കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതൽ പേരെ കണ്ടെത്തി. 950 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്.പരിശോധനയ്ക്ക് അയച്ച 11 സാമ്പിളുകളുടെ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.ഇന്നലെ സാംപിളുകൾ അയച്ച ആരോഗ്യപ്രവർത്തകരായ 30 പേരിൽ രണ്ടുപേർക്ക് രോഗലക്ഷണമുണ്ട്. 15 എണ്ണം ഹൈ റിസ്‌ക് പട്ടികയിലുള്ളവരാണ്.
ഇന്ന് മുതൽ ഫീൽഡ് പരിശോധനകൾ നടത്തും. ചെന്നൈയിൽനിന്നുള്ള ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം വവ്വാലുകളുടെ സാംപിൾ ശേഖരണം തുടങ്ങും. തിരുവള്ളൂര്‍ പഞ്ചായത്തിലെ 7,8,9 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി.
സമ്പര്‍ക്കപ്പട്ടിക കണ്ടെത്താന്‍ പൊലീസും രംഗത്തിറങ്ങും. രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനായി പൊലീസിന്റെ സഹായം തേടാന്‍ ആരോഗ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിലാണു തീരുമാനമുണ്ടായത്. ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി.
ഓഗസ്റ്റ് 29ന് പുലർച്ചെ 2.15 മുതൽ 3.45 വരെ ഇഖ്റ ആശുപത്രിയിലെത്തിയവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണം. കൺട്രോൾ റൂം നമ്പറുകൾ : 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100
നിപ്പ ആശങ്കകൾ പരിഹരിക്കാനായി തുറന്ന കോൾ സെന്ററിൽ ഇന്നലെ വന്നത് 177 ഫോൺകോളുകൾ. ഇതോടെ ഇതുവരെ 503 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു. 153 പേർക്കാണ് മാനസിക പിന്തുണ നൽകിയത്.
Tags:
HEALTH