Trending

ലഹരിയിൽ ഒടുങ്ങുന്ന ജീവിതങ്ങൾ:ഡോ. മുഹമ്മദ് ഇസ്മായിൽ എം

ഭാഗം 4

"അന്നൊരിക്കൽ ക്ലാസിൽ പോകാതെ വീട്ടിൽ ഇരിക്കുകയായിരുന്നു. ഇടയ്ക്കിടെ കടയിൽ നിന്ന് ബാപ്പാക്ക് വല്ല ചടങ്ങുകൾക്കും പോകാനുണ്ടാകുമ്പോൾ എന്നെ പകരം നിറുത്താറുണ്ട്. ആദ്യമൊക്കെ അവിടുന്ന് കാഷ് എടുക്കും. അത് ശരണിന് കൊടുക്കാറായിരുന്നു" വരുമാനത്തിൻ്റെ ആദ്യകാല വഴികൾ അവൻ വിവരിച്ചു.
പിന്നെ പിന്നെ പണം തികയാതെയായി. മറ്റൊരു മാർഗം തേടുകയായിരുന്നു.

അങ്ങനെയാണ് ക്ഷേത്ര ഭണ്ഡാരത്തിലെ പണം ഒരു രാത്രിയിൽ മോഷണം നടത്തിയത്. അത് ഉപയോഗിച്ച് ഒരു ഡി വി ഡി പ്ലെയർ വാങ്ങി. ആദ്യമൊക്കെ സിനിമയും പാട്ടും കണ്ടു കൊണ്ടിരുന്നു. ക്ലാസിൽ വെച്ച് സുഹൃത്താണ് ബ്ലൂഫിലിം സി ഡികളെക്കുറിച്ച് വിവരം തന്നത്. ഒരു സി ഡിക്ക് 15 രൂപ വേണം വാടക നൽകാൻ. അതിനായി നിത്യേന മറ്റൊരു വരുമാനമാർഗം കണ്ടെത്തി. അതിങ്ങനെയായിരുന്നു.
വീടിന് സമീപത്ത് മെയിൻ റോഡിനടുത്തായി പള്ളിയുടെ വക ഒരു കാണിക്കവഞ്ചി (നേർച്ചപ്പെട്ടി) സ്ഥാപിച്ചിരുന്നു. വീട്ടിൽ നിന്ന് ജനൽ വഴി നോക്കിയാൽ അവിടെ ആളുകൾ വരുന്നതും പണമിടുന്നതും കാണാം. ആളുകൾ വരുന്നതും പ്രതീക്ഷിച്ചിരിക്കും.

ആരെങ്കിലും വന്നു പോയാൽ ഉടൻ ഒരു ഈർക്കിളെടുത്ത് അതിൽ ചക്ക വിളഞ്ഞിൽ ആക്കി അതിലിറക്കി വല്ലതും തടയുന്നുണ്ടോ എന്ന് നോക്കും. പലപ്പോഴും 20, 50,100 രൂപാ നോട്ടുകൾ കിട്ടിയിട്ടുണ്ട്. പലപ്പോഴും വിതം വെക്കുന്ന കാര്യത്തിൽ ശരണുമായി വാക്ക് തർക്കമുണ്ടായിട്ടുണ്ട്. കിട്ടുന്ന ദിവസം സിനിമ കാണാൻ പോകും. കൂടുതൽ പണമുണ്ടെങ്കിൽ വരുന്ന വഴിക്ക് കടയിൽ നിന്ന് ചൂയിംഗം, മറ്റ് ലഹരി വസ്തുക്കളുടെ പക്കറ്റുകൾ വാങ്ങും. ആദ്യമൊക്കെ റോജാ പാക്ക്, ഹാൻസ്, പാൻ മസാല എന്നിവയായിരുന്നു വാങ്ങിയത്. പിന്നെ സിറിഞ്ചുകളും ഇഞ്ചക്ഷനുകളുമായി. പണം തികയാതായി. പിന്നെ കുറച്ച് വീതം ബാപ്പയുടെയും ഉമ്മയുടെയും പണം മോഷ്ടിച്ചു. പിന്നീടാണ് അമ്പലത്തിലും പള്ളിയിലുമുള്ള കാണിക്കവഞ്ചിയിലേക്ക് തിരിഞ്ഞത്.

