കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും ഇസ്‌ലാമിക കര്‍മശാസ്ത്ര പണ്ഡിതനുമായ വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്ലിയാർ (82) അന്തരിച്ചു. അസുഖബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
1941ല്‍ വില്യാപ്പള്ളി പിലാവുള്ളതില്‍ അമ്മതിന്റെയും കാഞ്ഞിരക്കുനി ആയിഷയുടെയും മകനായി ജനിച്ച ഇബ്രാഹിം മുസ്‌ലിയാര്‍ കേരളത്തിലെ ഇസ്ലാമിക കര്‍മ്മ ശാസ്ത്ര പണ്ഡിതരില്‍ പ്രമുഖരാണ്. മൂന്നു പതിറ്റാണ്ടുകാലത്തോളമായി സമസ്ത കേന്ദ്ര മുശാവറയില്‍ അംഗമാണ്.
വില്യാപ്പള്ളിയിലെ പ്രഗത്ഭ പണ്ഡിതനായിരുന്ന എടവന കുഞ്ഞ്യേറ്റി മുസ്‌ലിയാരില്‍ നിന്നും വള്ള്യാട് ദര്‍സിലെ കോറോത്ത് അബൂബക്കര്‍ മുസ്‌ലിയാരില്‍ നിന്നും പെരിങ്ങത്തൂരിനടുത്ത എണവള്ളൂരിലെ ദര്‍സിലെ കണാരാണ്ടി അഹമ്മദ് മുസ്‌ലിയാരില്‍ നിന്നും കിതാബുകള്‍ ഓതിപ്പഠിച്ചു. അതിനു ശേഷം 1969ല്‍ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജില്‍ പ്രഥമ ബാച്ചില്‍ വിദ്യാര്‍ഥിയായി.
ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പട്ടിക്കാട് ജാമിഅയിലെ അദ്ദേഹത്തിന്റെ പ്രധാന ഉസ്താദുമാരായിരുന്നു. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ സതീര്‍ത്ഥ്യനായിരുന്നു.
ജാമിഅ നൂരിയ്യയില്‍ നിന്ന് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളില്‍ നിന്ന് ഫൈസി ബിരുദം ഏറ്റുവാങ്ങി. ജാമിഅയില്‍ നിന്ന് ഇറങ്ങിയതിനു ശേഷം ചെക്യാട് മുണ്ടോളി പള്ളി, കുഞ്ഞിപ്പള്ളി മഖ്ദൂമിയ കോളജ്, സ്വന്തം മഹല്ലായ മാറക്കല്‍ ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ ഏറെക്കാലം മുദരിസായി സേവനം ചെയ്തു. 1969 മുതല്‍ വിവിധ ഹജ്ജ്, ഉംറ ഗ്രൂപ്പുകളില്‍ ചീഫ് അമീറായും വില്യാപ്പള്ളി മുസ്ലിം ജമാഅത്തിന്റെ രക്ഷാധികാരിയും സേവനം അനുഷ്ടിച്ചു.
ഭാര്യ: ഇടവംതോടി അയിശു. മക്കള്‍: മുനീര്‍ (ദുബൈ), സൈനബ, സാജിദ, ത്വാഹിറ, ഹാജറ. മരുമക്കള്‍: അബൂബക്കര്‍ മലോല്‍, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ ഹകീം, റിയാസ്, ഹാജറ. സഹോരങ്ങള്‍: സൂപ്പി, ഹസ്സൈനാര്‍, മൊയ്തീന്‍, മൂസ്സ ഹാജി, അബ്ദുല്ല, കുഞ്ഞാമി, ബിയ്യാത്തു.
Tags:
OBITUARY