Trending

ചെങ്കണ്ണ് രോഗം വ്യാപകം; സ്കൂളിൽ ഹാജർ നില കുറവ്

കോഴിക്കോട്:ജില്ലയില്‍ പലയിടങ്ങളിലും ചെങ്കണ്ണ് രോഗം വ്യാപകമാകുന്നു. ഇതു മൂലം സ്കൂളിലും ,ഓഫിസുകളിലും ഹാജർ നില കുറവാണ്.പലരും സർക്കാർ ആശുപത്രി കളിൽ ചികിത്സ തേടിയെത്താത്തതിനാൽ രോഗ വ്യാപ്തിയെ കുറിച്ച് അധികൃതരുടെ പക്കൽ വ്യക്തമായ കണക്കുകൾ ലഭ്യമല്ല.മിക്ക രോഗികളും കണ്ണാശുപത്രികളെയും, ഒറ്റമൂലി ചികിത്സ യുമാണ് അവലംബിക്കുന്നത്.

കണ്ണിനകത്ത് കടും ചുവപ്പു നിറം, പോളകളില്‍ തടിപ്പ്, കണ്ണില്‍നിന്ന് വെള്ളം വരല്‍, പോളകള്‍ക്കിരുവശവും പീള അടിയല്‍, പ്രകാശം നോക്കാനുള്ള
ബുദ്ധിമുട്ട് എന്നിവയാണ് രോഗികള്‍ക്ക് അനുഭവപ്പെടുന്നത്വൈറസ്, ബാക്ടീരിയ എന്നിവ രോഗകാരികളായതിനാല്‍ വേഗം പടരാൻ സാധ്യത കൂടുതലാണ്. രോഗം വന്നയാളുടെ സമ്പർക്കം ,സ്പര്‍ശനം എന്നിവ രോഗം പടരാൻ ഇടയാക്കുന്നതിനാല്‍ രോഗി ഉപയോഗിച്ച വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 

വ്യക്തിശുചിത്വം, കൈകള്‍ ഇടക്കിടെ കഴുകുക എന്നിവ പ്രതിരോധ മാര്‍ഗമാണ്. രോഗം പിടിപെട്ട ഒരാള്‍ക്ക് പൂര്‍ണമായി ഭേദപ്പെടാൻ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലുമെടുക്കും. സാധാരണ ചൂടുകാലങ്ങളിലാണ് ഈ അസുഖം കാണപ്പെടാറെങ്കിലും നിലവിലെ സമ്മിശ്ര കാലാവസ്ഥയിലും രോഗം പടര്‍ന്നുപിടിക്കുകയാണ്. വിദ്യാലയങ്ങളില്‍ രോഗവ്യാപനത്തെ തുടര്‍ന്ന് ഹാജര്‍ വളരെയധികം കുറഞ്ഞു. ചെങ്കണ്ണ് ബാധിച്ച കുട്ടികളും അധ്യാപകരും സ്കൂളിലെത്തരുതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിര്‍ദേശം നല്‍കി.

കുട്ടികള്‍ക്കിടയില്‍ വളരെ എളുപ്പത്തില്‍ ഇത് പടരാനുള്ള സാധ്യതയുണ്ട്. പലയിടത്തും മഴയും വെയിലും മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ചെങ്കണ്ണ് കണ്ട് വരുന്നുണ്ട്.കണ്ണ് രോഗമുള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകാതെ വീട്ടില്‍ തന്നെ ഇരിക്കുക, രോഗികളായ കുട്ടികളെ പൂര്‍ണമായും അസുഖം മാറിയിട്ടേ സ്കൂളില്‍ അയക്കാവൂ എന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

രോഗലക്ഷണങ്ങൾ:

കണ്ണിൽ ചുവപ്പ് നിറം, കൺപോളകളിൽ വീക്കവും തടിപ്പും, തുറക്കാൻ പറ്റാത്ത വിധം കണ്ണിൽ പീള കെട്ടുക, കണ്ണീരൊലിപ്പ്, ചൊറിച്ചിലും അസ്വസ്ഥതയും. വെളിച്ചം തട്ടുമ്പോൾ കണ്ണിൽ അസ്വസ്ഥത. കണ്ണിൽ കരട് പോയത് പോലെ തോന്നൽ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

വ്യക്തിശുചിത്വം പാലിക്കുക, രോഗം ബാധിച്ച ആളുകളുമായി ശാരീരിക അകലം പാലിക്കുക, കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടെ കഴുകുക, കഴുകാത്ത കൈകൊണ്ട് കണ്ണിൽ തൊടരുത്, ചെങ്കണ്ണ് ബാധിച്ച കുട്ടികളെ രോഗം ഭേദമാകും വരെ സ്കൂളിൽ വിടരുത്.
Previous Post Next Post
3/TECH/col-right