Trending

ലഹരിയിൽ ഒടുങ്ങുന്ന ജീവിതങ്ങൾ:ഡോ. മുഹമ്മദ് ഇസ്മായിൽ എം

ഭാഗം 19

ദേവികയുടെ അഛൻ വീടും പുരയിടവും വിൽപനക്കു വെച്ചു. പണത്തിൻ്റെ ഡിമാൻ്റ് അറിഞ്ഞ ബ്രോക്കർമാർ ഓടിയെത്തി. 15 ലക്ഷമാണ് പരമാവധി വില പറയുന്നത്. ഓരോ ടീമും വീട് വന്ന് നോക്കുന്നു. പക്ഷേ, അവരെല്ലാം മുൻപ് വന്നു പോകുന്നവരുടെ തന്നെ ആളുകളാണ്. പലരെയും പറഞ്ഞയക്കുന്നു. ആദ്യം പറഞ്ഞ വില തന്നെ എല്ലാരും പറയുന്നു. വിൽപന വിവരം അറിഞ്ഞ താമസത്തിൻ്റെ ആവശ്യക്കാർ സ്ഥലവും വീടും നോക്കാനായി വന്നു. ബ്രോക്കർമാർ ഇടപെട്ട് മുടക്കി. ചാത്തനേറ് ഉണ്ടെന്നും എതിർ പോക്ക് കാരണം എന്നും അവിടെ താമസിക്കുന്നവർക്ക് ജീവിതപ്രശ്നങ്ങൾ ഉണ്ടെന്നും ബ്രോക്കർമാർ തട്ടി വിട്ടു. 

പണം അടക്കേണ്ട ദിവസമാവുകയാണ്. വിറ്റാൽ വാടക വീട്ടിൽ താമസിക്കണം. സമ്പാദ്യമെല്ലാം ഇതോടെ ഇല്ലാതാവുകയാണ്. ഹൃദയം നുറുങ്ങുകയാണ്. അവസാനം 18 ലക്ഷം വില പറഞ്ഞു വന്ന ബ്രോക്കർമാർ സമ്പാദ്യം സ്വന്തമാക്കി. മനസില്ലാ മനസോടെ അഛൻ അതും വിറ്റു. ഇനിയുള്ളത് ദേവികക്ക് നൽകിയ സ്വർണമാണ്. നാല് ലക്ഷം രൂപക്ക് അതും വിറ്റു. അമ്മയുടെ എല്ലാ ആഭരണങ്ങളും മകൾക്കായി നേരത്തേ വിറ്റുപോയിരുന്നു. ഇപ്പോൾ ഒന്നുമില്ല. എന്ത് ചെയ്യും?..

ഇത്രയുമായപ്പോൾ നാട്ടിലെ പൗരപ്രമുഖൻ്റെ വീട്ടിലെത്തി ദേവികയും അഛനും സഹായം തേടി. നടന്ന കാര്യങ്ങളും പ്രതിസന്ധികളും അവതരിപ്പിച്ചു. വീട് വിറ്റുപോയതായി അറിയിച്ചു. ഇനി തല ചായ്ക്കാൻ പുതിയ ലാവണം വേണം. രണ്ട് നിബന്ധനകളോടെയാണ് താൽക്കാലികമായി അയാൾ 10 ലക്ഷം കടം നൽകിയത്. ഒന്ന് തൻ്റെ വീട്ടിൽ ദേവിക വേലക്കു നിൽക്കണം. രണ്ട് സാബു മോചിതനായി എത്തിയാലുടൻ പണം തിരിച്ചു ലഭിക്കണം.ഗത്യന്തരമില്ലാതെ ദേവിക സമ്മതിച്ചു. 

ബാക്കി 18 ലക്ഷം രൂപക്കായി നെട്ടോട്ടമായി. പലരിൽ നിന്നും കലക്ഷൻ വകയിൽ അഛൻ ഒപ്പിച്ചെടുത്തത് അഞ്ച് ലക്ഷത്തോളം. ബാങ്കിൽ നിന്ന് വ്യക്തിഗത വായ്പ 5 ലക്ഷം. പലരിൽ നിന്നും കടമായി സംഘടിപ്പിച്ചത് 8 ലക്ഷം. ഒരു മാസക്കാലയളവിൽ പണം മുഴുവനാക്കി ദേവികയുടെ വാത്സല്യനിധിയായ അഛൻ മകളെ ചേർത്തു നിറുത്തി.
ചോരയും നീരും ഈറ്റിക്കുടിച്ച സാബു സത്യത്തിൽ അച്ചൻ്റെ മജ്ജ കാർന്നുതിന്നുകയാണിപ്പോൾ. തൻ്റെ മകളുടെ കണ്ണീര് കാണാനാകാത്ത അമ്മക്കും സ്വന്തം ചോരയായ മകൾക്കും ജീവിതമില്ലാതാകുന്നതിലും വലുതല്ലല്ലോ തൻ്റെ ജീവൻ....

