Trending

ഓവുചാൽ നിർമാണത്തിലെ അശാസ്ത്രീയത:മുക്കത്ത് കടകളിൽ വീണ്ടും വെള്ളംകയറി

മുക്കം:എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാത നവീകരണവുമായി ബന്ധപ്പെട്ടുള്ള ഓവുചാൽ നിർമാണത്തിലെ അശാസ്ത്രീയത വ്യാപാരികൾക്കും നാട്ടുകാർക്കും ദുരിതമാകുന്നു. അഴുക്കുചാലിലൂടെ മഴവെള്ളം ഒഴുകിപ്പോകാതായതോടെ കടകളിൽ വീണ്ടും വെള്ളം കയറി. പ്രദേശത്തെ വീടുകളുടെ മുറ്റത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു. മുക്കം ക്രിസ്ത്യൻപള്ളിക്ക് സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്.

കഴിഞ്ഞ മേയിലും പ്രദേശത്തെ കടകളിൽ വെള്ളം കയറിയിരുന്നു. ക്രസന്റ് പ്ലൈവുഡ് ഷോപ്പ്, സമീപത്തെ ടയർ കട, വർക്ക് ഷോപ്പ് എന്നിവിടങ്ങളിലാണ് വെള്ളം കയറിത്. ഒന്നരലക്ഷം രൂപയുടെ പ്ലൈവുഡ് നശിച്ചതായി ഉടമ റഹീം പറഞ്ഞു. കടകൾക്കു പിന്നിലുള്ള വീടുകൾക്കുമുന്നിൽ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. പ്രദേശത്തെ ഭൂനിരപ്പിനേക്കാൾ ഉയരത്തിൽ അഴുക്കുചാലുകൾ നിർമിച്ചതാണ് വിനയായത്. ഓവുചാലിന് അടിയിലൂടെയാണ് ഇപ്പോൾ വെള്ളം ഒഴുകുന്നത്.

കിലോമീറ്ററിന് നാലുകോടിയോളം രൂപ ചെലവിൽ നവീകരിക്കുന്ന പാതയിൽ, കൃത്യമായ ആസൂത്രണം ഇല്ലാതെയാണ് റോഡ് ഉയർത്തിയതെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. പലയിടത്തും റോഡുകൾ ഉയർത്തിയതോടെ, റോഡരികിലെ വ്യാപാരസ്ഥാപനങ്ങളും വീടുകളും താഴ്ചയിലായി. ഉയർന്ന പ്രദേശങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം അഴുക്കുചാലിലേക്ക് പ്രവേശിക്കാനാകാതെ കെട്ടിക്കിടന്നതോടെ കടകളിൽ ഒരടിയോളം ഉയരത്തിൽ വെള്ളം കയറി. കടയുടെ നിലത്താകെ ചെളിനിറഞ്ഞു.

സംഭവം വിവാദമായതോടെ കരാറുകാർ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് കുഴിയെടുത്ത ശേഷം അഴുക്കുചാലിന് സമാന്തരമായി പത്തിഞ്ച് വ്യാസമുള്ള പി.വി.സി. പൈപ്പ് സ്ഥാപിച്ചാണ് വെള്ളം ഒഴുക്കിവിടുന്നത്. വലിയ അഴുക്കുചാലുകൾ അടയുന്ന നാട്ടിൽ ചെറിയ പി.വി.സി. പൈപ്പിലൂടെ അഴുക്കുവെള്ളം എത്രകാലം ഒഴുക്കിവിടാനാകുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

വരും ദിവസങ്ങളിൽ മഴ ശക്തമായാൽ വെള്ളക്കെട്ട് രൂക്ഷമാകുമോ എന്ന ആശങ്കയിലാണ് വ്യാപാരികളും നാട്ടുകാരും.

മുക്കം പോലീസ് സ്റ്റേഷനു സമീപത്തെ കല്ലൂർ ക്ഷേത്രം റോഡിൽ ഓവുചാൽ നിർമിച്ചതിലും അശാസ്ത്രീയതയുണ്ട്. പലയിടത്തും പല ഉയരത്തിലാണ് ഓവുചാൽ സ്ഥാപിച്ചിട്ടുള്ളത്. ഓവുചാലിന്റെ താഴെഭാഗത്ത് ഉയർന്ന നിരപ്പിൽ ഓവുചാൽ സ്ഥാപിച്ചതോടെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടു. ഇവിടെ വെള്ളം കെട്ടിക്കിടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.

സമാന രീതിയിൽ പലയിടത്തും സ്ലാബുകൾ നിർമിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ഓവുചാലുകൾ കൂട്ടിയോജിപ്പിച്ചിട്ടില്ല. ഇത്തരം സ്ഥലങ്ങളിലും വെള്ളം കെട്ടിനിൽക്കുകയാണ്. ഇത് വലിയ ദുരിതത്തിന് കാരണമാകുമെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു. എത്രയും വേഗം പ്രശ്നം പരിഹരിക്കാൻ നടപടി വേണമെന്ന് ഇവർ പറയുന്നു
Previous Post Next Post
3/TECH/col-right