ഭാഗം 23
ജയചന്ദ്രൻ മാഷ് സ്കൂളിലെ കുട്ടികൾക്കും നാട്ടുകാർക്കും അവരുടെ ഹീറോയാണ്; ചങ്കാണ്. ശിശ്യൻ അജ്മൽ, ഇന്ന് അതേ സ്കൂളിലെ കുട്ടികൾക്ക് പ്രിയങ്കരനായ അധ്യാപകനാണ്. അജ്മലിനൊപ്പം പഠിച്ച ആരതി ഇപ്പോൾ ഹൈസ്കൂളിലെ അധ്യാപികയാണ്. രാഷ്ട്രീയക്കാരൻ വാസുവേട്ടൻ്റെയും ശാരദയുടെയും മകൾ. ശരണിൻ്റെ ലഹരി മാഫിയയിൽ പെട്ടു പോയിരുന്ന ഇരുവരും ഇപ്പോൾ അധ്യാപകരാണ്. ഇടത്തരം കുടുംബത്തിൽ നിന്ന് വിവാഹം കഴിച്ച് ,ഏറെ കഠിനാധ്വാനം ചെയ്ത് ജയചന്ദ്രൻ സാറിൻ്റെ മാർഗദർശനം ഫലവത്തായി പ്രയോജനപ്പെടുത്തിയവർ.
ശരൺ പല തവണ പരീക്ഷകളിൽ തോറ്റ് എല്ലാ വിഷയങ്ങളും എഴുതിയെടുത്ത് പാസായി. +2 കഴിഞ്ഞ് നാട്ടിലെ സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മുഴുകി ഇപ്പോൾ വാർഡ് മെമ്പറാണ്. നേതാവാണ്. നാട്ടുകാർക്ക് പലതുമാണ്. ഇരുട്ടിൻ്റെ മറവിൽ ഇടനിലക്കാർ മുഖേനയാണ് ഇപ്പോൾ മയക്കുമരുന്നു ഉൽപന്നങ്ങളുടെ വിതരണം. പക്ഷേ. പൊതൃസമൂഹത്തിൽ വലിയ സ്വീകാര്യനാണിപ്പോൾ.
മരണ വീടുകളിൽ, വിവാഹ വീടുകളിൽ, മറ്റ് അടിയന്തിര ചടങ്ങുകളിൽ, ക്ലബ് പരിപാടികളിൽ, നാട്ടിലെ മത്സരങ്ങളിൽ എല്ലാം ഓടിയെത്തും. മറ്റുള്ളവരെ സഹായിക്കാൻ ഏറെ മുൻപന്തിയിലാണ് ശരൺ. എല്ലാവർക്കും സഹായി. ചുകന്ന മുണ്ടുടുത്ത് ഇടത് കൈയിൽ മുണ്ടിൻ്റെ ഒരു തല കുത്തിപ്പിടിച്ച് മറുകൈയിൽ വില കൂടിയ മൊബൈൽ ഫോണുമായി ഞാനെല്ലാം സാധിക്കുമെന്ന വിധം ഒരു നടത്തമുണ്ട് ശരണിന്. സാബുവിൻ്റെ ദാരുണമായ ജീവിത സംഭവങ്ങൾ കേട്ടറിഞ്ഞ് ദേവികയെ കാണാൻ എത്തിയ സംഘത്തിൽ ശരണുമുണ്ട്. അവൾക്കൊരു ജീവിതം നൽകാൻ അവനും തീരുമാനിച്ചിരിക്കുന്നു.
ശരണിൻ്റെ ലഹരി വിൽപനയിൽ കൂടെ നിന്നിരുന്ന രവീന്ദ്രനും ആരതിയും ബാബുവുമെല്ലാം ഇപ്പോൾ സാബുവിൻ്റെ സഹായത്തിനെത്തിയിരിക്കുന്നു. അയൽക്കൂട്ടത്തിൻ്റെ പ്രതിനിധിയായി ജ്യോതിയുമുണ്ട്. അവൾ വീട്ടമ്മയാണ്. മക്കൾ പഠിക്കുന്ന സ്കൂളിലെ പിടിഎ അംഗം. രവീന്ദ്രൻ കൂലിപ്പണികളിലും ആരതി അങ്കണവാടിയിലും പണിയെടുത്ത് കഴിയുന്നു. ഓരോരുത്തരും എത്തിപ്പെടുന്ന വഴികൾ വ്യത്യസ്തമാണ്. ഇവിടെ ഹതാശനായി വീണ്ടു പോയ സാബു പഠന കാലത്ത് വലിയ തോതിൽ പണം ചെലവഴിച്ചവനാണ്. വില കൂടിയ ഫോൺ, ആഢംബരങ്ങൾ, വാഹനം എന്തെല്ലാമായിരുന്നു. ഇന്ന് ജീവിതത്തിൽ കാലിടറി വീണവൻ.
ഇപ്പോഴാകട്ടെ, സാബുവിൻ്റെ ക്രൂരതകൾക്കിരയായ ദേവികയുടെയും മകൻ്റെയും അസുഖ ബാധിതനായ അഛൻ്റെയും എല്ലാ ബാധ്യതയും പഴയ കാല സഹപാഠികൾക്ക് സമ്മാനിച്ചിരിക്കുന്നു. ജയിലഴികളെണ്ണി കഴിയുകയാണ് സാബു. അഛൻ്റെ കൊലപാതകം തെളിഞ്ഞ സ്ഥിതിക്ക് സാബു ശിക്ഷിക്കപ്പെടുമെന്നുറപ്പാണ്. വധശിക്ഷയുണ്ടാകുമോ അതല്ലെങ്കിൽ ഇരട്ട ജീവപര്യന്തമോ എന്ന കാര്യത്തിലേ സംശയമുള്ളൂ. അവൻ്റെ ബാധ്യതയുടെ കെട്ടുകൾ അതിഭീകരമായിരുന്നു.
പഴയ കാല ജീവിത കഥകൾ ശരണിൻ്റെ വീട്ടിൽ ഒത്തുചേർന്ന അവർ ചർച്ച ചെയ്തു.. തകർന്നുവീണ ജീവിതങ്ങളെയോർത്ത് പരിഭവങ്ങൾ പങ്കുവെച്ചു. വിദ്യാലയത്തിലെ ലഹരിക്കെതിരായ ബോധവൽക്കരണത്തിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നെ നാട്ടിലെ ക്ലബുകളിലും അയൽക്കൂട്ട യോഗങ്ങളിലും മറ്റും സെമിനാറുകളും ചർച്ചകളുമായി.
സംഘം സണ്ണി ജോസുമായി സംസാരിച്ചു. അദ്ദേഹമാണ് ദേവികയുടെ വിവരങ്ങൾ സംഘത്തെ അറിയിച്ചിരുന്നത്. തൻ്റെ പത്തു ലക്ഷം വേണ്ടെന്നു വച്ചു. മകൻ്റെ പഠനവും ചെലവുകളും അയാൾ ഏറ്റെടുത്തു. ഇനി മറ്റനേകം ബാധ്യതകൾ തീർക്കാനുണ്ട്. ദേവികയെ ചികിത്സിക്കുകയും വേണം....
(തുടരും)
Tags:
KERALA