വിവരാവകാശ രേഖകൾ നൽകാൻ മറ്റ് നിയമങ്ങൾ പ്രകാരം ഫീസ് വാങ്ങാൻ പാടില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ.അബ്ദുൽ ഹക്കിം നിർദ്ദേശിച്ചു. ഇന്ത്യൻ പാർലമെൻറ് പാസാക്കിയ നിയമത്തിന് എക്സിക്യൂട്ടീവ് ഓർഡറിലൂടെ ഭേദഗതി കൊണ്ടുവരാനാവില്ലെന്നും അത്തരം ഉത്തരവുകളുണ്ടെങ്കിൽ അത് എസ്.പി.ഐ.ഒ മാർക്ക് ബാധകമല്ലെന്നും കമ്മിഷൻ വിശദമാക്കി.
ഉണ്ണിക്കുളം വില്ലേജ് ഓഫീസർ അപേക്ഷകനായ പി.വി പത്ഭനാഭ കുറുപ്പിൽ നിന്ന് 27 രൂപക്ക് പകരം 891 രൂപ അടപ്പിച്ച നടപടി തെറ്റാണെന്നും കമ്മീഷണർ പറഞ്ഞു. അധികമായി ഈടാക്കിയ 864 രൂപ തിരികെ നൽകാനും ഉത്തരവായി. കോഴിക്കോട് കലക്ടറേറ്റിൽ തെളിവെടുപ്പ് നടത്തുകയായിരുന്നു അദ്ദേഹം.
ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ നഗരത്തിലെ ചിപ്സ് ഉല്പാദന കേന്ദ്രത്തിൽ നടത്തിയ പരിശോധന റിപ്പോർട്ട്, ലാബ് ടെസ്റ്റ് റിസൾട്ട് എന്നിവയെല്ലാം പൊതുരേഖയാണെന്നും അത് പൂർണമായും അപേക്ഷകർക്ക് നൽകണമെന്നും കമ്മീഷൻ ഉത്തരവായി. എ.കെ.കെ.ആർ ഹൈ സ്കൂൾ ഫോർ ഗേൾസിലെ നിയമന വിവരങ്ങൾ 2023 ജനുവരി നാലിനകം നൽകണം. മലബാർ ക്രിസ്ത്യൻ കോളജിലെ നിയമന വിവരങ്ങൾ കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഇടപെട്ട് ലഭ്യമാക്കണം.
കായണ്ണ പഞ്ചായത്തിലെ അനധികൃത കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് കാണാതായി എന്നു പറയുന്ന രേഖകൾ രണ്ടാഴ്ചയ്ക്കകം കമ്മീഷൻ ആസ്ഥാനത്ത് ഹാജരാകണം. വിവരാവകാശ അപേക്ഷയ്ക്ക് ചോദ്യം വ്യക്തമല്ല എന്ന് മറുപടി നൽകിയ നാദാപുരം എ.ഇ.ഒ ഓഫീസിലെ ജീവനക്കാർ ചോദ്യവും മറുപടികളും ബന്ധപ്പെട്ട ഫയലുകളുമായി കമ്മീഷനെ തിരുവനന്തപുരത്ത് എത്തി നേരിൽ കാണണമെന്നും നിർദേശിച്ചു. ആകെ 18 കേസുകളാണ് പരിഗണിച്ചത്.
Tags:
KERALA