തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായേക്കും. തുലാവര്‍ഷം ആരംഭിച്ചതിന് പിന്നാലെ അറബിക്കടലില്‍ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിൻ്റെ പ്രഭാവവും കൂടിയായതോടെയാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാകുന്നത്.
തെക്ക് പടിഞ്ഞാറൻ അറബിക്കടലിന് മുകളില്‍ തേജ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുകഴിഞ്ഞെന്ന് ഇന്നലെ തന്നെ കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. 'തേജ്' ഇന്ന് അതി തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്.
ഒക്ടോബര്‍ 21 മുതല്‍ 25 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് 8 ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
22.10.2023 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്
23.10.2023 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്
24.10.2023 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം
25.10.2023 : കൊല്ലം, തിരുവനന്തപുരം, , പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്
എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
പ്രത്യേക ജാഗ്രത നിര്‍ദ്ദേശം
കേരളത്തില്‍ വരും ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണ്.
Tags:
KERALA