Trending

പുതിയ അദ്ധ്യയന വര്‍ഷം കൂടി:സ്‌കൂളിലേക്ക് പോവും മുന്നേ എടുക്കാം ചില പ്രതിജ്ഞകൾ.

ഒരു പുതിയ അദ്ധ്യയന വര്‍ഷം കൂടി എത്തിക്കഴിഞ്ഞു. നവപ്രതീക്ഷകളും പ്രതിജ്ഞകളും ഒപ്പം ആശങ്കകളുമായി കുട്ടികള്‍ അടുത്ത ക്ലാസ്സുകളിലേക്ക്. ഈ വര്‍ഷം ആദ്യം മുതല്‍തന്നെ അന്നന്നു പഠിക്കേണ്ടത് പഠിക്കും എന്നൊരു നിശ്ശബ്ദപ്രതിജ്ഞ എല്ലാ കുട്ടികളുടെയും മനസ്സിലുണ്ടാവാം. എന്നാല്‍ കുറച്ചുദിവസങ്ങള്‍കൊണ്ട് അധികം പേരും ഈ പ്രതിജ്ഞകള്‍ മറക്കും. ഈ വര്‍ഷം അങ്ങനെയാവില്ല എന്നു മനസിലുറപ്പിച്ച് പഠിച്ചു തുടങ്ങാം.

 'Well begun is half done' എന്നല്ലേ.
കൃത്യമായ ടൈംടേബിള്‍
എല്ലാ ദിവസവും നിശ്ചിതസമയം പഠനത്തിനായി മാറ്റിവെയ്ക്കാം വിഷയാടിസ്ഥാനത്തില്‍ തുടക്കം മുതല്‍ ഒരു ടൈംടേബിള്‍ ഉണ്ടാക്കി പഠനമേശയ്ക്ക് സമീപം ഒട്ടിച്ചുവെയ്ക്കാം. ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്ക് പ്രധാനപ്പെട്ട സമയവും കൂടുതല്‍ സമയവും മാറ്റി വയ്ക്കണം. ടൈംടേബിളില്‍ പഠിക്കാനുള്ള സമയത്തിനൊപ്പം കളിക്കാനും വിശ്രമിക്കാനുമുള്ള സമയവും ക്രമീകരിക്കണം. വിശ്രമവേളകളില്‍ അധികവായനയ്ക്കും സമയം കണ്ടെത്താം.

ശനി, ഞായര്‍ ദിവസങ്ങളില്‍ അതാത് ആഴ്ചകളിലെ പാഠഭാഗങ്ങള്‍ റിവിഷന്‍ ചെയ്യുകയും പോയന്റുകള്‍ ഒരു നോട്ടുബുക്കില്‍ കുറിച്ചുവെയ്ക്കുകയും ചെയ്താല്‍ പിന്നീട് പരീക്ഷാസമയങ്ങളില്‍ ഓര്‍ത്തെടുക്കാന്‍ എളുപ്പമാവും. മാതൃകാചോദ്യപേപ്പറുകള്‍ പരിചയപ്പെട്ട് സമയം ക്രമീകരിച്ചെഴുതാനും പരിശീലിക്കാം. ഹോംവര്‍ക്കുകള്‍ ചെയ്യാന്‍ പഠിച്ചുമടുക്കുന്ന സമയം പ്രയോജനപ്പെടുത്താം. എല്ലാദിവസവും പഠിക്കുക എന്നത് പ്രധാനമാണ്.

ജാഗ്രതയോടും ആസ്വദിച്ചും പഠിക്കാം
തിച്ച്‌നാത്ഹാന്‍ എന്ന ബുദ്ധസന്യാസി എഴുതിയ ഗൗതമബുദ്ധന്റെ ജീവചരിത്രത്തില്‍ ജാഗ്രതയെക്കുറിച്ച് ബുദ്ധന്‍ കുട്ടികളോട് പങ്കുവെയ്ക്കുന്ന ഒരു കഥയുണ്ട്. ഒരു മധുരനാരങ്ങ അഥവാ ഓറഞ്ചു എങ്ങനെയൊക്കെ കഴിക്കാമെന്ന് ബുദ്ധന്‍ പറയുന്നുണ്ട്. നാം എന്താണ് കഴിക്കുന്നതെന്നുപോലുമോര്‍ക്കാതെ അലസമായി വെറുതെ കഴിച്ചുതീര്‍ക്കാം. എന്നാല്‍ ഒരു മധുരനാരങ്ങ കൈയ്യില്‍ കിട്ടുമ്പോള്‍ അതിന്റെ നിറവും ഗന്ധവും സ്പര്‍ശവും ആസ്വദിച്ച് ഓരോ അല്ലികളായി അടര്‍ത്തി രുചി പൂര്‍ണമായും അനുഭവിച്ച് വസന്തത്തില്‍ അത് പുഷ്പിക്കുന്നതും മഴയും സൂര്യപ്രകാശവും അതിനെ പോഷിപ്പിക്കുന്നതും ഓര്‍ക്കാനാവും. വിശപ്പ് ശമിക്കുന്നതിനൊപ്പം ചില ഉണര്‍വുകളെയും അത് പ്രദാനം ചെയ്യും. ഇപ്രകാരം ജാഗ്രതയോടെയായാല്‍ ആസ്വദിച്ച് പഠിക്കാനുമാവും.

