തിരുവനന്തപുരം: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ, സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കർശന നിർദേശങ്ങളുമായി മോട്ടോർ വാഹനവകുപ്പ്. പരമാവധി വേഗം 50 കിലോമീറ്ററിൽ നിജപ്പെടുത്തിയ സ്പീഡ് ഗവർണറുകൾ സ്കൂൾ വാഹനങ്ങളിൽ നിർബന്ധമാക്കി. സ്കൂൾ മേഖലയിൽ പരമാവധി മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിൽ മാത്രമേ സഞ്ചരിക്കാവൂ. മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്റർ.
മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗത്തിനോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരാകരുത് വാഹനത്തിന്റെ ഡ്രൈവർ എന്ന് നിർദേശത്തിൽ പറയുന്നു.വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഉറപ്പാക്കണം. ഇവ സുരക്ഷ മിത്ര സോഫ്റ്റ്വെയറുമായി നിർബന്ധമായി ബന്ധിപ്പിച്ചിരിക്കണം. സ്കൂൾ മാനേജ്മെൻറിനും രക്ഷാകർത്താക്കൾക്കും സ്കൂൾ വാഹനങ്ങളെ തത്സമയം നിരീക്ഷിക്കുന്നതിനായി ‘വിദ്യാ വാഹൻ’ എന്ന മൊബൈൽ ആപ് മോട്ടോർ വാഹന വകുപ്പ് തയാറാക്കിയിട്ടുണ്ട്.
സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ വാഹനത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഫിറ്റ്നസ് പരിശോധനക്ക് ഹാജരാക്കണം. വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ എല്ലാ സ്കൂൾ ബസിലും വേണം. സീറ്റിങ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കാവൂ. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളാണെങ്കിൽ ഒരു സീറ്റിൽ രണ്ടുപേർക്ക് യാത്ര ചെയ്യാൻ അനുവദിക്കാം.
ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ്, അഡ്രസ്സ് ബോർഡിങ് പോയൻറ് , രക്ഷാകർത്താവിന്റെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ ലിസ്റ്റ് ലാമിനേറ്റ് ചെയ്ത് വാഹനത്തിൽ പ്രദർശിപ്പിക്കണം. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും എല്ലാ കുട്ടികളുടെയും യാത്രാ മാർഗങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കണം. ഇവ മോട്ടോർ വാഹന വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധനാ സമയത്ത് ഹാജരാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
വാഹനത്തിന്റെ പിറകിൽ വാഹനത്തിന്റെ സീറ്റിങ് കപ്പാസിറ്റി രേഖപ്പെടുത്തണം.സ്കൂളിൻറെ പേരും ഫോൺ നമ്പറും വാഹനത്തിൻറെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം.ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ അനധ്യാപകനെയോ റൂട്ട് ഓഫിസറായി നിയോഗിക്കണം.
ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെയെങ്കിലും ഡ്രൈവിങ് പരിചയം വേണം. പ്രഥമശുശ്രൂഷക്ക് അത്യാവശ്യമായ എല്ലാ മരുന്നുകളും ഉൾക്കൊള്ളുന്ന ഫസ്റ്റ് എയ്ഡ് ബോക്സ് സൂക്ഷിക്കണം. വാഹനത്തിനകത്ത് ഫയർ എക്സ്റ്റിങ്ങ്യൂഷർ എല്ലാവർക്കും കാണാവുന്ന രീതിയിലും അടിയന്തര ഘട്ടങ്ങളിൽ എളുപ്പത്തിൽ എടുത്ത് ഉപയോഗിക്കാവുന്ന രീതിയിലും ഘടിപ്പിക്കണം.
വാഹനത്തിന്റെ പിറകിൽ ചൈൽഡ് ലൈൻ (1098) പൊലീസ് (100) ആംബുലൻസ് (102) ഫയർഫോഴ്സ് (101), ബന്ധപ്പെട്ട മോട്ടോർ വാഹനവകുപ്പ് ഓഫിസ്, സ്കൂൾ പ്രിൻസിപ്പൽ എന്നിവരുടെ ഫോൺ നമ്പർ പ്രദർശിപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
Tags:
WHEELS