Trending

ഉംറ തീർഥാടകരുടെ പ്രായപരിധി 18 വയസ്സ്; വ്യവസ്ഥകൾ പ്രഖ്യാപിച്ച് ഹജ് മന്ത്രാലയം.

റിയാദ്: ഈ സീസണിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറക്കെത്തുന്ന തീർഥാടകർക്ക് ഉംറ കമ്പനികൾ നൽകേണ്ട സേവനങ്ങൾ സംബന്ധിച്ച വ്യവസ്ഥകൾ ഹജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു.ആശ്രിതരില്ലാതെ വിദേശത്ത് നിന്ന് ഉംറക്കെത്തുന്നവരുടെ പ്രായപരിധി 18 വയസ്സാണ്. സൗദിയിലെത്തിയാൽ താമസം, യാത്ര, ഇൻഷുറൻസ് മറ്റു സേവനങ്ങൾ എന്നിവ പാക്കേജിൽ ബുക്ക് ചെയ്യണം.

ഉംറ തീർഥാടകരുടെ താമസ കാലാവധി പരമാവധി 90 ദിവസമാണ്. പരമാവധി അടുത്ത ദുൽഖഅ്ദ 29 വരെയാണ്. അത്രയും ദിവസത്തേക്കുള്ള സേവനങ്ങളാണ് ബുക്ക് ചെയ്യേണ്ടത്. നിലവിൽ 350 ഉംറ കമ്പനികൾക്കാണ് ലൈസൻസ് അനുവദിച്ചിട്ടുള്ളത്. അടുത്ത രണ്ടാഴ്ചക്കുള്ളിൽ അത് 550 ആയി ഉയരും. മുൻ വർഷങ്ങളിലെ സേവനങ്ങളുടെ അടിസ്ഥാനത്തിൽ ഉംറ കമ്പനികളെ എ ബി സി എന്നീ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

വിസ ലഭിച്ച ശേഷം തീർഥാടകർ സൗദിയിലേക്ക് വരുന്നതിന് മുമ്പ് തന്നെ നുസുക് ആപ്ലിക്കേഷൻ വഴി ഉംറക്കും റൗദ ശരീഫിൽ നമസ്‌കാരത്തിനും ബുക്ക് ചെയ്യണം. ഉംറക്ക് തസ് രീഹ് എടുത്ത് ആറു മണിക്കൂറിനകം സൗദി അറേബ്യയിൽ പ്രവേശിക്കണം. യാത്രാ ഷെഡ്യൂളുകളിൽ മാറ്റം വരികയാണെങ്കിൽ ബുക്കിംഗ് കാൻസൽ ചെയ്ത് പിന്നീട് സമയക്രമത്തിനനുസരിച്ച് വീണ്ടും ബുക്ക് ചെയ്യാവുന്നതാണ്.

തീർഥാടകർ സൗദിയിൽ എത്തുന്നതിന് 24 മണിക്കൂർ മുമ്പ് ഇവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ഉംറ കമ്പനികൾ പൂർത്തിയാക്കണം. അവരെത്തുന്ന വിമാനത്താവളങ്ങളിൽ നിന്ന് അവരെ കൊണ്ടുപോകാനുള്ള ബസുകൾ തയാറാക്കുകയാണ് ആദ്യം വേണ്ടത്. തീർഥാടകരിൽ നിന്നുള്ള ഗ്രൂപ്പുകൾ വിവിധ സമയങ്ങളിലാണ് സൗദിയിലെത്തുന്നതെങ്കിൽ നഖാബ കാർ സർവീസ് വിഭാഗത്തിന്റെ വ്യവസ്ഥയനുസരിച്ച് വാഹനങ്ങൾ സജ്ജമാക്കണം. കരാർ പ്രകാരമുള്ള സേവനങ്ങൾ അവസാനിച്ചാൽ തീർഥാടകരുടെ യാത്രയും മറ്റു സേവനങ്ങളും കൊണ്ടുവന്ന കമ്പനികളുടെ ഉത്തരവാദിത്തത്തിലായിരിക്കും. 

വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തീർഥാടകരെ മടക്കയാത്രക്ക് ഒരുക്കേണ്ടതുണ്ട്. ഗ്രൂപ്പുകളെ ഒരു നേതാവിന് കീഴിൽ ഒന്നിച്ച് ഉംറ കർമത്തിനും റൗദ നമസ്‌കാരത്തിനും കൊണ്ടുപോകണം. തീർഥാടകരെ കൊണ്ടുപോകുന്ന ബസിന്റെ ഡ്രൈവർക്ക് എല്ലാവരുടെ പേരു വിവരങ്ങൾ നൽകണം. സൗദിയിലേക്ക് വരുമ്പോൾ നിരോധിത വസ്തുക്കൾ കൊണ്ടുവന്നിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം വ്യവസ്ഥകൾ പാലിക്കാൻ നിർദേശിക്കുകയും വേണം. വരുമ്പോഴും പോകുമ്പോഴും കസ്റ്റംസ് ക്ലിയറൻസിന് ബോധവത്കരിക്കുകയും വേണം.

തീർഥാടകർ സൗദിയിലുള്ളപ്പോൾ അവർക്കാവശ്യമായ സേവനങ്ങൾ കമ്പനികൾ ചെയ്തു കൊടുക്കണം. ചരിത്ര പ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ ഒരു പ്രതിനിധിയെ കൂടെ അയക്കണം. മഴയുള്ള സമയങ്ങളിലാണ് അവരെ കൊണ്ടുപോകുന്നതെങ്കിൽ സുരക്ഷക്കാവശ്യമായ പ്ലാൻ തയാറാക്കണം. തീർഥാടകരുടെ എണ്ണത്തിനനുസരിച്ച് മന്ത്രാലയം നിശ്ചയിച്ച പ്രകാരം കമ്പനി പ്രതിനിധികളെ അവരുടെ കൂടെ അയക്കണം. മാത്രമല്ല അത്യാവശ്യ സമയങ്ങളിൽ ബന്ധപ്പെടാനുള്ള നമ്പറും ഉദ്യോഗസ്ഥരുടെ പേരും എല്ലാ തീർഥാടകരുടെ കൈവശവും ഉണ്ടായിരിക്കണം.
Previous Post Next Post
3/TECH/col-right