കരിപ്പൂർ:കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. കോഴിക്കോട് സ്വദേശികളായ ദമ്പതികളടക്കം മൂന്ന് പേരില്‍ നിന്ന് 2.32 കോടി രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നെത്തിയ കൊടുവള്ളി സ്വദേശികളായ ഷറഫുദീന്‍, ഭാര്യ ഷമീന എന്നിവരില്‍ നിന്ന് 1.15 കോടി രുപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഷറഫുദീന്റെ പക്കല്‍ നിന്ന് കാപ്‌സൂളുകളാക്കി ഒളിപ്പിച്ച 950 ഗ്രാം സ്വര്‍ണ മിശ്രിതവും, ഷമീനയുടെ ഉള്‍വസ്ത്രത്തില്‍ നിന്ന് 1978 ഗ്രാം സ്വര്‍ണമിശ്രിതവുമാണ് കസ്റ്റംസ് പരിശോധനയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി ദുബായിൽനിന്നും സ്‌പൈസ്ജെറ്റ് എയർലൈൻസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയതാണ് ദമ്പതികൾ.പിടിയിലായവർ ക്യാരിയേർസ് ആണെന്ന് പറയുന്നു. കള്ളക്കടത്തുസംഘം രണ്ടുപേർക്കും 80000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. ദമ്പതികൾ തങ്ങളുടെ കുട്ടികളോടോത്ത് ദുബായിൽ സന്ദർശനം നടത്തി തിരിച്ചു വരുമ്പോഴാണ് കള്ളക്കടത്തിന് ശ്രമിച്ചത്.കുടുംബസമേതം എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്താണ് കടത്തിന് ശ്രമിച്ചത്.ഷമീനയെ സംശയം തോന്നി പരിശോധിച്ചപ്പോൾ സ്വർണ്ണമിശ്രിതം കണ്ടെടുത്തു.തുടൾന്ന് ഷറഫുദ്ധീൻ കുറ്റസമ്മതം നടത്തി.
ജോയിന്റ് കമ്മിഷണർ ഡോ. എസ്. എസ്. ശ്രീജുവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് കമ്മിഷണർമാരായ ഷോളി പി. ഐ., പ്രവീൺകുമാർ കെ. കെ., സൂപ്രണ്ടുമാരായ പ്രകാശ് ഉണ്ണികൃഷ്ണൻ, ടി. എൻ. വിജയ, എം. ചെഞ്ചുരാമൻ, സ്വപ്ന വി. എം., ഇൻസ്‌പെക്ടർമാരായ നവീൻ കുമാർ, ഇ .രവികുമാർ , ധന്യ കെ. പി. ഹെഡ് ഹവൽദാർ ഇ. ടി. സുരേന്ദ്രൻ എന്നിവർ ചേർന്നാണ് ഈ കള്ളക്കടത്ത് പിടികൂടിയത്.
അതേ സമയം ജിദ്ദയില്‍ നിന്ന് സ്‌പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ കുന്നമംഗലം സ്വദേശി ഷബ്‌നയില്‍ നിന്ന് 1884 ഗ്രാം സ്വര്‍ണം പോലീസ് പിടികൂടി. ജിദ്ദയിൽനിന്നെത്തിയ ഇവർ 1.17 കോടി രൂപയുടെ സ്വർണമാണ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. 1884 ഗ്രാം സ്വർണമാണ് മിശ്രിത രൂപത്തിൽ ഇവരിൽ നിന്നും പിടിച്ചെടുത്തത്.
ഇന്നലെ സന്ധ്യയോടെയാണ് ഷബ്‌ന കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്.കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഇവർ വിമാനത്താവളത്തിന് പുറത്തെത്തിയെങ്കിലും പോലീസ് പരിശോധനയിലാണ് ഇവർ പിടിയിലായത്. വസ്ത്രത്തിനുള്ളിൽ മിശ്രിതരൂപത്തിലാണ് ഇവർ സ്വർണം ഒളിപ്പിച്ചിരുന്നത്.
സ്വർണക്കടത്തിനേക്കുറിച്ച് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഷബ്‌നയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മണിക്കൂറുകളോളം ചോദ്യംചെയ്തിട്ടും തന്റെ പക്കൽ സ്വർണം ഉള്ളതായി ഇവർ സമ്മതിച്ചില്ല. ലഗേജുകളും വസ്ത്രങ്ങളും പരിശോധിക്കുകയും ശരീരപരിശോധന നടത്തുകയും ചെയ്‌തെങ്കിലും ആദ്യം ഇവരിൽ നിന്ന് സ്വർണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പോലീസ് ഇവരുടെ വാഹനം പരിശോധിച്ചപ്പോഴാണ് ഡോർ പോക്കറ്റിൽനിന്ന് സ്വർണമിശ്രിതം ലഭിച്ചത്.
വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയ ഷബ്‌ന, പുറത്ത് പോലീസ് ഉണ്ടെന്ന് മനസ്സിലാക്കി കൈവശമുണ്ടായിരുന്ന സ്വർണം ഹാൻഡ് ബാഗിലേക്ക് മാറ്റുകയും പിന്നീട് കാറിന്റെ ഡോർ പോക്കറ്റിൽ ബാഗ് നിക്ഷേപിക്കുകയുമായിരുന്നു. തുടർന്നാണ് ഇവർ പോലീസിന്റെ ചോദ്യംചെയ്യലിനോട് സഹകരിച്ചത്. ഇത് മനസ്സിലാക്കിയ പോലീസ് വാഹനം പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
Tags:
KOZHIKODE