കോഴിക്കോട് - തിരുവനന്തപുരം പാതയില്‍ കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സര്‍വിസായ 'ബൈപാസ് റൈഡര്‍' സര്‍വിസ് അടുത്ത മാസം മുതല്‍. സര്‍വിസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി യോഗം ചേര്‍ന്നിരുന്നു. ജൂലൈ ആദ്യവാരം മുതല്‍ സര്‍വിസ് ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്താനാണ് ഡിപ്പോകള്‍ക്ക് ലഭിച്ച നിര്‍ദേശം.
തിരുവനന്തപുരം -കോഴിക്കോട്, കോഴിക്കോട് -തിരുവനന്തപുരം റൂട്ടില്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് സര്‍വിസ് ആരംഭിക്കുന്നതാണ് ബൈപാസ് റൈഡര്‍. 48 ബസുകളാണ് സര്‍വിസ് നടത്തുക. ഇതില്‍ പകുതി കെ സ്വിഫ്റ്റും ബാക്കി ജന്‍റം ലോ ഫ്ലോര്‍ ബസുകളുമാണ്. ആലപ്പുഴ വഴിയും കോട്ടയം എം.സി റോഡ് വഴിയുമായിരിക്കും സര്‍വിസ് നടത്തുക.
ബൈപാസ് റൈഡര്‍ സര്‍വിസ് ആരംഭിക്കുന്നതോടെ ഈ ബസില്‍ യാത്ര ചെയ്യുന്നവര്‍ക്കായി ഫീഡര്‍ സര്‍വിസുകളും ആരംഭിക്കും. മലപ്പുറം ഡിപ്പോയില്‍ നിന്നാണ് ഇതിനാവശ്യമായ ഫീഡര്‍ സര്‍വിസുകള്‍ നടത്തുക. ഇതിനായി മൂന്ന് ഫീഡര്‍ ബസുകള്‍ തയാറാക്കിയിട്ടുണ്ട്. ജില്ലയില്‍ നിലവില്‍ കോട്ടക്കല്‍, ചെനക്കല്‍ എന്നിവിടങ്ങളിലാണ് ഫീഡര്‍ സ്റ്റേഷനുകള്‍. ഇവിടെ നിന്ന് കെ.എസ്.ആര്‍.ടി.സിയുടെ തന്നെ ഫീഡര്‍ ബസുകളിലാണ് ഇവര്‍ക്ക് തുടര്‍യാത്രക്കുള്ള സൗകര്യം ഒരുക്കുക.
ബൈപാസ് റൈഡര്‍ സര്‍വിസുകള്‍ ആരംഭിക്കുന്നതോടെ മലപ്പുറം -കോട്ടക്കല്‍ റൂട്ടില്‍ 24 മണിക്കൂറും സര്‍വിസ് നടത്തുന്നത് കെ.എസ്.ആര്‍.ടി.സിയുടെ പരിഗണനയിലുണ്ട്. ബൈപാസ് റൈഡറിലെ യാത്രക്കാര്‍ക്കായി നിര്‍ബന്ധമായും സര്‍വിസ് നടത്തേണ്ടതുണ്ട്. ഒരു റൈഡര്‍ സര്‍വിസില്‍ മലപ്പുറത്തേക്ക് കുറച്ചുപേരാണ് യാത്രക്കാരായി ഉണ്ടാകുക. സര്‍വിസ് ലാഭകരമാക്കാന്‍ മറ്റു യാത്രക്കാരെയും കയറ്റി മുഴുവന്‍ സമയവും സര്‍വിസ് നടത്തുന്നത് സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. നിലവിലുള്ള ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചായിരിക്കും ഫീഡര്‍ സര്‍വിസ്.
ഇപ്പോള്‍ രാത്രിയില്‍ മലപ്പുറം -കോട്ടക്കല്‍ റൂട്ടില്‍ സര്‍വിസില്ല. ഫീഡര്‍ സര്‍വിസുകള്‍ വരുന്നതോടെ ഈ യാത്ര പ്രശ്നത്തിനും പരിഹാരമാകും. ബൈപാസ് റൈഡറില്‍ വരുന്ന യാത്രക്കാര്‍ക്ക് സൗജന്യമായും മറ്റു യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുത്തും ഇതില്‍ കയറാന്‍ സാധിക്കും. രാത്രിയില്‍ അടക്കം കൂടുതല്‍ യാത്രക്കാരുണ്ടെങ്കില്‍ ഈ സര്‍വിസ് തിരൂരിലേക്ക് നീട്ടുന്നതു സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. തിരൂരിലേക്ക് നീട്ടിയാല്‍ ട്രെയിന്‍ യാത്രികര്‍ക്ക് ഉപകാരപ്രദമാകും.
പുതിയ രീതിയില്‍ സര്‍വിസ് നടത്തുമ്പോള്‍ കോഴിക്കോട് -തിരുവനന്തപുരം പാതയില്‍ രണ്ട് മണിക്കൂറിലധികം സമയം ലാഭിക്കാനാകുമെന്നാണ് കെ.എസ്.ആര്‍.ടി.സി കണക്കുകൂട്ടല്‍. ബൈപാസ് റൈഡര്‍ സര്‍വിസ് നഗരകേന്ദ്രങ്ങളിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ കയറിയിറങ്ങുന്നത് ഒഴിവാകും. ഇതിനായാണ് ബൈപാസുകളില്‍നിന്ന് നഗരകേന്ദ്രങ്ങളിലെ ഡിപ്പോകളിലേക്ക് ഫീഡര്‍ സര്‍വിസുകള്‍ നടത്തുന്നത്.
Tags:
WHEELS