ആ വിശാല ഹൃദയം കടലോളം ആഴവും ആകാശത്തോളം ഉയരവുമുള്ളതാണ്. മകൾക്കായി ഇതെല്ലാം സംഘടിപ്പിക്കുമ്പോൾ എങ്ങെനെ തിരിച്ചു നൽകുമെന്ന് ചിന്തിച്ചതേയില്ല.
പണം വിദേശത്തുള്ള വക്കീൽ മുഖേന കെട്ടിവെച്ചു. ഒരാഴ്ചയ്ക്കകം ജയിൽ മോചിതനായി. നാടുകടത്താനുള്ള വിധി കൂടിയുള്ളതിനാൽ ഗൾഫ് യാത്ര നിരോധിച്ച് പാസ്പോർട്ടിൽ മാർക്ക് ചെയ്ത് കയറ്റി വിട്ടിരിക്കുകയാണ്. ശൂന്യ ഹസ്തനായി നാട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ദേവികയും അഞ്ച് വയസായ മകനും അഛനും അമ്മയും കാണാനെത്തി. എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ആ വൃദ്ധമാതാപിതാക്കളുടെ മുഖത്ത് നിലാവ് പരന്നു. ദേവികയ്ക്ക് സ്വയം നിയന്ത്രിക്കാനായില്ല. ആഹ്ലാദാധിക്യം കൊണ്ട് ഒച്ചവെച്ചു. ഓട്ടിച്ചെന്ന് കെട്ടിപുണർന്നത് മാത്രമേ ഓർമയുള്ളൂ. പരിസരം മറന്ന് സാബുവിൽ ലയിച്ചു. കണ്ടു നിന്നവരെ ഈറനണിയിച്ച കാഴ്ചകൾ. തല ഉയർത്തി കണ്ണുകൾ തുടച്ച് അമ്മയിൽ നിന്ന് കുഞ്ഞിനെ വാങ്ങി പ്രിയതമൻ്റെ കൈയിൽ കൊടുത്തു. 

കൊതിതീരാതെ സാബു മകൻ്റെ കവിളിൽ ഉമ്മവെച്ചു കൊണ്ടിരുന്നു. പിന്നെ അവൾ സ്വപ്നങ്ങളിൽ കണ്ട ഗൾഫുകാരൻ്റെ വരവായിരുന്നില്ല അത്. ആകെ പരിക്ഷീണിതൻ... കണ്ണുകൾ കുഴിഞ്ഞ അവസ്ഥയിലാണ്. മുടി ഏറെ കൊഴിഞ്ഞു പോയിട്ടുണ്ട്. പല്ല് പോയി കവിൾ ഒട്ടിയിരിക്കുന്നു. എല്ലാ പ്രസന്നതയും പോയി പ്രായത്തിലേക്ക് നീങ്ങുകയാണ്. ശൂന്യ ഹസ്തൻ.. ഒരു സ്വർണമാല പ്രിയതമക്കോ മകനോ കൊണ്ടു വന്നില്ല. ഒരു പുതുവസ്ത്രവുമില്ല. ആരോ കൊടുത്ത സുഗന്ധദ്രവ്യങ്ങളില്ല. വീട്ടുപകരണങ്ങളില്ല. പോയതെല്ലാം പോയി... പുതിയതൊന്നുമില്ല താനും....
ദേവികയ്ക്ക് അതൊന്നും വിഷയ മേയല്ല. തിരിച്ചു കിട്ടിയ പ്രിയതമനാണ് വലുത്. ശ്രേഷ്ഠമായ മറ്റൊന്നും അവൾക്ക് മുന്നിലില്ല. പ്രിയപ്പെട്ടവൻ വിദേശത്ത് പോയി എന്തേലും കൊണ്ട് വരണമെന്നില്ല. ജീവൻ തിരിച്ചു കിട്ടിയാൽ മതി. ഓരോ പ്രവാസിയുടെ ഭാര്യമാരും വെച്ചു പുലർത്തുന്ന സ്വപ്നങ്ങൾ വലുതാണ്.

സ്ത്രീകൾ സ്വയം ധനവിനിമയം നടത്തി കൈകാര്യകർതൃത്വത്തിൽ കഴിവുനേടുന്നുണ്ട്. എന്നാൽ അടുത്ത തുക കിട്ടുന്നതിന് മുമ്പായി ഓരോ തവണയും വരുന്ന തുക അടിച്ചു പൊളിച്ച് തീർക്കുന്നവരാണ് ധാരാളം പ്രവാസി ഭാര്യമാരും. പറ്റ് കടയിലെ ബാധ്യതകൾ, നാട്ടിലെ കല്യാണ / സൽക്കാര ബാധ്യതകൾ, സാബുവിൻ്റെ യാത്രക്ക് വാങ്ങിയവ... എല്ല മെല്ലാം വലിഞ്ഞ് വറ്റിപ്പോവുകയാണ്. ആർഭാടമായി വസ്ത്രങ്ങളും സ്വർണം മാറ്റിയെടുക്കലും പതിവാണ്.
ഇന്നിപ്പോൾ അത്തരം ആഗ്രഹങ്ങളൊന്നുമില്ല. വാടകക്ക് വിളിച്ച കാറിലായിരുന്നു പോകുമ്പോൾ യാത്രയായത്. വരുമ്പോൾ ഓട്ടോയിലാണ്. ആ കഥകളുടെയും അഭ്യൂഹങ്ങളുടെയും കെട്ടുകൾ ഒന്നൊന്നായി ഇന്നത്തെ രാത്രിയിൽ പൊട്ടിക്കാനുണ്ട്. തൻ്റെ അഛനോടു പങ്ക് വെക്കുന്നതെല്ലാം സാകൂതം ശ്രവിച്ച് അവളാ വണ്ടിയിൽ ഒരു വിധം ഞെരുങ്ങിയൊപ്പിച്ച് വീട്ടിലെത്തി...

(തുടരും)
Previous Post Next Post
3/TECH/col-right