ഇഷ്ടമില്ലാത്ത വിഷയങ്ങളെയും മധുരനാരങ്ങപോലെ നമുക്കിഷ്ടപ്പെടാന്‍ കഴിയും. 'എനിക്ക് ഈ വിഷയം ഇഷ്ടംതന്നെയാണ്' എന്ന് ആദ്യം മനസ്സില്‍ പറഞ്ഞുതുടങ്ങാം. പ്രഭാതസമയം അതിനായി മാറ്റിവെയ്ക്കാം. സംശയനിവാരണത്തിന് കൂട്ടുകാരോടോ അദ്ധ്യാപകരോടോ കുടുംബാംഗങ്ങളോടോ ചോദിക്കാം. 
എളുപ്പമുള്ള വിഷയങ്ങള്‍ക്ക് നിങ്ങളെ കൂടുതല്‍ ഉണര്‍ത്താനാവും. അതിനാല്‍തന്നെ ഉറക്കത്തിലേക്ക് പോകുംമുമ്പുള്ള സമയം അവയ്ക്കായി മാറ്റി വയ്ക്കാം. കണക്ക്, സയന്‍സ് വിഷയങ്ങള്‍ക്ക് പ്രധാനസമയവും ഭാഷാ വിഷയങ്ങള്‍ക്ക് ബാക്കിസമയവും മാറ്റിവെയ്ക്കുന്നതാവും നന്ന്. കണക്കും സയന്‍സും നിങ്ങളുടെ ബുദ്ധിയോട് സംവദിക്കുമ്പോള്‍ ഭാഷ നിങ്ങളുടെ ഹൃദയത്തോട് സംവദിക്കുന്നു. അതിനാല്‍ കഠിനശ്രമങ്ങളില്ലാതെ നിങ്ങള്‍ക്ക് ആസ്വദിച്ചു പഠിക്കാനാവും. 

പ്രയാസം തോന്നുന്ന വിഷയങ്ങള്‍ കൂട്ടുകാരോട് പങ്കുവെച്ചു പഠിക്കാം. നിങ്ങള്‍ പഠിച്ചത് ക്ലാസ്സിലെ കൂട്ടുകാര്‍ക്ക് പറഞ്ഞുകൊടുത്തു നോക്കൂ. അവര്‍ പഠിച്ചത് നിങ്ങളോടും ചര്‍ച്ച ചെയ്യട്ടെ. പകരുന്തോറും അറിവ് വര്‍ദ്ധിക്കുന്നതിനാല്‍ പഠിപ്പിച്ചു പഠിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ ഒരിക്കലും മറക്കില്ല. മറ്റുള്ളവര്‍ക്ക് അത് സഹായകമാവും. നിങ്ങളറിയാതെ തന്നെ സൗഹൃദവും മൂല്യബോധവും നിങ്ങളിലേക്ക് പകരുകയും ചെയ്യും. 
പിരിമുറുക്കം വേണ്ടേ വേണ്ട
കൃത്യമായി ടൈംടേബിളുണ്ടാക്കി പഠിച്ചുപോകുന്ന കുട്ടികള്‍ക്ക് ടെന്‍ഷന്‍ വളരെ കുറവായിരിക്കും പരീക്ഷയില്‍ കുറയുന്ന ഒന്നോ രണ്ടോ മാര്‍ക്കിനെക്കുറിച്ച് വേവലാതിയേ വേണ്ട. അലസതയില്ലതെ ആത്മവിശ്വാസത്തോടെ പഠിക്കാന്‍ ഏകാഗ്രതയോടുകൂടിയ പ്രാര്‍ത്ഥന പ്രയോജനപ്രദമാണ്. യോഗവും ശ്വാസനിയന്ത്രണവുമൊക്കെ പഠനത്തിന് സഹായകമാവും. എല്ലാവിഷയങ്ങളും എല്ലാവര്‍ക്കും എളുപ്പമാവണമെന്നില്ല. സമൂഹത്തിന്റെ സമഗ്രവികസനത്തിന് ശാസ്ത്രസാങ്കേതിക മാനവികവിഷയങ്ങള്‍ക്ക് തുല്യപ്രാധാന്യമുണ്ട്. അതിനാല്‍ ഒരു വിഷയം ബുദ്ധിമുട്ടാണെന്നു വിചാരിച്ച് ആശങ്കടേണ്ടതില്ല.

