കൊച്ചി:കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത് സംബന്ധിച്ച് സംസ്ഥാനതല മൾട്ടി ഡിസിപ്ലിനറി കമ്മിറ്റിക്ക് രൂപം നൽകാൻ ഹൈക്കോടതിയുടെ നിർദേശം. 3 മാസത്തിനകം ശിശുരോഗ വിദഗ്ധൻ ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കാനാണ് ജസ്റ്റിസ് വി ജി അരുൺ നിർദ്ദേശിച്ചിരിക്കുന്നത്. ലിംഗമേതെന്ന് വ്യക്തമാകാത്ത നാല് വയസുള്ള കുട്ടിക്ക് ശസ്ത്രക്രിയക്ക് അനുമതി തേടിയുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. കോടതിയ്ക്ക് മുന്നിൽ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടെത്തിയ അപൂർവം കേസുകളിലൊന്നാണിത്.
ഹർജിയിൽ ലിംഗമാറ്റ ശസ്ത്രക്രിയ കുട്ടികൾക്ക് നടത്തണമെങ്കിൽ ഈ സമിതിയുടെ അനുമതി തേടണമെന്നും കോടതി നിർദേശിച്ചു. തലശേരി സ്വദേശികളായ ദമ്പതികളാണ് കോടതിയെ സമീപിച്ചത്. ജനിച്ചപ്പോൾ പെൺകുട്ടിയുടെ ജനനേന്ദ്രിയമായിരുന്നെങ്കിലും പിന്നീട് രൂപമാറ്റം സംഭവിച്ചു. ജനന സർട്ടിഫിക്കറ്റിൽ പെൺകുട്ടി എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കുട്ടിയിൽ ഹോർമോൺ വ്യതിയാനം ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു.
നാല് വയസായതോടെ ജനനേന്ദ്രിയത്തിൽ ആൺകുട്ടികളുടെ ജനനേന്ദ്രിയമെന്ന് തോന്നിപ്പിക്കും വിധം മാറ്റമുണ്ടായി. തുടർന്ന് ശസ്ത്രക്രിയ നടത്തണമെന്ന് മാതാപിതാക്കൾ ആവശ്യമുന്നയിച്ചെങ്കിലും ആശുപത്രി അധികൃതർ തയാറായില്ല. കുട്ടിയെ പരിശോധിച്ചപ്പോൾ ഗർഭപാത്രവും അണ്ഡാശയവും ഉള്ളതായി കണ്ടെത്തി. ഇതോടെ പെൺകുട്ടിയായി ജീവിക്കാൻ അനുവദിക്കണമെന്നും അതിനാൽ ശസ്ത്രക്രിയ ചെയ്യണമെന്നുമാണ് മാതാപിതാക്കളുടെ ആവശ്യം.
ശസ്ത്രക്രിയ ചെയ്യണമെങ്കിൽ കോടതി ഉത്തരവ് ഹാജരാക്കണമെന്ന് ഡോക്ടർമാർ തീരുമാനിച്ചു. ഇതേ തുടർന്നാണ് മാതാപിതാക്കൾ കോടതിയെ സമീപിച്ചത്. കേസിൽ അമിക്വസ് ക്യൂറിയെ നിയമിച്ച കോടതി മെഡിക്കൽ ബോർഡ് റിപ്പോർട്ടും തേടി. രണ്ട് മാസത്തിനുള്ളിൽ ഹർജിക്കാരുടെ കുഞ്ഞിന് ശസ്ത്രക്രിയ നടത്താനാണ് കോടതി നിർദ്ദേശിച്ചിരുന്നത്.ഈ സാഹചര്യത്തിലാണ് കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയാ വിഷയത്തിൽ ഒരു വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് കോടതി നിർദേശിച്ചത്.
Tags:
KERALA