കഴിഞ്ഞ മാസം കേരളത്തിൽ മാത്രം നടപ്പാക്കുകയും പിന്നീട് താൽക്കാലികമായി മരവിപ്പിക്കുകയും ചെയ്ത പെട്രോൾ വാഹനങ്ങളുടെ പുതിയ രീതിയിലുള്ള പുകപരിശോധന പ്രായോഗികമല്ലെന്ന് അസോസിയേഷൻ ഓഫ് ഓതറൈസ് ടെസ്റ്റിങ് സ്റ്റേഷൻ ഫോർ മോട്ടോർ വെഹിക്കിൾസ് കേരള ഭാരവാഹികൾ.
പുതിയ രീതിയിലുള്ള പുകപരിശോധന ബുധനാഴ്ച തിരുവനന്തപുരത്ത് പ്രത്യേകം പരിശോധിക്കുകയുണ്ടായി. എട്ട് ഇരുചക്ര വാഹനങ്ങളിൽ പരിശോധന നടന്നതിൽ ഏഴ് വാഹനങ്ങൾ പരാജയപ്പെട്ടു. ഷോറൂമിൽനിന്ന് എത്തിച്ച താൽക്കാലിക രജിസ്ട്രേഷനുള്ള 12 കിലോമീറ്റർ മാത്രം ഓടിയ ഇരുചക്ര വാഹനം മാത്രം പാസ് ആയി. സംയുക്ത പരിശോധനയിൽ പരാജയപ്പെട്ട വാഹനങ്ങളുടെ കാർബൺ മോണോക്സൈഡിന്‍റെയും ഹൈഡ്രോ കാർബണിന്റെയും അളവ് കേന്ദ്രനിയമത്തിൽ പറയുന്ന മലിനീകരണ നിയന്ത്രണ പരിധിക്കുള്ളിലുമായിരുന്നു.
അപ്രായോഗികമായ ഈ പരിശോധനരീതി നടപ്പാക്കിയാൽ കേരളത്തിലെ ഏറിയ പങ്ക് ഇരുചക്ര-മുച്ചക്ര പെട്രോൾ വാഹനങ്ങൾ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ല എന്ന കാരണത്താൽ നിരത്തിലിറക്കാനാവാതെ വരുമെന്ന് അവർ പറഞ്ഞു. ഇപ്പോൾ തുടരുന്ന പുകപരിശോധന രീതി നിലനിർത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
Tags:
KERALA