സ്‌കൂള്‍തലം കഴിഞ്ഞാല്‍ ഇഷ്ടവിഷയങ്ങളില്‍ പ്രാഗ്ത്ഭ്യം തെളിയിക്കാന്‍ നിരവധി അവസരങ്ങളുണ്ട്. അതിനാല്‍ കൂടുതല്‍ സംഘര്‍ഷം പുലര്‍ത്താതെ മുന്നോട്ടു പോവുക. ഹൈസ്‌കൂള്‍ തലത്തില്‍ വച്ചുതന്നെ ഇഷ്ടമുള്ള വിഷയങ്ങള്‍ കണ്ടെത്തിയാല്‍ പിന്നീടുള്ള തിരഞ്ഞെടുപ്പുകള്‍ എളുപ്പമാവും. 
സ്വപ്നത്തിന്റെ ചിറകുകളിലേറാം
പ്രസാദാത്മകമായ സമീപനം പഠനത്തോട് പുലര്‍ത്തുക. ഒപ്പം നമ്മള്‍ എത്തിച്ചേരാവുന്നതിനെ കുറിച്ച് എല്ലായ്‌പ്പോഴും ചിന്തിക്കുക. പഠനസമയങ്ങളില്‍ ക്ലാസ്സില്‍ ഉത്തരം പറയുന്നതും ടീച്ചര്‍ പ്രോത്സാഹിപ്പിന്നുതും കൂടതല്‍ മികവ് നേടുമ്പോള്‍ കുടുബാംഗങ്ങളില്‍ നിന്നു കിട്ടുന്ന പ്രചോദനങ്ങളും മനസ്സില്‍ സങ്കല്‍പ്പിക്കാം. കൂടുതല്‍ പഠിക്കാനും അവ നിലനിര്‍ത്താനും ഇത്തരം കൊച്ചു സ്വപ്നങ്ങള്‍ സഹായിക്കും. അവ വലിയ സ്വപനത്തിലേക്കുള്ള ചവിട്ടുപടിയാവും. കൂടുതല്‍ പരിശ്രമത്തിലേക്ക് നയിക്കുകയും ചെയ്യും.

സമീകൃതാഹാരവും മതിയായ ഉറക്കവും
സമീകൃതാഹാരവും പഠനവും തമ്മിലുള്ള അഭേദ്യമായി ബന്ധിപ്പെട്ടിരിക്കുന്നു. പ്രഭാതഭക്ഷണം കഴിക്കാതെ സ്‌കൂളിലെത്തിയാല്‍ ക്ഷീണവും ഉന്മേഷക്കുറവും പിടികൂടും. ആവശ്യമായ വെള്ളവും ഭക്ഷണവും കുട്ടികള്‍ കഴിക്കുന്നുണ്ടോ എന്ന് മാതാപിതാക്കന്മാരും ഉറപ്പുവരുത്തണം. ജങ്ക്ഫുഡുകള്‍ ഒഴിവാക്കി വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ശീലിപ്പിക്കണം. എങ്കില്‍ മാത്രമേ പഠിപ്പിക്കുന്ന കാര്യങ്ങള്‍ കുട്ടികള്‍ക്ക് ഗ്രഹിക്കാനാവൂ. രാത്രിമുതല്‍ ഉറക്കമൊഴിച്ച് പഠനം വേണ്ട. നിങ്ങളുടെ ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഏഴുമണിക്കൂറെങ്കിലും ഉറങ്ങുക.

പുതുമാധ്യമങ്ങളോട് അമിതഭ്രമം വേണ്ട
മൊബൈലും ഇന്റര്‍നെറ്റും ചാനലുകളും നമ്മുടെ സമയം കവര്‍ന്നെടുക്കാന്‍ അനുവദിച്ചുകൂടാ. പ്രൊജക്ടുകള്‍ക്കായി ലൈബ്രറി പ്രയോജനപ്പെടുത്താം. സ്വന്തമായി കണ്ടെത്തുന്ന വിവരങ്ങളാവും പിന്നീട് ഉപയോഗപ്പെടുക. മൊബൈല്‍ ദൃശ്യങ്ങള്‍ക്കായി സമയം നഷ്ടപ്പെടുത്തേണ്ട. അവ നിങ്ങളുടെ നിയന്ത്രണത്തിലാവണം. നിങ്ങളെ നിയന്ത്രിക്കുന്നതാവരുത്.
വിശേഷങ്ങള്‍ പങ്കുവെയ്ക്കാം
അച്ഛനോടും അമ്മയോടും മറ്റ് കുടുബാംഗങ്ങളോടും എല്ലാ ദിവസവും വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന കാര്യവും മറക്കേണ്ട. ക്ലാസ്സിലുണ്ടാവുന്ന ചെറിയ വികൃതികളും തമാശകളുമൊക്കെ അവരും ആസ്വദിക്കട്ടെ. ക്ലാസിലെ കൂട്ടുകാരെപ്പോലെ അവരെയും നിങ്ങളുടെ കൂട്ടുകാരാക്കിയാല്‍ ആശങ്കകളില്ലാതെ ആത്മവിശ്വാസത്തോടെ നിങ്ങള്‍ക്ക് മുന്നേറാം. പുസ്തകങ്ങള്‍ക്കും പരീക്ഷകള്‍ക്കുമപ്പുറം വളരുന്ന വിജ്ഞാന ചക്രവാളങ്ങളെ ലക്ഷ്യമാക്കിയായിരിക്കട്ടെ സ്‌കൂള്‍ ജീവിതം.
Previous Post Next Post
3/TECH/col-right