Trending

ലഹരിയിൽ ഒടുങ്ങുന്ന ജീവിതങ്ങൾ:ഡോ. മുഹമ്മദ് ഇസ്മായിൽ എം

ഭാഗം 9

ആരതിയുടെ കൈകാലുകളിലും കാതിലുമൊക്കെ അണിഞ്ഞിട്ടുള്ള ഫാൻസി ആഭരണങ്ങൾ കൂട്ടുകാരികളെ പ്രലോഭിപ്പിച്ചു. അവരും ആ ഫാൻസി ക്കടയിൽ കയറി ശരണിൻ്റെ പേരിൽ ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കൂട്ടി. പത്താം ക്ലാസുകാരി ജ്യോതിയുമായി ഫാൻസി ക്കടക്കാരൻ അനിൽ പ്രണയത്തിലായി. ജ്യോതിയുടെ ചേട്ടൻ വിവരമറിഞ്ഞു. ഏതാനും സുഹൃത്തുക്കളുമായി കടയിലെത്തി. അനിലിനെ ചോദ്യം ചെയ്തു. പുറത്തേക്ക് വലിച്ചിട്ട് മർദ്ദിച്ചു.
വിവരമറിഞ്ഞ ജ്യോതി തൻ്റെ ചേട്ടനെ കണക്കിന് അധിക്ഷേപിച്ചു. തൻ്റെ കാര്യത്തിൽ ഇടപെടരുതെന്ന് താക്കീത് ചെയ്തു. ഇതറിഞ്ഞ അഛനും നിസഹായനായി.

പിന്നീട് കുറച്ച് ദിവസങ്ങൾ ചേട്ടനോടൊപ്പമാണ് ജ്യോതി ഓട്ടോയിൽ സ്കൂളിലെത്തിയത്. പക്ഷെ, അത് അധികകാലം നീണ്ടുനിന്നില്ല. ചേട്ടനോടുള്ള പ്രതിക്ഷേധവും അനിലിനോടുള്ള അടുപ്പവും വീണ്ടും പ്രകടിപ്പിക്കാൻ തുടങ്ങി. അടിയേറ്റ ശേഷം അനിൽ ഒരു സ്മാർട്ട് ഫോണും സിം കാർഡും ജ്യോതിക്ക് കൈമാറിയിരുന്നു. ഇൻസ്റ്റഗ്രാമിൽ സദാസമയവും ഇരുവരും ചാറ്റിങ്ങ് നടത്തി. രാത്രികാലങ്ങളിൽ വീട്ടുകാരറിയാതെ പാതിരാ സമയങ്ങൾ ഉറക്കമൊഴിഞ് വിളികളിലായി. എല്ലാ നിയന്ത്രണങ്ങളും വിട്ട് അവളിപ്പോൾ ഉന്മാദത്തിൻ്റെ ഉയരങ്ങളിലാണുള്ളത്.

ഒരാഴ്ച കഴിഞ്ഞു. അടുത്ത രാവിലെ ഫോണെടുത്ത അനിൽ അവളുടെ അവസാനത്തെ മെസേജ് കണ്ടു ഞെട്ടി. അപ്പോഴേക്കും ആ വാർത്ത കാട്ടുതീ പോലെ പടർന്നിരുന്നു.പത്താംതരത്തിലെ ജ്യോതി ജീവനൊടുക്കിയിരിക്കുന്നു. വിദ്യാലയത്തിലെ അധ്യാപകർ തലങ്ങും വിലങ്ങും മെസേജുകൾ ഷെയർ ചെയ്തു. എല്ലാവരും അതിരാവിലെ ആ വീട്ടിലേക്ക് കുതിച്ചു. അയൽക്കാര്യം മറ്റും മുറ്റത്ത് പായ വലിച്ചുകെട്ടുന്നു. അകത്ത് അമ്മയുടെയും ചേട്ടൻ്റെയും അഛൻ്റെയും കൂട്ടക്കരച്ചിലുകൾ. വരുന്നവരെല്ലാം രംഗം കണ്ട് വിങ്ങിപ്പൊട്ടി. അധ്യാപകരും വിദ്യാർത്ഥികളും വന്നു കൊണ്ടിരുന്നു. പൊലീസ് തെളിവുകൾ ശേഖരിക്കുന്നു. ബോഡി അഴിച്ചിട്ടില്ല. തറയിൽ നിന്ന് ഒരു ചാൺ ഉയരത്തിലായി മേൽക്കൂരയിലെ ഹുക്കിൽ കയറിട്ട് കെട്ടിയിരിക്കുന്നു. പൊലീസിന് ലഭിച്ച കത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു.
"ഞാൻ പോവുകയാണ്. എൻ്റെ മരണത്തിന് ഉത്തരവാദി എൻ്റെ ചേട്ടൻ മാത്രമാണ്. എന്നെ ഓർത്ത് ആരും വിഷമിക്കേണ്ട "

പൊലീസ് ചേട്ടനെ അറസ്റ്റ് ചെയ്തു. ബോഡി നടപടിക്രമങ്ങൾക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തലേ ദിവസം അവളുടെ അനിലുമായുള്ള ചാറ്റിങ് കണ്ടു പിടിച്ച ചേട്ടൻ ഫോൺ തട്ടിയെടുത്തു. ഗാലറിയിലെ ഫോട്ടോകൾ എല്ലാം ചേട്ടൻ്റെ സ്വന്തം ഫോണിലേക്ക് ഫോർവേഡ് ചെയ്തു. അവയിൽ പല ചിത്രങ്ങളും അനിലുമായുള്ള അവിഹിത ബന്ധങ്ങളുടെ തായിരുന്നു. അപമാനവും ജാള്യതയും സഹിക്കാനാകാതെയാണവൾ ജീവിതം അവസാനിപ്പിച്ചത്. അഛനമ്മമാർക്ക് മകളെ നഷ്ടമായി.

ചേട്ടൻ തൻ്റെ സഹോദരിയെ ഒരുപാട് സ്നേഹിച്ചിരുന്നു. കണക്കില്ലാതെ സൗകര്യങ്ങൾ ചെയ്തിരുന്നു. എല്ലായിടത്തേക്കും വാഹനത്തിൽ എത്തിച്ചിരുന്നു. പക്ഷേ, പ്രായം അവൾക്ക് പക്വത നൽകിയില്ല. ദിശാബോധമില്ലാതെ വളർന്നു. ഇപ്പോൾ എല്ലാം നഷ്ടമായിരിക്കുന്നു. ആ വിദ്യാലയം അനുഭവിക്കുന്ന പ്രതിസന്ധികൾ അടിക്കടി വർധിച്ചു കൊണ്ടിരുന്നു...

(തുടരും)
Previous Post Next Post
3/TECH/col-right