കോഴിക്കോട്: മെഡിക്കൽ കോളജ് പരിസരത്ത് ഇന്ന് (തിങ്കളാഴ്ച) മുതൽ ഗതാഗത പരിഷ്കാരം. റോഡരികിലെ വാഹനങ്ങളുടെ പാർക്കിങ് ക്രമീകരിക്കാനും നിയന്ത്രിക്കാനും കഴിഞ്ഞദിവസം മെഡി. കോളജ് പൊലീസ് സ്റ്റേഷനിൽ ട്രാഫിക് അസി. കമീഷണറുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.
കോഴിക്കോട് ഭാഗത്തുനിന്ന് കാരന്തൂരിലേക്കുള്ള റോഡരികിൽ ഇടതു ഭാഗത്തെ പാർക്കിങ് അനുവദിക്കില്ല. വലതുവശത്ത് പാർക്കിങ് തുടരും. ചെസ്റ്റ് ഹോസ്പിറ്റൽ പരിസരത്ത് ബസുകൾ തലങ്ങും വിലങ്ങും നിർത്താൻ അനുവദിക്കില്ല. കാഷ്വാലിറ്റിക്കടുത്തും വാഹനപാർക്കിങ് അനുവദിക്കില്ല.
നിലവിൽ പുതിയ കാഷ്വാലിറ്റി പരിസരംപോലും അപകടമേഖലയാണ്. വാഹനങ്ങൾ അമിതവേഗത്തിൽ പായുന്നതും റോഡ് മുറിച്ചുകടക്കാൻ സൗകര്യമില്ലാത്തതും ഇവിടെ അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. മെഡി. കോളജ് ജങ്ഷനിൽ റൗണ്ട് എബൗട്ടിൽ ബസുകൾ തോന്നിയപോലെ നിർത്തുന്നതും ആളെ ഇറക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നുണ്ട്.
കഴിഞ്ഞ മാസം യാത്രക്കാരി ദാരുണമായി മരിക്കാനിടയായ ബസപകടം ഈ ജങ്ഷനിലാണ് നടന്നത്. പുതിയ കാഷ്വാലിറ്റിയിൽ നിന്ന് കാൽനടയായി വരുന്നവർക്ക് സുരക്ഷ വേണ്ടതുണ്ട്. പഴയ കാഷ്വാലിറ്റി പരിസരത്ത് മേൽപാലമുള്ളതിനാൽ റോഡ് മുറിച്ചു കടക്കൽ വലിയ ‘റിസ്ക്’ ആയിരുന്നില്ല.
ഇരുചക്രവാഹനങ്ങളുടെ പാർക്കിങ് നിയന്ത്രണം കർശനമാക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ പൊലീസ് നിയന്ത്രണം വരും. പാർക്കിങ് നിയമം ലംഘിക്കുന്നവർക്ക് പിഴ ഈടാക്കാനാണ് തീരുമാനം.
Tags:
KOZHIKODE