Trending

ലഹരിയിൽ ഒടുങ്ങുന്ന ജീവിതങ്ങൾ:ഡോ. മുഹമ്മദ് ഇസ്മായിൽ എം

ഭാഗം 15

സാബു വീട്ടിലെത്തി. വീട്ടുകാർ സ്വീകരണം കഴിയുന്നത്ര ഗംഭീരമാക്കി അഛനമ്മമാർ ഹൃദ്യമായി സ്വീകരിച്ചു. അവർ എന്തിനെന്നറിയാതെ സന്തോഷിച്ചു. കൺ മുന്നിലെത്തിയ മകനെ ഏറെ നേരം നോക്കി നിന്നു. സമ്മതം ചോദിക്കാതെ പോയതിൻ്റെ ആവലാതികളൊന്നും അവർക്കില്ല. അവൻ്റെ സമ്പാദ്യങ്ങളേക്കുറിച്ചോ നഷ്ടങ്ങളെക്കുറിച്ചോ അവർ ചർച്ച ചെയ്തില്ല. അവനെ കൺനിറയെ കണ്ടാൽ മതി അമ്മയ്ക്ക്. സ്വയം ജീവിതം കണ്ടെത്തിയാൽ മതി അഛന്. അതിലപ്പുറം സ്വപ്നങ്ങൾ അവർക്കില്ല. ജോലി സ്ഥലത്ത് നിന്ന് ഒന്നുമില്ലാതെ ആറു മാസം കൊണ്ട് തിരിച്ചു വന്ന സാബുവിനെ യാത്രയാക്കിയ സുഹൃത്തുക്കളൊന്നും സ്വീകരിക്കാനുണ്ടായില്ല.

അന്ന് രാത്രി അവൻ ചിന്തിച്ചു. നാട്ടിൽ അഛനമ്മമാരെ പരിപാലിക്കാത്തവൻ ഗൾഫിലെത്തിയാൽ അറബി മുത്തഛന്മാരെ പരിപാലിക്കുന്നു. നാട്ടിൽ ടോയ്ലറ്റ് വൃത്തിയാക്കാൻ മടിക്കുന്നവൻ അറബികളുടെ ടോയ്ലറ്റ് ക്ലീൻ ചെയ്യുന്നു.
നാട്ടിൽ ജോലി ചെയ്യാൻ മടിയുള്ളവർ മറ്റു നാട്ടിലെത്തിയാൽ എന്ത് തൊഴിലും ചെയ്യുന്നു. എന്തുകൊണ്ടാണ് എൻ്റെ ജീവിതത്തിൽ ഇതെല്ലാം സംഭവിച്ചത്?. ഒന്നും പച്ച പിടിക്കാത്തത്?. സ്വന്തത്തോട് അവന് വെറുപ്പ് തോന്നിത്തുടങ്ങി.

വിദേശത്ത് പ്രശ്നത്തിൽ അന്വേഷണം നടക്കുകയാണ്. പത്രങ്ങളിലും ചാനലുകളിലും വാർത്തകൾ വന്നു. സാമുഹ്യ മാധ്യമങ്ങളിൽ വിഷയം പറ പറന്നു. കൊലപാതകം തെളിയിക്കാൻ എല്ലാ ഡിപ്പാർട്ട്മെൻറുകളും കൈകോർത്തു. കൊല നടന്ന് രണ്ടാഴ്ചക്കകം രാജ്യം വിട്ടവരുടെ ലിസ്റ്റ് എയർപോർട്ടുകളിൽ നിന്ന് ശേഖരിച്ചു. അന്വേഷണം പല വഴിക്കും നീങ്ങി. സുഡാനിയുടെ ബന്ധുക്കൾ കേസുമായി മുന്നോട്ട് പോയി.പക്ഷേ, പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല.

സാബുവിന് ക്ഷാമത്തിൻ്റെയും പ്രതിസന്ധിയുടെയും വർഷങ്ങളായി. സാബു മറ്റൊരു തൊഴിൽ തേടിയിറങ്ങി. അവൻ്റെ പഴയ കാല ചരിത്രമറിയുന്ന നാട്ടുകാരൊന്നും ഒരു ജോലിക്കും നിറുത്തിയതേയില്ല. അവസാനം ടൗൺ കേന്ദ്രീകരിച്ചായി തൊഴിലന്വേഷണം. ടൗണിലെ അറിയപ്പെട്ട റസ്റ്റോറൻ്റിൽ ജോലിക്കു നിന്നു. നല്ല ഭക്ഷണം കഴിക്കാം. അവിടെത്തന്നെ താമസവും. മുന്നൂറ് രൂപയാണ് പ്രതിദിന വേതനം. നെറ്റ് ചാർജ് ചെയ്യും. ഇടയ്ക്കിടെ ചാറ്റിങ്ങ്. അങ്ങനെ മൂന്ന് വർഷങ്ങൾ കടന്നു പോയി. 

