Trending

ഒമിക്രോൺ വ്യാപനം:ജലദോഷത്തെ പോലും നിസാരമായി കാണരുത്.

ന്യൂഡൽഹി : മഹാമാരി തീർത്ത ഭീതിയിൽ നിന്ന് നമ്മൾ സാധാരാണ ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും കോവിഡിന്റെ വകഭേദങ്ങൾ പിന്നാലെയുണ്ട്. പുതുതായി വ്യാപിക്കുന്ന ഒമിക്രോൺ ജെ.എൻ-1 ഉപവകഭേദത്തെ നിസാരമായി കാണരുതെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.

ഓരോ ദിവസവും പിന്നിടുമ്പോഴും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുന്നുവെന്നാണ് കണക്കുകൾ.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 594 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. അതിൽ 300 പേർ കേരളത്തിൽ നിന്നുള്ളവരാ​ണെന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റ കണക്ക്.

തണുപ്പ് കാലം ആരംഭിച്ചതോടെ കോവിഡ് വ്യാപനം കൂടാനും ശ്വാസകോശ സംബന്ധമായ രോഗബാധിതരുടെ എണ്ണം വർദ്ധിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ ജാഗ്ര​തയോടെ നീങ്ങണമെന്ന് മുന്നറിയിപ്പ് നൽകുന്നത്.

പലയിടങ്ങളിലും ശ്വാസകോശ സംബന്ധമായ രോഗബാധിതരുടെ എണ്ണം വർദ്ധിക്കാനിടയാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.ജലദോഷമായി കോവിഡിനെ തള്ളിക്കളയരുതെന്ന് ലോകാരോഗ്യ സംഘനയുടെ മുൻ ചീഫ് സയന്റിസ്റ്റായ ഡോ.സൗമ്യ സ്വാമിനാഥൻ എൻ.ഡി.ടി.വിയോട് പറഞ്ഞു. രോഗബാധിതരിൽ ദീർഘകാല പ്രത്യാഘാതങ്ങൾ പ്രകടമാകാനിടയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ന്യുമോണിയ ബാധിച്ച പലരും കോവിഡ് പോസിറ്റീവ് ആയി മാറുന്നുണ്ട്.

കോവിഡ് ബാധിച്ചവരിൽ ഹൃദയാഘാതം, പ്രമേഹം, ഡിമെൻഷ്യ, വിഷാദം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ലോകമെമ്പാടുമുള്ള കണക്കുകൾ വ്യക്തമാകുന്നു. അതിനൊപ്പം മാനസികാരോഗ്യ പ്രശ്നങ്ങൾ, നീണ്ടുനിൽക്കുന്ന ക്ഷീണം, പേശി വേദന, സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള കഴിവില്ലായ്മ തുടങ്ങിയവയും പ്രകടമാകുന്നുണ്ട്.

കോവിഡ് ബാധിക്കാതിരിക്കാനുള്ള ജാഗ്രതയും കരുതലുമെടുക്കുന്നതാണ് ഉചിതം. മാസ്ക് ധരിക്കുന്നത് ശീലമാക്കണം. ആൾക്കൂട്ടത്തിലും പൊത​​ുയിടങ്ങളിലും പൊതുവാഹനങ്ങളിലു​മെല്ലാം മാസ്ക് ധരിക്കുന്നത് ഒരു പരിധിവ​രെ രോഗത്തിൽ നിന്ന് രക്ഷിക്കും. അടഞ്ഞ മുറികളിലും മാസ്ക് നിർബന്ധമാക്കണം.

ലക്ഷണങ്ങൾ:

പനി, ചുമ, മണം, രുചിക്കുറവ് എന്നിവയാണ് ജെഎൻ.1 വകഭേദത്തിന്റെ ലക്ഷണങ്ങൾ. ഉയർന്ന പനി, ശ്വാസതടസം, ക്ഷീണം, ഭക്ഷണം കഴിക്കാനുള്ള കഴിവില്ലായ്മ, ഛർദ്ദിക്കാനുള്ള പ്രവണത എന്നിവയും ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങളുള്ളവരെ പരിചരിക്കുന്നവരും മാസ്ക് ധരിക്കുന്നത് രോഗവ്യാപനം കുറക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
Previous Post Next Post
3/TECH/col-right