Trending

ഇത് ഇന്ത്യയുടെ ചരിത്രവിജയം:ചന്ദ്രനെ ചുംബിച്ച് ചന്ദ്രയാൻ

ചന്ദ്രനില്‍ ചന്ദ്രയാന്‍ 3 വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തി.കൃത്യം വൈകിട്ട് 6.04ഓടെ ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് പൂര്‍ത്തിയാക്കി.ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാന്‍ 3 മാറി. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. 5.45 മുതലായിരുന്നു ലാന്‍ഡിങ് പ്രക്രിയ ആരംഭിച്ചത്.എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഓഗസ്റ്റ് 27ലേക്ക് ലാന്‍ഡിങ് മാറ്റാനായിരുന്നു തീരുമാനമുണ്ടായിരുന്നെങ്കിലും ഇന്ന് തന്നെ ലാന്‍ഡിങ് നടത്താന്‍ കഴിയുമെന്ന് ഐഎസ്‌ആര്‍ഒ വ്യക്തമാക്കിയിരുന്നു. നേരത്തെ നിശ്ചയിച്ചുറപ്പിച്ച സ്ഥാനത്ത് തന്നെ ലാന്‍ഡിങ് വിജയകരമായി ലാന്‍ഡര്‍ പൂര്‍ത്തിയാക്കി.

ലാന്‍ഡിങിന്റെ ഭാഗമായുള്ള എഞ്ചിന്റെ പ്രവര്‍ത്തനം മൂലം ഉയര്‍ന്നുപൊങ്ങുന്ന പൊടിപടലങ്ങള്‍ അടങ്ങിയതിന് ശേഷം ലാന്‍ഡറിലെ റാംബ് തുറക്കുകയും അത് വഴി പ്രജ്ഞാന്‍ റോവര്‍ പുറത്തുവരികയും ചെയ്യും. റോവറും ലാന്‍ഡറും പരസ്പരം ചിത്രങ്ങള്‍ എടുത്ത് ഭൂമിയിലേക്ക് അയക്കും. ചന്ദ്രനില്‍ നിന്നുള്ള ഇന്ത്യയുടെ ആദ്യ ചിത്രങ്ങള്‍. ഇതോടുകൂടി യഥാര്‍ത്ഥ ശാസ്ത്ര പര്യവേക്ഷണ ദൗത്യങ്ങള്‍ക്ക് തുടക്കമാവും.

അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന്‍ എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇതിന് മുന്‍പ് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയിട്ടുള്ളത്. ലാന്‍ഡറും റോവറും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക. ഒരു ലൂണാര്‍ ദിനം അതായത് ഭൂമിയിലെ 14 ദിവസം മാത്രമേ ഇവ പ്രവര്‍ത്തിക്കൂ.
Previous Post Next Post
3/TECH/col-right