മക്ക:ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും. ദുല്‍ഹജ്ജ് എട്ടായ ജൂൺ 26-ന് (നാളെ) ഹാജിമാര്‍ മിനായിലൊരുക്കിയ കൂടാരത്തില്‍ താമസിക്കുന്നതോടെ ഭക്തിസാന്ദ്രമായ ഹജ്ജ് കര്‍മ്മത്തിന് തുടക്കമാവും.സൗദി അറേബ്യയിലെത്തിയ എല്ലാ തീര്‍ഥാടകരും മക്കയിലേക്ക് വന്നുതുടങ്ങിയിട്ടുണ്ട്. വിദേശത്തുനിന്നുള്ള ഹാജിമാര്‍ക്കൊപ്പം സൗദിയില്‍നിന്നുള്ള ആഭ്യന്തര തീര്‍ഥാടകരും മിനായിലേക്കുള്ള യാത്രയുടെ ഒരുക്കത്തിലാണ്.
അതേസമയം പ്രായമായവരും രോഗികളുമായ തീര്‍ഥാടകരെ നേരത്തെതന്നെ മിനായില്‍ പ്രത്യേക പരിചരണത്തോടെ എത്തിച്ചിട്ടുണ്ട്. ദുല്‍ഹജ്ജ് എട്ടിനാണ് മിനായില്‍ കഴിയേണ്ടതെങ്കിലും തിരക്കൊഴിവാക്കാൻ നേരത്തെതന്നെ പലരും മിനായിലെത്തിയിട്ടുണ്ട്.
ഹാജിമാര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. യാത്ര, താമസം, ശുചിത്വം, ഭക്ഷണം ആരോഗ്യം, സുരക്ഷ തുടങ്ങി എല്ലാറ്റിനും സൗകര്യങ്ങളുണ്ട്. തീര്‍ഥാടകരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും ഉയര്‍ന്ന പരിഗണനയാണ് അധികൃതര്‍ നല്‍കുന്നത്. മക്കയിലെയും മദീനയിലെയും ആരോഗ്യകേന്ദ്രങ്ങളിലൂടെ മേയ് 21 മുതല്‍ ജൂണ്‍ 22 വരെ 69,540 തീര്‍ഥാടകര്‍ക്കാണ് വൈദ്യസഹായം നല്‍കിയിട്ടുള്ളതെന്ന് സൗദി ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചിരുന്നു.
മക്ക-മദീന പുണ്യനഗരങ്ങളിലും മിന, അറഫാത്ത്, മുസ്ദലിഫ തുടങ്ങിയ ഹജ്ജ് കര്‍മ്മം നടക്കുന്ന മറ്റ് പുണ്യസ്ഥലങ്ങളിലും തീര്‍ഥാടകര്‍ക്കായി 32 ആശുപത്രികളും 140 ആരോഗ്യകേന്ദ്രങ്ങളും മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 6132 കിടക്കകളുണ്ട്. തീവ്രപരിചരണത്തിനായി 761 കിടക്കകളും സൂര്യാഘാതം ഏറ്റാലുള്ള ചികിത്സയ്ക്കായി 222 കിടക്കകളും അനുവദിച്ചിട്ടുണ്ട്.
32,000 ആരോഗ്യവിദഗ്ധരാണ് തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നത്. 18 ഹൃദയശസ്ത്രക്രിയ, 130 കാര്‍ഡിയാക് കാത്തറൈസേഷൻസ്, 308 ഡയാലിസിസ്, 23 എൻഡോസ്‌കോപ്പി എന്നിവയും നടത്തി. 1317 തീര്‍ഥാടകരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. വെര്‍ച്വല്‍ ഹെല്‍ത്ത് സര്‍വീസുകളുടെ ആകെ ഗുണഭോക്താക്കള്‍ 662 ആണെന്നും ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചു.
തീര്‍ഥാടകര്‍ക്കുള്ള ഗതാഗതസൗകര്യത്തിനൊരുക്കിയ മശാഇര്‍ ട്രെയിനിലും ആരോഗ്യസേവനത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. മിനയിലെ ജമറാത്ത് പാലത്തില്‍ 190 ആംബുലൻസുകളും 16 അടിയന്തര സെന്ററുകളും ഒരുക്കിയിട്ടുമുണ്ട്.
Tags:
INTERNATIONAL