കൊടിയത്തൂർ : വെസ്റ്റ് കൊടിയത്തൂർഗ്രാമം ഞായറാഴ്ച ഉത്സവലഹരിയിലായിരുന്നു. നാട്ടിൽ സഞ്ചാരയോഗ്യമായ ഒരു റോഡ് ഉണ്ടാക്കാനാണ് നാട്ടുകാർ റോഡ് കല്യാണം നടത്തിയത്. നാട്ടുകാർ രൂപവത്കരിച്ച വികസനസമിതിയാണ് സംഘാടകർ. പഴയകാല കുറിക്കല്യാണം മാതൃകയിൽ വെസ്റ്റ് കൊടിയത്തൂർ അങ്ങാടിയാണ് കല്യാണത്തിന് വേദിയായത്.
പ്രദേശത്തെ 500-ഓളം കുടുംബങ്ങൾ പങ്കാളികളായി. സൗകര്യത്തിനായി 15 -ഓളം കൗണ്ടറുകളാണ് പ്രദേശംതിരിച്ച് പണംസ്വീകരിക്കാൻ ഒരുക്കിയത്. ഈന്തിലയും തെങ്ങോലയുംകൊണ്ട് കെട്ടിയുണ്ടാക്കിയ പഴയ മാതൃകയിലുള്ള ചായമക്കാനിയും ചിക്കൻ ബിരിയാണിയുമുണ്ടായിരുന്നു. പ്രത്യേകം തയ്യറാക്കിയ വേദിയിൽ ഗാനവിരുന്നും കല്യാണത്തിന് കൊഴുപ്പേകി
കൊടിയത്തൂർ പഞ്ചായത്തിലെ 13, 14, 16 വാർഡുകളിലുള്ളവരാണ് പങ്കെടുത്തത്. 40 വർഷമായി റോഡിനായി കാത്തിരുന്നുമടുത്തു. ഒടുവിൽ നാട്ടുകാർ വികസനസമിതി രൂപവത്കരിച്ച് റോഡുണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു. തീരുമാനം പ്രഖ്യാപിച്ചതുതന്നെ മുഴുവൻജനങ്ങളും പങ്കെടുത്ത വിളംബരജാഥയോടെയാണ്. 107 കുടുംബങ്ങൾ റോഡുണ്ടാക്കാൻ സൗജന്യമായി സ്ഥലം വിട്ടുനൽകിയതും മറ്റൊരുമാതൃകയാണ്. റോഡിനുവേണ്ടി പൊളിച്ച മതിലുകളും ഗേറ്റുകളുമൊക്കെ സ്ഥലം വികസനസമിതിയാണ് കെട്ടിക്കൊടുക്കുന്നത്. റോഡ് പ്രവൃത്തിക്കും മതിൽകെട്ടാനുമായി 60 ലക്ഷത്തോളം രൂപവേണം. ഇതിനുതികയാത്ത സംഖ്യ സമാഹരിക്കാനാണ് റോഡ് കല്യാണം നടത്തിയത്.
വികസനസമിതി ചെയർമാൻ എം.ടി. റിയാസ് നാട്ടുകാരായ പ്രവാസികളിൽനിന്ന് സഹായംതേടി ഒരു മാസത്തോളമായി ഗൾഫിലാണുള്ളത്. കോഴിക്കോട്- മാവൂർ-എരഞ്ഞിമാവ് സംസ്ഥാന പാതയിലേക്കെത്തുന്ന ആറുമീറ്റർ വീതിയുള്ള റോഡാണ് നിർമിച്ചതെന്ന് വികസനസമിതി കൺവീനർ വി.സി. രാജനും ട്രഷറർ കെ. അബ്ദുല്ലയും പറഞ്ഞു
Tags:
KOZHIKODE