Trending

ഇത് സഹനത്തിൻ്റെയും ജാഗ്രതയുടെയും ഈദുൽ ഫിത്വർ: ഡോ. ഇസ്മാഈൽ മുജദ്ദിദി

ശവ്വാലമ്പിളി വാനിൽ തെളിഞ്ഞതിനാൽ 29 വ്രതനാളുകൾക്ക് പിറകെ വിശ്വാസികൾ  ചെറിയപെരുന്നാൾ ആഘോഷിക്കുകയാണ്. കുഞ്ഞിളം കരങ്ങളിൽ നിറംപിടിപ്പിച്ച മൈലാഞ്ചിച്ചുകപ്പിൻ്റെയും,പുത്തനുടുപ്പിൻ്റെ പ്രൗഢിയുടെയും ഉമ്മമാരുടെ അപ്പത്തരങ്ങളുടെയും ഈദുൽ ഫിത്വർ. സംഘടിത നമസ്കാരത്തിൻ്റെയും തക്ബീറിൻ്റെ ഇശലുകളുടെയും ഫിത്വർ സക്കാത്തിൻ്റെയും നിറഞ്ഞ സ്മൃതികൾ ചെറിയ പെരുന്നാളിനെ നിറം പകരുന്നു.  പുത്തനുടുപ്പുകളിൽ അത്തറ് പൂശി വിരുന്നു സൽക്കാരങ്ങളിൽ ലയിച്ച് അയൽപക്ക ബന്ധങ്ങളും കുടുംബ ബന്ധങ്ങളും ഊട്ടിയുറപ്പിക്കാനൊരു ദിനം.

ഇന്നലെ വരെ നിർബന്ധമായിരുന്ന വ്രതം ഇന്ന് നിഷിദ്ധമാണ്. അനുഷ്ഠാനങ്ങളുടെ ഗതി മാറ്റത്തിൻ്റെ വേഗം വളരെ പ്രകടമാണ്. ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ച് പ്രഭാതം മുതൽ പ്രദോഷം വരെ സ്രഷ്ടാവിൻ്റെ കൽപനകൾ ശിരസാവഹിച്ച് കഴിഞ്ഞ ഉപവാസത്തിൻ്റെ ദിനങ്ങൾ. പട്ടിണിയുടെ തീക്ഷ്ണത മനസിലാക്കാനും ആർദ്രമായ മനസിനെ പാകപ്പെടുത്താനും വിശ്വാസിക്ക് സാധിച്ചു. അത് നിലനിറുത്താനും വീഴ്ചകളിൽ നിന്ന് സ്വയം നിയന്ത്രിക്കാനും കഴിയുമ്പോഴാണ് അവൻ്റെ വ്രതം സാധുവായോ എന്ന് നിർണയിക്കപ്പെടുന്നത്.
   
ഈ നോമ്പുകാലത്തെ നോവുന്ന ഓർമകൾ ഏറെ പങ്കുവയ്ക്കാനുണ്ട്. ഗസ്സയിലെ ആ നോവുകളുടെയും ഇന്ത്യയുടെ ഭരണ കേന്ദ്രങ്ങൾ ഉയർത്തുന്ന
ഭീതിതമായ സന്ദേശങ്ങളെക്കുറിച്ചുള്ള സന്ദേഹങ്ങളുടെയും പെരുന്നാളാണിത്. ഇസ്രായേലിൻ്റെ മിസൈലുകളും ബോംബുകളും ഫലസ്തീനിൻ്റെ മേൽ അശാന്തിയുടെ പർവം തീർത്തു. ഒക്ടോബർ 7 ലെ ത്വൂഫാനുൽ അഖ്സ (അൽ അഖ്സ പ്രളയം )ക്കു ശേഷം പതിനായിരക്കണക്കിന് മയ്യിത്തുകൾ ഗസ്സ മുനമ്പിൽ കുന്നുകൂടി. മനുഷ്യ കബദ്ധങ്ങൾ ഒന്നിച്ച് കുഴിമാടങ്ങളിലിട്ട് മണ്ണിട്ട് മൂടി ആഹ്ലാദനൃത്തം ചവിട്ടുന്ന ജൂത സൈനികർഒരു വശത്ത്. മറുവശത്ത് അമേരിക്കയും ബ്രിട്ടനും തകൃതിയായി ആയുധവിൽപന നടത്തി
ആഗോള ഭീമന്മാരായി വിലസുന്നു.  ലോക പൊലീസിൻ്റെ ഗൂഢാനോചനകളുടെ പ്രതിഫലനമാണവിടെ കണ്ടത്. 

കഴിഞ്ഞ വർഷങ്ങളിലെ റമദാനിൽ പതിനൊന്ന് ദിവസം തുടർച്ചയായി ഫലസ്തീനിനു മേൽ വർഷിച്ച ഇസ്റായേലിൻ്റെ ആയുധങ്ങൾ തീർത്ത ദുരിതങ്ങൾ ലോകം കണ്ടതാണ്. ഒരാണ്ടറുതിയോടെ പിന്നെ വന്ന റമദാനിലും വെള്ളിയാഴ്ച പ്രാർത്ഥനക്കു നേരെ ചീറിയടുത്ത ജൂത സൈനികർ കശാപ്പിനു കാലികളെ പിടിക്കുന്ന ലാഘവത്തോടെയാണ് ഫലസ്തീൻ പൗരൻമാരെ പൂട്ടിട്ട് കൊണ്ടു പോയത്. ഈ വർഷവും സ്വതന്ത്ര ഫലസ്തീനിനായി ചെറുത്തു നിൽക്കുന്ന ഒരു ജനത. അവിടെ സ്ത്രീകളും കുട്ടികളും യുദ്ധങ്ങൾക്ക് ഇരയാക്കപ്പെടുന്നത് തടയാൻ ആരുമില്ല. ചോദ്യം ചെയ്യാൻ ഏജൻസികളില്ല. വിശുദ്ധമായ പള്ളിക്കകത്തും വെടിവെച്ച് നൃത്തമാടുന്ന കാട്ടാളരെയും രക്ഷസന്മാരെയും നാം മീഡിയകളിലൂടെ കണ്ടു. 

