Trending

അബ്ദുൽ റഹീമിന്റെ മോചനവും,യാചകയാത്രയും സിനിമയാക്കും:ലഭിക്കുന്ന ലാഭം ചാരിറ്റിക്കും;ബോബി ചെമ്മണ്ണൂർ

കോഴിക്കോട്: അബ്ദുൽ റഹീമിന്റെ മോചനത്തിന് പണം കണ്ടെത്താൻ നടത്തിയ യാചകയാത്രയും,അബ്ദുൽ റഹീമിന്റെ ജീവിതവും സിനിമ ആക്കുമെന്ന് ബോബി ചെമ്മണ്ണൂർ. സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശിയ്ക്കായി മലയാളികൾ ഒന്നിച്ചപ്പോൾ പതിനെട്ടു വർഷത്തിന് ശേഷമാണ് റഹീമിന്റെ ജീവിതത്തിലേക്ക് പുതുവെളിച്ചം എത്തുന്നത്. മലയാളികളുടെ നന്മ ലോകത്തിന് മുന്നിലേക്ക് എത്തിക്കുന്നതിനാണ് സിനിമ നിർമ്മിക്കുന്നത്. സംവിധായകൻ ബ്ലസിയുമായി സിനിമയെ കുറിച്ച് സംസാരിച്ചു. പോസറ്റീവ് മറുപടിയാണ് ലഭിച്ചത്. ചിത്രത്തെ ബിസിനസ്‌ ആക്കാൻ ഉദ്ദേശിക്കുന്നില്ല. സിനിമയിൽ നിന്നും ലഭിക്കുന്ന ലാഭം ബോച്ചേ ചാരിറ്റബൾ ട്രസ്റ്റിന്റെ സഹായ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് തീരുമാനമെന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചു.

യെമനിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവർ നിരപരാധി ആണോ എന്ന് അന്വേഷിക്കുന്നുണ്ട്. അവർ തെറ്റു കാരിയാണോ എന്ന കാര്യം അറിയണം. നിജ സ്ഥിതി അറിഞ്ഞ ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കും. അബ്ദുൽ റഹീമിന്റെ മതം നോക്കിയല്ല സഹായിക്കാൻ ഇറങ്ങിയതെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി.

കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുൽ റഹീം കഴിഞ്ഞ 18 വര്‍ഷമായി സൗദിയിൽ ജയിലിൽ കഴിയുകയാണ്. സ്പോണ്‍സറുടെ മകന്‍റെ മരണത്തിന് കാരണക്കാരനായെന്ന കുറ്റത്തിനാണ് അബ്ദുല്‍ റഹീമിന് വധശിക്ഷ വിധിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടി കാറില്‍ വച്ച് അസ്വസ്ഥത കാണിച്ചപ്പോള്‍ സഹായത്തിനെത്തിയ അബ്ദുല്‍റഹീമിന്‍റെ കൈതട്ടി കഴുത്തില്‍ ഘടിപ്പിച്ചിരുന്ന ജീവന്‍രക്ഷാ ഉപകരണം നിലച്ചുപോയി. ഇതാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. 34 കോടി രൂപ മോചന ദ്രവ്യം നൽകിയാൽ വധ ശിക്ഷയിൽ നിന്ന് രക്ഷ നേടാമെന്ന് കുടുംബം അറിയിച്ചതോടെയാണ് മലയാളികളൊന്നാകെ അബ്ദുൽ റഹീമിന്റെ മോചനത്തിനായി കൈകോർത്തത്. 34 കോടി രൂപയും സമാഹരിച്ചു.

