Trending

ഇന്ത്യയിൽനിന്നുള്ള ആദ്യ ഹജ് വിമാനം അടുത്ത മാസം 21ന്.

ജിദ്ദ : ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ് വിമാനം മെയ് 21ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോൺസൽ ജനറൽ പറഞ്ഞു. ഈ വർഷത്തെ ഹജുമായി ബന്ധപ്പെട്ട നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. ഇന്ത്യയിൽനിന്ന് ഹജ് കമ്മിറ്റി വഴി ഈ വർഷം 1,40,020 തീർഥാടകരും സ്വകാര്യ ഹജ് ഗ്രൂപ്പുകൾ വഴി 35,005 ഹാജിമാരും ഹജ് നിർവഹിക്കാൻ എത്തും. ഇവർക്ക് സുഗമമായി ഹജ് നിർവഹിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവുമായും ഹജ് കമ്മിറ്റിയുമായും സഹകരിച്ചുകൊണ്ട 24 മണിക്കൂറും പ്രവർത്തന സജ്ജമാണെന്നും മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു.

ഈ വർഷം വനിതാ ഹാജിമാർക്കു മാത്രമായി മക്കയിൽ ആശുപത്രി സജ്ജമാക്കും. മഹറമില്ലാതെ നാലായിരത്തിലേറെ സ്ത്രീകളാണ് ഈ വർഷം ഹജ് നിർവഹിക്കാനെത്തുന്നത്. ഇവർക്കു പ്രത്യേക പരിഗണന നൽകി താമസ സൗകര്യങ്ങളും മറ്റു സഹായങ്ങളും ലഭ്യമാക്കും. ഈ വർഷം തീർഥാടകരുടെ വയസിന് നിയന്ത്രണമില്ലാത്തതിനാൽ പ്രായമായ ഹാജിമാരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നും ഇതു കണക്കിലെടുത്ത് അവർക്ക് ആവശ്യമായ ഒരുക്കങ്ങളും നടത്തി വരികയാണെന്നും കോൺസൽ ജനറൽ പറഞ്ഞു.

മാധ്യമ പ്രവർത്തകർക്കു പുറമെ കോൺസൽമാരായ മുഹമ്മദ് ഹാഷിം,  ടി. ഹാംഗ്ഷിംഗ്, ദീപക് യാദവ് എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. കോൺസൽ മുഹമ്മദ് അബ്ദുൽ ജലീൽ സ്വാഗതം പറഞ്ഞു.
Previous Post Next Post
3/TECH/col-right