നരിക്കുനി: കരാറുകാരനെ ടെർമിനേറ്റ് ചെയ്തത് മൂലം അനശ്ചിതത്തിലായ പന്നൂർ -നരിക്കുനി - നെല്ലേരിതാഴം - പുന്നശ്ശേരി റോഡിൻ്റെ പ്രവൃത്തി ഉടൻ പുനരാരംഭിക്കണമെന്ന് ജനപ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു.റോഡ് കടന്ന് പോവുന്ന കിഴക്കോത്ത് -നരിക്കുനി - കാക്കൂർ ഗ്രാമപഞ്ചായത്തുകളിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ആണ് യോഗം ചേർന്നത്.
3 പഞ്ചായത്തുകളിലെ നൂറ് കണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡിൻ്റെ വികസനത്തിന് 2019 ൽ 7 കോടി സർക്കാർ അനുവദിക്കുകയും അന്നത്തെ മന്ത്രിയായ ടി.പി രാമകൃഷ്ണൻ പ്രവൃത്തി ഉദ്ഘാടനം നടത്തുകയും ചെയ്തതാണ്. എന്നാൽ കരാറുകാരൻ്റെ അനാസ്ഥ മൂലം റോഡ് പണി അനശ്ചിതമായി നീണ്ടു പോവുകയായിരുന്നു.
പ്രവൃത്തി പാതിവഴിയിലായ റോഡിൻ്റെ പലയിടങ്ങളിലും അപകടങ്ങൾ പതിവാണ്.പൊടിശല്യവും കുഴികളും സ്ലാബിടാതെ തുറന്ന് കിടക്കുന്ന ഡ്രൈനേജ്യം മൂലം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് കാൽനടയാത്ര പോലും ദുരിതമാണ്. കരാറ് കാരനെ ടെർമിനേറ്റ് ചെയ്യാൻ വകുപ്പ് തലത്തിൽ തീരുമാനമെടുത്ത ശേഷം പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തിൽ കരാറ് കാരന് ഫെബ്രുവരി പത്താം തിയ്യതി വരെ സമയം നല്കാൻ തീരുമാനിച്ച PWD ഉദ്യോഗസ്ഥരുടെ നടപടിയിൽ ദുരൂഹതയുണ്ടെന്ന് യോഗം വിലയിരുത്തി.
പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. നിലവിലെ ഗുരുതര സാഹചര്യം പൊതുമരാമത്ത് ,ഗതാഗത മന്ത്രിമാരേയും MK മുനീർ MLA യേയും ബോധ്യപ്പെടുത്തും. റോഡ് പരിശോധിച്ച് നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കളക്ടർ, PWD സൂപ്രണ്ടിങ്ങ് എഞ്ചിനീയർ എന്നിവരെ പതിനെട്ടാം തിയ്യതി കാണാനും യോഗം തീരുമാനിച്ചു.
നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ സലീം അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇൻചാർജ്.ടി.എം രാധാകൃഷ്ണൻ ,കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസ്രി ഷരീഫ്, കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എം ഷാജി, ജില്ലാ പഞ്ചായത്ത് മെമ്പർ ഐ.പി രാജേഷ്.ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻ കണ്ടി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി പുല്ലങ്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ മോഹനൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വഹീദ അഷറഫ്, ഷൈലേഷ് വി ,സി.പി ലൈല, മൊയ്തിനെരോത്ത്, ടി.കെ സുനിൽ കുമാർ, മിനി വി.പി തുടങ്ങിയവർ സംസാരിച്ചു.
Tags:
NARIKKUNI