താമരശ്ശേരി : ജന ജീവിതം ദുസ്സഹമാക്കുന്ന കട്ടിപ്പാറ പഞ്ചായത്തിലെ അറവ് മാലിന്യ സംസ്ക്കരണ പ്ലാന്റ് 'ഫ്രഷ് കട്ടിനെതിരെയുള്ള ശക്തമായ ജനവികാരം കണ്ടില്ലെന്ന് നടിച്ച് ധിക്കാരപരമായ നിലപാട് തുടരാൻ അനുവദിക്കില്ലെന്നും പ്രദേശവാസികൾക്ക് സ്വസ്ത ജീവിതം ഉറപ്പുവരുത്തണമെന്നും കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തകസമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അറവ് ശാലകളിൽ നിന്ന് ഇവിടേക്ക് അനുവദിച്ചതിലും കൂടുതൽ വൻ തോതിൽ മാലിന്യമെത്തിച്ച് ഇവിടെ വെച്ച് സംസ്ക്കരിക്കുമ്പോൾ നാട്ടുകാർക്ക് അനുഭവപ്പെടുന്ന ദുർഗന്ധം അസഹനീയമാണ്.നിശ്ചിത അളവിൽ കൂടുതൽ മാലിന്യ സംസ്ക്കരണമാണ് ഫ്രഷ് കട്ട് എന്ന സ്ഥാപനത്തിൽ നടക്കുന്നത്. താമരശ്ശേരിയിലേയും പരിസര പഞ്ചായത്തുകളിലേയും ജനങ്ങൾ ദുർഗന്ധം സഹിക്കവയ്യാതെ പ്രയാസത്തിലാണ്.
വായു മലിനീകരണമടക്കം അത്യന്തം ഗൗരവതരമായ അപകടങ്ങളാണ് ഈ സ്ഥാപനം പടച്ച് വിടുന്നത്. പരീക്ഷയുടെ കാലത്ത് പ്രത്യേകിച്ച് വിദ്യാർത്ഥികൾ വളരെ ബുദ്ധിമുട്ടിലാണ്. റംസാൻ മാസത്തിൽ ഇവയുടെ പ്രവർത്തനം പൂർവ്വാധികം ശക്തിയോടെയാണ് ഉണ്ടാവുന്നത്. വിഷയത്തിൻ്റെ ഗൗരവം മനസിലായിട്ടും ഒന്നും അറിയാത്ത പോലെ നടിക്കുകയാണ് .
നിലവിലെ അവസ്ഥ തുടരുന്ന പക്ഷം സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത വിധം സമരം ശക്തമാക്കുമെന്ന് കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തകസമിതി യോഗം മുന്നറിയിപ്പു നൽകി. അടുത്ത ദിവസം പരിസര പ്രദേശങ്ങളിലെ പഞ്ചായത്ത് അധികാരികളുടെ യോഗം താമരശ്ശേരിയിൽ ചേരാനും തീരുമാനിച്ചു. പ്രസിഡണ്ട് വി.എം ഉമ്മർ മാസ്റ്റർ അധ്യക്ഷനായി. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം.എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജന. സിക്രട്ടറി കെ.കെ എ ഖാദർ സ്വാഗതവും ട്രഷറർ മുഹമ്മദൻസ് നന്ദിയും പറഞ്ഞു.
Tags:
THAMARASSERY