താമരശ്ശേരി: മന്ത്രിമാരുടെ നേതൃത്വത്തില്‍ ഈ ആഴ്ചയില്‍ താമരശ്ശേരിയില്‍ നടക്കുന്ന താലൂക്ക് അദാലത്തില്‍ പ്രധാനപ്പെട്ട രണ്ട് ജനകീയ വിഷയങ്ങള്‍ ഉന്നയിച്ച് മുസ്ലിം ലീഗ്. കോടഞ്ചേരി, താമരശ്ശേരി, ഓമശ്ശേരി ഗ്രാമപഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്നുള്ള ദുര്‍ഗന്ധം മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം സംബന്ധിച്ചും, മലയോര മേഖലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രിയായ താമരശ്ശേരി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ടുമാണ് താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി റവന്യു അദാലത്തില്‍ പരിഗണിക്കുന്നതിനായി കത്ത് നല്‍കിയത്.
താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയെ താലൂക്ക് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രിയായി ഉയര്‍ത്തുക, ബ്ലഡ് ബാങ്ക് ആരംഭിക്കുക, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ ജീവനക്കാരെ നിയമിക്കുക, അത്യാഹിത വിഭാഗത്തില്‍ കൂടുതല്‍ സൗകര്യങ്ങളും ജീവനക്കാരുടെ നിയമനവും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.
അമ്പായത്തോട് പ്രവര്‍ത്തിക്കുന്ന ഫ്രഷ് കട്ട് എന്ന കോഴി മാലിന്യ സംസ്‌ക്കരണ പ്ലാന്റ് പ്രദേശത്തെ ജനങ്ങളുടെ സൈ്വര്യ ജീവിതം ഇല്ലാതാക്കുന്നതായും സ്ഥാപനത്തില്‍ നിന്നുയരുന്ന അസഹനീയമായ ദുര്‍ഗന്ധം മൂലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതായും കമ്പനി അധികൃതര്‍ വിഷയത്തില്‍ ധിക്കാരപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഫ്രഷ് കട്ടുമായി ബന്ധപ്പെട്ട കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അടുത്തദിവസം നടക്കാന്‍ പോകുന്ന താലൂക്ക് അദാലത്തില്‍ ഈ പ്രധാനപ്പെട്ട വിഷയങ്ങള്‍ മന്ത്രിമാരുടെ പരിഗണനക്ക് വരും. നാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള കൃത്യമായ ഇടപെടലാണ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയിട്ടുള്ളത്.
പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഉന്നയിച്ച പ്രധാനപ്പെട്ട ജനകീയ പ്രശ്‌നങ്ങള്‍ക്ക് അധികൃതര്‍ പരിഹാരം കാണുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി. ഹാഫിസ് റഹിമാന്‍ ജന. സെക്രട്ടറി എം. സുല്‍ഫീക്കര്‍ എന്നിവര്‍ പറഞ്ഞു.
Tags:
THAMARASSERY