കിടപ്പാടവും ഭൂമിയും ഐഡൻ്റിറ്റിയുമില്ലാത്ത കുടിയിറക്കപ്പെട്ട ലക്ഷക്കണക്കിനു ജനത മുഴുപ്പട്ടിണിയിൽ അമരുമ്പോൾ രക്ത സാക്ഷിത്വം കൊതിച്ചു കല്ലും വടികളുമായി നിരായുധരായി പ്രതിരോധിക്കുകയാണ് ഇരകൾ. എത്രയോ നിരപരാധികളായ ഉമ്മമാർ, കാലിൽ ചുവട്ടിലെ ചുകപ്പ് മായാത്ത കുഞ്ഞുങ്ങൾ, ഗർഭിണികൾ എല്ലാവരും ബോംബ് വർഷങ്ങളിൽ കരിഞ്ഞമർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് വലിച്ചെടുക്കാനാകാതെ അഴുകിയ മൃതദേഹങ്ങൾ...ലോകമൊട്ടും മുഴങ്ങിയ പ്രതിഷേധങ്ങളോ ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പുകളോ ചെവിക്കൊള്ളാതെ മദയാനയെപ്പോലെ കയറി നിരങ്ങുന്ന നെതന്യാഹുവിൻ്റെ സൈനികർ യുദ്ധക്കുറ്റത്തിന് പുറത്താക്കപ്പെടേണ്ടവരാണ്. ആ മണ്ണിൽ ഭിഷഗ്വരന്മാരും നഴ്സുമാരുമായി, ഉണർവയും റഡ്ക്രസൻറും റഡ് ക്രോസും നിരവധി ജീവനുകളെ ബലി നൽകി. ലക്ഷക്കണക്കിനു ജനത അംഗഛേദം ചെയ്യപ്പെട്ട് ഒരായുസ് മുഴുവൻ യുദ്ധത്തിൻ്റെ ഇരകളാകുന്നു. 

കൊടും ഭീകരമാണ് ദൃശ്യങ്ങൾ ഓരോന്നും. അൽജസീറ ഉൾപെടെയുള്ള മാധ്യമങ്ങളെ ഇസ്രായേലിൽ നിരോധിച്ചിരിക്കുന്നു. മിണ്ടുന്നവരുടെ വായടക്കാനുള്ള വ്യഗ്രഥയിലാണ് ഭരണകൂടം. കൊല്ലപ്പെട്ട പത്രമാധ്യമ പ്രവർത്തകർ നൂറുക്കണക്കിനു വരും.അവരുടെ കുടുംബത്തെപ്പോലും തെരഞ്ഞുപിടിച്ചു കൊന്നു. പക്ഷെ, നെതന്യാഹുവിൻ്റെ രാജി തേടി തടവിലാക്കപ്പെട്ടവരുടെ ബന്ധുക്കൾ നടത്തുന്ന സമരത്തിൽ ആഭരണ കൂടം അമർച്ച ചെയ്യപ്പെടാൻ ഇനി നാളുകളില്ല. ലോകം ആ വാർത്തക്കായി കാതോർക്കുന്നു.
     
നമ്മുടെ പരിസരങ്ങളിലും വിഷലിപ്തമായ പ്രഘോഷണങ്ങളാണ് അരങ്ങേറുന്നത്. മതസൗഹാർദവും സാഹോദര്യവും നശിപ്പിക്കുന്ന പരാമർശങ്ങൾ... ജനാധിപത്യ പ്രക്രിയകളെ നിഷ്ക്രിയമാക്കി സ്വേഛാധിപത്യം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാറിൻ്റെ ശ്രമങ്ങൾ... ആളുകൾ സംശയത്തോടെ നോക്കാനും പരസ്പര വിശ്വാസം നഷ്ടപ്പെടാനുമിടവരുന്ന ദുഷിച്ച പ്രയോഗങ്ങളാണ് മുഴങ്ങിക്കേൾക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ മനുഷ്യത്വത്തെ ഹനിക്കാനും വർഗീയത പടർത്താനുമേ ഉപകരിക്കുകയുള്ളൂ. തെരഞ്ഞെടുപ്പിലെ ബാലറ്റ് ഇന്ത്യൻ പൗരന്മാരുടെ കൈകളിൽ ധിഷണാശാലികൾ ഏൽപിച്ചു പോയ ഇരുതലമൂർച്ചയുള്ള ആയുധമാണ്. രാജ്യത്തിൻ്റെ സ്വത്വം നിലനിർത്താൻ വികാരത്തിനു പകരം വിവേകത്തോടെ കൈകാര്യം ചെയ്യാനുള്ള വിചിന്തനമാകട്ടെ ശവ്വാലമ്പിളി നൽകുന്ന സന്ദേശം

അല്ലാഹു അക്ബർ..... വലില്ലാഹിൽ ഹംദ്
Previous Post Next Post
3/TECH/col-right