Trending

അഷ്റഫ് മാസ്റ്റർ വിരമിച്ചു.

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലടക്കം വിവിധ സ്കൂളുകളിൽ ദീർഘകാലം സേവനമനുഷ്ടിച്ച് പിന്നീട് ഹെഡ്മാസ്റ്റർ പദവി അലങ്കരിക്കുകയും ചെയ്ത എം മുഹമ്മദ് അഷ്റഫ് സർവീസിൽ നിന്ന് വിരമിച്ചു. 32 വർഷത്തെ അധ്യാപക സേവന ശേഷമാണ് പടിയിറങ്ങുന്നത്.

1991 ൽ കുട്ടമ്പൂർ ഹൈസ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും 1998 ൽ സർക്കാർ മേഖലയിൽ പിഎസ് സി മുഖേന ഇടം പിടിക്കുകയും ചെയ്തു. പുതുപ്പാടി, കൊടുവള്ളി, പൂനൂർ എന്നീ ഗവൺമെൻറ് ഹൈസ്കൂളുകളിൽ സേവനം പൂർത്തീകരിച്ച് ഹെഡ്മാസ്റ്ററായി 2019ൽ ഇടുക്കി ജില്ലയിലെ വാഴവര സ്കൂളിൽ പ്രവേശിച്ചു. വടുവഞ്ചാൽ, മേപ്പാടി എന്നീ സ്കൂളുകളിൽ ഹെഡ്മാസ്റ്റർ ആയ ശേഷം 2022ൽ വീണ്ടും പൂനൂർ ഗവ. ഹൈസ്കൂളിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. സേവന കാലത്ത് സ്കൂളിന്റെയും വിദ്യാർത്ഥികളെയും മികവ് വർദ്ധിപ്പിക്കുന്നതിനുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നേതൃത്വം നൽകുകയും ചെയ്ത മികച്ച അധ്യാപകനാണ്.

അധ്യാപക പരിശീലകൻ എന്ന നിലയിൽ പ്രവർത്തിക്കുകയും സ്കൂളിൽ ബസ് സംവിധാനം, വിജയോത്സവം പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങൾക്ക് തുടക്കക്കാരനായി തീരുകയും ചെയ്തു. എകരൂൽ മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി ട്രഷറർ, ആശ്വാസ് എന്ന സംഘടനയുടെ പ്രവർത്തകൻ എന്നിങ്ങനെ സാമൂഹ്യ സേവന മേഖലയിൽ സജീവ പ്രവർത്തകനാണ് അദ്ദേഹം. എകരൂൽ സ്വദേശിയാണ്.

പിതാവ്: പരേതനായ രായിൻ, മാതാവ് പരേതയായ ആമിന. ഭാര്യ നസീറ, മക്കൾ: അഷ്ഫാഖ്, അൻഫസ്, അംന.
Previous Post Next Post
3/TECH/col-right