Trending

പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ: കേസെടുക്കാനാകില്ലെന്ന് പൊലീസ്.

കോഴിക്കോട്: പ്ലസ് ടു വിദ്യാർത്ഥിനി കോഴിക്കോട് മെഡിക്കൽ കോളജിലെ എംബിബിഎസ് ക്ലാസിൽ ഇരുന്ന സംഭവത്തിൽ ക്രിമിനൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്. എംബിബിഎസ് പ്രവേശനം ലഭിച്ചെന്ന് നാട്ടുകാരെയും വീട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയായിരുന്നു വിദ്യാർത്ഥിനി നാലുദിവസം എംബിബിഎസ് ക്ലാസിൽ കയറിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വിദ്യാർത്ഥിനി ആൾമാറാട്ടം നടത്തുകയോ വ്യാജ രേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ മെഡിക്കൽ കോളജിലെ രേഖകളും പൊലീസ് പരിശോധിച്ചു. ഇതിൽ നിന്നാണ് വ്യാജ രേഖകളോ മറ്റോ ഉപയോഗിച്ചല്ല ക്ലാസിൽ ഇരുന്നതെന്ന് തെളിഞ്ഞത്. എന്നാൽ മെഡിക്കൽ കോളജിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ.


മെഡിക്കൽ കോളജിലെ അധ്യാപകൻ തന്നെയാണ് കുട്ടിയുടെ പേര് ഹാജർ രജിസ്റ്ററിൽ ചേർത്തത്. പ്രവേശന പരീക്ഷയെഴുതിയിരുന്നെന്നും പ്രവേശനം കിട്ടുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു വിദ്യാർത്ഥിനി. എന്നാൽ പ്രവേശനം കിട്ടാതിരുന്ന സമയത്താണ് കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസ് ക്ലാസ് ആരംഭിച്ച വിവരമറിഞ്ഞത്. അവിടെ പെൺകുട്ടി എത്തുകയും ചെയ്തു. പുറത്ത് നിന്നൊരു ഫോട്ടോ എടുത്ത് മടങ്ങാം എന്നാണ് ആദ്യം കുട്ടി കരുതിയത്. ആ സമയത്ത് മറ്റ് വിദ്യാർത്ഥികൾ ക്ലാസിൽ കയറുന്നത് കണ്ട പെൺകുട്ടിയും അവർക്കൊപ്പം കയറി. ഹാജർ ബുക്കിൽ പേര് വിളിച്ചതോടെ മറ്റ് പ്രശ്‌നങ്ങളില്ലെന്ന് കരുതി നാല് ദിവസം ക്ലാസിൽ തുടരുകയായിരുന്നു. ഒടുവിൽ പിടിക്കപ്പെടുമെന്ന് മനസിലാക്കിയപ്പോൾ ക്ലാസിൽ വന്നില്ല. ആ സമയത്താണ് മെഡിക്കൽ കോളജ് അധികൃതരും തെറ്റ് മനസിലാക്കിയത്.


സാധാരണ ഒന്നാം വർഷ വിദ്യാർത്ഥികൾ ആദ്യ ക്ലാസിലെത്തുമ്പോൾ അഡ്മിറ്റ് കാർഡ് പരിശോധിക്കാറുണ്ട്. പക്ഷേ ആ ദിവസം നിരവധി കുട്ടികൾ വൈകിയെത്തിയിരുന്നു. തുടർന്ന് വൈകിയെത്തിയവരുടെ പേര് മാത്രം ചോദിച്ച് ഹാജർ ബുക്കിൽ അധ്യാപകൻ രേഖപ്പെടുത്തുകയായിരുന്നു. മറ്റ് രേഖകൾ പരിശോധിച്ചിരുന്നില്ല. പിന്നാലെ അടുത്ത ദിവസങ്ങളിലും ഈ പേര് വിളിച്ചാണ് അധ്യാപകർ ഹാജർ രേഖപ്പെടുത്തിയത്.
Previous Post Next Post
3/TECH/col-right