Latest

6/recent/ticker-posts

Header Ads Widget

ലഹരിയിൽ ഒടുങ്ങുന്ന ജീവിതങ്ങൾ:ഡോ. മുഹമ്മദ് ഇസ്മായിൽ എം

ഭാഗം 18

സാബു നടത്തിയ കൊലപാതകത്തിൻ്റെ അന്വേഷണം അന്ന് താമസസ്ഥലത്ത് കൂടെ തൊഴിലെടുത്തവരിലേക്ക് നീണ്ടു. അറബിയും നിരീക്ഷണത്തിലായി. അർബാബിൽ നിന്ന് മൊഴിയെടുത്ത് വിട്ടയച്ചു. അക്കാലത്ത് പത്രങ്ങളിൽ വന്ന വാർത്തയോർത്ത് അർബാബ് നടുങ്ങി. തൻ്റെ പിതാവിനെ പരിചരിച്ചിരുന്ന സാബുവിനെയോർത്ത് സ്വയം ശപിച്ചു. പൊലിസിനോടായി അർബാബ് പലതും പറഞ്ഞു. പട്ടാണി മുഖ്താർ സൈദും ബംഗ്ലാദേശി മലിക് ഷായും സിസിലിയും ആൻസിയും വിചാരണക്കായി കോടതികളിൽ ഹാജരാകേണ്ടി വന്നു.
പാചകക്കാരി സിസിലിയാണ്‌ സാബു പ്രസ്തുത കാലയളവിൽ സാബു മാരകമായ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന സത്യം പൊലീസിനോട് പറഞ്ഞത്. ശരണുമായി സ്കൂളിൽ ആരംഭിച്ച ലഹരിക്കൈമാറ്റം അവനെ വരിഞ്ഞുമുറുക്കിയിരുന്നു. സ്ഥിരമായി ഉപയോഗിക്കുന്നവനായി അവൻ മാറി. ഗൾഫിൽ അത് കിട്ടാതായതോടെയാണ് ഡാൻസ് ബാറിലെത്തിയത്. വിലപിടിച്ച മദ്യം അവൻ വാങ്ങിക്കഴിച്ചിരുന്നു. ശമ്പളത്തിൻ്റെ വലിയൊരു പങ്ക് ആ ഇന ത്തിൽ ചെലവായി.

 സിസിലിയുമായുണ്ടായ അവിഹിതബന്ധം കാരണം സിസിലിക്കും ധാരാളം പണം കിട്ടിയിട്ടുണ്ട്. കൂടാതെ പുറത്ത് പോയി വരുമ്പോഴെല്ലാം സിസിലിക്കായി പലതും സമ്മാനമായി അവൻ കൊണ്ടുവന്നു. വൈകുന്നേരങ്ങളിൽ അവന് ബോധമുണ്ടായിരുന്നില്ല. മദ്യപാനം ശീലമാക്കിയ അവനെ സിസിലി ചൂഷണം ചെയ്തു. അവൻ്റെ കൈവശം കൊക്കയിൻ ഉണ്ടാകുമായിരുന്നു. അവളുടെ റൂമിലാണ് അവ സൂക്ഷിച്ചിരുന്നത്.
ഡ്രൈവറായിരുന്ന പാക്കിസ്ഥാനി മുഖ്താർ സൈദിന് ആൻസിയുമായി ബന്ധമുണ്ടെന്ന് അവൾ വെളിപ്പെടുത്തി. താൻ കേസിൽ അകപ്പെട്ടാൽ ആൻസിയും രക്ഷപ്പെടരുതെന്നവൾ ഉറപ്പിച്ചു. സാബുവും താനുമായുള്ള ബന്ധം നേരത്തെ അറബിക്ക് ഒറ്റുകൊടുത്ത തോട്ടക്കാരൻ മലിക് ഷായെയും മുഖ്താർ സൈദിനെയും അകറ്റുകയെന്നതും സിസിലി ലക്ഷ്യം വച്ചു. പ്രായപൂർത്തിയെത്തിയവരുടെ ഉഭയസമ്മതപ്രകാരമുള്ള ബന്ധം ആർക്കും പരാതിയില്ലാത്തതിനാൽ പൊലിസ് പരാമർശിച്ചതേയില്ല.

