Trending

"ആൽകോ സ്കാൻ വാൻ":ലഹരി ഉപയോഗിച്ച് വാഹനമോടിച്ചാൽ കുടുങ്ങും.

കോഴിക്കോട് : ലഹരിയുപയോഗിച്ച് വളയം പിടിക്കുന്നവർ ജാഗ്രതൈ! അത്യാധുനിക പരിശോധനാ സംവിധാനങ്ങളുമായി പോലീസിന്റെ ‘ആൽകോ സ്കാൻ വാൻ’ ജില്ലയിൽ പരിശോധന തുടങ്ങി. മദ്യം, സിന്തറ്റിക് ലഹരിമരുന്നുകൾ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചവരെ കണ്ടെത്താൻകഴിയുന്ന അത്യാധുനിക ഉപകരണങ്ങളുമായാണ് വാനിന്റെ വരവ്.

ശനിയാഴ്ച രാത്രിയോടെ ഫറോക്ക് സ്റ്റേഷൻ വാഹനം ഏറ്റെടുത്തു. വരുന്ന 14 ദിവസം വാൻ ജില്ലയുടെ വിവിധയിടങ്ങളിൽ പരിശോധന നടത്തും. മദ്യം ഉപയോഗിച്ചവരെ ബ്രീത്ത് അനലൈസറും ലഹരികൾ കണ്ടെത്താൻ അബോട്ട് എന്ന മെഷീനുമാണ് വാഹനത്തിൽ തയ്യാറാക്കിയിട്ടുള്ളത്.

കാട്രിഡ്ജ് വായിൽ കടത്തി ഉമിനീർ ശേഖരിച്ചശേഷമാണ് ലഹരിവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തുക. എം.ഡി.എം.എ. പോലുള്ള സിന്തറ്റിക് ഡ്രഗുകൾ, കഞ്ചാവ് പോലെയുള്ള മറ്റിനങ്ങളും ഉപയോഗിച്ചവരും മെഷീൻ പിടികൂടും.ഇത്തരക്കാരെ പിടികൂടി വാനിനുള്ളിലെത്തിച്ച് പരിശോധിച്ച് മിനിറ്റുകൾക്കുള്ളിൽ റിസൽറ്റ്‌ ലഭ്യമാക്കാനാവും. ഫലം പ്രിന്റ് രൂപത്തിൽ എടുക്കാനുമാവും.

ലഹരി ഉപയോഗം തെളിഞ്ഞാൽ പ്രതിയെ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിക്കേണ്ടതില്ലെന്ന് ചുരുക്കം. പിന്തുണയ്ക്കുന്ന തെളിവായി കോടതിയിൽ പരിശോധനാഫലം സമർപ്പിക്കാനുമാവും. മെഷീനുകൾ ഉപയോഗിക്കാൻ പ്രാവീണ്യം നേടിയ പോലീസുദ്യോഗസ്ഥരെ വാനിൽ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, അതത് സ്റ്റേഷൻപരിധിയിലെ ഉദ്യോഗസ്ഥരും വാനിലുണ്ടാവും.ലഹരിമരുന്നുപയോഗം കണ്ടെത്താൻ നിലവിലുള്ള പരിമിതികൾ മറികടക്കുന്നതാണ് പുതിയസംവിധാനം.

ആദ്യ ദിനത്തിൽ ഫറോക്ക് സ്റ്റേഷൻ പരിധിയിലെ ബസ്‌സ്റ്റാൻഡുകൾ, പ്രധാന ടൗണുകൾ, റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ പരിശോധന നടത്തി. അഞ്ച്‌ കേസുകളെടുത്തു.സബ് ഇൻസ്പെക്ടർമാരായ കെ.എസ്. ജെയ്ൻ, എം. മനോജ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ വി.സി. സുബീഷ്, ജിജു. എസ്. ബാൽ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Previous Post Next Post
3/TECH/col-right