Trending

കോഴിക്കോട്-വയനാട് സംസ്ഥാന റോഡിൽ പൊടുന്നനെ ഗർത്തം, പിന്നാലെ അഗ്നിപർവത സ്‌ഫോടനം പോലെ ജലപ്രവാഹം.

കോഴിക്കോട്: ഇന്നലെ വൈകീട്ട് 5.30ഓടെയാണ് കുന്ദമംഗലം പന്തീര്‍പാടം ജംഗ്ഷനിലുണ്ടായിരുന്ന നാട്ടുകാരെയും കച്ചവടക്കാരെയും യാത്രക്കാരെയും ഞെട്ടിത്തരിപ്പിച്ചുകൊണ്ടാണ് സംഭവം.


റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും അഗ്നിപര്‍വ്വത സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടാകുന്ന ലാവാ പ്രവാഹം പോലെ കുടിവെള്ളം ഒരു തെങ്ങോളം ഉയരത്തില്‍ കുതിച്ചുയരുകയുമായിരുരന്നു. ഒരു നിമിഷം ജനങ്ങള്‍ സ്തബ്ധരായെങ്കിലും കോഴിക്കോട് - വയനാട് സംസ്ഥാന പാതയിലുണ്ടായ ഈ സംഭവം മറ്റ് അപകടങ്ങളിലേക്ക് വഴിമാറാതിരിക്കാന്‍ ഇവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.


നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നതിനിടയിലാണ് ഞെട്ടലുളവാക്കുന്ന ഈ സംഭവം നടന്നത്. വാഹനങ്ങളെ പരമാവധി അരികിലൂടെ കടത്തിവിട്ട് നാട്ടുകാര്‍ ഗതാഗതം നിയന്ത്രിക്കുകയായിരുന്നു.ജലജീവന്‍ മിഷന്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. തുടര്‍ന്ന് നാട്ടുകാര്‍ പതിമംഗലം ആമ്പ്രമ്മല്‍ കോളനിയിലുള്ള കുടിവെള്ള പദ്ധതിയുടെ ടാങ്ക് ഓപറേറ്ററെ സമീപിച്ച് വിവരം അറിയിക്കുകയായിരുന്നു. ഇയാള്‍ വാല്‍വ് പൂട്ടിയെങ്കിലും ഒന്നര മണിക്കൂറോളം ഇതേ അവസ്ഥയില്‍ വെള്ളം കുതിച്ചൊഴുകുകയായിരുന്നു. രാത്രി ഏഴ് മണിയോടെയാണ് ഇതില്‍ ശമനമുണ്ടായത്. 

വൈദ്യുതി ലൈനില്‍ തട്ടുന്ന തരത്തില്‍ വെള്ളം ഉയര്‍ന്നതിനാല്‍ കെ എസ് ഇ ബി അധികൃതരെത്തി ലൈന്‍ ഓഫാക്കിയിരുന്നു. കുന്നമംഗലം പോലീസും സ്ഥലത്തെത്തി സമീപത്തായി ഡിവൈഡറുകള്‍ സ്ഥാപിച്ചു. വിവരം അറിയിച്ചിട്ടും വാട്ടര്‍ അതോറിറ്റിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്താത്തത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ഇതിന് മുന്‍പും പന്തീര്‍പാടത്ത് ആറോളം തവണ ഇത്തരത്തില്‍ കുടിവെള്ള പൈപ്പ് പൊട്ടിയതായി നാട്ടുകാര്‍ പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാത്തതും പരിചയമില്ലാത്ത ജോലിക്കാരെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി ഉപയോഗിച്ചതുമാണ് നിരന്തരം പൈപ്പ് പൊട്ടുന്നതിന് കാരണമാകുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Previous Post Next Post
3/TECH/col-right