Trending

അധ്യാപനം ഒരു കലയാണ്: ഇസ്മായിൽ മുജദ്ദിദി

ആർക്കും എങ്ങനെയും കൈകാര്യം ചെയ്യാവുന്ന മേഖലയല്ല അധ്യാപനം. ഒരു പൂന്തോട്ടത്തിൽ കടന്നു ചെന്ന തോട്ടക്കാരൻ്റെ മാനസികാവസ്ഥ പോലെയാണ് കുട്ടികൾക്ക് മുന്നിലെത്തുന്ന അധ്യാപകൻ്റെതും. ചില തോട്ടക്കാരൻ ചെടികളെ പരിപാലിക്കുന്നത് കളപറച്ചും വെള്ളമൊഴിച്ചും വെട്ടിയൊതുക്കിയുമാണ്. ചിലർ അശാസ്ത്രീയമായിട്ടായിരിക്കും. ചിലർ വണ്ടുകളെയും പൂമ്പാറ്റകളെയും തുമ്പികളെയും നശിപ്പിച്ചു കൊണ്ടാവും. ചിലർ അതിൻ്റെ മൊത്തത്തിലുള്ള സൗന്ദര്യവൽക്കരണത്തിലാണ് ശ്രദ്ധിക്കുന്നതെങ്കിൽ മറ്റുചിലർ തൻ്റെ തൊഴിൽ എന്ന നിലയിലായിരിക്കും കാണുന്നത്. ഒന്നാമത്തെത് കറകളഞ്ഞ ആത്മാർത്ഥതയുടെതും രണ്ടാമത്തേത് തികഞ്ഞ അവജ്ഞയുടെതുമാണ്.

അധ്യാപകൻ്റെ കാര്യത്തിൽ നമ്മുടെ പഠന കാല കലാലയാന്തരീക്ഷത്തെ വിലയിരുത്തി നോക്കിയാൽ നമുക്കിവബോധ്യമാകും. ചില അധ്യാപകരെ നാം എല്ലാ  കാലത്തും ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു. അവരിൽ നിന്ന് കിട്ടിയ അറിവുകളെക്കാൾ അവർ നമ്മെ / വിഷയത്തെ സമീപിച്ച രീതിയെയാണ് നാം ഇഷ്ടപ്പെടുന്നത്. അത് വിഷയങ്ങളോട് ഇഷ്ടം സ്ഥാപിക്കാനും അത് നിമിത്തം ആ അധ്യാപകനെ ആദരിക്കാനും നമ്മെ പ്രാപ്തരാക്കി. പഠിതാവിനെ അറിയാതെ സമീപിക്കുന്ന ചില അധ്യാപകരുടെ രീതിശാസ്ത്രം ആ വിഷയത്തോട് നീരസം സൃഷ്ടിക്കാനും അധ്യാപകനെക്കുറിച്ച് അവമതിയുണ്ടാക്കാനും നിമിത്തമാകുന്നു.
  
സ്ഥാപന മേധാവികൾ തൻ്റെ കീഴിലുള്ള സ്റ്റാഫുമായി പുലർത്തുന്ന ആത്മബന്ധം പോലും അധ്യാപകരും പഠിതാക്കളുമായുള്ള ബന്ധങ്ങളെ സ്വാധീനിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വെറും പുസ്തകവായനയെ മാത്രം പരിപോഷിപ്പിക്കുന്ന അധ്യാപകൻ തോട്ടത്തിലെ ചെടിയുടെ വേരിന് മാത്രം വളം ഒഴിക്കുന്ന തോട്ടക്കാരനെപ്പോലെയാണ്. പൂവും കായുമുണ്ടായേക്കാമെങ്കിലും പരിപാലനത്തിൻ്റെ അശാസ്ത്രീയതയിൽ തോട്ടത്തിൻ്റെ ഭംഗി നന്നേ നഷ്ടപ്പെടുന്നു.
നല്ലൊരു തോട്ടക്കാരനായി മാറാൻ ഓരോ അധ്യാപകനും സാധിക്കട്ടെ.

'' അധ്യാപനം ഒരു തൊഴിലായി തോന്നുമ്പോൾ ആ രംഗം നിങ്ങൾ വിട്ടു പോവുക "
ഡോ.എസ് രാധാകൃഷ്ണൻ.

✍️ ഡോ.മുഹമ്മദ് ഇസ്മായിൽ എം
ഗവ. എച്ച്. എസ്. എസ് പൂക്കോട്ടൂർ
Previous Post Next Post
3/TECH/col-right