ചംപൊയിൽ വെളുപ്പാൻചാലിൽ മുബഷിർ (24), പുതുപ്പാടി ബെസ്റ്റ് കൈതപ്പൊയിൽ പുഴങ്കുന്നുമ്മൽ ആഷിക് (34) എന്നിവരാണ് ആദ്യം പിടിയിലായത്. മയക്കുമരുന്ന് കടത്തിയ കെഎൽ 57 യു 3650 നമ്പർ സ്കൂട്ടറും 72500 രൂപയും 2 മൊബൈൽ ഫോണും എക്സൈസ് കസ്റ്റഡിയിലെടുത്തു.

ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മണാശ്ശേരിയിലെ വാടക റൂമിൽ വെച്ച് മൂന്നുപേരെ കൂടി എക്സൈസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി ചുടലമുക്ക് അരേറ്റ കുന്നുമ്മൽ ഹബീബ് റഹ്‌മാൻ (23), എളേറ്റിൽ വട്ടോളി കരിമ്പാ പൊയിൽ ഫായിസ് മുഹമ്മദ് (27), ചേളന്നൂർ പള്ളിയാറപൊയിൽ ജാഫർ സാദിഖ് (28) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 43 ഗ്രാം എംഡിഎംഎ യും 12500 രൂപയും എക്സൈസ് പിടിച്ചെടുത്തു. 

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഗിരീഷ് കുമാർ, എക്സൈസ് കമ്മീഷണർ സ്കോഡ് അംഗം ഷിജുമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Previous Post Next Post
3/TECH/col-right