എങ്കിലും സാബു കൊലപാതകം നടത്തിയത് -- ഡാൻസ് ബാറിൽ പോകാറുള്ളതും സുഡാനിയെക്കുറിച്ച് സാബു പറയാറുള്ളതുമെല്ലാം വെച്ച് -- സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലിസ് ഉറപ്പിച്ചു. കേസ് ഡയറിയിൽ രേഖപ്പെടുത്തി.
കോടതിയിൽ പല തവണ വിചാരണക്ക് സാബുവിനെ ഹാജറാക്കി. വാദിഭാഗം വക്കീലിനെ നിശ്ചയിച്ചു. പക്ഷേ, സാബുവിന് വേണ്ടി കേസ് വാദിക്കാൻ ആരുമുണ്ടായില്ല. അഞ്ച് വർഷങ്ങൾക്ക് ശേഷം അവസാനം കോടതി വധശിക്ഷ വിധിച്ചു. പത്രങ്ങളിൽ വാർത്ത വന്നു. ദേവിക ബോധം കെട്ടു വീണു. എല്ലാ പ്രതീക്ഷകളും അറ്റുപോയ നിമിഷങ്ങൾ... കണ്ണുകളിൽ ഇരുട്ട് പടർന്നു.... അലറി വിളിച്ച് തലക്കടിച്ചു കരഞ്ഞു. നാല് വയസ് പ്രായമായ മകനെ ഓമനിക്കാൻ... വ്യഥകളും ആധികളും നിരാശക്കു വഴിമാറി. വിധിക്കെതിരെ സന്നദ്ധ സംഘടനകളെ കൂട്ടുപിടിച്ച് ദേവികയുടെ അഛൻ ഭരണകൂടത്തെ സമീപിച്ചു. പലരും കൈയൊഴിഞ്ഞു.

നാട്ടുകാരുടെ പരിശ്രമത്തെ തുടർന്ന് ഗൾഫിലെ സന്നദ്ധ സംഘടന അപ്പീൽ കൊടുത്തു. കൊല്ലപ്പെട്ട സുഡാനിയുടെ ബന്ധുക്കൾക്ക് ബ്ലഡ് മണി നൽകിയാൽ മോചിപ്പിക്കാമെന്നും സാബുവിനെ എന്നെന്നേക്കുമായി നാടുകടത്തണമെന്നും വിധി വന്നു.
വിവരമറിഞ്ഞ ദേവിക അതിരറ്റ് സന്തോഷിച്ചു.
"എല്ലാം ഭഗവാൻ്റെ കടാക്ഷം" അവൾ ആനന്ദത്താൽ തുള്ളിച്ചാടി. ഇരുളടഞ്ഞ ജീവിതം തിരിച്ചു വരുമെന്ന പ്രതീക്ഷയായി. കുഞ്ഞിൻ്റെ ഭാഗ്യമെന്നവൾ നൂറ്നാവ് കൊണ്ടു പറഞ്ഞു കൊണ്ടേയിരുന്നു. കണ്ണുകളിലൂടെ ആനന്ദത്തിൻ്റെ അശ്രുകണങ്ങൾ അടർന്നുവീണു.
പക്ഷേ, 50 ലക്ഷം രൂപ ബ്ലഡ് മണി കണ്ടെത്തണം. അഛനെയോർത്തവൻ നെടുവീർപ്പിട്ടു. അഛൻ തളർന്നിരിക്കുന്നു. അമ്മയും പ്രായം കൂടി വരികയാണ്. അവർ ഇന്നുവരെയും മകളുടെ സന്തോഷത്തിന് സാക്ഷിയായിട്ടില്ല.

 വിവാഹം കഴിഞ്ഞ് അധികനാളുകളായില്ല. അന്നേ സാബു ആഗ്രഹിക്കാതെ എൻ്റെ താൽപര്യത്തിന് വഴങ്ങിയാണ് പോയത്.
എങ്കിലും അഛൻ പ്രതീക്ഷ കൈവെടിഞ്ഞില്ല. തൻ്റെ വീടും പുരയിടവും വിറ്റാൽ 25 ലക്ഷം കിട്ടും. ബാക്കി പിന്നീട്‌ ആലോചിക്കാം.... മകൾക്കൊരു ജീവിതം കൊടുക്കാൻ തനിക്കാകുന്നതെല്ലാം ചെയ്യുക തന്നെ....

 (തുടരും)

Post a Comment

0 Comments