എല്ലാ ചെറുപ്പക്കാരെയും പോലെ നിറമുള്ള ജീവിതസ്വപ്നങ്ങളുമായാണ് ഫറോക്ക്, കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ അബ്ദുറഹീം എന്ന ഇരുപത്തിയാറുകാരൻ 2006 നവംബർ 28-ന് റിയാദിലെത്തുന്നത്. സ്‌പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽഷെഹ്‌രിയുടെ മകനായ ശാരീരിക ബുദ്ധിമുട്ടുള്ള ബാലൻ അനസി അൽഷെഹ്‌രിയുടെ പരിചരണമാണ് ഹൌസ് ഡ്രൈവർ ജോലിക്കൊപ്പം കാത്തിരുന്നത്. തലക്ക് താഴെ സ്വയം ചലിപ്പിക്കാനാവാത്ത ശരീരമാണ് സ്പോൺസറുടെ മകൻ അനസിനുള്ളത്. ഭക്ഷണവും വെള്ളവുമൊക്കെ കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെ മാത്രം നൽകാനാവുന്ന പ്രത്യേക അവസ്ഥ. റഹീമിനാകട്ടെ ഇത്തരം അവസ്ഥയിലുള്ളവരുടെ രോഗി പരിചരണത്തെകുറിച്ചൊ ഒന്നും യാതൊരു മുൻപരിചയവുമില്ലായിരുന്നു.അനസിനെ വീൽ ചെയറിൽ ഇരുത്തി വീടിനു പുറത്തും കടകളിലുമൊക്കെ കൊണ്ടുപോവുകയും ആവശ്യമായ സാധനങ്ങൾ വാങ്ങിച്ചു തിരിച്ചു വീട്ടിൽ കൊണ്ടുവരികയുമൊക്കെ ഇടയ്ക്കിടെ പതിവുണ്ടായിരുന്നു. ഇങ്ങനെയൊക്കെയാണങ്കിലും ഇടക്കിടെ പ്രകോപിതനാവുന്ന സ്വഭാവം അനസിനുണ്ടായിരുന്നു.

2006 ഡിസംബർ 24ന് റിയാദിലെ ഷിഫയിലുള്ള വീട്ടിൽ നിന്നും അസീസിയയിലെ പാണ്ട ഹൈപ്പർമാർക്കറ്റിലേക്കുള്ള യാത്രയാണ് റഹീമിന്റെ ജീവിതത്തിൽ കരിനിഴൽ പടർത്തിയത്.അന്നു മുതൽ തുടങ്ങുകയായിരുന്നു ഇക്കരെ കേരളത്തിലെ ഒരു കൊച്ചുവീട്ടിനുള്ളിൽ ചങ്കുപൊട്ടി കണ്ണീരിൽ കുതിർന്ന നിസ്സഹായയായ ഫാത്തിമ ഉമ്മയുടെ 18 വർഷമായി മകനുവേണ്ടി തുടർന്ന കാത്തിരിപ്പ്. സുവൈദിയിലെ ട്രാഫിക് സിഗ്‌നലിൽ യാതൊരു കാരണവുമില്ലാതെ അന്ന് അനസ് വഴക്കിട്ടു.ട്രാഫിക് സിഗ്നൽ നോക്കാത മറികടന്ന് പോകണമെന്ന് ആവർത്തിച്ച് അനസ് ബഹളം വെച്ചു. നിയമലംഘനം നടത്താൻ തനിക്കാവില്ലെന്നാണ് റഹീം ആവർത്തിച്ചു പറഞ്ഞത്.വാഹനവുമായി അടുത്ത സിഗ്‌നലിൽ എത്തിയതോടെ പിൻസീറ്റിലുണ്ടായിരുന്ന അനസ് വീണ്ടും പഴയപടി വല്ലാതെ ബഹളം ആരംഭിച്ചു.പറഞ്ഞു ബോധ്യപ്പെടുത്താൻ പിറകിലേക്ക് നോക്കിയ റഹീമിന്റെ മുഖത്തേക്ക് അനസ് പലവട്ടം തുപ്പി. തുപ്പുന്നത് തടയാൻ ശ്രമിച്ച റഹീമിന്റെ കൈ ഇതിനിടെ അബദ്ധത്തിൽ അനസിന്റെ കഴുത്തിലെ ഉപകരണത്തിൽ തട്ടി. അതേ തുടർന്ന് അനസ് ബോധരഹിതനായി. യാത്ര തുടരുമ്പോൾ പിൻസീറ്റിൽ നിന്നും ഒച്ചപ്പാടും ബഹളവുമൊന്നും കേൾക്കാത്തതിനെ തുടർന്ന് റഹീം പരിശോധിച്ചപ്പോഴാണ് ചലനമറ്റ് കിടകകുന്ന അവസ്ഥയിലാണ് അനസിനെ കാണുന്നത്. 

Previous Post Next Post
3/TECH/col-right