കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടണമെന്ന് പറഞ്ഞ കോടതി, പോലീസിന്റെ കൈയില്‍ തോക്കില്ലായിരുന്നോ എന്നും ആരാഞ്ഞു.
പോലീസ് എന്ത് ചെയ്യുകയായിരുന്നു? ആശുപത്രിയിലേക്ക് പ്രതിയെ എത്തിച്ചത് പോലീസാണ്. പോലീസിന് പെരുമാറ്റം മനസ്സിലാക്കാന്‍ കഴിയണം. പരിശീലനം ലഭിച്ച സേനയുടെ ചുമതല പിന്നെയെന്താണെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, കൗസര്‍ എടപ്പഗത്ത് എന്നിവരുടെ ബെഞ്ചാണ് പ്രത്യേക സിറ്റിങ്ങില്‍ വിഷയം പരിഗണിച്ചത്.
ഒരു ഡോക്ടര്‍ക്ക് മുന്നിലേക്ക് ഇയാളെ ഇട്ടുകൊടുക്കുകയാണ് ചെയ്തത്. പലരേയും അക്രമിച്ച ശേഷം ഒടുവിലാണ് ഡോക്ടര്‍ വന്ദന ദാസിനെ അക്രമിച്ചത്. അത്രയും സമയം അത് തടയാതെ എന്തായിരുന്നു പോലീസിന്റെ ജോലിയെന്നും കോടതി വിമര്‍ശിക്കുകയുണ്ടായി.
ഒരു പരാതിക്കാരനായാണ് ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതി സാംദീപിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. സഹായം ആവശ്യപ്പെട്ട് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കുകയായിരുന്നു. അതനുസരിച്ച് പോലീസ് ഇയാളെ കണ്ടെത്തുമ്പോള്‍ പരിക്കുകളുണ്ടായിരുന്നു. തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു.
ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ചപ്പോഴൊന്നും ഇയാള്‍ പ്രശ്‌നം ഉണ്ടാക്കിയിരുന്നില്ല. തുടര്‍ന്ന് ഡ്രസ്സിങ് റൂമിലേക്ക് മാറ്റി, അവിടെ കാലിലെ മുറിവ് ക്ലീന്‍ ചെയ്യുന്നതിനിടെയാണ് പെട്ടെന്ന് പ്രകോപിതനായതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
ആദ്യം ബന്ധുവിനെ ചവിട്ടി, പിന്നീട് പുറത്തുവന്ന് പോലീസുകാരെയും അക്രമിച്ചു. ഒടുവിലാണ് ഡോക്ടര്‍ വന്ദനാ ദാസിനെ അക്രമിച്ചു കൊലപ്പെടുത്തിയതെന്നും സര്‍ക്കാര്‍ വിശദീകരണത്തില്‍ പറയുന്നു.
പ്രതിയെ പരിശോധിക്കുമ്പോള്‍ പോലീസ് മാറിനിന്നത് മുമ്പ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ പശ്ചാത്തലത്തിലാണെന്നും വിശദീകരണത്തില്‍ പറയുന്നു. പ്രതികളേയും മറ്റും ഡോക്ടര്‍മാര്‍ പരിശോധിക്കുമ്പോള്‍ പോലീസ് അടുത്തുവേണ്ടാ എന്നാണ് സര്‍ക്കാര്‍ ഉത്തരവെന്നും വ്യക്തമാക്കി. എന്നാല്‍ ഈ വിശദീകരണം ഹൈക്കോടതി തള്ളി.
ഈ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് കോടതി പറഞ്ഞു.
പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ പോലീസ് മര്‍ദനം ആരോപിക്കുന്ന സാഹചര്യത്തിൽ പോലീസുകാരന്റെ സാന്നിധ്യം ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് ഈ ഉത്തരവ്. അത്തരമൊരു ഉത്തരവ് എല്ലാ ഘട്ടത്തിലും ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ശരിയല്ലെന്നും അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന പോലീസ് മേധാവി നാളെ രാവിലെ ഓണ്‍ലൈന്‍ വഴി ഹാജരാകുകയും വിശദീകരണം നല്‍കുകയും വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:
KERALA