എനിക്ക് തരുന്ന മയക്കുഗുളികയുടെ പണം ശരണിൻ്റെ ടീം രാത്രി വന്ന് കൊണ്ടു പോകും. കുറെ സിനിമ മാസികകൾ വാങ്ങാൻ തീരുമാനിച്ചു. പണം തികയാത്തതിനാലാണ് അടുത്ത വീട്ടിൽ ആളില്ലാത്തപ്പോൾ കയറിയത്.
"എന്നെ ഒന്നും ചെയ്യരുത്; ഞാനെല്ലാം പറയാം സാറേ ":- അവൻ കരഞ്ഞുപറഞ്ഞു.അയൽക്കാർ വൈകിട്ട് കുടുംബസമേതം ബന്ധുവീട്ടിലെ കല്യാണത്തിന് പോകുന്നത് ഞാൻ കണ്ടു. നാല് കിലോമീറ്റർ ദൂരെയാണത്. അവർ രാത്രി വരില്ലെന്ന് അവരുടെ മക്കളോട് ചോദിച്ച് ഉറപ്പിച്ചതാണ്. 12 മണിക്ക് ഏണി വച്ച് പുരപ്പുറത്ത് കയറി.ഓടിളക്കി അടുക്കളയിൽ ഇറങ്ങി. അകത്ത് നിന്ന് കതകിട്ട അടുക്കള വാതിൽ തുറന്നു വെച്ചു. റൂമുകളൊന്നും പൂട്ടിയിട്ടില്ല. അലമാരയുടെ മുകളിൽ ചാവി ഉണ്ടായിരുന്നു. തുറന്നു നോക്കി. ഡ്രസുകൾ എടുത്ത് കുsഞ്ഞു നോക്കി.പൗഡർ പാത്രങ്ങൾ കൊട്ടി നോക്കി. ആകെ കിട്ടിയത് കുറെ ചില്ലറത്തുട്ടുകൾ. പിന്നെ ഒരു തുണി നിവർത്തി വെച്ച് കുറെ വസ്ത്രങ്ങൾ പൊതിഞ്ഞു കെട്ടി. സാരിയിൽ ടാപ്പ് റക്കോർഡർ, മിക്സി എന്നിവ കെട്ടി. മറ്റൊന്നും എനിക്കു കിട്ടിയില്ല.
" നിവൃത്തികേട് കൊണ്ടാ; ക്ഷമിക്കണം സാറേ " അവൻ വീണ്ടും പറഞ്ഞു.

പിന്നെ വേറെ ഏതെങ്കിലും വഴിയിലൂടെ കാഷ് കിട്ടിയിരുന്നോ? :പൊലീസ് ചോദിച്ചു."അതെ സർ, പലയിടങ്ങളിലും ഉണക്കാനിട്ട അടക്കയെടുത്ത് കടകളിൽ വിറ്റു. കോഴികളെ പിടിച്ചു കൊണ്ടുപോയി വിറ്റു."എല്ലാം പൊലീസ് രേഖപ്പെടുത്തി. അന്നവന് ഉറക്കമില്ലാതെ നിന്ന് നേരം വെളുപ്പിച്ചു. പൊലിസ്കാർ മാറി മാറി വന്ന് ചോദ്യം ചെയ്തു കൊണ്ടിരുന്നു. 

അടുത്ത ദിവസം രാവിലെ പിതാവും അജ്മലിൻ്റെ അധ്യാപകനും ഒരുമിച്ച് പൊലിസ് സ്റ്റേഷനിലെത്തി. അവൻ സമ്മതിച്ച കാര്യങ്ങളെല്ലാം പിതാവിനെ അറിയിച്ചു. എല്ലാം കേട്ട് പിതാവ് തളർന്നു പോയി. അധ്യാപകൻ സമാശ്വസിപ്പിച്ചു. ജാമ്യം കിട്ടാൻ വല്ല വഴിയും സർ? : അധ്യാപകൻ ചോദിച്ചു. രണ്ട് പേരുടെ ആൾജാമ്യവും 75000 രൂപ പണവും കെട്ടിവെക്കണം. വിളിക്കുമ്പോഴൊക്കെ ഹാജറാകണം: പൊലീസ് പറഞ്ഞു.

പിതാവിൻ്റെയും ആ അധ്യാപകൻ്റെയും ജാമ്യത്തിൽ അവൻ പുറത്തിറങ്ങി. ഒരാഴ്ചയ്ക്കകം പണമടക്കാമെന്ന് അജ്മൽ ഏറ്റു.75000 രൂപ പോയിട്ട് 750 പോലും മാറ്റിവെക്കാനില്ലാത്ത തൻ്റെ മുന്നിൽ വെച്ച് മകൻ അജ്മലിൻ്റെ ധൈര്യം കണ്ട് പിതാവ് അന്ധാളിച്ചു. അവൻ പുറത്തിറങ്ങി. ഒരു കൂസലുമില്ലാതെ വീരപരിവേശത്തോടെ നാട്ടിലെത്തി. യുദ്ധത്തിൽ പരാജിതനായ യോദ്ധാവിനെപ്പോലെ പിതാവും...

(തുടരും)
Previous Post Next Post
3/TECH/col-right