താമരശ്ശേരി: ശാസ്ത്ര പരീക്ഷണങ്ങളുടെയും പഠനത്തിന്റെയും സഞ്ചരിക്കുന്ന വേദിയൊരുക്കുന്ന കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻ്റെ ശാസ്ത്ര വണ്ടി കോഴിക്കോട് ജില്ലയിലെ പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേർന്നു. ദേശീയ ശാസ്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സയൻസ് ഓൺ വീൽസ് എന്ന പരിപാടിയുടെ ഭാഗമായുള്ള വണ്ടിയാണ് ഇത്.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും അഗസ്ത്യ ഇൻ്റർനാഷനൽ ഫൗണ്ടേഷൻ്റെയും സഹകരണത്തോടെയാണ് പരിപാടി. കോഴിക്കോട് ജില്ലയിൽ ഈ പരിപാടിയുടെ ആതിഥേയത്വം വഹിക്കുന്ന പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിലെ 100 വിദ്യാർത്ഥികൾ പരിശീലനം നേടി. ശാസ്ത്ര ആശയങ്ങളിലും പരീക്ഷണങ്ങളിലുമാണ് പരിശീലനം.
പരിശീലനം നേടിയ വിദ്യാർത്ഥികൾ നാളെ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ സ്കൂളുകളിൽ നിന്നെത്തുന്ന വിദ്യാർഥികൾക്ക് ശാസ്ത്ര പരീക്ഷണങ്ങളിലെ വിശദീകരണം നൽകും. 50 ഓളം ശാസ്ത്ര എക്സിബിഷുകളാണ് പ്രദർശനങ്ങളാണ് ഒരുക്കുന്നത് ഇതോടൊപ്പം സ്കൂളിലെ വിവിധ ശാസ്ത്ര വകുപ്പുകളും സന്നദ്ധ സംഘങ്ങളായ എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, സീഡ് പദ്ധതി എന്നിവയുടെ സ്റ്റാളുകളും ഉണ്ട്. ഗാന്ധി ചരിത്ര ചിത്രപ്രദർശനം, എക്സൈസ് വകുപ്പിന്റെ വിമുക്തി, എൻ ഐ ടി യുടെ മെക് സ്റ്റാൾ, കാർഷിക പ്രദർശനം, തൈ വിതരണം, എയ്റോബിക്സ്, കളരി പ്രദർശനം എന്നിവയും ഒരുക്കിയിട്ടുണ്ട്.
എക്സിബിഷൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷിജ ശശി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ്, കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ഒരുക്കിയ ശാസ്ത്ര പ്രഭാഷണ വേദിയിൽ ശാസ്ത്രജ്ഞനും ഐ എസ് ആർ ഒ മുൻ ഡെപ്യൂട്ടിഡയറക്ടറുമായ കെ ജയറാം, എൻ ഐ ടി പ്രഫസർ എ സുജിത്ത് എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. എക്സിബിഷൻ കാണുന്നതിന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.
Tags:
EDUCATION