ഒരു ദിവസം റസ്റ്റോറൻ്റിലെ ബാത്ത് റൂമിൽ നിന്ന് ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയുടെ ബഹളം. ലൈറ്റ് തെളിയുന്ന ഫോണുമെടുത്ത് അവൾ കരഞ്ഞ് പുറത്തേക്കോടി. ഒപ്പമുണ്ടായിരുന്നവർ ഓടിക്കൂടി. ആകെ അടിപിടിയായി. കാഷ്യർ അവരെ സമാധാനിപ്പിച്ചു. പൊലിസിൽ പരാതിയെത്തി. ഫോൺ പൊലിസിന് കൈമാറി. അന്വേഷണം ഫോണിൻ്റെ ഉടമയായ സാബുവിലേക്കെത്തി. ടൗണിലെ ഇൻറർനെറ്റ് കഫേയിലെ നടത്തിപ്പുകാരന് നഗ്നചിത്രങ്ങൾ എത്തിച്ചു നൽകാൻ സാബു ഒരുക്കിയ കെണിയായിരുന്നു ഫോൺ. ധാരാളം ചിത്രങ്ങൾ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തു.അവൻ അറസ്റ്റിലായി. റിമാൻ്റ് ചെയ്തു. ആറ് മാസത്തെ വിചാരണത്തടവിന് ശേഷം രണ്ട് വർഷത്തേക്ക്
ജയിലിലടച്ചു.

ധർമസങ്കടം മാതാപിതാക്കൾക്ക് മാത്രം. വിഷമയമായ സ്വഭാവങ്ങളെ പൂർണമായി ഇല്ലാതാക്കാൻ കഴിയാത്ത സാഹചര്യം. പതുക്കെ ജയിൽ ജീവിതം പരിചയിക്കുകയായിരുന്നു അവൻ. രണ്ട് വർഷം കഴിഞ്ഞ് പുറത്തിറങ്ങിയ സാബു പണം കടം വാങ്ങി പുതിയ വിസ തരപ്പെടുത്തി കുവൈത്തിലേക്ക് പറന്നു. മൂന്ന് വർഷങ്ങൾ കാറ്ററിങ്ങ് സർവീസിൽ ജോലി നോക്കി. രാവിലെ ആരംഭിക്കുന്ന കഠിനജോലി രാത്രി വൈകിയാണ് അവസാനിക്കുക. വളരെ ശ്രമകരമായ ജോലി... ഇടപാടുകാരുമായുള്ള സമ്പർക്കം അവനിൽ ചില മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. ശമ്പളം കുറവാണെങ്കിലും പുതിയ പുതിയ സൗഹൃദങ്ങളിലൂടെ മനുഷ്യരെ അടുത്തറിഞ്ഞു തുടങ്ങി. 
സുഹൃത്തുക്കളുടെ അഭിപ്രായപ്രകാരം നാട്ടിലേക്കു തിരിച്ചു. ധാരാളം അന്വേഷണങ്ങൾക്കൊടുവിൽ ഒരു വിവാഹം ഉറപ്പിച്ചു. കുറഞ്ഞ ദിവസത്തെ ലീവിലാണ്. ഉടനെ വിവാഹം കഴിച്ച് ഗൾഫിലേക്ക് തിരിക്കണം. സ്വന്തക്കാരും അടുത്ത സുഹൃത്തുക്കളും മാത്രം വിവാഹ ചടങ്ങുകളിൽ പങ്കെടുത്തു.

ഇനി ചെറിയ ശമ്പളത്തിന് ജോലി ചെയ്യാനാകില്ല. അത്രയ്ക്ക് കൂടുതലാണ് ജീവിതാവശ്യങ്ങൾ. പല വിവരങ്ങളും അവൻ അവളിൽ നിന്ന് മറച്ചുവെച്ചു. സ്വപ്നങ്ങൾ ഏറെ പങ്കുവെച്ച സാബുവിനോട് നിലവിലുള്ള ജോലി ഉപേക്ഷിക്കാനും പഴയ സ്ഥലത്തേക്ക് പോകാനും അവൾ പറഞ്ഞു. സാബു പദ്ധതി തയാറാക്കി. അവളുടെ സ്വർണം വിറ്റ് അവൻ ജിദ്ദയിലെത്തി. പലവിധ സങ്കടങ്ങൾ അവളെ പിടിമുറുക്കി. ഒന്ന് പ്രിയതമൻ പിരിയുന്ന സങ്കടം, സ്വർണം വിറ്റ് പോയത് രണ്ടാമത്തെ ദു:ഖം, താൻ ഒരു കുഞ്ഞിന് ജന്മം നൽകുമ്പോൾ ചേട്ടൻ സ്ഥലത്തില്ലാതിരിക്കുമോയെന്ന വ്യസനം... ഓർത്ത് അവളറിയാതെ കണ്ണീർ തുള്ളികൾ അടർന്നുവീണു...

(തുടരും)
Previous Post Next Post
3/TECH/col-right